പ്രണയിക്കുന്നയാളെപ്പറ്റി കൗമാരക്കാരോട് ഇല്ലാക്കഥകൾ പറയരുത്; കൗമാരപ്രണയം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?

#ഡോ. സീമ പി. ഉത്തമൻ/ഷിനില മാത്തോട്ടത്തിൽ
പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

കുട്ടികളുടെ കൗമാരപ്രായം രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ഒരു കടമ്പ തന്നെയാണ്. ആ ഒരു പ്രായത്തിൽ അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പിടികിട്ടാതെ അച്ഛനമ്മമാർ കുഴപ്പത്തിലാകാറുണ്ട്. കൗമാരപ്രണയങ്ങളാണെങ്കിലോ, അതിലേറെ ഭീതിനിറയ്ക്കുമവരിൽ. കൗമാരപ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന സ്വാഭാവികമായ വൈകാരികതയാണ് പ്രണയം. രക്ഷിതാക്കൾ അതിനെ  കൈക്കരുത്തുകൊണ്ടും വികാരംകൊണ്ടും നേരിടരുതെന്ന് പറയുകയാണ് കോഴിക്കോട് ഇംഹാൻസിലെ അസിസ്റ്റന്റ് പ്രൊഫസറും സൈക്യാട്രിക് സോഷ്യൽവർക് വിഭാഗം മേധാവിയുമായ ഡോ. സീമ പി. ഉത്തമൻ. ആലുവയിൽ 14-കാരിയെ പ്രണയത്തിന്റെ പേരിൽ അച്ഛൻ വിഷംകൊടുത്ത് കൊന്നത് എല്ലാവരുടെയും ഉള്ളുലച്ചതാണ്. മകളെ കൊല്ലൽ ഒരച്ഛന്റെ അവകാശമാണെന്ന് വാദിച്ചവരും മറുഭാഗത്തുണ്ടായിരുന്നു. ക്രൂരപീഡനങ്ങൾക്ക് വിധേയരാക്കിയല്ല കൗമാരക്കാരെ നേർവഴിക്കു നടത്തേണ്ടത്. അവരുടെ മനസ്സറിയാനും അവരെ തിരുത്താനും പലവഴികളുണ്ട്. അഭിമുഖം വായിക്കാം.

കൗമാരത്തിൽ സ്വാഭാവികമായൊരു കാര്യമാണ് പ്രണയം. ആ പ്രായത്തിൽ കുട്ടികൾ പെട്ടെന്ന് മാറിപ്പോകുന്നുവെന്ന് രക്ഷിതാക്കൾ പരാതിപ്പെടാറുണ്ട്! 
ചടുലമായ മാറ്റങ്ങളുടെ കാലമാണിത്. ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളാണ് അതിൽ പ്രധാനം. പെൺകുട്ടികളും ആൺകുട്ടികളും കാഴ്ചയിൽ ആകർഷണീയരായിത്തുടങ്ങുന്ന സമയം. ശരീരത്തിന് മാറ്റവും സൗന്ദര്യം വരും. കണ്ണുകൾക്ക് തിളക്കംകൂടും. കാഴ്ചപ്പാടുകൾ മാറും, വേഷങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ ശ്രമം നടത്തും. അതിടുമ്പോൾ ആത്മവിശ്വാസം തോന്നുക, കൂടുതൽ ഒരുങ്ങാൻ ശ്രമിക്കുക, എതിർലിംഗത്തിൽ പെടുന്നവരോട് ആകർഷണം തോന്നുക തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ വരും. ഒരു വ്യക്തിയുെട വികസനത്തിന്റെ ഭാഗമായി സാധാരണഗതിയിലുണ്ടാകുന്ന മാറ്റങ്ങളാണത്. ഇന്ന് പത്തു വയസ്സുകഴിയുമ്പോഴേക്കും കുട്ടികൾ കൗമാരത്തിലേക്ക് കടക്കുകയാണ്. അപ്പോൾ തന്നെ അവരുടെ ചിന്തകൾ മാറിത്തുടങ്ങും. പ്രവർത്തികളെ, സൗഹൃദങ്ങളെ, രക്ഷിതാക്കളോടുള്ള സമീപനങ്ങളെ എല്ലാത്തിനെയും അത് ബാധിക്കും. ആ സമയത്ത് കുട്ടികൾക്ക് സമാനചിന്താഗതിക്കാരായ ആളുകളോടോ അല്ലെങ്കിൽ തീർത്തും വ്യത്യസ്തരായ ആളുകളോടോ ഒക്കെ അഭിനിവേശം തോന്നാം. മറ്റുള്ളവരുമായി പ്രണയത്തിലകപ്പെടാൻ സാധ്യതയേറുന്ന സമയം. പക്ഷേ, ആഴത്തിലുള്ള പ്രണയമായിരിക്കില്ല പലപ്പോഴും കൗമാരത്തിലേത്. മനസ്സിനുണ്ടാവുന്നൊരു ചാഞ്ചല്യം. എന്തിനോടും പെട്ടെന്ന് ആകൃഷ്ടരാവും. അത് വസ്തുക്കളായാലും വ്യക്തികളായാലും. പക്ഷേ, വളർച്ചയുടെ ഘട്ടങ്ങളിൽ തീരുമാനങ്ങളെല്ലാം മാറിമാറിവരുന്നതുകാണാം.  

