ലൈംഗികബന്ധങ്ങള്‍, ഒന്നിലധികം പങ്കാളികള്‍, കുറഞ്ഞ രോഗപ്രതിരോധശേഷി; അറിയാം സെര്‍വിക്കല്‍ കാൻസറിനെ

ബാങ്ക് ഉദ്യോഗസ്ഥയാണ് ബേബി. 48 വയസ്. രണ്ടുമാസമായി ഇടവിട്ട് ഉണ്ടാവുന്ന രക്തസ്രാവം ആര്‍ത്തവ വിരാമത്തിന്റേതാകും എന്ന് കരുതി അവഗണിക്കുകയായിരുന്നു അവര്‍. രക്തസ്രാവത്തിനൊപ്പം യോനിയില്‍ അതിശക്തമായ വേദനയും ടോയ്‌ലറ്റില്‍ പോകാനുള്ള ബുദ്ധിമുട്ടുമാണ് ഒടുവില്‍ ഗൈനക്കോളജിസ്റ്റിനെ കാണാമെന്ന തീരുമാനത്തില്‍ ബേബിയെ എത്തിച്ചത്. ബേബിയുടെ രോഗലക്ഷണങ്ങള്‍ കേട്ട ഡോക്ടര്‍ വിദഗ്ധ പരിശോധന നടത്തി. പെല്‍വിക് മസിലുകളില്‍ നടത്തിയ പെര്‍ സ്‌പെകുലം എന്ന പരിശോധനയില്‍ ഗര്‍ഭാശയമുഖത്ത് (സെര്‍വിക്‌സ്) പ്രത്യേക വളര്‍ച്ച കണ്ടെത്തി. സെര്‍വിക്കല്‍ കാന്‍സറിന്റെ തുടക്കമായിരുന്നു അത്.
ഇന്ത്യയിലെ കാന്‍സര്‍ ബാധിക്കുന്ന സ്ത്രീകളുടെ കണക്കുകള്‍ പ്രകാരം രണ്ടാം സ്ഥാനമാണ് സെര്‍വിക്കല്‍ കാന്‍സറിന്. ഹ്യൂമന്‍ പാപിലോമ വൈറസാണ് (എച്ച്.പി.വി) സെര്‍വിക്കല്‍ കാന്‍സറിന്റെ കാരണക്കാരില്‍ പ്രധാനി. എച്ച്.പി.വി അണുബാധ സെര്‍വിക്‌സിലെ കോശങ്ങളെ ബാധിക്കുകയും കാലക്രമേണ ആ കോശങ്ങള്‍ കാന്‍സറായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
നേരത്തെയുള്ള ലൈംഗികബന്ധങ്ങള്‍, ഒന്നിലധികം ലൈംഗികപങ്കാളികള്‍, വ്യക്തിശുചിത്വമില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധശേഷി തുടങ്ങിയവ സെര്‍വിക്കല്‍ കാന്‍സറിലേക്ക് നയിച്ചേക്കാം. ഏത് പ്രായക്കാരിലും രോഗസാദ്ധ്യത ഉണ്ടെങ്കിലും 30-നും 60-നും ഇടയില്‍ പ്രായക്കാരിലാണ് സെര്‍വിക്കല്‍ കാന്‍സര്‍ സാധാരണ കാണാറുള്ളത്.
