എന്താണ് ഇതിഹാസതാരം ബ്രൂസ് വില്ലിസിനെ ബാധിച്ച രോഗം? ഇതിനു ചികിത്സയില്ലേ!

ബ്രൂസ് വില്ലിസ് / instagram: brucewillisbw
ബ്രൂസ് വില്ലിസ് / instagram: brucewillisbw

ഹോളിവുഡ് ഇതിഹാസം ബ്രൂസ് വില്ലിസിന്റെ ആരോഗ്യസ്ഥിതി വഷളാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. 'ഡൈ ഹാർഡ്', 'പൾപ്പ് ഫിക്ഷൻ', 'ദി സിക്‌സ്ത് സെൻസ്' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടനാണ് ബ്രൂസ് വില്ലിസ്. ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രോഗവാർത്ത. ബ്രൂസ് വില്ലിസിന് അഫാസിയ എന്ന ഒരു നാഡീരോഗാവസ്ഥ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2022 മാർച്ചിൽ അദ്ദേഹം അഭിനയത്തിൽ നിന്ന് പിന്മാറുകയാണെന്ന് കുടുംബം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വ്യക്തിയുടെ ആശയവിനിമയ കഴിവിനെ ബാധിക്കുന്ന ഒരു നാഡീരോഗമാണിത്. ഏകദേശം ഒരു വർഷത്തിനുശേഷം, 2023 ഫെബ്രുവരിയിൽ അദ്ദേഹത്തിന് ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ (എഫ്ടിഡി) എന്ന അസുഖം ബാധിച്ചെന്നും സ്ഥിരീകരിച്ചു. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന ഒരു മസ്തിഷ്‌ക രോഗമാണ് ഇത്. പ്രതിസന്ധികളെ അതിജീവിക്കുകയും, സമ്മർദ്ദഘട്ടങ്ങളിൽ തമാശകൾ പറയുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് വില്ലിസ് ഇത്രയുംകാലം സ്‌ക്രീനിൽ അവതരിപ്പിച്ചത്. അങ്ങനെയുള്ള വ്യക്തി, യഥാർഥ ജീവിതത്തിൽ വാക്കുകൾ കണ്ടെത്താനോ വികാരങ്ങൾ മനസ്സിലാക്കാനോ ഇപ്പോൾ ബുദ്ധിമുട്ടുന്നു എന്ന് സങ്കൽപ്പിക്കുന്നത് പല ആരാധകർക്കും വേദനയാണ്.

തലച്ചോറിലെ ഫ്രണ്ടൽ, ടെംപറൽ ഭാഗങ്ങളെ പ്രധാനമായും ബാധിക്കുന്ന ഒരു കൂട്ടം ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ പൊതുവായി പറയുന്ന പേരാണ് ഫ്രണ്ടോടെംപറൽ ഡിമെൻഷ്യ. വ്യക്തിത്വം, ഭാഷ, തീരുമാനമെടുക്കാനുള്ള കഴിവ്, പെരുമാറ്റം, വൈകാരിക നിയന്ത്രണം എന്നിവയ്ക്ക് കാരണമായ ഭാഗങ്ങളാണിവിടെ കൃത്യമായി പ്രവർത്തിക്കാത്തത്. അൽഷിമേഴ്സ് രോഗം പ്രാരംഭത്തിൽ ഓർമ്മക്കുറവോടെയാണ് തുടങ്ങുന്നതെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി എഫ്ടിഡി പലപ്പോഴും വ്യക്തിത്വത്തിലോ ഭാഷാപരമായ കഴിവുകളിലോ ഉണ്ടാകുന്ന മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്. നമ്മളെ നമ്മളാക്കുന്ന തലച്ചോറിന്റെ ഭാഗത്തെയാണ് ഇത് ബാധിക്കുന്നത്. അതായത് എങ്ങനെ നമ്മൾ സാമൂഹികമായി ഇടപെടുന്നു, സഹാനുഭൂതി പ്രകടിപ്പിക്കുന്നു, അല്ലെങ്കിൽ സ്വയം പ്രകടിപ്പിക്കുന്നു എന്നതിനെയെല്ലാം.