മാതാപിതാക്കൾ കൗമാരപ്രണയത്തെ വൈരാഗ്യത്തോടെ നേരിടുന്നതിന്റെ അപകടങ്ങളെന്തെല്ലമാണ്? 
മാതാപിതാക്കൾക്ക് ഒരുപാടു പ്രതീക്ഷകൾ കുട്ടികളെപ്പറ്റിയുണ്ടാവും. തന്റെ കുട്ടിക്ക് ഏറ്റവും നല്ലതാണ് അവർ കരുതിവെച്ചിരിക്കുക. എല്ലാവർക്കും അവരുടെ മക്കൾ രാജകുമാരനും രാജകുമാരിയുമാണ്. കൗമാരത്തിലെ ചാഞ്ചല്യങ്ങളിൽ പെടാതെ മക്കളെ വഴിതിരിച്ചുവിടേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. പക്ഷേ, കൗമാരത്തിൽ മക്കൾ കുട്ടിയുമല്ല, വലുതുമല്ല എന്ന അവസ്ഥയിലാണ്. ഇന്നലെവരെ ഞാൻ പറയുന്നത് അനുസരിച്ചുനടന്ന കുട്ടി ഇന്നിങ്ങനെ സ്വതന്ത്രമായി ചിന്തിക്കുകയും വേറൊരു ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു എന്നൊക്കെയറിയുന്നത് അവരെ അസ്വസ്ഥരാക്കും. ഇന്നവൻ സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു എന്ന് ചിന്തിക്കുമ്പോൾ അവർക്കത് ഉൾക്കൊള്ളാനാവില്ല. ഇന്നലെവരെ എന്റെ സാരിത്തുമ്പിൽ പിടിച്ചുനടന്ന കുട്ടിയെന്നേ മക്കളെ അവർ കാണൂ. എന്റെയെന്ന് ഞാൻ വിചാരിക്കുന്ന, എന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ നിൽക്കേണ്ടയാൾ അത് മറികടക്കാൻ നോക്കുന്നു. ആ പ്രായത്തിൽ അവരെടുക്കുന്ന എല്ലാ തീരുമാനങ്ങളും മണ്ടത്തരമായിരിക്കും എന്നൊക്കെയാവും രക്ഷിതാക്കളുടെ ധാരണ. അതുകൊണ്ടൊക്കെയാണ് കൗമാരപ്രണയത്തെ വൈകാരികതയോടെയും വൈരാഗ്യത്തോടെയും കാണാൻ രക്ഷിതാക്കൾ നിർബന്ധിതരാവുന്നത്. കൗമാരപ്രണയത്തിൽ കുട്ടികൾക്കൊപ്പം നിൽക്കാനും ബുദ്ധിമുട്ടുണ്ട്. കാരണം കൗമാരപ്രണയം അവർ ബോധപൂർവം ആലോചിച്ച് വരുംവരായ്കകൾ മനസ്സിലാക്കിയെടുത്ത തീരുമാനമായിരിക്കില്ല. വികാരവും എടുത്തുചാട്ടവുമൊക്കെയാണ് അവരെ നയിക്കുക. വളരെ ചഞ്ചലമായ മനസ്സുള്ള ഒരു സമയമാണത്. അവിടെ, രക്ഷിതാക്കളും വൈകാരികമായി പ്രതികരിക്കാൻ നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോവും. ഇരുവിഭാഗവും തമ്മിൽ വലിയൊരു യുദ്ധംതന്നെയുണ്ടാകും.

