മുപ്പതുകളിലെ സൗന്ദര്യ സംരക്ഷണത്തിന് മുപ്പതു വഴികള്‍

മധുരപ്പതിനേഴിന്റെ രണ്ടാം വരവെന്നാണ് മുപ്പതുകള്‍ അറിയപ്പെടുന്നത്. യൗവനം കത്തിനില്‍ക്കുന്ന കാലം. നാല്‍പ്പതിന്റെ പടിവാതിലിലേക്ക് ഉഷാറോടെ കാലെടുത്തുവെക്കാന്‍ മുപ്പതുകളില്‍ കുറച്ചധികം കരുതല്‍ ആവശ്യമാണ്. ചര്‍മത്തിലെ ചുളിവുകളും മുടികൊഴിച്ചിലുമൊക്കെ പതിവാകാന്‍ ഇടനല്‍കാതിരിക്കുക. പരിചരണം മുടിയിഴകള്‍ക്കും ചര്‍മത്തിനും മാത്രമല്ല ശരീരത്തിന് മുഴുവനായും ആവശ്യമാണെന്ന് ഓര്‍ക്കുക. മുപ്പതുകളില്‍ നല്‍കുന്ന കരുതല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായകമാകും. നിറയൗവനത്തിന്റെ നിഴലായി ആ നല്ല പ്രായം കടന്നുപോകാതിരിക്കാന്‍ മുപ്പത് എളുപ്പമാര്‍ഗങ്ങള്‍ ഇതാ...
- ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക.
- നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
- CTM(ക്ലെന്‍സിങ്, ടോണിങ്, മോയ്‌സചറൈസിങ്) പതിവാക്കുക.
- ആദ്യം തന്നെ ചര്‍മം നന്നായി വൃത്തിയാക്കണം. അതിന് ക്ലെന്‍സിങ് മില്‍ക്കോ അല്ലെങ്കില്‍ ഫേസ് വാഷോ ഉപയോഗിക്കാം. ഇനി ടോണര്‍ പുരട്ടുക. ചര്‍മത്തിലെ സുഷിരങ്ങള്‍ അടയ്ക്കാനാണിത്. ശേഷം മോയ്‌സ്ചറൈസര്‍ പുരട്ടാം. ഇത് രാവിലെയും രാത്രിയിലും ചെയ്യണം. ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനുള്ള വഴിയാണിത്.
- സണ്‍സ്‌ക്രീനും പതിവാക്കണം. പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ വിയര്‍ത്തുപോകാന്‍ ഇടയുണ്ട്.
- മോയ്‌സ്ചറൈസറിനു പകരവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.
- മുട്ടയുടെ വെള്ള അടിച്ചു പതപ്പിച്ച് മൂന്നോ നാലോ തുള്ളി എള്ളെണ്ണ ചേര്‍ത്ത് യോജിപ്പിക്കണം. ഇത് മുഖത്ത് പുരട്ടിയശേഷം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ചര്‍മം തൂങ്ങാതിരിക്കാന്‍ സഹായിക്കുന്ന നല്ല പാക്കാണിത്. ആഴ്ചയില്‍ ഒരു ദിവസം ഉപയോഗിക്കാം.
- പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തിന് തിളക്കം ലഭിക്കും. പ്രകൃതിദത്തമായ മറ്റൊരു ഫേസ്പാക്കാണ് പപ്പായ.
- മുഖം നന്നായി വൃത്തിയാക്കി ശേഷം മാത്രം പാക്ക് പുരട്ടാന്‍ ശ്രദ്ധിക്കുക.
- വീട്ടില്‍ തയ്യാറാക്കുന്ന ഫേസ്പാക്കിനൊപ്പം കയോലിന്‍ പൗഡര്‍ മിക്‌സ് ചെയ്യുന്നതും ഗുണം ചെയ്യും. ഇത്തരം ഫേസ്പാക്കുകള്‍ ചര്‍മം തൂങ്ങാതിരിക്കാന്‍ സഹായിക്കുന്ന ടൈറ്റനിങ് ഏജന്റായി പ്രവര്‍ത്തിക്കും.
- രാത്രി ഉറങ്ങും മുമ്പ് മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടുന്നത് നല്ലതാണ്.
