നടുവേദനയകറ്റാം, ജീവിതരീതിയില്‍ മാറ്റംവരുത്തിക്കൊണ്ട്

'കുറച്ചുസമയം ഇരുന്നാല്‍പിന്നെ നടുവിന് വല്ലാത്ത വേദനയാണ്. എഴുന്നേറ്റ് നടുവൊന്ന് നിവര്‍ത്തിയാലേ ആശ്വാസം കിട്ടൂ...' ' നടുവേദനമൂലം ബൈക്ക് ഓടിക്കുന്നത് നിര്‍ത്തി, കാറിലാണെങ്കിലും അല്പനേരം കഴിയുമ്പോഴേക്കും വേദന തുടങ്ങും, വല്ലാത്ത പ്രയാസമാണ്...' നടുവേദനയെക്കുറിച്ചുള്ള പരാതികള്‍ ഇങ്ങനെപോകുന്നു. മുന്‍പ് നാല്പതുവയസ്സ് പിന്നിട്ടവരിലാണ് പ്രയാസങ്ങള്‍ കണ്ടിരുന്നത്. ഇപ്പോള്‍ ചെറുപ്രായക്കാരില്‍പോലും നടുവേദനയുടെ ലക്ഷണങ്ങള്‍ കാണുന്നു.
ഡിസ്‌ക് തള്ളല്‍, ഡിസ്‌ക് പ്രൊലാപ്‌സ്, സ്‌പോണ്ടിലൈറ്റിസ് തുടങ്ങി നടുവേദന പലരൂപത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ദീര്‍ഘനേരം ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും വിറ്റാമിന്‍ അപര്യാപ്തതയുമെല്ലാമാണ് ചെറിയപ്രായത്തില്‍ തന്നെ ഇതിലേക്ക് നയിക്കുന്നത്.
ഇരുന്നിരുന്ന്
സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും നടുവേദനയുണ്ട്. ചിലരില്‍ അത് നടുവിനോട് ചേര്‍ന്നായിരിക്കും. ചിലര്‍ക്ക് കഴുത്തിനോട് ചേര്‍ന്നും മറ്റുചിലര്‍ക്ക് തോളെല്ലിനുമായിരിക്കും പ്രയാസങ്ങള്‍. ചിലപ്പോള്‍ വേദന നട്ടെല്ലില്‍ നിന്ന് കാലുകളിലേക്ക് പടര്‍ന്നുതുടങ്ങിയിരിക്കും.
സ്ഥിരമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതും നടുവിന് സമ്മര്‍ദമേല്‍പ്പിക്കാം. അനങ്ങാതെ ഒരേയിരുപ്പില്‍ ജോലിചെയ്യുമ്പോള്‍ നട്ടെല്ലിനും അനുബന്ധ പേശികളിലേക്കുമുള്ള രക്തയോട്ടം കുറയും. അത് നടുവേദനയായി പരിണമിക്കും.
ഡിസ്‌ക് തള്ളല്‍
നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലെ ഷോക്ക് അബ്‌സോര്‍ബറാണ് ഡിസ്‌ക്. കഴുത്തുമുതല്‍ നടുവരെയുള്ള നട്ടെല്ലിന്റെ 24 കശേരുക്കള്‍ക്കിടയിലാണ് ഡിസ്‌കിന്റെ സ്ഥാനം. നിവരാനും കുനിയാനും ഭാരമെടുക്കാനുമെല്ലാം സഹായിക്കുന്നത് ഡിസ്‌കാണ്. നടുവിലേക്കുള്ള സമ്മര്‍ദങ്ങള്‍ താങ്ങാനും കശേരുക്കള്‍ കൂട്ടിയുരസുന്നത് ഒഴിവാക്കാനും സഹായിക്കുന്നതും ഇതാണ്.