മക്കളുടെ പ്രണയം അറിയുമ്പോൾ യോജിക്കാൻ പറ്റിയാലും ഇല്ലെങ്കിലും മാതാപിതാക്കൾ എങ്ങനെയാണത് കൈകാര്യം ചെയ്യേണ്ടത്? എന്തെല്ലാം വഴികൾ സ്വീകരിക്കാം?
മക്കളുടെ പ്രണയം പൊളിച്ചുതരണം എന്നാവശ്യപ്പെട്ട് അവരെ കൗൺസിലിങ്ങിന് കൊണ്ടുവരുന്നവരുണ്ട്. മാനസികാരോഗ്യപ്രവർത്തകരെന്നു പറയുന്നത് പ്രണയം പൊളിക്കൽ തൊഴിലാക്കിയവരല്ലെന്ന് ആദ്യം മനസ്സിലാക്കണം. കാര്യത്തിന്റെ വരുംവരായ്കകളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. 

  • കൗമാരക്കാരോട് ശത്രുതയോടെ പെരുമാറിയിട്ട് കാര്യമില്ല- കുട്ടി ഒരാളോട് താത്പര്യത്തോടെ പെരുമാറുന്നു എന്ന് കരുതി അവരുടെ ഫോൺ പിടിച്ചുവെക്കുക, വീട്ടിൽ അടച്ചിടുക, സ്കൂളിൽ പോകാൻ സമ്മതിക്കാതിരിക്കുക, സ്കൂളിലേക്ക് വണ്ടിയിൽ കൊണ്ടുപോയി അതേ വണ്ടിയിൽ തിരിച്ചുകൊണ്ടുവരിക അങ്ങനെയൊക്കെ വരുമ്പോഴാണ് കുട്ടികൾക്ക് ഇവരൊന്നും എന്റെ കൂടെയുള്ളവരല്ല, എന്റെ എതിർകക്ഷികളാണ് എന്ന തോന്നൽ വരിക. അതേസമയം, കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാനും അവർ പറയുന്നത് കേൾക്കാനും അവരുടെ മനസ്സിൽ ആകർഷണീയത തോന്നുന്നതിനുണ്ടായ സാഹചര്യം മനസ്സിലാക്കാനും ശ്രമിക്കുക. ഇങ്ങനെയുള്ള ചിന്തകളെല്ലാം കൗമാരപ്രായത്തിൽ വന്നും പോയുമിരിക്കുന്നതാണെന്ന് അവർക്ക് പറഞ്ഞുകൊടുക്കുക. ഇതൊന്നും ശാസനയുടെ പുറത്താവരുത്. സ്നേഹത്തോടെ പറഞ്ഞുമനസ്സിലാക്കാനും കുട്ടികളെങ്ങനെയാണോ അങ്ങനെതന്നെ അംഗീകരിക്കാനും ക്ഷമ കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടുള്ള അത്തരം ചർച്ചകളേ കൗമാരക്കാരുടെ അടുത്ത് ആദ്യം വിജയിക്കൂ. നമ്മൾ ബലം പിടിക്കുന്തോറും കുട്ടികൾ അവരിൽ നിന്ന് അകന്നകന്ന് പോകാനാണ് സാധ്യത. 
  • പ്രായത്തിന്റെ പ്രത്യേകത- സുഹൃത്തുക്കളാൽ ചുറ്റപ്പെട്ട സമയമാണിത്, സുഹൃത്ത് എന്തുപറയുന്നോ അതാണ് വലിയ കാര്യം. രക്ഷാകർതൃത്വസ്ഥാനത്ത് ഇരിക്കുന്നവരെല്ലാം കൗമാരപ്രായത്തിൽ ശത്രുപക്ഷത്തായിരിക്കും. കൗമാരക്കാരും അവരുടെ സുഹൃത്തുക്കളും മാത്രമാണ് ഒരേ രീതിയിൽ ചിന്തിക്കുന്നത്. സുഹൃത്തുക്കളെന്തു ചെയ്യുന്നോ അതാണ് ഞാൻ ചെയ്യേണ്ടതെന്നേ അവർ കരുതൂ. സൗഹൃദവലയങ്ങളാണ് അവരിൽ സ്വാധീനമുണ്ടാക്കുക. ആ സമയത്ത് അവരെ കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾ ക്ഷമകാണിക്കുകയാണ് പ്രധാനം.

