പടയോട്ടങ്ങളും യുദ്ധക്കൊതിയും തകര്‍ത്തെറിഞ്ഞ ഭൂമി. കാണാം വാറങ്കലിലെ ശിലാവിസ്മയങ്ങള്‍

കാകതീയ രാജവംശം-പഴയ നാട്ടുരാജ്യങ്ങളുടെയിടയില്‍ എന്നും തെളിമയോടെ നില്‍ക്കുന്ന പേരാണിത്. 1083 മുതല്‍ 1323 വരെ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങള്‍ കാകതീയ രാജവംശത്തിന്റെ കീഴിലായിരുന്നു. ഒരുഗല്ലു എന്ന സ്ഥലം അവരുടെ തലസ്ഥാനമായി തിരഞ്ഞെടുക്കുകയും ചെയ്തു. അവിടെ വലിയൊരു കോട്ട പണിതു. അതിനുള്ളില്‍ മനോഹരമായ നഗരവും. പിന്നീട് നിരന്തരമായ ആക്രമണത്തില്‍ നഗരവും കോട്ടയുമെല്ലാം തകര്‍ന്നു. പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമേ ഇന്നുള്ളൂ. വാറങ്കല്‍ കോട്ട എന്നാണിപ്പോഴത് അറിയപ്പെടുന്നത്. വാറങ്കലിനും ഹനംകൊണ്ടയ്ക്കുമിടയിലായി 19 കിലോമീറ്ററോളം ദൂരത്തിലാണ് അതിന്റെ ശേഷിപ്പുകള്‍ കിടക്കുന്നത്.
കോട്ടയുടെ ഹൃദയഭാഗത്തേക്കാണിപ്പോള്‍ പോവുന്നത്. അങ്ങോട്ടടുക്കുംതോറും മറ്റൊരുമുഖമാണ് വാറങ്കലിന്. നോക്കെത്താദൂരത്തോളം പാടങ്ങള്‍ മാത്രം. അതിനിടയില്‍ അവിടവിടെയായി കോട്ടയുടെ ചെറിയ അവശിഷ്ടങ്ങള്‍. നഗരത്തിന്റെ പകിട്ടുകളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രദേശം. ഇതെല്ലാം പിന്നിട്ടെത്തിയത് ഒരു ചെറിയ ടൗണില്‍. രണ്ടോ മൂന്നോ ഓട്ടോറിക്ഷകളും ചെറിയ പെട്ടിക്കടകളുമാണ് ആകെയുള്ള ആഡംബരം. വഴിയരികിലായി ചുട്ട ചോളം വില്‍ക്കുന്ന രണ്ടുമൂന്ന് സ്ത്രീകള്‍. അധികം ആളും ബഹളവുമില്ല. വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി ഒരു നാടിന്റെ ഹൃദയമിടിപ്പുകള്‍ പേറുന്ന ഇടമാണിത്.
ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. വിശാലമായ കോട്ടവളപ്പിലേക്ക് കടക്കുമ്പോള്‍ കാണുന്നത് കൊത്തുപണികളുള്ള കവാടങ്ങളാണ്. നാലതിരുകളിലുമുള്ള കൂറ്റന്‍ കവാടങ്ങള്‍. മുപ്പതടിയോളം ഉയരമുണ്ടതിന്.
പഴയ കോട്ടയ്ക്കുള്ളിലെ സ്വയംഭൂ ക്ഷേത്രത്തിന്റെ കവാടങ്ങളായിരുന്നു അവ. വളരെ സൂക്ഷ്മമായ കുറെ കൊത്തുപണികള്‍ ചെയ്തിരിക്കുന്നു. ഈയൊരു കവാടത്തിനു പിറകില്‍പോലും എത്ര നാളത്തെ അധ്വാനമുണ്ടായിരുന്നിരിക്കും? ഇതില്‍ ഏറ്റവും വലുപ്പമുള്ള കവാടം, ഇപ്പോള്‍ തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗികചിഹ്നത്തിന്റെ ഭാഗമാണ്. ഉള്ളിലേക്ക് പോ
വുന്തോറും കരിങ്കല്ലിന്റെ കഷണങ്ങള്‍ വീണുകിടക്കുന്നത് കാണാം. അടുത്തുചെന്ന് നോക്കി. മനോഹരമായ ശില്പങ്ങളാണ് അതെല്ലാം. നര്‍ത്തകിമാരെയും മൃഗങ്ങളെയും ആകൃതിയൊത്ത് കൊത്തിവെച്ചിരിക്കുന്നു. ഇങ്ങനെ എത്രയോ ശില്പങ്ങള്‍ നിലംപൊത്തിക്കിടക്കുന്നു!
