ആര്‍ത്തവം സ്വാഭാവികമായ പ്രക്രിയയാണെന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ബോധവത്കരിക്കുക

#ഡോ.അമര്‍ രാമചന്ദ്രന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഗൈനക്കോളജി, ആസ്റ്റര്‍ മിംസ്, കണ്ണൂര്‍
പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ലോകമെങ്ങുമുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെയും നേട്ടങ്ങളെയും ഓര്‍മ്മിക്കുവാനും ആദരിക്കുവാനും ഉപയോഗപ്പെടുത്തുന്ന ദിവസമാണ് മാര്‍ച്ച് 8. സാമൂഹികപരിഗണനയില്‍ പൊതുവെ സ്ത്രീകള്‍ക്ക് മികച്ച നിലവാരം ലഭ്യമാകുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളീയ സമൂഹത്തിന്റെ ഉയര്‍ന്ന സാക്ഷരതാനിരക്കും പുരോഗമനപരമായ ചിന്താധാരകളുടെ സ്വാധീനവുമൊക്കെ ഇത്തരം ഉന്നമനത്തിന് കാരണമാകുന്നുണ്ട്. എങ്കിലും മാസമുറയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറച്ച് കൂടി പ്രാധാന്യം നല്‍കേണ്ട സാഹചര്യം നിലവിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. 

മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനം എന്ന് കൂടി കരുതാവുന്നത്രയും പ്രാധാന്യമുള്ള തികച്ചും ജൈവികവും സ്വാഭാവികവുമായ പ്രക്രിയയാണ് ആര്‍ത്തവവും. എന്നാലിത് പുറത്തുപറയാന്‍ പാടില്ലാത്ത മോശപ്പെട്ട കാര്യമാണെന്നും, പല ഇടങ്ങളില്‍നിന്നും സാന്നിധ്യം വിലക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണകള്‍ ഇന്നും പലരും വെച്ച് പുലര്‍ത്തുന്നത് വേദനാജനകമാണ്. നമ്മുടെ സ്ത്രീസമൂഹം തന്നെ ഈ ചിന്തയെ വിമുഖതയില്ലാതെ സ്വീകരിക്കുന്നു എന്നതും വേദനാജനകമാണ്. ആര്‍ത്തവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്ന രീതിയിലുള്ള സാഹചര്യം നിലവിലുണ്ട്. 

ആര്‍ത്തവാരോഗ്യം എന്നാല്‍ മാസമുറ എന്ന ഒറ്റവാക്കില്‍ ഒതുക്കപ്പെടേണ്ട ഒന്നല്ല. ശുചിത്വപൂര്‍ണ്ണവും സുരക്ഷിതത്വമുള്ളതുമായ ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, ആര്‍ത്തവചക്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്, എന്‍ഡോമെട്രിയോസിസ് മുതലായ ആര്‍ത്തവത്തെ സ്വാധീനിക്കുന്ന അവസ്ഥകളെ കുറിച്ച് ബോധവത്കരിക്കുകയും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുകയും ചെയ്യുക, നിഷിദ്ധമായ ഒന്ന് എന്നതിന് പകരം ജൈവികമായ ഒന്ന് എന്ന യാഥാര്‍ത്ഥ്യം സ്ത്രീക്കും പുരുഷനും ഒരുപോലെ പകര്‍ന്നുനല്‍കുക എന്നതെല്ലാം ആര്‍ത്തവാരോഗ്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുകയും ആരോഗ്യപൂര്‍ണ്ണമായ ശാരീരികാവസ്ഥ ആര്‍ത്തവകാലങ്ങളില്‍ നിലനിര്‍ത്താനാവശ്യമായ സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്.

ആര്‍ത്തവശുചിത്വത്തിന്റെ പ്രാധാന്യം
ആര്‍ത്തവസമയത്ത് ശുചിത്വം ഉറപ്പ് വരുത്തുക എന്നത് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ആര്‍ത്തവ കാലത്ത് കൃത്യമായ ശുചിത്വം ഉറപ്പ് വരുത്തിയിട്ടില്ലെങ്കില്‍ അണുബാധയിലേക്കും അനുബന്ധമായ മറ്റ് അസുഖങ്ങളിലേക്കും വഴിയൊരുക്കാനിടയാകും. തുണികളും മറ്റും ഉപയോഗിക്കുന്നതിന് പകരം പാഡുകള്‍, ടാംപൂണുകള്‍, മെന്‍സ്ട്രല്‍കപ്പുകള്‍ മുതലായ വൃത്തിയുള്ളതും ആഗിരണം ചെയ്യാവുന്നതും സുഖകരവുമായ സാനിറ്ററി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. അണുബാധ ഒഴിവാക്കാന്‍ ഓരോ 4-6 മണിക്കൂറിലും ഉപയോഗിക്കുന്ന സാനിറ്ററി ഉത്പന്നം മാറ്റുക. 