കൗമാരപ്രണയം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? മക്കളോട് എന്തെല്ലാം പറഞ്ഞുകൊടുക്കാം?  
ഇപ്പോൾ നിങ്ങൾ പഠിക്കേണ്ട സമയമാണ്. ഒരാളോട് ഇഷ്ടം തോന്നുന്നതിലൊന്നും തെറ്റില്ല, പക്ഷേ, നമുക്ക് പഠിക്കാനുള്ള സമയത്ത് നന്നായി പഠിക്കുക. ആൺകുട്ടിയോടായാലും പെൺകുട്ടിയോടായാലും അങ്ങനെതന്നെ പറയാം. നിയമപരമായി അനുവദിക്കുന്ന പ്രായമാകുമ്പോൾ ഇതേ പ്രണയം നിങ്ങൾക്കിടയിൽ നിലനിൽക്കുകയാണെങ്കിൽ അപ്പോൾ നമുക്ക് അതിനെപ്പറ്റി ആലോചിക്കാമെന്ന് പറയുന്നതായിരിക്കും ഉചിതം. ആ സമയത്ത് കുട്ടിക്ക് ഒരു തെറ്റായ വാഗ്ദാനമല്ലേ ഞാൻ കൊടുത്തതെന്ന് ചിലപ്പോൾ രക്ഷിതാക്കൾക്ക് തോന്നുമായിരിക്കും. പക്ഷേ, ആ സമയമാകുമ്പോഴേക്കും കുട്ടികളുടെ താത്പര്യങ്ങൾ മാറിമാറിവരാം. 

അപകടമുള്ള ബന്ധങ്ങളിൽ നിന്ന് എങ്ങനെയെല്ലാം പിന്തിരിപ്പിക്കാം?
ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരും പ്രശ്നക്കാരുമൊക്കെയായി കുട്ടികൾക്ക്  ബന്ധമുണ്ടെങ്കിൽ അതിന്റെ അപകടങ്ങളെപ്പറ്റി പറയാം. അച്ഛനും അമ്മയും ഇക്കാര്യങ്ങളൊക്കെ ഭയപ്പെടുന്നു, നീ അവിടെ സുരക്ഷിതമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഞങ്ങളിതു പറയുന്നത് എന്നെല്ലാം പറഞ്ഞുകൊടുക്കാം. പക്ഷേ, അയാളെപ്പറ്റി ഇല്ലാക്കഥകൾ പറയരുത്. വൈകാരികമായി പ്രതികരിക്കുമ്പോൾ രക്ഷിതാക്കൾ ഇല്ലാക്കഥകൾ പറഞ്ഞുപോവും. ഇയാൾ ആഭാസനാണ്, കേസിൽ പ്രതിയാണ് എന്നൊക്കെ. അത്തരം അനാവശ്യങ്ങളൊന്നും കുട്ടികളോട് പറഞ്ഞുകൊടുക്കരുത്. നമ്മളേക്കാൾ വിവരങ്ങൾ ശേഖരിക്കാൻ കുട്ടികൾക്കാവും. അവരെ പറ്റിക്കുകയെന്നത് ഒരിക്കലും ശരിയായ സമീപനമല്ല. പറ്റിക്കപ്പെടുമ്പോൾ അവരെങ്ങനെ പ്രതികരിക്കുമെന്ന് പറയാനുമാവില്ല. തെറ്റു മനസ്സിലാക്കി കുട്ടികൾ പിൻവാങ്ങിക്കഴിഞ്ഞാൽ പിന്നെയവരെ വേട്ടയാടുകയും ചെയ്യരുത്. 

