‘സ്കിൻ ട്രീറ്റ്മെന്റുകളും ബോട്ടോക്സും ചർമത്തെ ചെറുപ്പമാക്കില്ല, ചുളിവുകളല്ല കരുത്താണ് പ്രധാനം’; കരീന

കരീന കപൂർ/Instagram
കരീന കപൂർ/Instagram

പ്രായം കൂടുന്നത് തടയാനാകില്ല. പക്ഷേ, പ്രായം കൂടുമ്പോഴും ശരീരത്തെ കരുത്തോടെ നിലനിർത്താനാകും. ചെറുപ്പമായി തോന്നാനുള്ള ശ്രമങ്ങൾക്കപ്പുറം, ആരോഗ്യമുള്ള ശരീരവും സ്വതന്ത്രമായ ജീവിതവുമാണ് പ്രധാനമെന്ന് ഓർമിപ്പിക്കുകയാണ് നടി കരീന കപൂർ.

രുജുത ദിവേക്കറുടെ The Common Sense Diet എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് കരീന പ്രായമാകുന്നതിനെക്കുറിച്ചും തന്റെ ഫിറ്റ്‌നസ് കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചത്. ബോട്ടോക്‌സും സ്‌കിൻ ട്രീറ്റ്‌മെന്റുകളുമൊക്കെയായി ചെലവഴിക്കുന്ന സമയത്തേക്കാൾ ഭക്ഷണം, വ്യായാമം, ശരീരത്തിന്റെ കരുത്ത് എന്നിവയ്ക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് കരീന പറഞ്ഞു.
“സ്‌കിൻ ട്രീറ്റ്‌മെന്റുകൾക്കും ബോട്ടോക്‌സിനും പകരം ഇതെല്ലാം ചെയ്യാനാണ് ഞാൻ സമയം ചെലവഴിക്കുന്നത്. നെയ്യ് കഴിക്കുന്നു, ഖിച്ച്ഡി കഴിക്കുന്നു, മസിലുകൾക്കും കരുത്തിനുമായി കുറച്ച് വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നു, നടക്കുന്നു, സൂര്യനമസ്‌കാരം ചെയ്യുന്നു. ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ ശരീരം എങ്ങനെ അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്തായി ശരീരത്തെ മാറ്റണം. ബോട്ടോക്‌സോ സ്‌കിൻ ട്രീറ്റ്‌മെന്റുകളോ ചെയ്യുന്നതിൽ തെറ്റില്ല. അത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. സ്വന്തം ശരീരത്തെക്കുറിച്ച് എന്ത് തിരഞ്ഞെടുപ്പ് നടത്തണം എന്നത് ഓരോ സ്ത്രീയുടെയും സ്വാതന്ത്ര്യവുമാണ്.” കരീന വ്യക്തമാക്കി. 

ഇന്നും സിനിമയിൽ സജീവമായി തുടരുന്ന കരീനയ്ക്ക് പ്രായമാകുമ്പോഴും ജോലി ചെയ്യാനും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുമുള്ള ശേഷിയാണ് പ്രധാനപ്പെട്ടതെന്ന് പറയുന്നു. “പ്രായം ഒരു നമ്പർ മാത്രമാണ്. 70-ാം വയസ്സിലും 75-ാം വയസ്സിലും സെറ്റിൽ പോകാനും എനിക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും കഴിയണം. ആരോഗ്യത്തിന്റെ കാര്യത്തിൽ മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത് എന്നതാണ് എന്റെ ലക്ഷ്യം. ഫിറ്റ്‌നസിന്റെ അർഥം ശരീരഭാരം കുറയ്ക്കുകയോ അരക്കെട്ടിന്റെ വലുപ്പം കുറയ്ക്കുകയോ മാത്രമല്ല. സുഖമായി നടക്കാൻ കഴിയുക, പടികൾ കയറാൻ കഴിയുക, സ്വന്തം ബാഗ് എടുത്തുനടക്കാൻ കഴിയുക, നിലത്തിരുന്ന് എഴുന്നേൽക്കാൻ കഴിയുക, യാത്ര ചെയ്യാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും കഴിയുക...തുടങ്ങി പ്രായം കൂടുന്തോറും ഇവയ്ക്കൊക്കെയാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. എനിക്ക് ജീവിതകാലം മുഴുവൻ ജോലി ചെയ്യണം. കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയണം. മറ്റൊരാളെയോ ഒരു വടിയെയോ ആശ്രയിക്കേണ്ടി വരരുത്,” കരീന പറഞ്ഞു.