അല്പം ചരിത്രം
പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയരാജാവ് ഗണപതിദേവയാണ് വാറങ്കല്‍ കോട്ട നിര്‍മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകളായ രുദ്രമാദേവി ഭരണം ഏറ്റെടുത്തപ്പോള്‍, കോട്ട കുറെക്കൂടി വിശാലമാക്കി. അവരുടെ പൗത്രനായിരുന്ന പ്രതാപരുദ്രന്‍ രണ്ടാമനാണ് അടുത്തതായി രാജാവായത്. കോട്ട ഭംഗിയായി പൂര്‍ത്തിയാക്കിയതും അദ്ദേഹംതന്നെ. മണ്ണും കല്ലും കൊണ്ടുതീര്‍ത്ത കോട്ടയ്ക്കുള്ളിലായിരുന്നുവത്രെ ഈ നഗരം. പുറംഭാഗം നല്ല കട്ടിയുള്ള മണ്ണാണ്. അതിനു തൊട്ടുമുന്നില്‍ ആഴവും വീതിയുമുള്ള കിടങ്ങും. ആരെങ്കിലും ആക്രമിക്കാനെത്തുമ്പോള്‍, ആ കിടങ്ങില്‍ ചെളിനിറച്ച് രക്ഷനേടാനായിരിക്കാം ഇത്. കോട്ടയുടെ അകവും പുറവും കല്ലുകൊണ്ടാണ് നിര്‍മിച്ചത്. അതിനുള്ളില്‍ ക്ഷേത്രങ്ങളും വെള്ളം ശേഖരിക്കാനുള്ള ടാങ്കുകളും കൊട്ടാരങ്ങളും രാജകുടുംബാഗങ്ങള്‍ക്ക് ഇരിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളുമെല്ലാമുണ്ടാക്കി.
നിര്‍മാണം പൂര്‍ത്തിയായശേഷം നിരവധി തവണ കോട്ടയും രാജ്യവും ആക്രമണം നേരിട്ടു. 1303-ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാമേധാവികളായ ജൂനയും ചജ്ജുവും ആക്രമിക്കാനെത്തി. അവരെ കാകതീയ സൈന്യം തോല്‍പ്പിച്ചു. പിന്നീട് 1310-ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ജനറലായ മാലിക് കഫൂര്‍ വാറങ്കല്‍ ആക്രമിക്കാനെത്തുമെന്ന് പ്രതാപരുദ്രന് വിവരം കിട്ടി. ആറുമാസത്തോളം പ്രതാപരുദ്രന്റെ സൈന്യം ചെറുത്തുനിന്നു. കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് ഉറപ്പായപ്പോള്‍ പ്രതാപരുദ്രന്‍ സന്ധിക്ക് തയ്യാറായി. അങ്ങനെ കാകതീയരുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം കപ്പമായി നല്‍കേണ്ടിവന്നു. യുദ്ധങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും വാറങ്കല്‍ പിന്നെയും വേദിയായി. അപ്പോഴേക്കും ഡല്‍ഹിയില്‍ പുതിയ രാജാവ് ഭരണമേറ്റിരുന്നു, ഗിയാത്ത് അല്‍-ദിന്‍ തുഗ്ലക്ക്. രാജാവ് മകനായ ഉലുഗ് ഖാനെ യുദ്ധത്തിനായി 1323-ല്‍ വറംഗലിലേക്കയച്ചു. ആ യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാകതീയ രാജവംശത്തിന് കഴിഞ്ഞില്ല. കടുത്ത ആക്രമണത്തില്‍ കോട്ടയും അതിനുള്ളിലെ സര്‍വതും തകര്‍ന്നടിഞ്ഞു.