ആലുവയിൽ മകളെ വിഷംകൊടുത്തു കൊന്നത് ദുരഭിമാനക്കൊലയല്ല, അതൊരു അച്ഛന്റെ വികാരമാണ് എന്നു പറയുന്നവരാണ് കൂടുതലും. അതിന് ആളുകളെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? 
മക്കളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സംഭവിക്കുമ്പോൾ ക്രൂരമായ ശിക്ഷ നൽകുന്നുവെങ്കിൽ രക്ഷിതാക്കളുടെ മാനസികനിലയിലുള്ള തകരാറുതന്നെയാണത് സൂചിപ്പിക്കുന്നത്. മക്കളുടെ തെറ്റുകൾ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഒരു രക്ഷിതാവിന്റെ റോൾ അവിടെ പരാജയപ്പെടുകയാണ്. കുട്ടികളും മനുഷ്യരാണ്. നമ്മളെപ്പോലെ തെറ്റുപറ്റാൻ സാധ്യതയുള്ളവർ. നമുക്കും തെറ്റുപറ്റാറില്ലേ. അതു മനസ്സിലാക്കി അവരെ തിരികെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വമുള്ളവരാണ് രക്ഷിതാക്കൾ. സ്വന്തം കാഴ്ചപ്പാടിലൂടെ മാത്രം ലോകത്തെ കാണാതിരിക്കുന്നതാണ് നല്ലത്. ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരുടെ കാഴ്ചപ്പാടുകളിലും സമൂഹത്തിന്റെ കാഴ്ചപ്പാടിലും പ്രശ്നങ്ങളുണ്ട്. സമൂഹത്തെ പേടിച്ചും മറ്റുള്ളവർ എന്തു പറയുമെന്നു കരുതിയും കുട്ടികളെ ശിക്ഷിക്കുന്നവരുണ്ട്. സമൂഹം എന്തുപറഞ്ഞാലും എന്റെ കുട്ടിയെ എനിക്കു മനസ്സിലാവും, ഏതു സാഹചര്യത്തിലാണ് തെറ്റിലകപ്പെട്ടത്, അതിനു പ്രേരിപ്പിച്ച എന്തെങ്കിലും എന്റെ ഭാഗത്തുനിന്ന് ഉണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണ് എന്ന നിലപാടാണ് നല്ലത്. വളരെയധികം കുടുംബവഴക്കുകൾ നടക്കുന്ന വീടുകളുണ്ട്. അച്ഛന്റെയും അമ്മയുടെും ലഹരിയുപയോഗമടക്കമുള്ളത് ഇതിന് കാരണവുമാകാം. ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് സ്നേഹം തേടിപ്പോകുന്ന കുട്ടികളുണ്ട്. വീട്ടിൽ നിന്ന് കിട്ടാത്തത് വേറെ എവിടെനിന്ന് കിട്ടിയാലും അവരത് സ്വീകരിക്കാൻ തയ്യാറാവും. വീട്ടിൽ പ്രശ്നമുണ്ടെങ്കിൽ നമ്മളും തിരുത്തണം. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

താൻ വളർത്തിവലുതാക്കിയ കുട്ടിയെ എന്തുംചെയ്യാൻ അവകാശമുണ്ടെന്നാണ് പലപ്പോഴും രക്ഷിതാക്കൾ കരുതുന്നത്!
എന്റെ കുട്ടിയാണ്, ഞാൻ ജൻമംകൊടുത്തതാണ്, ഞാനാണ് ചിലവിന് കൊടുത്ത് വളർത്തുന്നത്, എന്റെ കുട്ടിയെ എനിക്ക് തോന്നിയതൊക്കെ ചെയ്യുമെന്നൊക്കെ പറയുന്നത് ബാലാവകാശലംഘനമാണ്. അവരോട് എന്തും ചെയ്യാനുള്ള അവകാശം രക്ഷിതാക്കൾക്കില്ല. ചട്ടുകംകൊണ്ട് പൊള്ളിക്കുന്ന രക്ഷിതാക്കളുണ്ട്. ചോദിച്ചാൽ എന്റെ കുട്ടിയെ എനിക്കെന്തും ചെയ്യാമെന്ന അധികാരഭാവത്തിലാണ് മറുപടി വരിക. ക്രൂരമായ മർദനരീതികൾ ഒരു കുട്ടിക്കെതിരേയും പ്രയോഗിക്കാതിരിക്കുക. ചെറിയ ശിക്ഷകൾ നൽകാം. പക്ഷേ അവർ ചെയ്യുന്ന തെറ്റിന് ആനുപാതികമായിരിക്കണം. എന്തിനാണതെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. ബന്ധങ്ങളിൽ എത്തിപ്പെട്ടു എന്നുപറഞ്ഞ് ഒരു കുട്ടിയെ കൊല്ലുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല. 

