എന്താണ് എസ്.പി.എഫ് ? സൺസ്‌ക്രീൻ എങ്ങനെ തെരഞ്ഞെടുക്കാം?

എഐ ചിത്രം
എഐ ചിത്രം

സണ്‍സ്‌ക്രീനുകള്‍ സ്‌കിന്‍കെയറിന്റെ നിര്‍ണായഘടകമാണ്. അപകടകരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മത്തിന് സംരക്ഷണം നല്‍കി ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സണ്‍സ്‌ക്രീനുകള്‍ സഹായിക്കുന്നു. പലതരം ബ്രാന്‍ഡുകളുടെ പല വിലനിലവാരത്തിലുള്ള സണ്‍സ്‌ക്രീനുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ നിന്ന് എങ്ങനെ അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാമെന്ന് അറിയാം. എന്താണ് അതിനുള്ള മാനദണ്ഡമെന്നും.  

സണ്‍സ്‌ക്രീന്‍ പാക്കറ്റിനു മുകളില്‍ അതിന്റെ എസ്പിഎഫ് ക്വാളിറ്റി രേഖപ്പെടുത്തിയിട്ടുണ്ടാകും. അതാണ് ആദ്യം നോക്കേണ്ടത്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്നാണ് എസ്പിഎഫ് സൂചിപ്പിക്കുന്നത്. എസ്പി എഫ് 30ല്‍ കുറഞ്ഞ പ്രൊഡക്റ്റിന് ഗുണമേന്മയുണ്ടാകില്ല. നിരന്തരം വെയിലേല്‍ക്കുന്നയാളാണ് നിങ്ങളെങ്കില്‍ എസ്പിഎഫ് 50 അല്ലെങ്കില്‍ അതിനും ഉയര്‍ന്നതോ വാങ്ങുക.

സണ്‍സ്‌ക്രീന്‍ ബ്രോഡ്ബാന്‍ഡ് പ്രൊട്ടക്ഷന്‍ ഉറപ്പുതരുന്നുണ്ടോ എന്നും നോക്കണം. ത്വക്കില്‍ പൊള്ളലും അടയാളവും വീഴ്ത്തുന്ന അള്‍ട്രാവയലറ്റ് B കിരണങ്ങളും ത്വക്കിന്റെ ചെറുപ്പം ഇല്ലാതാക്കുന്ന അള്‍ട്രാവയലറ്റ് A കിരണങ്ങളും തടയുന്നതാണ് ബ്രോഡ്ബാന്‍ഡ് പ്രൊട്ടക്ഷന്‍. 

അതുപോലെ വാട്ടര്‍ റെസിസ്റ്റന്റ് സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കുന്നതാകും ഉചിതം. പ്രത്യേകിച്ചും നനയുവാന്‍ സാഹചര്യമുണ്ടെകില്‍. അതല്ല നന്നായി വിയര്‍ക്കുന്ന ശരീരമാണെങ്കിലും വാട്ടര്‍ റെസിസ്റ്റന്റ് സണ്‍സ്‌ക്രീനാണ് അനുയോജ്യം. 

സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഒരു ഔണ്‍സ് സണ്‍സ്‌ക്രീന്‍ എങ്കിലും പുരട്ടണമെന്നാണ് വിദഗ്ദാഭിപ്രായം. ഓര്‍ക്കുക, സണ്‍സ്‌ക്രീന്‍ സംരക്ഷണത്തിന്റെ ഒരു കവചം മാത്രമാണ്. അതിതീവ്രമായ വെയിലില്‍ നിന്നും പൂര്‍ണരക്ഷ നല്കാന്‍ അതിനു സാധിച്ചെന്നുവരില്ല. അതുകൊണ്ട് ശരീരം മറയുന്ന വസ്ത്രങ്ങളാണ് വെയിലിനെ പ്രതിരോധിക്കാന്‍ നല്ലത്. തൊപ്പിയും കുടയും കൂളിങ്ഗ്ലാസ്സും കയ്യില്‍കരുതാം.

ഇടയ്ക്കിടെ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്. വെയില്‍ തീരെ കൊള്ളുന്നില്ലെങ്കില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മാത്രം അപ്ലൈ ചെയ്താല്‍ മതി. അല്ലാത്തവര്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. കടുത്ത വെയില്‍ കൊള്ളുന്നവര്‍ ഒരു മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

മാര്‍ക്കറ്റിലുള്ള എല്ലാ ബ്രാന്‍ഡുകളും നമുക്ക് ചേരുന്നതായിരിക്കില്ല. പരസ്യങ്ങള്‍ വിശ്വസിച്ച് ഉത്പന്നം വാങ്ങാനും നില്‍ക്കരുത്. വിപണനത തന്ത്രങ്ങളും അര്‍ദ്ധസത്യങ്ങളും അതിശയോക്തികളും കലര്‍ത്തിയാണ് പരസ്യം നിര്‍മിക്കുന്നത്. ക്രീം രൂപത്തിലും ജെല്‍ രൂപത്തിലും സ്‌പ്രേ രൂപത്തിലുമെല്ലാം സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. നമ്മുടെ ചര്‍മത്തിന്റെ സ്വഭാവം അറിഞ്ഞുവേണം സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാന്‍. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിച്ച് ത്വക്കിന്റെ പ്രശ്‌നങ്ങളെപ്പറ്റി കൃത്യമായ വിശകലനം നടത്തിയിട്ടാകാം ആ തിരഞ്ഞെടുപ്പ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Learn how to select the perfect sunscreen. Understand SPF, broad spectrum protection, water resistance, and application tips for healthy, radiant skin.