ദിവസത്തിൽ രണ്ടുതവണ പല്ലുതേച്ചതു കൊണ്ടുമാത്രം ദന്തശുചിത്വം പൂർണമാവുമോ?

ദിവസത്തിൽ രണ്ടുതവണ പല്ലുതേച്ചതു കൊണ്ടുമാത്രം ദന്തശുചിത്വം പൂർണമാവില്ല. പല്ലുതേപ്പ് പോലെ തന്നെ സ്ഥിരമായ ഫ്‌ലോസിങ്ങിനും ദന്ത ശുചിത്വത്തിൽ പ്രധാന പങ്കുണ്ട്. ഫ്‌ലോസിങ് ഒഴിവാക്കുമ്പോൾ, പല്ലുകൾക്കിടയിലും മോണയുടെ അരികിലും പ്ലാക്ക് അടിഞ്ഞുകൂടും. കാലക്രമേണ, ഇത് പല്ല് കേടുവരാനും മോണരോഗങ്ങൾ വരാനുമുള്ള സാധ്യത വർദ്ധിപ്പിക്കും. അമേരിക്കൻ ഡെന്റൽ അസോസിയേഷൻ അനുസരിച്ച്, ബ്രഷ് എത്താത്ത സ്ഥലങ്ങളിൽ നിന്ന് പ്ലാക്കും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിൽ ഫ്‌ലോസ് പോലുള്ള ക്ലീനറുകൾ സഹായിക്കുന്നു. സ്ഥിരമായ ഫ്‌ലോസിങ്ങിന് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്.
പ്ലാക്ക് നീക്കം ചെയ്യുന്നു
സ്ഥിരമായ ഫ്‌ലോസിംഗ് പല്ലുകൾക്ക് ചുറ്റുമുള്ള ഭക്ഷണപദാർഥങ്ങളും പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയ പ്ലാക്കും നീക്കം ചെയ്യാൻ സഹായിക്കും. പല്ലുകളിൽ രൂപപ്പെടുന്ന ഒരു പശപശപ്പുള്ള പാടയാണ് പ്ലാക്ക്. വായിലെ ബാക്ടീരിയകൾ അന്നജം അടങ്ങിയതോ പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണപാനീയങ്ങളുമായി കലരുമ്പോൾ പല്ലുകളിലും ചുറ്റുമായി പ്ലാക്ക് രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്ന ആസിഡുകൾ പുറത്തുവിടുന്നു. പല്ല് തേക്കുന്നില്ലെങ്കിൽ, ബാക്ടീരിയകൾ, ആസിഡുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ഒന്നിച്ചു ചേർന്ന് നിങ്ങളുടെ പല്ലുകളിലും മോണയുടെ വരമ്പിലും ഒരു പ്ലാക്ക് പാളി രൂപം കൊള്ളാൻ സാധ്യതയുണ്ട്. പതിവായ ദന്ത ശുചീകരണത്തിലൂടെയും ദിവസേനയുള്ള ബ്രഷിങ്ങിലൂടെയും ഫ്‌ലോസിങ്ങിലൂടെയും ഇത് നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. പല്ലുകളിൽ അവശേഷിക്കുന്ന പ്ലാക്ക്, കേടുപാടുകൾ, മോണരോഗം, മറ്റ് വായ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുന്നു
നിങ്ങളുടെ പല്ലുകളുടെ ഇനാമൽ പാളിയിൽ എത്രയധികം പ്ലാക്ക് ഉണ്ടോ, അത്രയധികം കാവിറ്റി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്‌ലോസ് ചെയ്യുന്നത് മറഞ്ഞിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെയും പ്ലാക്ക് അടിഞ്ഞുകൂടുന്നതിനെയും ഒഴിവാക്കാനും പല്ല് കേടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മോണരോഗങ്ങൾ തടയാൻ സഹായിക്കുന്നു
ജിൻജിവൈറ്റിസ് (Gingivitis) മോണരോഗങ്ങളുടെ ആദ്യ ഘട്ടമാണ്. ജിൻജിവൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് മോണകൾക്ക് ചുറ്റുമുള്ള വീക്കമാണ്. ക്രമേണ മോണകളിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ, അത് പെരിയോഡോണ്ടൈറ്റിസ് (periodontitis) എന്ന കൂടുതൽ ഗുരുതരമായ അണുബാധയിലേക്ക് നയിക്കും. ഇത് നിങ്ങളുടെ മോണകൾ പല്ലുകളിൽ നിന്ന് വേർപെടാൻ കാരണമാകും. പല്ലുകൾക്ക് എല്ലുകളുടെ പിന്തുണ നഷ്ടപ്പെടാനും അയഞ്ഞു പോകാനും സാധ്യതയുണ്ട്. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കുന്നതും ഒരിക്കലെങ്കിലും ഫ്‌ലോസ് ചെയ്യുന്നതും ഇത്തരം മോണരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
വായ്‌നാറ്റം കുറയ്ക്കുന്നു
വായ്‌നാറ്റം ഒരു സാധാരണ പ്രശ്‌നമാണ്. എന്നാൽ വായ്‌നാറ്റം അകറ്റി നിർത്താൻ നിങ്ങൾക്ക് ഫ്‌ലോസിങ് സഹായകമാവും. പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണം യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ അത് സാവധാനത്തിൽ കേടാകാൻ തുടങ്ങും. അത് ദുർഗന്ധമുള്ള ശ്വാസം ഉണ്ടാക്കാൻ കാരണമാകും. കൂടാതെ, നിങ്ങളുടെ പല്ലുകൾക്ക് ചുറ്റുമോ ഇടയിലോ പ്ലാക്ക് അടിഞ്ഞുകൂടുകയും പല്ലിന്റെ ഇനാമൽ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്താൽ, അത് കാവിറ്റിക്കും മോണരോഗങ്ങൾക്കും കാരണമാകും, ഇതും വായ്‌നാറ്റത്തിലേക്ക് നയിക്കാം.
പല്ലുകളുടെ ശുചിത്വം വർദ്ധിപ്പിക്കാനും മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്ന ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Brushing alone is insufficient for complete dental hygiene., Flossing removes plaque from areas unreachable by a toothbrush., Regular flossing prevents cavities and enamel damage., It helps avoid gingivitis and periodontitis., Flossing is an effective way to combat bad breath caused by food debris.