നടി സാമന്തയുടെ രോഗം പുറത്തറിഞ്ഞതോടെയാണ് മയോസൈറ്റിസ് എന്ന വാക്കിന് പ്രചാരമേറിയത്

നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിത്തീര്‍ക്കുന്നത് ശരീരത്തിലെ സന്ധികളും പേശികളും ചേര്‍ന്നാണ്. നില്‍ക്കാനും നടക്കാനും സാധനങ്ങള്‍ ഉയര്‍ത്താനും തുടങ്ങി ഏതു കാര്യങ്ങള്‍ക്കും പേശികളും സന്ധികളും സഹായിക്കണം. അതുകൊണ്ടു തന്നെ ഇവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജീവിതം ദുസ്സഹമാക്കും. മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം അത്തരത്തിലുള്ളതാണ്. നടി സാമന്തയ്ക്ക് ഈയിടെ ഈ രോഗം ബാധിച്ചു. അതിനു ശേഷമാണ് മയോസൈറ്റിസിനെക്കുറിച്ച് ആളുകള്‍ കൂടുതലായി അറിഞ്ഞു തുടങ്ങിയത്.
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. പ്രത്യേകിച്ച് കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള പേശികളെയാണ് ഇത് ബാധിക്കുക. രോഗം ബാധിച്ചാല്‍ പേശികളില്‍ നീര്‍വീക്കവും എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയുമുണ്ടാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖമാണിത്.
കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണിത്. സ്ത്രീകളിലും പുരുഷന്‍മാരിലും രോഗം കാണാറുണ്ട്. പല കാരണങ്ങള്‍ കൊണ്ട് മയോസൈറ്റിസ് വരാം. ചില മരുന്നുകളുടെ ഉപയോഗമോ അണുബാധയോ ഇതിന് കാരണമായേക്കാം.
ലക്ഷണം
- പേശികളില്‍ കഠിനമായ വേദനയും ശരീരക്ഷീണവും
- ഉണര്‍ന്ന് എഴുന്നേല്‍ക്കാനുള ബുദ്ധിമുട്ട്, ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ എന്നിവയും ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
- ദൈനംദിന പ്രവൃത്തികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ശ്വസിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസമുണ്ടാകും.
- പേശികളുടെ ബലക്കുറവ് മൂലം ഇടയ്ക്കിടെ വീണുപോകാന്‍ സാധ്യതയുണ്ട്. മാത്രമല്ല അല്പസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടും.
മയോസൈറ്റിസ് രോഗം പ്രധാനമായി രണ്ടു തരത്തിലുണ്ട്. പോളി മയോസൈറ്റിസും ഡെര്‍മാമയോസൈറ്റിസും.
പോളി മയോസൈറ്റിസ്
തോള്‍, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും പോളിമയോസൈറ്റിസ് ബാധിക്കുക. 30 വയസിനും 60 വയസിനുമിടയിലുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയല്‍, വിഷാദം എന്നിവ പോളി മയോസൈറ്റിസിന്റെ ലക്ഷണങ്ങളാണ്.
ശരീരത്തിലെ നിരവധി പേശികളെ ഒരേ സമയം ബാധിക്കുന്ന അവസ്ഥയാണിത്. ഈ അസുഖമുള്ളവരുടെ ചര്‍മത്തിന് പുറത്ത് ചുവന്ന് തടിച്ച പാടുകള്‍ (rashes) കാണാറുണ്ട്. മുഖം, കൈകള്‍, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകള്‍ പ്രത്യക്ഷപ്പെടുക. ഈ പാടുകളില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മറ്റ് അസുഖങ്ങളുടെ ഭാഗമായും ഡെര്‍മറ്റോ മയോസൈറ്റിസ് വരാം.
