60-കാരന്റെ യൗവ്വനം കണ്ട് ഞെട്ടി ഇന്റർനെറ്റ്, ഓട്സ്, പുഴുങ്ങിയ ചിക്കൻ.. ഡയറ്റ് പ്രധാനമെന്ന് ചുവാണ്ടോ

ചുവാണ്ടോ ടാൻ | Instagram
ചുവാണ്ടോ ടാൻ | Instagram

സിംഗപ്പൂരിലെ ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാണ്ടോ ടാൻ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത് കഴിഞ്ഞദിവസമാണ്. മാർച്ച് മൂന്നിന് ഔദ്യോഗികമായി 60 വയസ്സ് പൂർത്തിയാക്കിയ ചുവാണ്ടോ, 60 എന്നെഴുതിയ ബലൂണുകളുമായി നിൽക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതുകണ്ട് അക്ഷരാർത്ഥത്തിൽ ലോകത്തുടനീളമുള്ളവർ ഞെട്ടി. സംഗതി സത്യമാണോയെന്നറിയാൻ ഇയാളുടെ പഴയ പോസ്റ്റുകളെല്ലാം കുത്തിപ്പൊക്കി പരിശോധിച്ചു. സംഗതി സത്യമാണ്. 60-ാം വയസ്സിലും 25-കാരന്റെ ശരീരസൗന്ദര്യം. (ageless looks) ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ഭുതപ്പെട്ടവർ പിന്നെ അദ്ദേഹത്തിന്റെ ഡയറ്റ് എന്താണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്.

സമയമാണ് യഥാർഥ സമ്പത്തെന്നും ദിവസവും പ്രകൃതിയിലേക്കും സൂര്യപ്രകാശത്തിലേക്കും മടങ്ങുക എന്നത് തനിക്ക് പ്രധാനമാണെന്നും അദ്ദേഹം പോസ്റ്റിന് അടിക്കുറുപ്പു നൽകിയിരുന്നു. മില്യൺ കണക്കിന് ലൈക്കുകളാണ് ചിത്രം നേടിയത്. 25-കാരന്റെ മുഖം, ഏറ്റവും സുന്ദരനായ മുത്തച്ഛൻ, വാമ്പയർ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കമന്റുകൾ.

"60 വയസ്സും 35-കാരന്റെ രൂപവും! യഥാർത്ഥത്തിൽ ശ്രദ്ധേയമായത്." "അറുപതോ?!" സർ നമ്മൾ മനുഷ്യരെക്കുറിച്ചാണോ അതോ എൽഫുകളെക്കുറിച്ചാണോ സംസാരിക്കുന്നത്? സത്യസന്ധമായി പറയൂ… നിങ്ങളുടെ എൽഫ് ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയല്ലേ? എന്നിങ്ങനെയും ആളുകൾ കമന്റിട്ടു.

2017-ലാണ് തന്റെ അതിശയകരമാംവിധം ചെറുപ്പമുള്ള രൂപഭാവം കാരണം അദ്ദേഹം ആദ്യം വൈറലായത്. ജനിതക ഘടകങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുമാണ് തന്റെ ചെറുപ്പത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. "അത്ഭുത" ചികിത്സകളെക്കാൾ ദീർഘകാല അച്ചടക്കമാണ് തന്നെ സഹായിച്ചതെന്നും.

പ്രോട്ടീൻ ഷെയ്ക്കുകൾ, മുട്ട, തേൻ, അവോക്കാഡോ എന്നിവ ചേർത്ത ഓട്‌സ് ആണ് പ്രഭാതഭക്ഷണമായി കഴിക്കുന്നതെന്ന് അദ്ദേഹം മുമ്പ് CNA Lifestyle-നോട് പറഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാധാരണയായി പുഴുങ്ങിയതോ വറുത്തതോ ആയ ചിക്കൻ അല്ലെങ്കിൽ മീൻ സൂപ്പും ചോറും ഉണ്ടാകും. ഭക്ഷണവും വ്യായാമവും തമ്മിലുള്ള സന്തുലിതമായ സമീപനമാണ് പ്രധാനം. ഒരു ദിവസം കഴിക്കുന്ന ഭക്ഷണവും കത്തിക്കുന്ന കലോറിയും തുല്യമായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഉറക്കത്തിന്റെ കാര്യത്തിലും കൃത്യമായ ചിട്ടയുണ്ട് അദ്ദേഹത്തിന്. രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങാൻ പോകുന്നു. ആരോഗ്യകരമായ പ്രായമാകലിന് നിർണായകമാണെന്ന് വിശ്വസിക്കുന്ന പോസിറ്റീവിറ്റി, സമ്മർദ്ദമില്ലാത്ത മാനസികാവസ്ഥ നിലനിർത്തൽ എന്നിവയ്ക്കും മുൻഗണന നൽകുന്നു. മദ്യം, പുകവലി, കാപ്പി, പഞ്ചസാര പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നു. വ്യായാമത്തിൽ, ആഴ്ചയിൽ 3-5 തവണ സ്ഥിരമായ ശക്തി പരിശീലനം, കാർഡിയോ, നീന്തൽ എന്നിവ ഉൾപ്പെടുത്തുന്നു. ഫിഷ് സൂപ്പ് കഴിക്കുന്നതിനെപ്പറ്റിയും ജമ്പിങ് റോപ്സ് ചെയ്യുന്നതിനെപ്പറ്റിയുമെല്ലാം അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ദിവസേന 15 മിനിറ്റ് ജമ്പിങ് റോപ്സ് ചെയ്യുന്നത് ദീർഘായുസ്സുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. തുടർച്ചയായി വ്യായാമം ചെയ്യുന്നത് ആന്തരാവയവങ്ങളെ ശക്തിപ്പെടുത്തുകയും മെറ്റബോളിസം നല്ലതാക്കുകയും ദീർഘകാലത്തേക്ക് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും.

അതേസമയം, ഊർജം നഷ്ടപ്പെടുന്നുണ്ടെന്നും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ടെന്നും ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്തിടെയുള്ള അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Singaporean photographer Chuando Tan went viral for his youthful appearance at age 60., He attributes his looks to a disciplined lifestyle, good genes, and a positive mindset., His diet is high in protein, featuring chicken, fish, and oatmeal, while avoiding sugar and alcohol., His fitness routine includes strength training, cardio, and swimming 3-5 times per week., Tan emphasizes the importance of a strict sleep schedule and stress management for healthy aging.