മാനസിക സമ്മര്‍ദ്ദം സ്തനാര്‍ബുദത്തിന് കാരണമാകുമോ?

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം മൂന്ന് ശതമാനം വരെയാണ്. ആകെ രോഗബാധിതയുടെ അഞ്ച് ശതമാനവും ജനിതക കാരണങ്ങളാലാണ് എന്നാണ് പഠനങ്ങള്‍. 20 വയസ്സിന് താഴെയുള്ളവരില്‍ വളരെ അപൂര്‍വമായെ സ്തനാര്‍ബുദം ബാധിക്കാറുള്ളു. 0.5 ശതമാനം പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നുണ്ട്. തെറ്റായ ഭക്ഷണരീതിയും മാനസിക സമ്മര്‍ദ്ദവും  കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തില്‍ മാനസികപിരിമുറുക്കം ഏറെയുള്ളവര്‍ സ്ത്രീകളാണ്. 

ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ  പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭദശയിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും വേണം

കാരണങ്ങള്‍
പ്രത്യേകമായ ഒരു കാരണമല്ല കാന്‍സര്‍ ഉണ്ടാക്കുന്നത്. മറിച്ച് നിരവധി കാരണങ്ങളുടെ ആകെത്തുകയായാണ്.

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം ശീലമാക്കുന്നത് ഈ  കൊഴുപ്പിനെ പ്രതിരോധിക്കും. 

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിലെ രാസവസ്തുക്കള്‍, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാന്‍മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ കാന്‍സര്‍ കൂടിവരുന്നതിന് കാരണമാണ്.

സ്തനാര്‍ബുദം ആരംഭത്തിലേ കണ്ടുപിടിക്കാം

സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കണം. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും മാരകമാകാനും സാധ്യതയുണ്ട്. സ്വയം പരിശോധനയിലൂടെ ആരംഭത്തിലെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഒന്നാണ് സ്തനാര്‍ബുദം. ഇങ്ങനെ ആദ്യ സ്റ്റേജില്‍ കണ്ടെത്തിയാല്‍ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. 

സ്വയം പരിശോധന എപ്പോള്‍?  
കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ? 
കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കണ്ടാല്‍ ഉടന്‍ ഡോക്ടറിനെ സന്ദര്‍ശിക്കാം.

കക്ഷഭാഗങ്ങളില്‍ കൈയുടെ പ്രതലം അമര്‍ത്തി പരിശോധിക്കണം. ചെറിയ മുഴകള്‍ വരെ  ഇങ്ങനെ കണ്ടുപിടിക്കാം. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും ശ്രദ്ധ ആവശ്യമുള്ള വിദഗ്ധ പരിശോധനങ്ങള്‍ക്ക് വിധേയരാവാം

നേരത്തെ കണ്ടത്തിയാല്‍

  1. മാറിടം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാന്‍ കഴിയും.
  2. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  3. കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താന്‍ സാധിക്കും.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു വിദഗ്ധനെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാന്‍സറിന്റെ ലക്ഷണങ്ങള്‍ പലതും വേദനരഹിതമാണ്. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സ വൈകുകയും ചെയ്യും.

രോഗനിര്‍ണയം

  • ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.
  • റേഡിയോളജിക്കല്‍ എക്‌സാമിനേഷന്‍ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ CT Breast 
  • രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപരമായ കാരണങ്ങളും പരിഗണിച്ചാണ് രോഗനിര്‍ണയം തീരുമാനിക്കുന്നത്.  
  • Tissue diagnosis അഥവാ സംശയമുള്ള ഭാഗത്തു നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന. 

ചികിത്സ  

  • കാന്‍സര്‍ ഉള്ള ഭാഗം കാന്‍സറിന്റെ ഘട്ടമനുസരിച്ച്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക
  • മാറ്റം ചെയ്ത ഭാഗം Histopathologic Examination ശേഷം ആവശ്യമായ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ നല്‍കുക.

മാനസികാരോഗ്യം പരിഗണിക്കാം

ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം,  ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ മാനസികമായി ബാധിക്കാം. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.

സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ കുട്ടികളുടെയോ ചികിത്സാര്‍ത്ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. അവര്‍ക്ക് തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.

സാമൂഹികമായ പ്രശ്‌നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്‌നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്‌നമാണ്.  ഇവയെല്ലാം പരിഹരിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ഒന്നിച്ച് മുന്നിട്ടിറങ്ങണം. 

തയ്യാറാക്കിയത്- ഡോ. എസ്. പ്രമീളാദേവി
കണ്‍സള്‍ട്ടന്റ്, ജനറല്‍ സര്‍ജറി
എസ്.യു.ടി ഹോസ്പിറ്റല്‍
പട്ടം 

Content Highlights: breast cancer causes and symptoms