ഡിസ്‌കിന്റെ നടുവിലായി ന്യൂക്ലിയസ് പള്‍പോസസ് എന്ന ജെല്ലിപോലുള്ള ഭാഗമുണ്ട്. ഭാരമെടുക്കുകയും മറ്റും ചെയ്യുമ്പോള്‍ സമ്മര്‍ദമേല്‍ക്കുന്നത് ഈ ഭാഗത്താണ്. സമ്മര്‍ദം അമിതമാകുമ്പോള്‍ ഈ ജെല്ലിവീര്‍ത്തുവരും. ഇതാണ് ഡിസ്‌ക്ക്തള്ളല്‍. പുറത്തേക്ക് തള്ളിവരുന്ന ഭാഗം സമീപമുള്ള നാഡിയെ ഞെരുക്കുമ്പോഴാണ് വേദന തുടങ്ങുക. അല്പനേരം എഴുന്നേറ്റുനിന്നാലോ വിശ്രമിച്ചാലോ ഈ വേദന മാറും.
ഡിസ്‌ക് പുറത്തേക്ക് തള്ളിത്തുടങ്ങിയാല്‍ പൂര്‍ണമായി പരിഹരിക്കാന്‍ പ്രയാസമാണ്. നട്ടെല്ലിന് സമ്മര്‍ദം വന്നാല്‍ വേദന വീണ്ടും വരാം. അതുകൊണ്ടുതന്നെ ജീവിതശൈലിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകണം
ഡിസ്‌ക് തെറ്റല്‍
ഈ അവസ്ഥയില്‍ (ഡിസ്‌ക് പ്രൊലാപ്‌സ്) ഡിസ്‌കിലെ ന്യൂക്ലിയസ് പള്‍പോസസ് പുറത്തേക്ക് തള്ളി, സമീപത്തെ നാഡിയെ ഞെരുക്കുന്നു. വേദന തീവ്രമായി മാറാം. ചിലരില്‍ ഡിസ്‌ക് തള്ളി സുഷുമ്‌നാ നാഡിയുടെ സമീപത്തേക്കുവരെ എത്താം. നേരത്തെ ഉണ്ടായിരുന്ന നടുവേദന കൈകളിലേക്കോ കാലുകളിലേക്കോ വ്യാപിക്കുന്നതായി അനുഭവപ്പെട്ടാല്‍ ഡിസ്‌ക് പ്രൊലാപ്‌സ് സംശയിക്കാം.
പരിശോധന, ചികിത്സ
നടുവേദന ശരീരത്തെ ബാധിച്ചുതുടങ്ങിയോ എന്നറിയാന്‍ സ്വയം ചെയ്യാവുന്ന പരിശോധനകളുണ്ട്. മലര്‍ന്നുകിടക്കുക. ഇരുകാലുകളും വളയാതെ പതുക്കെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. ഡിസ്‌കിന് കാര്യമായ പ്രയാസമുള്ളവര്‍ക്ക് സാധാരണ 30 ഡിഗ്രിയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
വിശ്രമം, ചെറുവ്യായാമങ്ങള്‍ എന്നിവകൊണ്ടുതന്നെ നടുവിന്റെ ഒട്ടുമിക്ക പ്രയാസങ്ങളും പരിഹരിക്കാം. എന്നിട്ടും വേദന തുടര്‍ന്നാല്‍ എപിഡ്യൂറല്‍ ഇന്‍ജക്ഷന്‍ നിര്‍ദേശിക്കാറുണ്ട്.
ഡിസ്‌ക് പ്രശ്‌നങ്ങള്‍ നാഡികളിലേക്ക് വ്യാപിക്കുകയോ കാലുകളിലേക്ക് പടരുകയോ ചെയതാല്‍ സര്‍ജറി അടക്കമുള്ള മാര്‍ഗങ്ങള്‍ വേണ്ടിവരും.
ലൈഫ്‌സ്റ്റൈല്‍ മാറ്റാം
ജീവിതശൈലിയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തിയാല്‍ നടുവിന് അമിതസമ്മര്‍ദം വരാതെ സൂക്ഷിക്കാം. അതുവഴി നടുവേദന ഗുരുതരമാകുന്നത് തടയുകയും ചെയ്യാം.
- ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക.
- അരമണിക്കൂര്‍ കൂടുമ്പോള്‍ അല്പനേരം നടക്കണം. കയ്യും കാലും ഇളക്കുന്നത് നടുവിന്റെ സമ്മര്‍ദം കുറയ്ക്കും.
- നടുവേദന തുടങ്ങിയിട്ടുണ്ടെങ്കില്‍ അമിതഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കണം.
