അമിത ഫോണ്‍ ഉപയോഗം: നിങ്ങളുടെ ഞരമ്പുകള്‍ അപകടത്തിലാണ്, സര്‍ജറി വേണ്ടിവന്നേക്കാം

പ്രതീകാത്മകചിത്രം (AFP)
പ്രതീകാത്മകചിത്രം (AFP)

ഉണര്‍ന്ന നിമിഷം മുതല്‍ ഉറക്കത്തിന് തൊട്ടു മുന്‍പുവരെ മിക്കവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ടാകും. അറ്റമില്ലാത്ത റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്തും നീളന്‍ മെസേജുകള്‍ വായിച്ചും ടൈപ്പ് ചെയ്തും അല്ലെങ്കില്‍ മണിക്കൂറുകളോളം വീഡിയോ കണ്ടും നേരം പോക്കുന്നവരുടെ ശ്രദ്ധയ്ക്ക്- നിങ്ങളുടെ ഞരമ്പുകള്‍ അപകടത്തിലാണ്. 

കൈക്ക് മരവിപ്പ്, പെറുവിരലിന് തരിപ്പ്, മോതിരവിരലിനും ചെറുവിരലിനും വേദന... അങ്ങനെ നീണ്ട പരാതികള്‍ ബോധിപ്പിക്കാന്‍ ആശുപത്രിയിലേക്ക് പോകുന്നവരുടെ എണ്ണം കൂടുകയാണ്. മൊബൈല്‍ ഫോണാണ് വില്ലന്‍ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടെക്സ്റ്റ് ക്‌ളോ, സെല്‍ഫോണ്‍ എല്‍ബോ എന്നൊക്കെ അറിയപ്പെടുന്ന ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രം, കാര്‍പല്‍ ടണല്‍ സിന്‍ഡ്രം എന്നിവയാണ് കൂടുതല്‍ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. 

ഒരുപാട് നേരം ഗെയിം കളിക്കുകയോ സ്‌ക്രോള്‍ ചെയ്യുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുമ്പോള്‍ സ്ഥിരമായി വിരലുകളിലെ മസിലുകളും ഞരമ്പുകളും കോച്ചിപ്പിടിക്കുന്നതാണ് ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രോമിന് വഴിവെക്കുന്നത്. അമര്‍ന്നിരിക്കുന്ന അവസ്ഥയില്‍ വിരലുകള്‍ക്ക് വേണ്ടത്ര രക്തയോട്ടം ഇല്ലാതെയാകുന്നു. കൂടുതല്‍ നേരം കൈമുട്ട് അനങ്ങാതിരിക്കുന്നത് വിരലുകളുടെ മരവിപ്പിന് വഴിവെക്കും. ചെറുവിരലിനും മോതിരവിരലിനും ഉണ്ടാകുന്ന മരവിപ്പ്, വേദന, തരിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

പെരുവിരലിനും ചൂണ്ടുവിരലിനും നടുവിരലിനും ഉണ്ടാകുന്ന മരവിപ്പ്, വേദന, തരിപ്പ് എന്നിവയാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. ലക്ഷണങ്ങളും അസ്വസ്ഥതകളും ഒന്ന് തന്നെ. അവയെ ബന്ധിപ്പിക്കുന്ന ഞരമ്പുകള്‍ വേറെയാണെന്ന് മാത്രം.

കൈകള്‍ ഇടയ്ക്ക് സ്‌ട്രെച്ച് ചെയ്യുക, അധികനേരം ഒരേ അവസ്ഥയില്‍ തുടരുന്നത് ഒഴിവാക്കുക, വ്യായാമം ചെയ്യുക... എന്നിങ്ങനെ ജീവിതശൈലി മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകും. എന്നാല്‍ ഞരമ്പുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Excessive phone use causes nerve damage like Cubital Tunnel Syndrome & Carpal Tunnel Syndrome. Symptoms include numbness & pain. Lifestyle changes help, but surgery may be needed for severe cases.