നോണ്‍-വെജ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുമോ? എന്താണ് വാസ്തവം?

പ്രതീകാത്മക ചിത്രം / Shutterstock
പ്രതീകാത്മക ചിത്രം / Shutterstock

ലയാളികള്‍ക്കിടയില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഹോസ്പിറ്റല്‍ കണക്കുകള്‍ അടിവരയിടുന്നു. ഹാര്‍ട്ട് അറ്റാക്കിന്റെയും കുഴഞ്ഞുവീണ് മരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മലയാളികളുടെ മാറിയ ജീവിതശൈലിതന്നെയാണ് ഇതിന് മുഖ്യകാരണം. 
ഹാര്‍ട്ട് അറ്റാക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കിംവദന്തികള്‍ നിലവിലുണ്ട്. അതില്‍ പ്രധാനം നോണ്‍ വെജ് അധികം കഴിച്ചാല്‍ ഹാര്‍ട്ട്അറ്റാക്കിന് സാധ്യത കൂടുതലാണ് എന്നതാണ്. ഇതില്‍ വാസ്തവമുണ്ടോ? പ്രമുഖ കാര്‍ഡിയാക് സര്‍ജനും ഹൃദ്രോഗവിദഗ്ധനുമായ ഡോ.മുരളി വെട്ടത്ത് പറയുന്നത് കേള്‍ക്കൂ. 

' മുപ്പതുവയസ്സ് കഴിഞ്ഞവരില്‍ രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാവുന്നത് കൂടിയിട്ടുണ്ട്. അമിത ബി.പി., പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണം. 
ഏതുതരം ആഹാരം കഴിക്കുന്നവരിലും ഹാര്‍ട്ട് അറ്റാക്ക് വരാം. നോണ്‍-വെജ് കൂടുതലായി കഴിക്കുന്നവരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുതലാണ് എന്ന് പറയുന്നതില്‍ ശാസ്ത്രീയ അടിത്തറയില്ല.
ഹൃദ്രോഗം നേരത്തേ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ചിലര്‍ക്ക് രാത്രിയില്‍ ചെറിയ തോതിലുള്ള നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഇത് ഒരുപക്ഷേ അറ്റാക്കിന്റെ ലക്ഷണമാവാം. 

ഡോ.മുരളി വെട്ടത്ത്

പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതും കൂടും. നല്ല ആഹാരം കഴിച്ചാല്‍, നന്നായി വ്യായാമം ചെയ്ത് ആരോഗ്യത്തോടെ ജീവിച്ചാല്‍ അതിനുള്ള സാധ്യത കുറയ്ക്കാമെന്നേയുള്ളൂ. പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ല.'
സ്ത്രീകളില്‍ ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ഡോ.മുരളി വെട്ടത്ത് പറയുന്നു. ആര്‍ത്തവം നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് ഡോ.വെട്ടത്ത് വ്യക്തമാക്കുന്നു.
 

Content Highlights: Non veg food and heart attack