- മുഖത്ത് ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോള്‍ താഴെ നിന്ന് മുകളിലേക്ക് മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ചര്‍മം പെട്ടെന്ന് തൂങ്ങിപ്പോകാനിടയുണ്ട്.
- ആഴ്ചയില്‍ ഒരിക്കല്‍ മുടിയില്‍ എണ്ണ പുരട്ടി അര മണിക്കൂര്‍ വെക്കുക. എന്നിട്ട് തലേദിവസത്തെ കഞ്ഞിവെള്ളമോ ഷാംപൂവോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
- വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക.
- മൂന്നോ നാലോ മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം മുറിക്കാന്‍ മറക്കരുത്. മുടി വിണ്ടുകീറുന്നത് ഒഴിവായി നന്നായി വളരാന്‍ ഇത് സഹായിക്കും.
- പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് മുടിക്ക് നല്ലതാണ്. പാര്‍ലറില്‍ മാത്രമല്ല വീട്ടിലും ഇത് ചെയ്യാവുന്നതാണ്.
- പഴുത്തപഴം, കറ്റാര്‍വാഴ ജെല്‍, ഒലിവ് ഓയില്‍, ഒരു മുട്ട, വൈറ്റമിന്‍ ഇ ഓയില്‍, തൈര് എന്നിവ ഒന്നിച്ചു ചേര്‍ത്ത് മുടിയില്‍ പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുടിയില്‍ അതിന്റെ മണം നില്‍ക്കുന്നതായി തോന്നിയാല്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
- പുറത്തുപോയി വന്നാല്‍ തൈര് മുഖത്തും കൈയിലും കാലിലും പുരട്ടി ഇരുപതു മിനിറ്റിനുശേ
- ഷം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
- കൈകളും കാലുകളും വൃത്തിയാക്കാന്‍ സ്‌ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. ബദാം പൊടിച്ച് അതില്‍ എള്ളെണ്ണ ചേര്‍ത്ത് കുഴച്ച് കൈയിലും കാലിലും മസാജ് ചെയ്ത് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന് ശേഷം ഉരച്ചു വൃത്തിയാക്കാം. ശരീരത്തില്‍ മുഴുവനും ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു സ്‌ക്രബ്ബാണിത്.
- സ്‌ക്രബ്ബ് ഉപയോഗിച്ചു കഴിഞ്ഞാല്‍ കഴിവതും സോപ്പ് ഉപയോഗിക്കാതെ ഇളംചൂടുവെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കുക.
- കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ചര്‍മം വരളുന്നത് ഒഴിവാക്കാന്‍ വൈറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചാല്‍ മതി.
- ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതും നന്നായി വിയര്‍ക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- കണ്ണിനു താഴെയുള്ള ചുളിവുകള്‍ ഒഴിവാക്കാന്‍ രാത്രി പതിവായി ഐ ക്രീം ഉപയോഗിക്കുക.
- CTM ചെയ്ത ശേഷം ഐ ലൈനറോ മസ്‌കാരയോ ഉപയോഗിച്ച് കണ്ണുകള്‍ ഭംഗിയാക്കാം. പുരികക്കൊടികള്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ടച്ച് ചെയ്യാം.
- ലിപ് പെന്‍സില്‍ ഉപയോഗിച്ച് ലിപ്സ്റ്റിക് പുരട്ടാം. ലിപ്സ്റ്റിക്ക് ഉപയോഗിക്കും മുമ്പ് ലിപ്ബാമോ മോയ്‌സ്ചറൈസറോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരളാതിരിക്കാന്‍ സഹായിക്കും.
- ബ്രാന്‍ഡഡ് മേക്കപ്പ് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ഗുണനിലവാരം നോക്കി തിരഞ്ഞെടുക്കുക.
- കോംപാക്റ്റ് പൗഡര്‍ ഉപയോഗിക്കാം. മിനിമം മേക്കപ്പാണ് എപ്പോഴും നല്ലത്.
- കണ്ണിനു ചുറ്റും കറുപ്പുണ്ടെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കാവുന്നതാണ്.
Content Highlights: 30 essential beauty tips for women in their 30s