വാക്‌സിനെടുത്താല്‍ ഗര്‍ഭാശയഗള കാന്‍സര്‍ തടയാന്‍ കഴിയുമോ?

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ലോകത്താകെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയഗള കാന്‍സര്‍. ഇന്ത്യയിലാണെങ്കില്‍ ഇത് രണ്ടാം സ്ഥാനത്താണ്. ഓരോ വര്‍ഷവും ഒരുലക്ഷത്തിന് മുകളില്‍ സ്ത്രീകള്‍ക്കാണ് ഇന്ത്യയില്‍ ഈ അര്‍ബുദം ബാധിക്കുന്നത്. 77,000-ത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ഈ കണക്ക് വര്‍ഷം കഴിയുന്തോറും കൂടുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് ഇടക്കാലബജറ്റ് അവതരിപ്പിക്കുമ്പോള്‍, ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. ഒമ്പതിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് എച്ച്.പി.വി വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരുദിവസം കഴിയുമ്പോഴേക്കും മോഡലായ പൂനം പാണ്ഡേ ഗര്‍ഭാശയഗള കാന്‍സറിനെത്തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്തകള്‍ വന്നു. മറ്റ് കാന്‍സറുകളില്‍നിന്ന് വ്യത്യസ്തമായി അണുബാധ മൂലമാണ് ഈ കാന്‍സര്‍ ഉണ്ടാവുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ വകഭേദങ്ങളാണ് രോഗവാഹകരായി മാറുന്നത്.   

രോഗം ബാധിക്കുന്നത് ആരെയൊക്കെ?
പ്രതിരോധശേഷി കുറഞ്ഞവരിലും ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരിലും എച്ച്.ഐ.വി അണുബാധയുള്ളവരിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.  

എങ്ങനെ പ്രതിരോധിക്കാം?
എച്ച്.പി.വി വാക്‌സിനേഷന്‍, സെര്‍വിക്കല്‍ സ്‌ക്രീനിങ് എന്നിവയിലൂടെ ഇതിനെ പ്രതിരോധിക്കാം. രണ്ട് ഡോസായിട്ടാണ് വാക്‌സിന്‍ നല്‍കുന്നത്. ഒമ്പതിനും പതിനാലിനുമിടയ്ക്കുള്ള പ്രായത്തില്‍ എച്ച്.പി.വി വാക്‌സിനെടുക്കുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ കഴിയും. മുപ്പത് വയസ്സിനുശേഷം സ്ത്രീകള്‍ നിശ്ചിതകാലയളവില്‍ സെര്‍വിക്കല്‍ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തുകയും വേണം. രോഗം പെട്ടെന്ന് തിരിച്ചറിയാനും ചികിത്സിക്കാനും ഇത് സഹായിക്കും. ഏത് പ്രായത്തിലാണെങ്കിലും, നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇത് പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. 

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

  • ആര്‍ത്തവവിരാമത്തിനുശേഷവും ലൈംഗികബന്ധത്തിനുശേഷവുമുള്ള രക്തസ്രാവം
  • മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം
  • ദുര്‍ഗന്ധത്തോടെയും അല്ലാതെയുമുള്ള അമിതമായ വെള്ളപോക്ക്
  • കാലില്‍ നീര്
  • വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുന്നത്, ക്ഷീണം
  • കാലിലും പുറകിലും ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന

(വിവരങ്ങള്‍ക്ക് കടപ്പാട്: ലോകാരോഗ്യസംഘടന, നാഷണല്‍ ലൈബ്രറി മെഡിസിന്‍)

Content Highlights: how to prevent cervical cancer