ദേഷ്യവും ടെൻഷനും വരുമ്പോൾ പല്ലുകടിക്കാറുണ്ടോ? താടിയെല്ലിലെ മുറുക്കം നിസ്സാരമാക്കരുത്

സമ്മർദം കൂടുമ്പോൾ താടിയെല്ല് മുറുകുന്നതുപോലെ തോന്നാറുണ്ടോ? പല്ലുകൾ കടിച്ചുപിടിക്കാറുണ്ടോ? ഉറക്കത്തിനിടയിലും അല്ലാതെയുമുള്ള ഈ ശീലം പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ താടിയെല്ലിലും മുഖത്തെ പേശികളിലും വേദനയുണ്ടാക്കുകയും ചെയ്യും.
പല്ലുകൾ കടിച്ചുപിടിക്കുന്ന ശീലം എന്തുകൊണ്ട് കൂടുന്നു?
ഉറക്കത്തിനിടെ അറിയാതെ പല്ലുകൾ കടിച്ചുപിടിക്കുകയോ ഉരയ്ക്കുകയോ ചെയ്യുന്ന ശീലത്തെ ബ്രക്‌സിസം (Bruxism) എന്നാണ് വിളിക്കുന്നത്. പകൽസമയത്തും സമ്മർദം, ഉത്കണ്ഠ, ഏകാഗ്രത എന്നിവയുമായി ബന്ധപ്പെട്ട് ചിലർ പല്ലുകൾ അമർത്തിപ്പിടിക്കാറുണ്ട്. താടിയെല്ലിലെ മുറുക്കം, മുഖത്തും തലയിലും വേദന, രാവിലെ എഴുന്നേൽക്കുമ്പോൾ താടിയെല്ലിന് ക്ഷീണം, പല്ലുകൾ തേഞ്ഞുപോകുക, പൊട്ടലുകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം. ചിലർക്ക് തലവേദനയും ചെവിയുടെ സമീപത്ത് അസ്വസ്ഥതയും അനുഭവപ്പെടാം.