മാതാപിതാക്കളോട് തീരെ ചേരാത്ത നിലപാടെടുക്കുന്ന കുട്ടികൾ പുതിയ കാലത്തിന്റെ മാത്രം പ്രശ്നമാണോ? വിയോജിപ്പുകൾ എന്നും ഉണ്ടായിട്ടില്ലേ?
മാതാപിതാക്കളോട് കുട്ടികൾക്ക് വിയോജിപ്പ് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എല്ലാ ആശയങ്ങളെയും കുട്ടികളെപ്പോഴും അംഗീകരിക്കണമെന്നില്ല. വിയോജിപ്പുണ്ടാവുക സാധാരണം. വിയോജിപ്പുകൾ എങ്ങനെ അംഗീകരിക്കുന്നു, പറഞ്ഞുതീർക്കുന്നു എന്നതിലാണ് കാര്യം. അഭിപ്രായഭിന്നതകളുണ്ടാവുമ്പോൾ കുട്ടികളും രക്ഷിതാക്കളും പരസ്പരം കേൾക്കാൻ തയ്യാറാവുക. പരസ്പരം കേട്ടശേഷം രണ്ടുകൂട്ടരുംകൂടിയൊരു തീരുമാനത്തിലെത്തുന്നതാണ് നല്ലത്. കൗമാരക്കാരുടെ വേഷങ്ങളും മുടി വളർത്തുന്ന രീതിയുമൊക്കെ രക്ഷിതാക്കൾക്ക് വലിയ പ്രശ്നമാണ്, എല്ലാത്തിനും അവരുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കരുത്. സുഹൃത്തുക്കളാണ് ആ പ്രായത്തിൽ അവരുടെ മേൽ സ്വാധീനമുണ്ടാക്കുന്ന ഏറ്റവുംവലിയ ഫാക്ടർ. സുഹൃത്തുക്കൾ ധരിക്കുംപോലെ ധരിക്കാനും അവരാൽ അംഗീകരിക്കപ്പെടാനും അവർ കൊതിക്കും. 
ആ സുഹൃദ്ബന്ധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുചെയ്യുന്ന എല്ലാത്തിനെയും കേറിയങ്ങ് വിലക്കരുത്. അതേസമയം, കുട്ടിക്ക് ആപത്തുവരുന്ന കാര്യമാണെങ്കിൽ വിലക്കുകയും ചെയ്യാം. വളരെ മോശമായിട്ടാണ് മുടിവളർത്തിയതെങ്കിൽ സ്കൂളിന്റെ ഡിസിപ്ലിൻ വകുപ്പ് അത് ശരിയാക്കിക്കോളും. മാതാപിതാക്കൾ ഒരു പരിധിവരെ ഇടപെടേണ്ടതില്ല. 

രക്ഷിതാക്കൾക്ക് കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമായി എങ്ങനെ സൗഹൃദത്തിലാവാം? 
അവർക്കൊപ്പം നമ്മളുണ്ടാവുക എന്നതാണ് പ്രധാനം. അതായത് എല്ലാ ദിവസവും ഒരു നിശ്ചിതസമയം രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുക. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും. ആസമയത്ത് അവരെ കുറ്റപ്പെടുത്താനോ വിമർശിക്കാനോ നിൽക്കാതെ സമാധാനപരമായി വിശേഷങ്ങൾ പങ്കുവെക്കുക. നമ്മളോടൊപ്പം സമയം  ആസ്വദിക്കാൻ കുട്ടികൾ കാത്തിരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കണം. വിട്ടുവീഴ്ചകൾക്ക് തയ്യാറാവുക. ഞാൻ പിടിച്ച മുയലിന് നാലുകൊമ്പ് എന്നത് കൗമാരക്കാരോട് വിലപ്പോവില്ല. അവരുടെ ഹോബിയിൽ പങ്കെടുക്കാം. അവരുടെ എല്ലാ തീരുമാനങ്ങളും തെറ്റാവില്ല. കുടുംബം യാത്ര പോവുകയാണെങ്കിൽ സ്ഥലം തീരുമാനിക്കാനുള്ള അവസരം അവർക്കും കൊടുക്കാം. കുട്ടികൾ നമ്മളെ നയിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. അതവരുടെ ആത്മവിശ്വാസം കൂട്ടുകയേയുള്ളൂ. ഭാവിയിൽ കുറച്ചുകൂടെ വലിയ തീരുമാനങ്ങളെടുക്കാൻ അവർ പ്രാപ്തരാവും. പിന്നെ നിങ്ങളുടെ എല്ലാ നിയമങ്ങളും വീടുകളിൽ പ്രാവർത്തികമാകണമെന്ന് വാശിപിടിക്കരുത്. അതൊരിക്കലും സാധ്യമാകില്ല. നിയമങ്ങൾ ലംഘിക്കപ്പെടുകതന്നെ ചെയ്യും.
 

Content Highlights: how parents can deal with teenage love affair and relationships