കുഞ്ഞ് മരുന്ന് കഴിക്കാന്‍ മടികാണിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ...

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് ടെന്‍ഷനാണ്. മരുന്ന് കൃത്യമായി കൊടുക്കുക എന്നതാണ് മാതാപിതാക്കളെ സംബന്ധിച്ച് വലിയ വെല്ലുവിളി. മരുന്ന് ഉള്ളിലെത്തിക്കാന്‍ കുഞ്ഞുങ്ങളുമായി മല്‍പ്പിടുത്തം തന്നെ വേണ്ടിവരാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന മരുന്നിന്റെ അളവിലും നല്‍കുന്ന രീതിയിലുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മധുരിക്കും മരുന്നുകള്‍
മരുന്നു കഴിക്കാനുള്ള കുട്ടികളുടെ മടി പലപ്പോഴും അവയുടെ സ്വാദുമായി ബന്ധപ്പെട്ടായിരിക്കും. കയ്പുള്ളതോ ചവര്‍പ്പുള്ളതോ ആയ മരുന്നുകള്‍ കുട്ടികള്‍ക്ക് താരതമ്യേന ഇഷ്ടമാവില്ല.

  • മധുരമുള്ള മരുന്നുകള്‍ ഇഷ്ടംപോലെ ലഭ്യമാണെന്നതുകൊണ്ടു തന്നെ മധുരമുള്ള മരുന്നുകള്‍ വേണം എന്ന് ഡോക്ടറോട് പറയാന്‍ മടിക്കരുത്.
  • 'മരുന്നുകള്‍' എന്ന ഭാവത്തില്‍ നല്‍കിയാല്‍ കട്ടികള്‍ പലപ്പോഴും മധുരമുള്ള മരുന്നുകള്‍ പോലും കുടിക്കാന്‍ മടി കാണിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ടു തന്നെ മറ്റു പാനീയങ്ങളും ഇഷ്ടഭക്ഷണങ്ങളുമൊക്കെ നൽകുന്നതുപോലെ ഒരു ഭാവഭേദവും കൂടാതെ മരുന്നുകളും നല്‍കുന്നതാവും നല്ലത്.
  • തല അല്പം പൊക്കിവെച്ചുവേണം കുഞ്ഞുങ്ങള്‍ക്ക് മരുന്ന് കൊടുക്കാന്‍.

ഡോസ് പാതിയില്‍ നിര്‍ത്തല്ലേ
അസുഖം കുറയുമ്പോള്‍ ചിലരെങ്കിലും മരുന്ന് നല്‍കുന്നത് നിര്‍ത്താറുണ്ട്. ഇത് ശരിയല്ല.

  • അസുഖം കുറവുണ്ടെങ്കിലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവുമുഴുവന്‍ ആന്റിബയോട്ടിക്കുകള്‍/ ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കേണ്ടതുണ്ട്
  •  പാരസിറ്റമോള്‍ പോലുള്ള ചില മരുന്നുകള്‍ പനി മാറുന്നതോടെ പതുക്കെ നിറുത്താവുന്നതാണ്.

അളവിലുണ്ട് കാര്യം
കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഡോക്ടര്‍, മരുന്നിന്റെ അളവ് കുറിക്കാറുള്ളത്. അതുകൊണ്ടുതന്നെ അളവിലെ ചെറിയ വ്യത്യാസംപോലും ആരോഗ്യത്തെ ബാധിച്ചേക്കാം.

  •  ഒരു ടീസ്പൂണ്‍ എന്നാല്‍ 5 മില്ലി ലിറ്റര്‍ (5 ml ) ആണ് എന്ന കാര്യം ഓര്‍ത്തു വെക്കണം.
  • മിക്കവാറും മരുന്നു കുപ്പികളോടൊപ്പം മരുന്ന് അളന്നു നല്‍കുവാനുള്ള 5-10 മില്ലിലിറ്ററിന്റെ ചെറിയ പ്ലാസ്റ്റിക് അളവുപാത്രങ്ങളും ഉണ്ടാവാറുണ്ട്.
  • ഒരു മില്ലി ലിറ്റര്‍ 16 തുള്ളികളാണ് എന്ന വസ്തുത ഓര്‍ക്കുന്നതും ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മരുന്നു നല്‍കുമ്പോള്‍ പ്രധാനമാണ്.
  • ഡ്രൈ പൗഡര്‍ ആയി കുപ്പികളില്‍ ലഭിക്കുന്ന മരുന്നുകള്‍, അവയോടൊപ്പം ലഭിക്കുന്ന ശുദ്ധജലമോ അതല്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളമോ കൃത്യമായ അളവില്‍ ഒഴിച്ച് ലായനിയാക്കി മാറ്റണം. മരുന്നു ലായനിയില്‍ എത്ര വെള്ളം ചേര്‍ക്കണം എന്ന് കുപ്പിയില്‍/പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Expert tips for administering medicine to resistant children