ആദ്യകാല ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കാം. അതിനാൽ പല കുടുംബങ്ങളും ഇത് സമ്മർദ്ദം, വിഷാദം, അല്ലെങ്കിൽ ഒരു മധ്യവയസ്സ് പ്രതിസന്ധി എന്നിവയായി തള്ളിക്കളയുന്നു. എന്നാൽ ഒരാൾ സ്വഭാവത്തിന് വിപരീതമായി പെരുമാറാൻ തുടങ്ങുകയോ, സാമൂഹികമായി അനുചിതമായി പെരുമാറുകയോ, അല്ലെങ്കിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്യുമ്പോൾ ഒരു ന്യൂറോളജിക്കൽ പരിശോധനയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്ന് മനസിലാക്കണം. എഫ്ടിഡിക്ക് നിരവധി ക്ലിനിക്കൽ ഉപവിഭാഗങ്ങളുണ്ട്. അവയുടെ ലക്ഷണങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കാം.
ബിഹേവിയറൽ വേരിയന്റ് എഫ്ടിഡി: ഏറ്റവും സാധാരണമായ രൂപം; പെരുമാറ്റത്തിലെ മാറ്റങ്ങൾ, നിയന്ത്രണമില്ലായ്മ, ഉദാസീനത, സഹാനുഭൂതിയില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രൈമറി പ്രോഗ്രസീവ് അഫേസിയ: ഭാഷാപരമായ കഴിവുകൾ ക്രമേണ നഷ്ടപ്പെടുന്നു. വസ്തുക്കളുടെ പേര് പറയാനും, വാക്യങ്ങൾ രൂപീകരിക്കാനും, സംഭാഷണങ്ങൾ മനസ്സിലാക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ചലന നാഡീരോഗത്തോടുകൂടിയ എഫ്ടിഡി: ചില സന്ദർഭങ്ങളിൽ പാർക്കിൻസോണിസം അല്ലെങ്കിൽ എഎൽഎസ് പോലുള്ള ചലന വൈകല്യങ്ങളോടൊപ്പം ഇത് കാണപ്പെടുന്നു.

തലച്ചോറിലെ ഫ്രണ്ടൽ, ടെംപോറൽ ലോബുകളിലെ നാഡീകോശങ്ങൾ ക്രമേണ നശിക്കുന്നതാണ് എഫ്ടിഡിക്ക് കാരണം. ഇത് പലപ്പോഴും യാദൃശ്ചികമായി സംഭവിക്കുന്നതാണെങ്കിലും 40 ശതമാനം വരെ കേസുകൾക്ക് ജനിതകപരമായ ബന്ധമുണ്ട്. ചില പ്രത്യേക ജീനുകളിലെ മ്യൂട്ടേഷനുകളാണ് ഇതിന് കാരണം. പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളുമായി ഇതിന് ബന്ധമില്ല. നിലവിൽ ഇതിന് ചികിത്സയോ രോഗത്തെ മാറ്റുന്ന മരുന്നുകളോ ലഭ്യമല്ല. ലഭ്യമായ ചികിത്സകൾ കൂടുതലും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. പ്രധാനമായും 40-നും 65-നും ഇടയിൽ പ്രായമുള്ളവരെയാണ് എഫ്ടിഡി ബാധിക്കുന്നത്. ചിലപ്പോൾ അതിന് ശേഷവും ഇത് കാണപ്പെടാം. 40-കളിലോ 50-കളിലോ ഉള്ളവരിൽ നമ്മൾ ഡിമെൻഷ്യ പ്രതീക്ഷിക്കാത്തതുകൊണ്ടാണ് എഫ്ടിഡി വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോകുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: bruce willis`s ftd diagnosis sheds light on frontotemporal dementia, its impact, and the challenges faced by those affected.