അണുബാധ തടയുന്നതിന് മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് യോനിയുടെ ഭാഗം വൃത്തിയായി കഴുകുക എന്നത് പ്രധാനമാണ്. കുളിക്കുന്ന സമയത്തോ, പാഡുകള്‍ മാറ്റുന്ന സമയത്തോ ഇത് ചെയ്യാവുന്നതാണ്. ഉപയോഗിച്ച സാനിറ്ററി ഉത്പന്നങ്ങള്‍ ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ശ്രദ്ധിക്കണം. 

പോഷകാഹാരം
ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുക എന്നത് ആര്‍ത്തവാരോഗ്യത്തില്‍ നിര്‍ണ്ണായകമാണ്. ഇതിനായി ആവശ്യമായ പോഷകാഹാരങ്ങള്‍ തന്നെ കഴിക്കണം. ആര്‍ത്തവത്തിന്റെ അനുബന്ധമായി ചിലരിലുണ്ടാകുന്ന അസഹനീയമായ വേദനയും മറ്റും കുറയ്ക്കുന്നതിനും പോഷകാഹാരങ്ങള്‍ സഹായകരമാകും. ചീര, ബീന്‍സ്, ചുവന്ന മാംസം തുടങ്ങിയ അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ രക്തനഷ്ടം മൂലമുള്ള വിളര്‍ച്ച തടയാന്‍ സഹായിക്കും. മത്സ്യം, ഫ്ളാക് സീഡുകള്‍, വാല്‍നട്ട് മുതലായവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായകരമാകുന്നവയാണ്. 

പാലുത്പന്നങ്ങള്‍, ബദാം, വാഴപ്പഴം തുടങ്ങിയ കാത്സ്യവും മഗ്‌നീഷ്യവും അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ലഘൂകരിക്കാന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. 

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍
ആര്‍ത്തവവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാണപ്പെടാറുണ്ട്. അമിതമായ വേദന, ക്രമരഹിതമായ ആര്‍ത്തവം, മലബന്ധം, കനത്ത രക്തസ്രാവം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം അവസ്ഥകള്‍ പുറത്തുപറയാനും ചികിത്സ തേടാനും പലരും മടികാണിക്കുന്നത് ആര്‍ത്തവാരോഗ്യത്തിലെ വലിയ വെല്ലുവിളിയാണ്. ഇത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടുക എന്നത് പ്രധാനമാണ്. ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തിയശേഷം ഓരോ അവസ്ഥയുടേയും കാരണം കണ്ടെത്തുവാനും മരുന്ന് ഉപയോഗിച്ചോ, വ്യായാമങ്ങളിലൂടെയോ, ഭക്ഷണനിയന്ത്രണങ്ങളിലൂടെയോ ഈ അവസ്ഥകളെ അതിജീവിക്കാന്‍ സാധിക്കുകയും ചെയ്യും. 

ആര്‍ത്തവസംബന്ധമായ തെറ്റിദ്ധാരണകള്‍
ആര്‍ത്തവത്തെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളും ചില വിലക്കുകളുമെല്ലാം സ്ത്രീകളില്‍ ആര്‍ത്തവസംബന്ധമായ വിഷയങ്ങള്‍ തുറന്നുപറയുവാന്‍ മടികാണിക്കുന്നതിനിടയാക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും, പരസ്യമായി ആര്‍ത്തവ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ആര്‍ത്തവം ജൈവികവും, സ്വാഭാവികവുമായ പ്രക്രിയയാണെന്ന് സ്‌കൂളില്‍ നിന്ന് തന്നെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ബോധവത്കരിക്കുക. വീട്ടിലും പൊതുസമൂഹത്തിലും കുട്ടികള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ ആര്‍ത്തവത്തെ കുറിച്ച് തുറന്ന് ചര്‍ച്ചചെയ്യുക. ആര്‍ത്തവസംബന്ധമായ ഉത്പന്നങ്ങള്‍ ഗ്രാമ-നഗരവ്യത്യാസമില്ലാതെ ലഭ്യമാക്കുക. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാമ്പത്തികമായി സാധിക്കാത്തവര്‍ക്ക് അവ സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക. ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം വൃത്തിയുള്ള ടോയ്ലെറ്റുകളും, മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും, ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന മെഷിനുകളും സജ്ജീകരിക്കുക.

ഓര്‍ക്കുക, ആര്‍ത്തവം എന്നത് വ്യക്തിപരമായ ഒരു ഉത്തരവാദിത്വമോ ബാധ്യതയോ അല്ല, സാമൂഹികമായ ഉത്തരവാദിത്തമാണ്. ആര്‍ത്തവത്തെകുറിച്ചുള്ള ശരിയായ ധാരണകള്‍ വ്യാപകമാക്കുവാനും, ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാനും, സ്ത്രീകള്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങളും, പോഷകാഹാരലഭ്യതയും ഉറപ്പ് വരുത്തുവാനും സാധിച്ചാല്‍ ആര്‍ത്തവാരോഗ്യസംരക്ഷണത്തില്‍ നമുക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും.


 

Content Highlights: tips and suggestions for a healthy and happy periods