അറിഞ്ഞുണ്ണണം, ഇരുന്നുണ്ണണം.. ഓണസദ്യ കഴിക്കും മുന്‍പേ അറിയണം ഇക്കാര്യങ്ങള്‍

ഓണസദ്യ ഇങ്ങനെ കഴിക്കണം
ഓണസദ്യ ഇങ്ങനെ കഴിക്കണം

ണമൊരു വികാരമാണ്. ഓണസദ്യയും അങ്ങനെതന്നെ. ഇലയിട്ട്, ചോറും സാമ്പാറും കൂട്ടി, അവിയലും പുളിശേരിയും കൂട്ടുകറിയും ഇഞ്ചിത്തൈരും ഉപ്പേരിയും രസവും മോരും കൂട്ടി ഒരു പിടിപിടിക്കാതെ മലയാളിയുടെ ഓണം പൂര്‍ണമാകില്ല. ഡയറ്റിങ് ചെയ്യുന്നവരും വര്‍ക്ക്ഔട്ട് ചെയ്യുന്നവരും ആരോഗ്യം ശ്രദ്ധിക്കുന്നവരുമെല്ലാം ഓണസദ്യയുടെ കാര്യത്തില്‍ നിയന്ത്രണം വെയ്ക്കാറില്ല. പക്ഷേ അങ്ങനെയങ്ങ് കഴിച്ചാല്‍ പോരല്ലോ! സദ്യയുടെ ഗുണമറിഞ്ഞ്, ആസ്വദിച്ച് കഴിക്കണം. 

അറിഞ്ഞുകഴിക്കണം

  • വാഴയിലയില്‍ ചോറുവിളമ്പി കഴിക്കുന്നതാണ് കേരളീയരീതി. വാഴയില ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. 
  • സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും പോഷകംകൊണ്ട് വ്യത്യസ്തമാണ്. കുത്തരി അന്നജം നല്‍കുമ്പോള്‍ വിവിധ പച്ചക്കറികളുടെ മിശ്രണമായ സാമ്പാര്‍ വിറ്റാമിനുകളാല്‍ സമ്പന്നമാണ്.
  • നാരുകള്‍ നിറഞ്ഞതാണ് അവിയല്‍. രസം, മോര് എന്നിവയാകട്ടെ ദഹനം സുഗമമാക്കുന്നു. 
  • പപ്പടവും ഉപ്പേരിയും സോഡിയം ലഭ്യമാക്കുമ്പോള്‍ പഴവും പായസവും ശരീരത്തിലെ ഗ്ലൂക്കോസ് നിലനിര്‍ത്തുന്നു. 

ഇരുന്നുകഴിക്കണം
ചമ്രം പടിഞ്ഞിരുന്ന് നിലത്തിരുന്ന് കൈ ഉപയോഗിച്ച് സദ്യ കഴിക്കണം എന്നാണ് പ്രമാണം. ഇരുന്ന് മുന്നോട്ടാഞ്ഞ് ഇലയില്‍ നിന്നെടുത്ത് വായില്‍വെച്ച് തിരികെ കൈ ഇലയില്‍തന്നെ വയ്ക്കുന്നത് വയറിലെ പേശികളെ സഹായിക്കുന്ന ചെറു വര്‍ക്ക്ഔട്ട് കൂടിയാണ്. മുട്ടുവേദനയോ മറ്റ് പ്രയാസങ്ങളോ ഉള്ളവര്‍ അതിന് മിനക്കെടേണ്ടതില്ല. കുട്ടികളും വീട്ടിലെ യുവജനങ്ങളും ഇരുന്ന് ഉണ്ണട്ടെ. വര്‍ഷത്തിലൊരിക്കലെങ്കിലും അല്പം 'മുട്ട് മടക്കുന്നത്' നല്ലതാണ്, അത് സദ്യയ്ക്ക് മുന്നിലാവട്ടെ! 



ക്രമത്തില്‍ കഴിക്കണം
വിഭവങ്ങള്‍ കഴിക്കുന്നതിന് ഒരു ക്രമമുണ്ട്. ഇതിന് പ്രാദേശികമായി മാറ്റമുണ്ടായേക്കാം.

  • എരിവുള്ള സാമ്പാറിനൊപ്പം മധുരക്കറികളോ തൈര് ചേര്‍ത്ത കിച്ചടികളോ കഴിക്കാം. 
  • എരിവില്ലാത്ത പരിപ്പുകറിയ്‌ക്കൊപ്പം ചേര്‍ക്കാവുന്നത് എരിവുള്ള കൂട്ടുകറിയോ അവിയലോ ആണ്. 
  • വയറിലെത്തിയവയെ ദഹിപ്പിക്കാനായി രസവും ഇഞ്ചിക്കറിയും കഴിക്കാം. എരിവും പുളിയും എല്ലാംകൂടി വയറിലെത്തിക്കഴിഞ്ഞാല്‍ ഇത്തിരി മധുരമാവാം. പായസമാണ് ഉത്തമം. 
  • പായസത്തില്‍ മധുരം കൂടുതലുണ്ടെങ്കില്‍ അല്പം നാരങ്ങാ അച്ചാര്‍ തൊട്ടുകൂട്ടാം. എറ്റവും ഒടുവിലായി അല്പം പച്ചമോരും കൂടി കഴിച്ച് ഇലമടക്കാം. 

Content Highlights: How to eat Onam sadya and dietary benefits