എങ്ങനെ കുറയ്ക്കാം വയറിലെ കൊഴുപ്പ്?

സുഖജീവനം
സുഖജീവനം

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള വഴികൾ ഇപ്പോൾ ഒറ്റക്ലിക്കിൽ ലഭ്യമല്ലേ? ഒരു ക്ലിക്കിൽ വീട്ടിൽ പച്ചക്കറിയെത്തും, ഒരു ക്ലിക്കിൽ ഡയറ്റ് ചാർട്ട് റെഡിയാകും, മറ്റൊരു ക്ലിക്കിൽ തടി കുറയ്ക്കാനുള്ള വഴികളും മുന്നിലെത്തും! അങ്ങനെ എന്തെല്ലാം ഓപ്ഷനുകളാണ് ഓൺലൈനിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ, ഇങ്ങനെ ഒറ്റക്ലിക്കിൽ കിട്ടുന്നതാണോ നമ്മുടെ ആരോഗ്യം എന്ന് ശരിക്കും ഒന്ന് ആലോചിച്ചു നോക്കൂ.
ഇന്ന് തടി കുറയ്ക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വയറിലെ കൊഴുപ്പാണ് (Abdominal Fat). ഇത് കുറയ്ക്കാൻ പലരും നന്നേ പാടുപെടുന്നുണ്ടാകും. മണിക്കൂറുകളോളം തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ അടിവയറ്റിൽ കൊഴുപ്പ് കൂടാൻ കാരണമാകുന്നു. ഇതിനെ നമുക്ക് 'ശാഠ്യക്കാരൻ കൊഴുപ്പ്' അഥവാ Stubborn Fat എന്ന് വിളിക്കാം.
എന്താണ് അബ്ഡോമിനൽ ഫാറ്റ്?
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത്ര ബുദ്ധിമുട്ട് എന്തുകൊണ്ടാവാം?അബ്ഡോമിനൽ ഫാറ്റ് എന്നത് വിസറൽ ഫാറ്റിന്റെയും (Visceral Fat) സബ്ക്യുട്ടേനിയസ് ഫാറ്റിന്റെയും (Subcutaneous Fat) ഒരു മിശ്രിതമാണ്.
വിസറൽ ഫാറ്റ് 
ഇത് വയറിലെ അറയ്ക്കുള്ളിൽ, ആന്തരിക അവയവങ്ങൾക്ക് ചുറ്റുമായി ആഴത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. ഈ കൊഴുപ്പ് ശരീരത്തിൽ വീക്കം (Inflammation) ഉണ്ടാക്കുന്ന പദാർഥങ്ങൾ പുറത്തുവിടുകയും ശരീരം ഊർജ്ജം പ്രോസസ്സ് ചെയ്യുന്ന രീതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഉപാപചയ വൈകല്യങ്ങൾക്കുള്ള (Metabolic diosrders) സാധ്യത വർദ്ധിപ്പിക്കുന്നു.
സബ്ക്യുട്ടേനിയസ് ഫാറ്റ്
ചർമ്മത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന മൃദുവായ കൊഴുപ്പ്. ഇത് അടിസ്ഥാനപരമായി ഒരു ഊർജ്ജ സംഭരണിയായി പ്രവർത്തിക്കുന്നു. വിസറൽ ഫാറ്റിനെപ്പോലെ ഉപാപചയപരമായി അത്ര അപകടകാരിയല്ല.
വിസറൽ ഫാറ്റ് ശരീരത്തിൽ കൂടിയാൽ അത് മറ്റ് പല ഗുരുതരമായ അസുഖങ്ങൾക്കും കാരണമാകും.
എങ്ങനെ കുറയ്ക്കാം?

ഡയറ്ററി ഫൈബറിന്റെ പങ്ക്
ദഹനം സുഗമമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഡയറ്ററി ഫൈബർ (Dietary Fibre). ഇത് ശരീരം നേരിട്ട് ദഹിപ്പിക്കാത്ത ഒരുതരം കാർബോഹൈഡ്രേറ്റാണ്. വെള്ളവുമായി  എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഫൈബറിനെ രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു:
1. ലയിക്കുന്ന നാരുകൾ (Soluble Fibre)
ഇവ വെള്ളത്തിൽ എളുപ്പം ലയിക്കുകയും വയറ്റിൽ വെച്ച് ഒരു ജെൽ പോലുള്ള പദാർഥമായി മാറുകയും ചെയ്യുന്നു. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. തൽഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുകയും എൽ.ഡി.എൽ (LDL - മോശം കൊളസ്‌ട്രോൾ) കുറയുകയും ചെയ്യുന്നു.
പ്രധാന സ്രോതസ്സുകൾ: ഓട്‌സ്, ബാർലി, ബീൻസ്, പയർവർഗ്ഗങ്ങൾ, കടല, ആപ്പിൾ, സിട്രസ് പഴങ്ങൾ, സൈലിയം എന്നിവ ശരീരത്തിന് ആവശ്യമായ സോല്യൂബിൾ ഫൈബർ നൽകുന്നു.
2. ലയിക്കാത്ത നാരുകൾ (Inosluble Fibre)
ഇവ വെള്ളത്തിൽ ലയിക്കില്ല. പകരം, വെള്ളം ആഗിരണം ചെയ്ത് മലത്തിന്റെ അളവ് കൂട്ടുകയും കുടലിലൂടെയുള്ള ഭക്ഷണത്തിന്റെയും മാലിന്യങ്ങളുടെയും സഞ്ചാരം വേഗത്തിലാക്കുകയും ചെയ്യുന്നു.
പ്രധാന ഗുണം: മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രധാന സ്രോതസ്സുകൾ: തവിടുള്ള ഗോതമ്പ് ബ്രെഡ്, തവിട്ടരി, ഗോതമ്പ് തവിട്, പരിപ്പു വർഗ്ഗങ്ങൾ, വിത്തുകൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികൾ എന്നിവ.
സോല്യൂബിൾ ഫൈബർ എങ്ങനെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു?
സോല്യൂബിൾ ഫൈബർ നമ്മുടെ ദഹനനാളത്തിലെ വെള്ളം ആഗിരണം ചെയ്ത് വികസിക്കുന്നത് വഴി വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. തൽഫലമായി അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയുകയും ശരീരഭാരം നിയന്ത്രണത്തിലാകുകയും ചെയ്യും. കൂടാതെ, ഇവ ദഹനത്തിലൂടെ കുടലിലുള്ള നല്ല ബാക്ടീരിയകളെ (Good Gut Bacteria) പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ 'അധികമായാൽ അമൃതും വിഷം' എന്ന് പറയുന്നതുപോലെ, ഫൈബറും ആവശ്യത്തിന് മാത്രം കഴിക്കുക. അമിതമായാൽ ഇത് മലബന്ധത്തിന് കാരണമായേക്കാം

Content Highlights: Distinction between visceral and subcutaneous fat and their impact on health., The role of soluble and insoluble fiber in managing weight and digestion., Practical Ayurvedic daily routines to eliminate toxins and belly fat., Importance of consistent eating habits and mindful nutrition.

Continue reading