യോനിയുടെ ആരോഗ്യത്തിനായി ലോലിപോപ്പുമായി കോർട്‌നി കർദാഷിയൻ; പണംവാരാനെന്ന് ആരോപണം

സംരംഭകയും സാമൂഹ്യപ്രവർത്തകയുമാണ് കോർട്‌നി കർദാഷിയൻ. കിം കർദാഷിയന്റെയും ക്ലോ കർദാഷിയന്റെയും സഹോദരി. സഹോദരിമാർക്കൊപ്പം ചേർന്ന് ക്ലോത്തിങ്-പെർഫ്യൂം ബിസിനസും നടത്തുന്നുണ്ട്.
സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ ഇവരുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 75,000 മുതൽ 3,00,000 യുഎസ് ഡോളർ വരെയാണ് ലഭിക്കുന്നത്. 2021-ൽ അവർ തുടങ്ങിയ കമ്പനിയാണ് ലെമ്മെ. വിറ്റാമിനുകളും സപ്ലിമെന്റുകളുമാണ് പ്രധാനമായും ഈ കമ്പനി വിൽക്കുന്നത്. ഗമ്മികളും, ക്യാപ്‌സൂളുകളുമായിട്ടാണ് വിറ്റാമിനുകളും സപ്ലിമെന്റുകളും ആളുകളിലേക്കെത്തിക്കുന്നത്. 2023-ൽ വജൈനൽ ഗമ്മികൾ പുറത്തിറക്കിയപ്പോൾ ഏറെ വിവാദമായിരുന്നു. ഇതിനുപിന്നിലെ ശാസ്ത്രീയമായ ഗവേഷണത്തെ ചോദ്യം ചെയ്ത് കുറേ പേർ കേസുകൾ ഫയൽ ചെയ്തു. അതൊന്നും കോടതിയിൽ നിലനിന്നില്ല. അതിനുപിന്നാലെ മുടിയുടെയും ചർമത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിനായുള്ള ലോലിപോപ്പുകളും കമ്പനി നിർമിച്ചിരുന്നു.
ഇപ്പോഴിതാ വജൈനൽ പ്രോബയോട്ടിക് ലോലിപോപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കോർട്‌നിയുടെ ലെമ്മെ. യോനിയുടെ ആരോഗ്യവും പിഎച്ച് ബാലൻസും നിലനിർത്തുമെന്നുള്ള അവകാശവാദവുമായാണ് പുതിയ ലോലിപോപ്പുകൾ കമ്പനി നിർമിച്ചിരിക്കുന്നത്. നിലവിൽ പൈനാപ്പിൾ ഫ്‌ളേവറിലാണ് പുറത്തിറക്കിയത്. 'സ്ത്രീകൾക്കായി ഇത്തരത്തിലുള്ള ആദ്യത്തെ പ്രോബയോട്ടിക് ലോലിപോപ്പ്' എന്ന പരസ്യവാചകവുമായിട്ടാണ് ഇത് വിൽക്കുന്നത്. 'സ്ത്രീകളുടെ സ്വയംപരിചരണത്തെ രുചികരമായ ഒരു ദൈനംദിന ആചാരമാക്കി മാറ്റാം. പ്രോബയോട്ടിക്‌സ്, വിറ്റാമിൻ സി, പൈനാപ്പിൾ സത്ത് എന്നിവ ഉപയോഗിച്ച് രൂപപ്പെടുത്തിയത്' എന്നും ബ്രാൻഡ് പറയുന്നു.
''ആളുകൾക്ക് ഞങ്ങൾ മുമ്പിറക്കിയ ലോലിപോപ്പ് ഇഷ്ടപ്പെട്ടു. അതുകൊണ്ട് മറ്റൊരു ലോലിപോപ്പുമായി രംഗത്തുവന്നിരിക്കുകയാണ്'', എന്നാണ് കോർട്‌നി ഇതിനെക്കുറിച്ച് പറഞ്ഞത്.
ലോലിപോപ്പ് പുറത്തിറങ്ങിയപ്പോൾ തന്നെ സംഭവം വിവാദമാവുകയും ചെയ്തു. ലോലിപോപ്പുകളുടെ പരസ്യവും തിരിച്ചടിയായി. പണംവാരാനുള്ള മറ്റൊരു ഗിമ്മിക്ക് മാത്രമാണിതെന്നാണ് ആളുകൾ ആരോപിക്കുന്നത്. അഞ്ചെണ്ണത്തിന്റെ ഒരു പാക്കിന് നിലവിൽ 6 ഡോളറാണ് വില.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kourtney Kardashian`s company Lemme launches a new vaginal probiotic lollipop