പരിശോധനകള്‍
രക്ത പരിശോധന, പേശികളുടെ ബയോപ്‌സി, എം.ആര്‍.ഐ. സ്‌കാന്‍, ഇ.എം.ജി (ഇലക്ട്രോമയോഗ്രഫി) എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ചികിത്സ
പേശികളെ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങള്‍, ഫിസിയോതെറാപ്പി, മരുന്നുചികിത്സ എന്നിവയാണ് പ്രധാനം. ചിലര്‍ക്ക് ഇമ്യുണോഗ്ലോബുലിന്‍ തെറാപ്പിയും വേണ്ടി വന്നേക്കാം. പേശികള്‍ക്ക് അമിത സമ്മര്‍ദം ഉണ്ടാക്കാത്ത ലഘുവ്യായാമങ്ങളായിരിക്കും ഉത്തമം. സ്റ്റിറോയ്ഡുകളാണ് ചികിത്സയില്‍ പ്രധാനമായി ഉപയോഗിക്കുന്നത്. പേശീവേദന, നീര്‍വീക്കം എന്നിവ കുറയ്ക്കാന്‍ ഇതു സഹായിക്കും. മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജനറല്‍ ഫിസിഷ്യനെ സമീപിക്കണം. രോഗാവസ്ഥ വിലയിരുത്തി ഏതു ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടറാണ് തീരുമാനിക്കുക.
എല്ലിന്റെ കരുത്തിന്
- ശരീരത്തിനെ താങ്ങി നിര്‍ത്തുന്നത് എല്ലുകളും പേശികളുമാണ്. അതിനാല്‍ ഇവയുടെ ആരോഗ്യത്തിന് വ്യായാമവും പോഷകസമ്പുഷ്ടമായ ആഹാരശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കണം.
- എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും വേണ്ടത് കാത്സ്യമാണ്. പയറ്, പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, അണ്ടിപ്പരിപ്പ്, ചെറു മത്സ്യങ്ങളായ മത്തി, നത്തോലി എന്നിവയില്‍ കാത്സ്യം ധാരാളമുണ്ട്.
- കാത്സ്യം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിആവശ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നത് വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കും.
- പേശീബലത്തിന് മഗ്നീഷ്യം ആവശ്യമാണ്. ഇലക്കറികള്‍, എള്ള്, ചീര, അണ്ടിപ്പരിപ്പ് എന്നിവയില്‍ മഗ്നീഷ്യം ധാരാളമുണ്ട്.
- ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കാരറ്റ്, വെളുത്തുള്ളി, നാരങ്ങ, തക്കാളി, വാള്‍നട്‌സ്, ആപ്പിള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
- വൈറ്റമിന്‍ ബി 3, ബി 6, ബി 12 എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, തൈര്, ചീസ്, ഏത്തപ്പഴം, ചീര തുടങ്ങിയവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.
- പ്രോട്ടീന്‍ അടങ്ങിയ മുട്ട, ഇറച്ചി, ബ്രൊക്കോളി, സോയ, പനീര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
- ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എല്ലിന് കരുത്തുപകരും. വാള്‍നട്ട്, സോയ, ചീര, രാജ്മ, ഉഴുന്ന്, കടുക്, ഉലുവ എന്നിവയില്‍ ഒമേഗ 3 ധാരാളമുണ്ട്.
- ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ടിന്നിലടച്ചവ, അച്ചാര്‍, പപ്പടം എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
- അമിതമായി മധുരം കഴിക്കുന്നത് നിയന്ത്രിക്കണം.
- എല്ലുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ശീലിക്കാം. പരിശീലനം നേടിയ ട്രെയിനറുടെ മേല്‍നോട്ടത്തില്‍ മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവൂ. ജോഗിങ്, വീട്ടിലെ പടികള്‍ കയറി ഇറങ്ങുന്നത്, വേഗത്തിലുള്ള നടത്തം, സൈക്ലിങ് തുടങ്ങിയവയും നല്ലതാണ്.
കടപ്പാട്
ഡോ.ജിതേഷ്. കെ
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
Content Highlights: myositis, health, wellness, treatment