പല്ലുകളെ ദുർബലപ്പെടുത്തുന്നത് ദിനചര്യയിലെ ഈ അഞ്ച് ശീലങ്ങളാവാം

പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വായ വൃത്തിയായി കൊണ്ടുനടക്കാതിരിക്കുകയും മധുരം കഴിച്ചിട്ടും മാത്രമാണെന്നുമാണ് പലരുടെയും ധാരണ. എന്നാൽ, പല്ലുകളെ ദുർബലപ്പെടുത്തുന്ന കാരണങ്ങൾ നമ്മൾ പോലും നിസ്സാരമായി കണക്കാക്കുന്ന ചില ശീലങ്ങളുമാവാം. ദിവസേന നമ്മൾ ചെയ്തുപോരുന്ന ഇത്തരം ചെറിയ പ്രവർത്തികൾ പല്ലിന്റെ ഇനാമൽ നേർപ്പിക്കാനും കാവിറ്റിക്കും വിള്ളലിനും സാധ്യത കൂട്ടാനുമിടയുണ്ട്. അത്തരത്തിലുള്ള അഞ്ചുശീലങ്ങൾ പരിശോധിക്കാം
1. അമ്ലമയമുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത്
സോഡ, എനർജി ഡ്രിങ്കുകൾ തുടങ്ങിയവ പ്രശ്നക്കാരാണ്. എന്നാൽ, അവ മാത്രമല്ല. നാരങ്ങ വെള്ളം, ഫ്ലേവർ ഉള്ള കാർബണേറ്റഡ് വെള്ളം, സ്പോർട്സ് ഡ്രിങ്കുകൾ, കംബുച്ച, പഴങ്ങൾ ചേർത്ത ചായ എന്നിവയെല്ലാം ഇനാമലിനെ മൃദുലമാക്കാൻ മാത്രം അമ്ലഗുണമുള്ളവയാണ്.
പ്രശ്നം നിങ്ങൾ എന്താണ് കുടിക്കുന്നത് എന്നതല്ല, എത്ര തവണ കുടിക്കുന്നു എന്നതാണ്. ദിവസം മുഴുവൻ അമ്ലമയമുള്ള പാനീയങ്ങൾ ഓരോ ചെറിയ കവിളുകളായി കുടിക്കുമ്പോൾ, ഇനാമലുകളെ അത് ദുർബലപ്പെടുത്തും. ഇനാമലിന് ആരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നിരിക്കെ, ഇടയ്ക്കിടെ പാനീയങ്ങൾ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ തകരാറിലാക്കും.
2. ഭക്ഷണം കഴിച്ചയുടൻ പല്ല് തേയ്ക്കുന്നത്
ഭക്ഷണം കഴിച്ചയുടനെ പല്ലുതേക്കുന്നത് ആരോഗ്യമുള്ള ശീലമായി തോന്നാമെങ്കിലും അമ്ലമയമുള്ള ഭക്ഷണം (പഴങ്ങൾ, കാപ്പി, വൈൻ തുടങ്ങിയ) കഴിച്ചയുടൻ പല്ല് തേയ്ക്കുന്നത് മൃദലമായ ഇനാമലിനെ ഉരച്ചു കളയുന്നതുപോലെയാണ്. ഭക്ഷണശേഷം 30-60 മിനിറ്റ് കാത്തിരിക്കുന്നതാണ് സുരക്ഷിതം.
3. പല്ലുകൾ ഉപകരണങ്ങളായി ഉപയോഗിക്കുന്നത്
പാക്കറ്റുകൾ തുറക്കുക, അടപ്പൂരുക, നട്സ് പൊട്ടിക്കുക, ഹെയർ പിന്നുകൾ കടിച്ചു പിടിക്കുക എന്നീ ആവശ്യങ്ങൾക്കായി പല്ലുകൾ ഉപയോഗിക്കുന്നത് യഥാർഥത്തിൽ പ്രശ്നമാണ്. ചെറിയ സമ്മർദ്ദങ്ങൾ പല്ലുകളിൽ വിള്ളലുകൾ ഉണ്ടാക്കുകയും കാലക്രമേണ ദുർബ്ബലപ്പെടുത്തുകയും ചെയ്യും.
4. പല്ല് കടിക്കുന്ന ശീലം
സമ്മർദ്ദം കാരണം പല്ല് കടിക്കുന്നത്, പ്രത്യേകിച്ച് രാത്രിയിൽ ചിലരുടെ ശീലമാണ്. ഇനാമലിനെ തകരാറിലാക്കി പല്ലുകളിൽ വിള്ളലുകളുണ്ടാക്കാൻ ഇത് കാരണമാവും. ഇത് നമ്മൾപോലും അറിയാതെ സംഭവിക്കുന്ന കാര്യമായതിനാൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
5. ഇടയ്ക്കിടെ കഴിക്കുന്നത്
ആരോഗ്യകരമായ സ്നാക്കുകളാണെങ്കിൽ പോലും ഇടയ്ക്കിടെ കഴിക്കുന്നത് വായിൽ നിരന്തരം അമ്ലത്വമുണ്ടാകാൻ കാരണമാകും. വല്ലപ്പോഴുമാണ് കഴിക്കുന്നതെങ്കിൽ ഉമിനീരിന് ഇനാമലിനെ വൃത്തിയാക്കാൻ കൂടുതൽ സമയം കിട്ടും.
അമ്ലമയമുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നതും പഞ്ചസാരയില്ലാത്ത ഗം ചവയ്ക്കുന്നതും അസിഡിറ്റിയെ വേഗത്തിൽ നിർവീര്യമാക്കാൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover 5 common daily habits secretly weakening your teeth. Learn how to protect your enamel from seemingly harmless actions & prevent cavities. Click to find out!