വിട്ടുമാറാത്ത വായ്‌നാറ്റം, തൊണ്ട വേദന,ചെവി വേദന എന്നിവയുണ്ടോ ?

#ഡോ. അനീൻ സുരേഷ് (എം.ഡി.എസ്.)
പ്രതീകാത്മകചിത്രം / Shutterstock Images
പ്രതീകാത്മകചിത്രം / Shutterstock Images

കിച്ച് കിച്ച് തോന്നിയില്ലെങ്കിലും തൊണ്ടയ്ക്ക് പിന്നില്‍ നീണ്ടുനില്‍ക്കുന്ന അസ്വസ്ഥതയുണ്ടോ ? എന്തെല്ലാം ശ്രമിച്ചിട്ടും വായ്‌നാറ്റം പിടിവിടാതെ തുടരുന്നുണ്ടോ ? എങ്കില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ത്രോട്ട് സ്റ്റോണ്‍ എന്ന അവസ്ഥയായിരിക്കും കാരണം. ഇതിനു ടോണ്‍സിലോലിത്ത് എന്നൊരു പേര് കൂടിയുണ്ട്. 

എന്താണ് ത്രോട്ട് സ്റ്റോണ്‍?

ടോണ്‍സിലിലെ ചെറു പോക്കറ്റ് സമാനമായ രൂപങ്ങളെ ക്രിപ്ട് എന്ന് വിളിക്കുന്നു. ഭക്ഷ്യാവശിഷ്ടങ്ങള്‍, മൃതകോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ ഈ ക്രിപ്റ്റുകളില്‍  അടിഞ്ഞുകൂടി ചെറിയ കാല്‍സിഫൈഡ് ഡെപ്പോസിറ്റുകള്‍ ആയി മാറുന്നു. അങ്ങനെ കാല്‍സിഫൈഡ് ആകുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ത്രോട്ട് സ്റ്റോണ്‍സ്. ഗുരുതരമായ ആരോഗ്യപ്രശ്‌നമൊന്നും  ഇത് കൊണ്ട് ഉണ്ടാകുന്നില്ല. എങ്കിലും അസ്വസ്ഥത അനുഭവപ്പെടാനും ചിലപ്പോള്‍ വേദനിക്കാനും സാധ്യതയുണ്ട്. 

കാരണങ്ങള്‍

കൃത്യമായി വായ വൃത്തിയാക്കാത്തത് ഈ അവസ്ഥയ്ക്ക് കാരണമായേക്കാം. നിത്യേന പല്ലുതേയ്ക്കുകയും ഫ്‌ളോസിങ് ചെയ്യുകയും ചെയ്യാതിരുന്നാല്‍ ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും. സ്ഥിരമായി ടോണ്‍സിലൈറ്റിസ് വരുന്നവര്‍ക്കും ത്രോട്ട് സ്റ്റോണ്‍ വരാന്‍ സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാല്‍ ഉമിനീരിന്റെ ഉത്പാദനം കുറയും.അപ്പോഴും ബാക്ടീരിയയുടെ പ്രവര്‍ത്തനം കൂടിയേക്കും. 

Shutterstock images

ലക്ഷണങ്ങള്‍

ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന സള്‍ഫര്‍ ഘടകങ്ങളാണ് വായ്‌നാറ്റത്തിന് കാരണം. എത്ര പല്ലുതേച്ചാലും മൗത്ത്‌വാഷ് ഉപയോഗിച്ചാലും ഈ വായ്‌നാറ്റം മാറില്ല. കല്ലുപോലുള്ള ഈ ഡെപ്പോസിറ്റ് ടോണ്‍സില്‍ ത്വക്കില്‍ മുറിവുണ്ടാക്കും. അത് തൊണ്ട വേദനയോ തൊണ്ട ചൊറിച്ചിലോ ഉണ്ടാക്കും. ത്രോട്ട് സ്റ്റോണ്‍ വലുതാണെങ്കില്‍ ഭക്ഷണം കഴിക്കുക ബുദ്ധിമുട്ടാകും. ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നും. ചെവി വേദനയും ത്രോട്ട് സ്റ്റോണിന്റെ ലക്ഷണമായി വരാറുണ്ട്. ടോണ്‍സിലില്‍ വെള്ളയോ മഞ്ഞയോ നിറത്തില്‍ സ്‌പോട്ടുകള്‍ കാണാം. വലുതാണെങ്കില്‍ സ്റ്റോണ്‍സ് വ്യക്തമായിത്തന്നെ കാണാനാകും.

ചികിത്സ

 ഒന്നുകില്‍ ഡെന്റിസ്റ്റിനെയോ അല്ലെങ്കില്‍ ഇ.എന്‍.ടി വിദഗ്ധനെയോ സമീപിക്കണം. സാധാരണ ടോണ്‍സില്‍ പരിശോധനകള്‍ തന്നെയാണ് നടത്തുക. കൂടുതല്‍ വിശദമായ ആന്തരിക പരിശോധനകള്‍ സാധാരണ വേണ്ടിവരാറില്ല. എന്നാല്‍ ചിലപ്പോള്‍ എക്‌സ്‌റേ അല്ലെങ്കില്‍ സി.ടി സ്‌കാന്‍ വേണ്ടി വന്നേക്കാം. 

സ്റ്റോണ്‍ ചെറുതാണെങ്കില്‍ ഉപ്പിട്ട ചൂടുവെള്ളമോ മൗത്ത്‌വാഷോ വായില്‍ കൊണ്ടാല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ച് വേദനയില്‍ നിന്ന് ആശ്വാസം നേടാം. വലിയ സ്റ്റോണ്‍ ഡോക്ടര്‍ക്ക് വലിയ പ്രയാസമില്ലാതെ പുറത്തെടുക്കാവുന്നതേയുള്ളൂ. സ്റ്റോണ്‍ വളരെ വലുതാണെങ്കിലോ തുടര്‍ച്ചയായി വരുന്നുണ്ടെങ്കിലോ ടോണ്‍സിലെക്ടമി ചെയ്യേണ്ടതായി വരും. ലേസര്‍ ചികിത്സാസൗകര്യവും ലഭ്യമാണ്. 

(പട്ടത്തെ സുരഭി മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്കിലെ പെരിയോഡോണ്ടിസ്റ്റ് ആന്‍ഡ് ഓറല്‍ ഇന്‍പ്ലാന്റോളജിസ്റ്റാണ് ലേഖകന്‍)


 

Content Highlights: causes, symptoms and treatments of throat stone