കണ്ണിന് പതിവായി വീക്കമുണ്ടോ? ചൊറിച്ചിലും അസ്വസ്ഥതയും സ്ഥിരമാണോ? വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം

സാധാരണയായി ക്ഷീണം, കാലിലെ വീക്കം, മൂത്രത്തിലെ നിറവ്യത്യാസം എന്നിവ കണ്ടാൽ വൃക്കയ്ക്ക് എന്തെങ്കിലും പ്രശ്നമാണെന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ വൃക്കകളുടെ പ്രവർത്തനം ശരിയായി നടക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കണ്ണുകൾ നോക്കിയാലും മനസിലാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
അതെ, വൃക്കകളിലെ പ്രശ്നം കണ്ണിനെയും ബാധിച്ചേക്കാം. തുടർച്ചയായ വീക്കം, മങ്ങിയതോ ചുവന്നതോ ആയ കണ്ണുകൾ, വരണ്ട കണ്ണുകൾ, കാഴ്ചയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ വൃക്ക പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. കണ്ണുകളിൽ അടിക്കടി പ്രകടമാകുന്ന ഇത്തരം ലക്ഷണങ്ങൾ ചിലപ്പോൾ വൃക്ക തകരാറിലാണെന്ന സൂചനയാകാം.
1.സ്ഥിരമായി കണ്ണുകൾ വീർക്കുക
ദീർഘനേരം ഉറങ്ങി എഴുന്നേൽക്കുമ്പോൾ കണ്ണുകൾ വീർത്തിരിക്കുന്നത് സ്വഭാവികമാണ്. എങ്കിലും ഉറക്കത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടും കണ്ണുകൾ വീർത്തിരിക്കുന്നുണ്ടെങ്കിലോ കണ്പോളകൾക്ക് ചുറ്റും വീക്കം ഉണ്ടെങ്കിലോ അത് പ്രോട്ടീനൂറിയയുടെ ലക്ഷണമാകാം. വൃക്കകൾക്ക് കേടുപാടുകൾ സംഭവിച്ച് മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിത്.
പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടാൻ കാരണമാകുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് സ്ഥിരമായി കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ ക്ഷീണമോ അലർജിയോ മാത്രമായി തള്ളിക്കളയരുത്. എത്രയും പെട്ടെന്ന് ആരോഗ്യവിദഗ്ധനെ സമീപിക്കുക.
2.മങ്ങിയ കാഴ്ച/ ഇരട്ട കാഴ്ച
കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്താൽ ചിലപ്പോളത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറാകാം. ഉയർന്ന രക്തസമ്മർദ്ദവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന പ്രമേഹവും വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളാണ്. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.
ഈ കേടുപാടുകൾ റെറ്റിനയിൽ വീക്കം സംഭവിക്കാനിടയാക്കും. ചിലപ്പോൾ കാഴ്ചതന്നെ നഷ്ടപ്പെട്ടെന്നു വരാം. നിങ്ങൾ ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവരാണെങ്കിൽ കാഴ്ച വൈകല്യങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, പതിവ് നേത്ര പരിശോധനകൾക്കൊപ്പം വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
3. വരണ്ടതും അസ്വസ്ഥതയുള്ളതുമായ കണ്ണുകൾ
വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്തരം ലക്ഷണങ്ങൾ സൂക്ഷിക്കണം.
കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
4. ചുവന്ന കണ്ണുകൾ
കണ്ണുകൾ ചുമക്കുന്നതിന് അലർജി, ക്ഷീണം, അണുബാധ തുടങ്ങിയ നിരവധി കാരണങ്ങളുണ്ടാകാം. എങ്കിലും രക്തക്കുഴലുകളിലെ ഉയർന്ന മർദ്ദം കണ്ണുകളുടെ കാപ്പിലറികളിൽ ചെറിയ തകരാറുകൾ ഉണ്ടാക്കുന്നു. ഇത് കണ്ണുചുവപ്പോ വീക്കമോ കാണപ്പെടാൻ കാരണമാകാം. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകളും കണ്ണുകളിൽ വീക്കം ഉണ്ടാക്കാം. സന്ധി വേദന, നീർവീക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ചുവപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക.
5. ചില നിറങ്ങൾ നോക്കാനുള്ള പ്രയാസം
വൃക്ക തകരാറുള്ള ചില ആളുകൾക്ക് നിറങ്ങൾ കാണുന്ന രീതിയിൽ ചെറിയ മാറ്റങ്ങളുണ്ടാകും, പ്രത്യേകിച്ച് നീലയും മഞ്ഞയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലമോ റെറ്റിനയിലെ മാറ്റങ്ങൾ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങൾ സാവധാനത്തിലായിരിക്കും, അതുകൊണ്ടുതന്നെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
നിറങ്ങൾ വേർതിരിച്ചറിയാൻ നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുകയാണെങ്കിൽ പ്രായമാകുന്ന ലക്ഷണമാണെന്ന് തെറ്റിദ്ധരിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുക.
(പൊതുവായ നിർദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരെ സമീപിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Swollen, blurry, dry, or red eyes, five eye symptoms indicating potential kidney problems.