വീട്ടിൽ പ്രായമുള്ളവരുണ്ടോ? എങ്കിൽ ഇവ നിർബന്ധമായും വാങ്ങിവയ്ക്കണം

Imgage/Shutterstock
Imgage/Shutterstock

ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പതിയേണ്ട സമയമാണ് വാർധക്യം. രോഗങ്ങൾക്ക് പുറമേ മാനസികമായ അവശതകളും വയോജനങ്ങളെ അലട്ടിയേക്കാം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കിൽ കൂടുതൽ ആശങ്കയോടെതന്നെ കാണണം. പ്രായമായവരുടെ ദൈനംദിന ജീവിതം സുഗമമാക്കാൻ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ ഇന്നുണ്ട്.

മരുന്നുകഴിക്കാൻ പിൽ ഓർഗനൈസർ

മരുന്ന് കൃത്യസമയത്ത് കഴിക്കുക എന്നത് വൃദ്ധജനങ്ങളെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. അതിനുള്ള പരിഹാരമാണ് പിൽ ഓർഗനൈസർ. ഓരോ ദിവസവും ഓരോ സമയത്ത് കഴിക്കേണ്ട മരുന്നുകൾ കൃത്യമായി സൂക്ഷിക്കാൻ കഴിയുന്ന കൊച്ചുകൊച്ചു ബോക്‌സുകളാണ് ഇവ. വ്യത്യസ്ത നിറത്തിലുള്ളവ ആയതിനാൽ പ്രായമായവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഓരോ സമയത്തെയും മരുന്നുകൾ സൂക്ഷിക്കാവുന്ന പ്രത്യേക അറകൾ അടങ്ങിയ ഡിജിറ്റൽ പിൽ ബോക്‌സുകളും ലഭ്യമാണ്. കഴിക്കേണ്ട സമയമാകുമ്പോൾ അതത് അറകൾ മാത്രം തുറക്കും. അതുവഴി പ്രായമുള്ളവർക്ക് എളുപ്പത്തിൽ കഴിക്കുകയും ചെയ്യാം. 300 രൂപ മുതൽ വിലയുള്ള പിൽ ഓർഗനൈസറുകൾ ഓൺലൈനിലും മരുന്നുകടകളിലും ലഭിക്കും.

നഖംവെട്ടാം ചോരപൊടിയാതെ

മുതിർന്നവരുടെ നഖംവെട്ടുന്നത് പലപ്പോഴും ചോര പൊടിയുന്ന ഏർപ്പാടാണ്. സ്വന്തമായി നഖംവെട്ടാൻ കഴിയാത്ത മുതിർന്നവർക്ക് വീട്ടിലെ തന്നെ മറ്റുള്ളവരാണ് നഖംവെട്ടിക്കൊടുക്കാറുള്ളത്. പലപ്പോഴും നഖംവെട്ടുമ്പോൾ നഖത്തിനോട് ചേർന്ന തൊലി മുറിയാൻ സാധ്യതയുണ്ട്. ഈയൊരു പ്രശ്‌നം പരിഹരിക്കാൻ നെയിൽകട്ടർ വിത്ത്‌ മാഗ്നിഫയർ സഹായിക്കും. ഇതിലുള്ള ലെൻസ് നഖം വലുതാക്കി കാണിക്കും. അതുവഴി ചോരപൊടിയാതെ നഖംവെട്ടാം. ആയിരം രൂപമുതൽ ഗുണനിലവാരമുള്ള ഇത്തരം നെയിൽകട്ടറുകൾ വാങ്ങാം.

Image/Shutterstock

കണ്ണിൽ മരുന്നൊഴിക്കാം ഈസിയായി

കണ്ണിൽ മരുന്നൊഴിക്കുമ്പോൾ കൈവിറച്ച് താഴെപോകാനുള്ള സാധ്യത കൂടുതലാണ്. അതിനുള്ള പരിഹാരമാണ് ഓട്ടോ ഡ്രോപ്പ്. മരുന്ന് കുപ്പിയുടെ അറ്റത്ത് ഘടിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപഘടന. അതുവഴി പ്രായമുള്ളവർക്ക്‌പോലും സ്വന്തമായി മരുന്ന് കണ്ണിലൊഴിക്കാൻ സാധിക്കും. കുറഞ്ഞ വിലയുള്ള ഓട്ടോ ഡ്രോപ്പുകൾ ധാരാളം ഇപ്പോൾ ലഭ്യമാണ്.

ഗുളിക മുറിക്കാം പൊടിയാതെ

മുതിർന്ന ആളുകൾക്കുള്ള മരുന്നുകൾ പലപ്പോഴും മുറിച്ചുകഴിക്കേണ്ടവ ആയിരിക്കും. എന്നാൽ കൈവിറയ്ക്കുന്നതുമൂലം അവർക്ക് അതിന് കഴിയാറില്ല. ഇതിനുള്ള പരിഹാരമാണ് പിൽകട്ടർ. ഡോസ് കൃത്യമായി മനസ്സിലാക്കി പിൽകട്ടറിന് അടിയിൽ വെച്ച് അമർത്തിയാൽ ഗുളിക പൊടിയാതെ മുറിക്കാൻ കഴിയും

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Elderly care essentials! Find gadgets for easy medication, nail care, and eye drops.