ചുളിവുകൾ, നര, ശരീരഭാരം, ചർമത്തിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് ഇന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായി പലരും കണക്കാക്കുന്നത്. എന്നാൽ കണ്ണാടിയിലെ പ്രതിഫലനം മാത്രം നോക്കി ആരോഗ്യം അളക്കുന്നതിന് പകരം ശരീരംകൊണ്ട് നമുക്കെന്തെല്ലാം ചെയ്യാൻ സാധിക്കുന്നു എന്നുകൂടി ചിന്തിച്ചുനോക്കാവുന്നതാണ്.
നമുക്ക് അരമണിക്കൂർ ക്ഷീണമില്ലാതെ നടക്കാനാകുമോ?
ഭാരമുള്ള സാധനങ്ങൾ സുരക്ഷിതമായി ഉയർത്താനാകുമോ?
പ്രായം കൂടുമ്പോഴും മസിലും ബാലൻസും നിലനിർത്താനാകുമോ?
കസേരയിൽനിന്നോ നിലത്തുനിന്നോ എളുപ്പത്തിൽ എഴുന്നേൽക്കാനാകുമോ?
ലഗേജ് സ്വയം കൊണ്ടുനടക്കാനാകുമോ?
ഇഷ്ടമുള്ള ജോലികളും യാത്രകളും ഹോബികളും തുടരാനാകുമോ? എന്നൊക്കെ സ്വയം ചോദിച്ചുനോക്കാവുന്നതാണ്. വാസ്തവത്തിൽ കണ്ണാടിയിൽ കാണാനാകാത്ത ഈ കാര്യങ്ങളാണ് ആരോഗ്യകരമായ വാർധക്യത്തിന്റെ യഥാർഥ അടയാളങ്ങൾ.

കരീനയുടെ ഫിറ്റ്‌നസ് രീതിയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം വെയ്റ്റ് ട്രെയിനിങ്ങിനും സ്‌ട്രെങ്ത് ട്രെയിനിങ്ങിനും നൽകുന്ന പ്രാധാന്യമാണ്. സ്ത്രീകളുടെ ഫിറ്റ്‌നസ് പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങാറുണ്ട്. ഡയറ്റും നടത്തവും ഒരു പ്രത്യേക വസ്ത്രത്തിന്റെ സൈസിലെത്താനുള്ള ശ്രമങ്ങളുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ കരുത്ത് വർധിപ്പിക്കുന്ന വ്യായാമങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. എന്നാൽ മസിൽ എന്നത് ശരീരത്തിന്റെ രൂപം മെച്ചപ്പെടുത്താൻ മാത്രമുള്ളതല്ല. ദൈനംദിന ജീവിതത്തിലെ ചലനങ്ങൾക്കും ബാലൻസിനും സ്വാതന്ത്ര്യത്തിനും കരുത്ത് ആവശ്യമാണ്. വ്യായാമം അതിരുകടക്കേണ്ടതുമില്ല. പ്രായം, ആരോഗ്യനില, ശാരീരികശേഷി എന്നിവയ്ക്കനുസരിച്ച് സ്‌ട്രെങ്ത് എക്‌സർസൈസുകൾ, നടത്തം, മൊബിലിറ്റി വർക്ക്, യോഗ, സൂര്യനമസ്‌കാരം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കാം.

അതിനൊപ്പംതന്നെ സമീകൃതമായ ഭക്ഷണം, ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും, മതിയായ വെള്ളം എന്നിവയ്ക്കുകൂടി പ്രാധാന്യം നൽകണം. പരമ്പരാഗത ഭക്ഷണങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. നെയ്യും ഖിച്ച്ഡിയും കഴിക്കുന്നതിനെക്കുറിച്ചുള്ള കരീനയുടെ പരാമർശം ഒരു പ്രത്യേക ഭക്ഷണരീതി പിന്തുടരണമെന്നോ എല്ലാവരും അതേ രീതിയിൽ ഭക്ഷണം കഴിക്കണമെന്നോ അല്ല പറയുന്നത്. നെയ്യ് കഴിച്ചതുകൊണ്ട് മാത്രം ഒരു ഭക്ഷണക്രമം ആരോഗ്യകരമോ അനാരോഗ്യകരമോ ആകുന്നില്ല. മൊത്തത്തിലുള്ള ഭക്ഷണരീതിയാണ് പ്രധാനപ്പെട്ടത്. കരുത്ത്, ചലനശേഷി, ഉറക്കം, പോഷകാഹാരം, ശരീരത്തിന്റെ വീണ്ടെടുപ്പ്, മാനസികാരോഗ്യം ഇവയ്‌ക്കെല്ലാം സൗന്ദര്യസംരക്ഷണത്തിനൊപ്പംതന്നെ പ്രാധാന്യം നൽകേണ്ടതുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: kareena-kapoor-fitness-philosophy-aging-strength-over-botox