പഴത്തൊലി ചർമത്തിൽ തേക്കുന്നത് ബൊട്ടോക്സിന് പകരമാവുമോ? ഡോക്ടർ വിശദീകരിക്കുന്നു

അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രൻഡിങ്ങായ ഒരു ചർമസംരക്ഷണ രീതിയാണ് പഴത്തൊലി ഉപയോഗം. മുഖത്ത് പഴത്തൊലി ഉരച്ചാൽ ബൊട്ടോക്സ് (Botox) ചെയ്തതുപോലെ മൃദുലമായ ചർമം നേടാമെന്നാണ് നടക്കുന്ന പ്രചാരണം. പലപ്പോഴും ഇൻഫ്ലുവൻസർമാർ പ്രൊമോട്ട് ചെയ്യുന്ന രീതികൾ പിന്തുടർന്ന് മാന്ത്രികഫലങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പഴത്തൊലി ട്രൻഡിനൊരു പ്രതികരണവുമായെത്തിയിരിക്കുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യൻ (അനസ്തേഷ്യോളജി, ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ) ഡോ. കുനാൽ സൂദ്. ചർമത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന പേശികളെ വിശ്രമിപ്പിച്ച്, ഘടന മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ബൊട്ടുലിനം ടോക്സിൻ കുത്തിവയ്പ്പിന്റെ അംഗീകൃത ബ്രാൻഡാണ് ബൊട്ടോക്സ്.
പഴത്തൊലി പകരമാവുമോ?
മുഖത്ത് പഴത്തൊലി ഉരയ്ക്കുന്നത് ചർമം കൂടുതൽ മൃദുലവും വഴക്കമുള്ളതുമാവാൻ സഹായിക്കുമെങ്കിലും ഇതൊരു താത്കാലിക ഫലമാണെന്നാണ് ഡോ. സൂദ് പറയുന്നത്. ചർമത്തിനടിയിലുള്ള പേശികളിലാണ് ബൊട്ടോക്സ് പ്രവർത്തിക്കുന്നത്. പഴത്തൊലിയിലെ രാസവസ്തുക്കൾ ചർമ്മത്തിനുള്ളിലേക്ക് പ്രവേശിക്കാത്തതിനാൽ സമാനമായി പ്രവർത്തിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"പഴത്തൊലി യഥാർഥത്തിൽ അങ്ങനെ പ്രവർത്തിക്കുന്നില്ല. ചുളിവുകൾക്ക് കാരണമാകുന്ന പേശികളെ വിശ്രമിപ്പിച്ചാണ് ബൊട്ടോക്സ് പ്രവർത്തിക്കുന്നത്. ഒരു പഴത്തൊലിക്ക് ചർമത്തിലേക്ക് തുളച്ചുകയറാനോ ആ പേശികളെ സ്വാധീനിക്കാനോ കഴിയില്ല. എന്നാൽ പഴത്തൊലി കൊണ്ട് ഒരു താത്കാലിക സ്മൂത്തിംഗ് ഫലം നൽകാനാവും. തൊലിയിൽ സ്വാഭാവിക സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തിൽ നേർത്ത ജലാംശം നൽകുന്ന പാളിയുണ്ടാക്കാൻ സഹായിക്കും, എന്നാൽ കുറഞ്ഞ സമയത്തേക്ക് മാത്രമേ മൃദുലമായി അനുഭവപ്പെടൂ. ഇത് ചുളിവുകളെ ചികിത്സിക്കുകയോ വാർദ്ധക്യത്തെ മാറ്റുകയോ ചെയ്യുന്നില്ല."-അദ്ദേഹം പറഞ്ഞു.
ചർമ്മത്തിൽ സ്ഥിരമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. സൂദ് പറഞ്ഞു. ഇതിനായി വിവിധ സൗന്ദര്യവർദ്ധക ചികിത്സകൾ ലഭ്യമാണ്, അവ ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിച്ചശേഷമേ തിരഞ്ഞെടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Banana peels provide temporary hydration but cannot penetrate skin to relax muscles like Botox., Botox targets underlying muscles, whereas banana peels only offer a superficial smoothing effect., Evidence-based skincare, such as retinoids, Vitamin C, and sunscreen, is essential for anti-aging., Dr. Kunal Sood clarifies that while banana peels are harmless, they are not a medical treatment for wrinkles.