ഫാറ്റി ലിവറുണ്ടോ; കരള്‍ നല്‍കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കല്ലേ

മലയാളികള്‍ക്കിടയില്‍ കരള്‍രോഗം വല്ലാതെ കൂടിയിട്ടുണ്ട്. ചിട്ടയില്ലാത്ത ജീവിതവും ആഹാരശീലങ്ങളുമാണ് പലപ്പോഴും കരള്‍രോഗങ്ങള്‍ക്ക് ഇടയാക്കുന്നത്. മലയാളികളില്‍ ഓരോ വര്‍ഷവും 250-നടുത്ത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ (കേരളത്തിനകത്തും പുറത്തും) നടക്കുന്നുണ്ടെന്നാണ് കണക്ക്. കരള്‍രോഗങ്ങളെ കരുതിയിരിക്കണമെന്ന് ഈ കണക്കുകള്‍ പറയുന്നു.
കാരണം മദ്യപാനം മാത്രമല്ല
അമിതമദ്യപാനം കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് ശരിയാണ്. എന്നാല്‍ മറ്റുപല കാരണങ്ങള്‍കൊണ്ടും കരളില്‍ കൊഴുപ്പടിഞ്ഞുകൂടാറുണ്ട്. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD) എന്നുപറയുന്നു. ഇനിപറയുന്ന കാരണങ്ങളും ഫാറ്റിലിവറിലേക്ക് നയിച്ചേക്കാം.
- വ്യായാമംകുറഞ്ഞ ജീവിതശൈലി
- പ്രമേഹം, അമിതവണ്ണം.
- ചില മരുന്നുകളുടെ ഉപയോഗം.
- മയക്കുമരുന്നിന്റെ ഉപയോഗം, സുരക്ഷിതമല്ലാത്ത ടാറ്റൂയിങ് എന്നിവയിലൂടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, സി. എന്നിവ പകരാം.
അറിയാം ലക്ഷണങ്ങള്‍
മിക്കപ്പോഴും ഫാറ്റിലിവറിന് ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി സ്‌കാനിങ് ചെയ്യുമ്പോഴായിരിക്കും കരളിലെ കൊഴുപ്പ് കണ്ടെത്തുന്നത്. എങ്കിലും ഇനിപറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.
- ശരീരഭാരം പെട്ടെന്ന് കുറയുക.
- കടുത്ത ക്ഷീണം, വിശപ്പില്ലായ്മ.
- വയറിന് വലതുഭാഗത്ത് വേദന.
- കാലില്‍ നീര്.
- കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുക.
ആഹാരം കരുതലോടെ
കൊഴുപ്പുകുറഞ്ഞതും കലോറി കുറഞ്ഞതുമായ ആഹാരക്രമമാണ് കരളിന്റെ ആരോഗ്യത്തിന് ഉത്തമം.
- ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തണം.
- ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ്, കോള പോലെ അമിതമധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം.
- ചുവന്ന മാംസം, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിക്കണം.
- പ്രിസര്‍വേറ്റിവ് ചേര്‍ത്ത പദാര്‍ഥങ്ങളുടെ ദീര്‍ഘകാല ഉപയോഗം ഒഴിവാക്കണം.
- മുട്ട, പരിപ്പുവര്‍ഗങ്ങള്‍, കാപ്പി എന്നിവ മിതമായി കഴിക്കാം.
- മത്സ്യവും ഇറച്ചിയും കറിവെച്ച് കഴിക്കാന്‍ ശ്രമിക്കുക.
- പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കണം.
- ഫാറ്റി ലിവര്‍ രോഗികള്‍ ആഹാരത്തില്‍ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കണം.
- നട്‌സ്, ബീന്‍സ്, മത്സ്യം, ബീറ്റ്‌റൂട്ട്, കാബേജ് വര്‍ഗത്തില്‍പ്പെട്ട (ബ്രൊക്കോളി, ക്വാളിഫ്‌ളവര്‍) പച്ചക്കറികള്‍, ബെറികള്‍, മുന്തിരി തുടങ്ങിയവ കരള്‍രോഗത്തെ തടയാന്‍ സഹായിക്കും.
- അപൂരിത ഫാറ്റി ആസിഡുകളും പച്ചക്കറി പഴവര്‍ഗങ്ങളും ഉള്‍പ്പെട്ട മെഡിറ്ററേനിയന്‍ ഡയറ്റ് ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
വ്യായാമം വേണം
ചിട്ടയോടെയുള്ള വ്യായാമം കരളിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്. കൊഴുപ്പടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ഫാറ്റിലിവര്‍, സിറോസിസോ കാന്‍സറോ ആയിത്തീരുന്നത് തടയാനും വ്യായാമം സഹായിക്കും.
- ദിവസവും 20-30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യാം.
- എയ്‌റോബിക് വ്യായാമങ്ങളായ നടത്തം, സൈക്ലിങ്, നീന്തല്‍ എന്നിവ നല്ലതാണ്.
- സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെയോ ട്രെയിനറുടെയോ നിര്‍ദേശം സ്വീകരിച്ചശേഷമേ വ്യായാമം ചെയ്യാവൂ.
- പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്ന അശാസ്ത്രീയ മരുന്നുകളുടെ പിന്നാലെ പോകരുത്.
- കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ഡോക്ടറെ കണ്ട് തുടര്‍ചികിത്സ തേടുന്നത് കരളിന്റെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Healthy ways to improve the health of your liver