യാത്ര തുടങ്ങുമ്പോഴേ ഛര്‍ദ്ദിയും തലചുറ്റലും: രസംകെടുത്തും മോഷന്‍ സിക്ക്‌നസ്സിനെ തടയാനാകുമോ?

#അന്‍വര്‍ കാരക്കാടന്‍, (ചൈല്‍ഡ്, അഡോളസെന്റ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍)
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

നിത്യജീവിതത്തില്‍ പല ആവശ്യങ്ങള്‍ക്കായി ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. യാത്രകള്‍ ചിലര്‍ക്ക് ഉന്മേഷവും ഉത്സാഹവും ഹരവും നല്‍കുമെങ്കിലും ചിലര്‍ക്ക് തീരാ തലവേദനയാവാറുണ്ട്. അതിലൊന്നാണ് യാത്ര തുടങ്ങുമ്പോഴേ വരുന്ന ഛര്‍ദ്ദിയും തലചുറ്റലും മനംപിരട്ടലും. പലര്‍ക്കും ഈ പ്രശ്‌നം മൂലം പ്രധാനപ്പെട്ട യാത്രകള്‍ പോലും നഷ്ടമാകാറുണ്ട്. 
ഏറ്റവും സാധാരണമായ, ഓക്കാനം, ഛര്‍ദ്ദി, വളരെ തണുത്ത വിയര്‍പ്പ്, തളര്‍ച്ച, തലവേദന, മയക്കം, വിശപ്പില്ലായ്മ, ഉമിനീര്‍ വര്‍ധിക്കല്‍ എന്നിവ മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

കാരണങ്ങള്‍

യാത്ര ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറിന് കണ്ണുകള്‍, ചെവി, ശരീരം എന്നിവയിലേക്കുള്ള സംവേദനങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ആശയകുഴപ്പമാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍. പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥ വന്നേക്കാം. അലര്‍ജി, ആരോഗ്യ പ്രശ്‌നങ്ങള്‍, അമിത ടെന്‍ഷനുകള്‍, ഉറക്കക്കുറവാലുണ്ടാകന്ന ക്ഷീണം, ചെറിയ രീതിയിലുള്ള ആസ്മ (ശ്വാസ തടസ്സം) ഇവയൊക്കെ കാരണമായേക്കാം.

സാധാരണ ഗതിയില്‍ കുട്ടിക്കാലത്താണ് ഇതു കൂടുതല്‍ പേര്‍ക്കും സംഭവിക്കുന്നത്. പ്രായം കൂടുന്നതിനാനുസരിച്ചു ചിലര്‍  അതിനോട് സ്വാഭാവികമായി പൊരുത്തപ്പെട്ടു പോകാറാണ് പതിവ്. ചുരുക്കം ചിലരില്‍ മാത്രം മുതിര്‍ന്ന ശേഷവും ഇത് തുടരാറുണ്ട്.

നിങ്ങളുടെ കണ്ണുകളും ചെവികളും കാഴ്ച മാത്രമല്ല പ്രദാനം ചെയ്യുന്നത്. നിങ്ങളുടെ ചലനങ്ങളും അവ സദാ തലച്ചോറിനെ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. യാത്രകളില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രധാനപ്പെട്ട അഞ്ച് സ്റ്റിമുലെകളും ഉണ്ടാക്കുന്ന സെന്‍സേഷന്‍ ക്ലാഷുകളാണ് ഇതിന്റെ പ്രധാന കാരണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ ശരീരം പെട്ടെന്ന് മാറ്റങ്ങളോട് ഇണങ്ങും എന്നുള്ളതുകൊണ്ട് തന്നെ കുറച്ചു തവണ യാത്രകള്‍ ചെയ്യുമ്പോള്‍ അത് ശീലമാകും.

മറികടക്കാന്‍ 

1. മോഷന്‍ സിക്‌നെസ്സ് ഉണ്ടെങ്കില്‍ ഡ്രൈവിങ് അറിയുമെങ്കില്‍ യാത്രകളില്‍ സ്വയം വണ്ടിയോടിക്കാം.

2. യാത്രയ്ക്ക് ഇറങ്ങും മുന്‍പ് മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. യാത്ര ചെയ്യുന്നതിന് കുറച്ചു മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. 

3. നിങ്ങളുടെ കൂടെ ഉള്ളവര്‍ അമിതമായി ഛര്‍ദ്ദിക്കുന്നവരെങ്കില്‍ അവരുടെ തൊട്ടടുത്ത് ഇരിക്കാതെ അല്‍പ്പം മാറിയിരിക്കാം. 

4. സൈഡ് വിന്‍ഡോകളിലൂടെ പുറത്തേക്ക് നോക്കുന്നതിന് പകരം, മുന്‍ ഗ്ലാസ്സിലൂടെ മാത്രം പുറം കാഴ്ചകള്‍ വീക്ഷിക്കുക. ഇത് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ കുറയ്ക്കും. 

5. യാത്രാസമയത്ത്  കഴിയുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കുറക്കുക, പ്രത്യേകിച്ച് ടെക്സ്റ്റുകളും മെസ്സേജുകളും മറ്റും വായിക്കുന്നത് കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്നു. യാത്രയിലുള്ള വായന പരമാവധി ഒഴിവാക്കുക.

6. യാത്രകളില്‍ കഴിയുന്നതും നല്ല കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാം.

7. യാത്രകളില്‍ സ്ലീപ്പിങ് ഐ മാസ്‌ക് (sleeping eye mask), കര്‍ണ്ണ കവചം (ear muffs) നെക് പില്ലോ (Travel Neck Pillow) എന്നിവ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ഉപകാരപ്രദമാണ്.

8. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ പെര്‍ഫ്യൂമുകളും എയര്‍ ഫ്രഷ്‌നെറുകളും ഒഴിവാക്കുക.

9. ചില വാഹനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള  പ്ലാസ്റ്റിക്കുകളും അവ വെയിലേറ്റ് ചൂടാകുമ്പോള്‍ വരുന്ന ഗന്ധങ്ങളും മോഷന്‍ സിക്‌നെസ്സ് കൂട്ടാം. യാത്ര തുടങ്ങും മുന്‍പ് അല്പസമയം വാഹനത്തിന്റെ വിന്‍ഡോ തുറന്നിടാം

10. തുടരെ തുടരെ ചെറിയ യാത്രകള്‍ ചെയ്ത് ശരീരത്തെയും മനസ്സിനെയും പതിയെ ശീലിപ്പിക്കുക. പതിയെ യാത്രകളുടെ ദൈര്‍ഘ്യം കൂട്ടുക.

ഒഴിവാക്കാന്‍

ഛര്‍ദ്ദിക്കാതിരിക്കാന്‍ പല വഴികളും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ 100 ശതമാനം ഫലപ്രദമായ മാര്‍ഗങ്ങളില്ലതാനും.

യാത്രകളില്‍ മോഷന്‍ സിക്‌നെസ് അനുഭവപ്പെടുന്നവര്‍ക്ക് യാത്ര കഴിയുമ്പോള്‍ അതവരുടെ സന്തോഷത്തെ സാരമായി ബാധിച്ചേക്കാം, എന്നാല്‍ ഡിസ്ട്രാക്ഷന്‍ ടെക്‌നിക്കുകള്‍ (ശ്രദ്ധ തിരിക്കൽ) ഇവ ലഘൂകരിക്കാന്‍ സഹായിക്കും. 

1. ആഴത്തിലുള്ള ശ്വസനം (Deep breath)

ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാവധാനത്തില്‍ ആഴത്തിലുള്ള ശ്വാസം എടുക്കുന്നത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും  ശാന്തമാക്കാനും ഓക്കാനം കുറയ്ക്കാനും സഹായിക്കും.

2.സംഗീതം ശ്രവിക്കുക (Listening Music)

ശാന്തമായ സംഗീതമോ നിങ്ങളുടെ പ്രിയപ്പെട്ട ട്യൂണുകളോ അലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള വിഷയത്തിലെ പ്രസംഗങ്ങളോ ഇന്റര്‍വ്യൂകളോ കണ്ണടച്ച് റിലാക്‌സ് ചെയ്തു ശ്രവിക്കുന്നത് നിങ്ങളുടെ മനസ്സിനെ മനം പിരട്ടലില്‍ നിന്ന് ഒരു പരിധിവരെ അകറ്റാന്‍ സഹായിക്കും 

3. മൈന്‍ഡ് ഗെയിം  (Mental puzzles)

സുഡോകു, ക്രോസ്‌വേഡുകള്‍ അല്ലെങ്കില്‍ ബ്രെയിന്‍ ടീസറുകള്‍ പോലുള്ള പസിലുകള്‍ ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിനെ മനസിനെയും ബിസിയാക്കാം

4. വിഷ്വല്‍ ഡിസ്ട്രക്ഷന്‍സ്: (visual Ditsractions) 

നിങ്ങളുടെ വിഷ്വല്‍ റഫറന്‍സ് സുസ്ഥിരമാക്കാന്‍ ചക്രവാളത്തിലേക്കോ അകലത്തിലുള്ള ഒരു നിശ്ചിത പോയിന്റിലേക്കോ നോക്കിയിരിക്കുക. പരമാവധി അടുത്തുള്ള കാഴ്ചകള്‍ നോക്കാതിരിക്കുക. മരങ്ങളും, വീടുകളും മറ്റും അതിവേഗം പിന്നോട്ടു പോകുന്നത് കാണുമ്പോള്‍ കണ്ണിന്റെ ഫോക്കസ് ക്രമീകരണം തലച്ചോറിനെ ആകെമൊത്തം ആശയക്കുഴപ്പത്തിലാക്കും

5. സംഭാഷണത്തില്‍ ഏര്‍പ്പെടുക (Conversation)

സഹയാത്രികരുടെ ശ്രദ്ധയോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുക. സംസാരം നിങ്ങളുടെ മനസ്സിനെ അസ്വസ്ഥതകളില്‍ നിന്ന് അകറ്റാന്‍ സഹായിക്കും. 

6. ച്യൂയിംഗ് ഗം അല്ലെങ്കില്‍ ലഘുഭക്ഷണം (Chew or smell something )

ച്യൂയിംഗ് ഗം, മിന്റ് മിഠായി, ഇഞ്ചി മിഠായികള്‍ അല്ലെങ്കില്‍ ഏതെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
ഇഞ്ചി അല്ലെങ്കില്‍ കുരുമുളക്, ചെറുനാരങ്ങ പോലുള്ള ശാന്തമായ സുഗന്ധങ്ങള്‍ ശ്വസിച്ചും ആശ്വാസം കണ്ടെത്താം.

7. വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ്(visual entertinement )

ഹെഡ്‌സെറ്റ് ഉപയോഗിച്ചു ഒരു സിനിമയോ ഷോയോ മറ്റോ കാണാന്‍ ശ്രമിക്കുക .

Content Highlights: motion sickness causes and treatment