ലക്ഷണങ്ങള്‍
സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായേക്കാം. അവയില്‍ ചിലത്:
- ആര്‍ത്തവത്തിന് ഇടയിലോ ശേഷമോ ഉണ്ടാകുന്ന രക്തക്കറ അല്ലെങ്കില്‍ ചെറിയ രക്തസ്രാവം
- സാധാരണയിലുണ്ടാകുന്നതിനേക്കാള്‍ ശക്തവും ദൈര്‍ഘ്യമേറിയതുമായ ആര്‍ത്തവം
- ലൈംഗികബന്ധത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം, വെള്ളപോക്ക്
- വര്‍ധിച്ച വെള്ളപോക്ക്
- ലൈംഗിക ബന്ധത്തിനിടയിലെ വേദന
- ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം
- തുടര്‍ച്ചയായുണ്ടാകുന്ന അകാരണമായ പുറംവേദന, പെല്‍വിക് മസില്‍ വേദന
നേരത്തെ കണ്ടെത്താം
അണുബാധയേറ്റ കോശങ്ങള്‍ കാലക്രമേണയാണ് കാന്‍സറായി മാറുന്നത്. അതിനാല്‍ സ്‌ക്രീനിങ്ങിലൂടെ നേരത്തെ അണുബാധ കണ്ടെത്തി ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറാകുന്നത് തടയാനാവും.
വാക്‌സിനേഷന്‍
- വാക്‌സിനേഷനിലൂടെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗബാധ തടയാം.
- 11-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ എച്ച്.പി.വി വാക്‌സിന്റെ രണ്ട് ഡോസ് ആറുമാസത്തിനിടയില്‍ എടുക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി-യു.എസ്.എ) ശുപാര്‍ശ ചെയ്യുന്നു.
- 26 വയസ്സുവരെ വാക്‌സിനെടുക്കാന്‍ സാധിക്കും.
- വാക്‌സിന്‍ എടുത്താലും സ്‌ക്രീനിങ് തുടരണം.
- 30-നും 65-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ് നടത്തണം.
- രോഗം വരാനുള്ള സാദ്ധ്യത, പരിശോധനാഫലങ്ങള്‍, സ്‌ക്രീനിംഗിനായി ഉപയോഗിച്ചരീതി എന്നിവയെ ആശ്രയിച്ച് പരിശോധന നടത്തേണ്ട ഇടവേളയില്‍ മാറ്റമുണ്ടാകാം. എങ്കിലും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ഇടവേളകളിലാണ് സാധാരണ പരിശോധനകള്‍ നടത്താറുള്ളത്.
- ഹ്യൂമന്‍ പാപ്പിലോമ വൈറസ് ടെസ്റ്റ് (എച്ച്.പി.വി ടെസ്റ്റ്), സൈറ്റോളജി (പാപ്‌സ്മിയര്‍), വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ ബൈ അസെറ്റിക് ആസിഡ് (വി.ഐ.എ) എന്നിവയാണ് പ്രധാന സ്‌ക്രീനിങ് മാര്‍ഗങ്ങള്‍. എച്ച്.പി.വി ടെസ്റ്റ് ഒറ്റയ്‌ക്കോ, സൈറ്റോളജിക്ക് ഒപ്പമോ ചെയ്യുന്ന സ്‌ക്രീനിങ് ആണ് സര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ എറ്റവും മികച്ചത്.
- പ്രാരംഭ ഘട്ടത്തിലുള്ള മുഴകള്‍ കൃത്യമായ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം. കൂടുതല്‍ വളര്‍ച്ചയെത്തിയ മുഴകള്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നീ ചികിത്സകള്‍ വേണ്ടിവരും.
- ഒന്ന് മുതല്‍ മൂന്നാം സ്റ്റേജ് വരെയുള്ള സെര്‍വിക്കല്‍ കാന്‍സറുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം, കൃത്യമായ ഇടവേളകളില്‍ രോഗികളില്‍ ഫോളോ അപ്പ് നടത്താറുണ്ട്.
- സ്‌കാനിങ് വര്‍ഷം തോറുമോ ലക്ഷണങ്ങള്‍ക്കനുസരിച്ചോ ചെയ്യണം.
- ചില രോഗികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വീണ്ടും വരാം. അത്തരത്തില്‍ രോഗം ആവര്‍ത്തിക്കുന്ന സമയത്ത് രോഗവ്യാപ്തിയെ അടിസ്ഥാനമാക്കി ചികിത്സയ്ക്ക് വിധേയമാകണം.
(കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകൻ)
Content Highlights: cervical cancer awareness