- ഭാരം ഉയര്‍ത്തുമ്പോള്‍ നടുവളയ്ക്കരുത്. പകരം മുട്ടുമടക്കി ഇരുന്നശേഷം ചെയ്യുക.
- ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നടുനിവര്‍ത്തി നേരെയിരിക്കണം. ചെവികളും തോളും ഒരേ രേഖയില്‍ വരണം.
- വണ്ടിയുടെ ഷോക് അബ്‌സോര്‍ബര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
- മുന്നോട്ട് കുനിഞ്ഞിരുന്ന് വണ്ടിയോടിക്കുന്നത് ഒഴിവാക്കണം.
- ദീര്‍ഘദൂരം തുടര്‍ച്ചയായി ബൈക്കില്‍ യാത്ര ചെയ്യരുത്.
- കാര്‍ ഓടിക്കുമ്പോള്‍ നേരെ നിവര്‍ന്നിരിക്കുക. നടുവിന് താങ്ങ് നല്‍കുന്ന തലയണകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
- പുകവലിയും മദ്യപാനവും രക്തയോട്ടം കുറയ്ക്കും. എല്ലുകള്‍ക്ക് പോഷകങ്ങള്‍ ലഭിക്കാതെ വരികയും തേയ്മാനം വരാന്‍ സാധ്യത കൂടുകയും ചെയ്യും.
ഇരിക്കുമ്പോള്‍, കിടക്കുമ്പോള്‍
- ഇരിക്കുമ്പോള്‍ നടുവിന് സപ്പോര്‍ട്ട് ലഭിക്കുന്ന തലയണ ഉപയോഗിക്കുക. ഇരിക്കുന്ന കസേരയുടെ ഉയരം, ബാക്‌റസ്റ്റ് എന്നിവ കൃത്യമായിരിക്കണം.
- കിടക്കുമ്പോള്‍ കഴുത്തിനടിയില്‍ ചെറിയ തലയണ വയ്ക്കാം. ഇത്തരത്തിലുള്ള സെര്‍വിക്കല്‍ തലയണകള്‍ വിപണിയില്‍ ലഭ്യമാണ്.ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായത് വാങ്ങാം.
- അധികം കുഴികളുള്ള കിടക്ക ഒഴിവാക്കണം.
ശ്രദ്ധിക്കാം ആഹാരത്തിലും
- ചേന, ഇലക്കറികള്‍, മോര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- ചൂട് കഞ്ഞി കുടിക്കുന്നത് ശോധനയ്ക്ക് സഹായിക്കും.
- ഭക്ഷണത്തില്‍ ചുവന്നുള്ളി, ജീരകം, കറിവേപ്പില തുടങ്ങിയവ ചേര്‍ക്കുന്നത് നല്ലതാണ്.
- മാംസാഹാരത്തിനൊപ്പം നിര്‍ബന്ധമായും പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തുക.
വ്യായാമങ്ങള്‍ കരുതലോടെ
നടുവിന് ആരോഗ്യം നല്‍കുന്ന വ്യായാമങ്ങള്‍ കരുതലോടെ ചെയ്യാവുന്നതാണ്. ജോഗിങ്, നടത്തം, നീന്തല്‍, മറ്റ് കായിക വിനോദങ്ങള്‍ എന്നിവ ഒരു വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ ചെയ്യുന്നതാണ് ഉത്തമം. കഴുത്തിലെയും വയറിലെയും നടുവിലെയും പേശികള്‍ക്ക് ബലം വരുന്ന വ്യായാമമുറകളും പരീക്ഷിക്കാം.
വിറ്റാമിന്‍ ഡി പ്രധാനം
വിറ്റാമിന്‍ ഡി യുടെ കുറവ് എല്ലുതേയ്മാനത്തിന് കാരണമായേക്കാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കണം. ദിവസവും അല്പനേരം വെയില്‍കൊണ്ട് നടക്കുന്നത് വളരെ നല്ലതാണ്. പാല്‍, മുട്ടയുടെ വെള്ള എന്നിവയിലും ഈ വിറ്റാമിന്‍ ധാരാളമുണ്ട്. മത്സ്യം, ധാന്യങ്ങള്‍, തൈര് എന്നിവയും മികച്ചതാണ്. വിറ്റാമിന്‍ ഗുളികകള്‍ ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
Content Highlights: how to get rid of back pain reasons for backpain