ആർട്ടിഫിഷ്യൽ നഖങ്ങൾ വച്ചുപിടിപ്പിക്കുന്നത് ക്യാൻസർ സാധ്യത വര്‍ധിപ്പിക്കുമോ?

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

നെയിൽ എക്സ്റ്റൻഷൻ ഇപ്പോൾ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുകയാണ്. നഖം വളർത്താന്‍  താൽപര്യമുള്ളവരും എന്നാൽ നഖം പൊട്ടിപോകുന്നവരും ഇന്ന് ആർട്ടിഫിഷ്യൽ നെയിൽ വച്ചുപിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നെയിൽ എക്സ്റ്റൻഷൻ ചെയ്യുന്നത് ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.

അക്രിലിക് നഖങ്ങൾ വെച്ചുപിടിക്കുന്നത് ചർമ്മത്തിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും, അക്രിലിക് നഖങ്ങൾ കാണാൻ ഭംഗിയുള്ളവയായിരിക്കാം, എന്നാൽ ഇവ പോളിഷ് ചെയ്ത് ഉറപ്പിക്കുന്നത് യുവി ലാമ്പിനടിയിൽ വെച്ചാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, യുവിഎ രശ്മികൾ ഡിഎൻഎയ്ക്ക് തകരാറുണ്ടാക്കുകയും ഇത് കാലക്രമേണ, കൈകളിലും വിരലുകളിലും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

സലൂണുകളിൽ നിന്ന് തുടർച്ചയായി നെയിൽ എക്സ്റ്റൻഷൻ ചെയ്യുന്നവർക്കാണ് ഇതിനുള്ള സാധ്യത കൂടുതൽ. ചില പഠനങ്ങൾ പ്രകാരം, പല അക്രിലിക് ഉൽപ്പന്നങ്ങളിലും ഫോർമാൽഡിഹൈഡ്, ടോളുവിൻ തുടങ്ങിയ കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യപരമായ അപകടസാധ്യതകൾക്ക് കാരണമാകും. ഇവയോടൊപ്പം യുവിഎ രശ്മികളുമായി ചേരുമ്പോൾ അവ ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും അസുഖം വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

അപകടസാധ്യത കുറയ്ക്കാനുള്ള വഴികളും പിന്തുടരേണ്ട കാര്യങ്ങളും
ചർമ്മത്തിന്റെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ അക്രിലിക് നഖങ്ങൾ വച്ചുപിടിപ്പിക്കാനാഗ്രഹിക്കുന്നവർക്ക്
ശ്രദ്ധയും മുൻകരുതലുകളും അത്യാവശ്യമാണ്.

  • നെയിൽ എക്സ്റ്റൻഷനുമുമ്പ് വിരലുകളിൽ സൺസ്‌ക്രീൻ പുരട്ടുക. ഇത് ഹാനികരമായ വികിരണങ്ങളെ തടഞ്ഞ് ചർമ്മത്തിന് സംരക്ഷണം നൽകുന്നു.
  •  പ്രത്യേക അവസരങ്ങളിൽ മാത്രം അക്രിലിക് മാനിക്യൂർ ചെയ്യുക.
  •  ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വിദഗ്ധരെക്കൊണ്ട് മാത്രം നഖങ്ങൾ നീക്കം ചെയ്യിക്കുക.
  • പരമ്പരാഗതമായി ഉപയോഗിക്കുന്ന യുവിഎ ലാമ്പുകൾക്ക് പകരം എൽഇഡി ലാമ്പുകൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാം. കാരണം എൽഇഡി വളരെ കുറഞ്ഞ അളവിലുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ മാത്രമേ പുറത്തുവിടുന്നുള്ളൂ
  • വിശ്വാസമുള്ള സലൂണുകളിൽ നിന്ന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
  • പോളിഷ് നഖത്തിൽ മാത്രം പുരട്ടുന്നുണ്ടെന്നും ചുറ്റുമുള്ള ചർമ്മത്തിൽ ആകുന്നില്ലെന്നും ഉറപ്പാക്കുക.
  • വീടുകളിൽ സ്വയം പല രീതികളും പരീക്ഷിച്ച് അക്രിലിക് നഖങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ചർമ്മത്തിന് കേടുപാടുണ്ടാക്കും. അത്തരം രീതികൾ ഒഴിവാക്കേണ്ടതാണ്.

സൗന്ദര്യം ഒരിക്കലും ആരോഗ്യത്തെ നശിപ്പിക്കുന്നതാകരുത്. ചർമ്മത്തെ അപകടത്തിലാക്കാതെ വല്ലപ്പോഴും അക്രിലിക് നഖങ്ങൾ വച്ചുപിടിപ്പിക്കുന്നതിൽ തെറ്റില്ല.

(പൊതുവായ നിർദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്കായി ഡോക്ടറെ സമീപിക്കുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Acrylic nails linked to skin cancer risk due to uv lamps, learn about the dangers, safety precautions, and expert advice for healthy nail care.