ആവി പിടിക്കുമ്പോൾ ബാം ചേർക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്

Image/Shutterstock
Image/Shutterstock

ജലദോഷമോ കഫക്കെട്ടോ വന്നാൽ ഫസ്റ്റ് എയ്ഡ് ആവിപിടിക്കലാണ്. ഇങ്ങനെ ചെയ്യുമ്പോൾ നീരാവി മൂക്കിനുള്ളിലേക്ക് എത്തുകയും കെട്ടിക്കിടക്കുന്ന കഫത്തെ അലിയിച്ചുകളയുകയും ചെയ്യും, അല്പനേരം ആശ്വാസം ലഭിക്കാൻ അതുകൊണ്ട് കഴിയും. എന്നാൽ പലരും ചെയ്യുന്നൊരു അബദ്ധമുണ്ട്. അത് ആവിപിടിക്കുമ്പോൾ ബാം പുരട്ടുന്നതാണ്. പെട്ടെന്ന് ആശ്വാസം ലഭിക്കുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

പാത്രത്തിൽ ചൂടുവെള്ളമുപയോഗിച്ച് ആവിപിടിക്കുന്നതാണ് ഉത്തമം. കോട്ടൺ തുണിയോ ടവ്വലോ ഉപയോഗിച്ച് തലമൂടിയാൽ കൂടുതൽ ഫലപ്രദമാകും. ചൂടുള്ള ആവി കണ്ണിലേക്ക് നേരിട്ട് പതിക്കാത്ത രീതിയിൽ അകലം പാലിക്കണം. അഞ്ചുമിനിറ്റിൽ കൂടുതൽ ആവിപിടിക്കേണ്ടതില്ല.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപൊറൈസറുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. സ്വിച്ച് ഓഫ് ചെയ്തശേഷം മാത്രമേ ഇതിൽ വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യാവൂ. ചൂടായിക്കഴിഞ്ഞാൽ ആവി വരുന്ന ഭാഗത്തേക്ക് മുഖം കൂടുതലായി അടുപ്പിക്കരുത്. ഉയർന്ന ചൂടുള്ള ആവിയായിരിക്കും അതിലൂടെ വരുന്നത്. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വേപൊറൈസറിലെ വെള്ളം മാറ്റുകയും വേണം.

ബാം ചേർക്കരുത്

ആവി പിടിക്കാനുള്ള വെള്ളത്തിൽ ബാം പോലുള്ള വസ്തുക്കൾ ഒരിക്കലും ചേർക്കരുത്. കർപ്പൂരം, യൂകാലിപ്റ്റസ്, മെതനോൾ എന്നിവയാണ് ബാമുകളിൽ പ്രധാനമായും ചേർക്കുന്നത്. ഇവ ചൂടുവെള്ളവുമായി ചേരുമ്പോൾ കൂടുതൽ തീവ്രമായി മാറിയേക്കാം. ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പുചേർക്കുന്നതും നല്ലതല്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn the correct way to inhale steam for cold & cough relief