ഫംഗല്‍ അണുബാധ മുതല്‍ വളംകടി വരെ; മഴക്കാലത്തെ പാദസംരക്ഷണം ഇങ്ങനെവേണം

മഴക്കാല പാദസംരക്ഷണം
മഴക്കാല പാദസംരക്ഷണം

മഴക്കാലം വരുമ്പോഴേക്കും പാദങ്ങള്‍ പിണങ്ങാന്‍ തുടങ്ങും. ഫംഗല്‍ അണുബാധ, വളംകടി തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ പാദങ്ങളെ ബാധിച്ചേക്കാം. 

ഫംഗല്‍ അണുബാധ
പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതുവഴി ഉണ്ടാകുന്ന വളരെ സാധാരണമായ അസുഖമാണ് ഫംഗല്‍ അണുബാധ. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം.
വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവയാണ് ലക്ഷണങ്ങള്‍. 

കാലുകള്‍ നനഞ്ഞിരിക്കാതെ 
സൂക്ഷിക്കാം
 
* കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
* നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നുതന്നെ മാറ്റുക.
* വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്.
* നഖങ്ങള്‍ കൃത്യമായി വെട്ടി സൂക്ഷിക്കുക. 
* കൊതുകുകടി കാരണമുണ്ടാകുന്ന തടിപ്പുകള്‍ക്ക്  കലാമിന്‍  പോലെയുള്ള ലോഷനുകള്‍പുരട്ടാം.

ബാക്ടീരിയമൂലമുള്ള 
അണുബാധ

കുട്ടികളിലും പ്രമേഹരോഗികളിലുമാണ് ഇത് കൂടുതലായി കാണുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. 

ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍
* ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക.
* കാലുകളില്‍ ചെറിയ മുറിവുണ്ടെ ങ്കില്‍ അതുണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
* സ്വന്തം നിലയിലുള്ള ചികിത്സ, പ്രത്യേകിച്ച് ആണിരോഗങ്ങള്‍ സ്വയം ചെത്തുന്നത് ഒഴിവാക്കുക.

പ്രമേഹരോഗികള്‍ക്ക് അധിക കരുതല്‍
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹം കാരണം സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്കും അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. 
* ഇവര്‍ വിരലുകളുടെ ഇടയിലുള്ള ചര്‍മത്തില്‍ പൊടിയോ ചെറിയ കല്ലുകളോ മുള്ളോ ഇല്ല എന്ന് ഉറപ്പാക്കണം.
* പാദങ്ങളില്‍ വിള്ളലുകള്‍, ചുവപ്പുനിറം, മുറിവുകള്‍, കുമിളകള്‍ എന്നിവ ഇല്ല എന്ന് പരിശോധിക്കണം.
* ചെരുപ്പുകളില്‍ കൂര്‍ത്ത ഭാഗങ്ങള്‍ ഉയര്‍ന്നുനിന്ന് തൊലി ഉരഞ്ഞ് മുറിവ് വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എന്നിവ ഇല്ല എന്ന് ഉറപ്പുവരുത്തണം.
മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ട ാല്‍ സ്വയംചികിത്സ ഒഴിവാക്കി, വിദഗ്ധ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക

Content Highlights: Footcare during monsoon