കോട്ടയുടെ ഭംഗി
കോട്ടയും ക്ഷേത്രങ്ങളും ഉള്‍പ്പെട്ട നഗരത്തിന്റെ അവശേഷിപ്പുകളാണ് ഇന്നുള്ളത്. പഴയ കോട്ടയുടെ ഭാഗത്ത് വീടുകളും ചെറിയ കടകളും പാടങ്ങളുമാണ്. അന്നത്തെ ആക്രമണങ്ങളിലും ചില നിര്‍മിതികള്‍ പിടിച്ചുനിന്നു. യുദ്ധം ഇവയെയും ചെറുതല്ലാത്ത രീതിയില്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. തല, അല്ലെങ്കില്‍ കാല്‍, അതുമല്ലെങ്കില്‍ കൈകള്‍... അംഗഭംഗം സംഭവിച്ച ശില്പങ്ങള്‍. ഇവയ്‌ക്കോരോന്നിനുമുണ്ടാവും യുദ്ധങ്ങളുടെയും അധികാരക്കൊതിയുടെയും ഒരായിരം കഥകള്‍ പറയാന്‍. ഒപ്പം കാകതീയ രാജവംശത്തിന്റെ പ്രൗഢിയുടെയും ശില്പകലയിലെ മികവിന്റെയും കഥകള്‍.
കുറച്ചുമാറി ഒരു ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കാണാം. സ്വയംഭൂവായ ക്ഷേത്രമാണിത്. അവിടന്ന് അല്പംകൂടി മാറി ഒരു ശിവക്ഷേത്രം. അതിനുമുന്നില്‍ ഒരു നന്ദിപ്രതിമയും. നന്ദിക്ക് വലിയ പോറലേറ്റിട്ടില്ല. ക്ഷേത്രത്തിനും നന്ദിപ്രതിമയ്ക്കുമിടയിലായി ഒരു മണ്ഡപമുണ്ട്. അവിടെയായിരുന്നു മുന്‍പ് നര്‍ത്തകിമാര്‍ നൃത്തംചെയ്തിരുന്നത്. പാട്ടുകളുടെ താളത്തിനൊത്ത് അവര്‍ ആടും. ചിലങ്കകളുടെ താളലയങ്ങളില്‍ ലയിച്ച് കാകതീയ രാജാക്കന്മാര്‍ സ്വയംമറന്നിരുന്ന നൃത്തമണ്ഡപങ്ങളുടെ തൂണുകള്‍ മണ്ണില്‍ പൂണ്ടുകിടന്നു.
കോട്ടയുടെ മധ്യഭാഗത്തായി നിലത്ത് ചിതറിക്കിടക്കുന്ന കല്ലുകള്‍ക്കിടയില്‍ ദേവതാശില്പങ്ങള്‍, ആനകള്‍, കുതിരകള്‍, സിംഹങ്ങള്‍ എല്ലാം കാണാം. ഒരു പടയാളി ആനയുടെ മുകളില്‍ വാളും പരിചയുമേന്തി നില്‍ക്കുന്ന പ്രതിമ ആരെയും ആകര്‍ഷിക്കും. അത് റാണി രുദ്രമാദേവിയാണ്. കറുപ്പും ചുവപ്പും നിറത്തിലുള്ള കല്ലുകളിലാണ് ശില്പങ്ങളും മറ്റും നിര്‍മിച്ചിരിക്കുന്നത്.
കുറച്ചുമാറി ഒരു ക്ഷേത്രവും അതിനോടുചേര്‍ന്ന് വാച്ച് ടവര്‍ പോലുള്ള, കോട്ടയുടെ അവശിഷ്ടവും കാണാം. വാച്ച് ടവറിനു മുകളിലേക്കുള്ള വഴി കരിങ്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇടുങ്ങിയ, ചെറിയ പടികളാണിതിന്. ഉയരം കൂടുതലും. മുകളില്‍ നിന്നാല്‍ ചുറ്റിനും പാടങ്ങള്‍ കാണാം. പണ്ട് ഈ വാച്ച് ടവറില്‍ നിന്നാവണം സൈനികര്‍ ശത്രുക്കളുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചിരുന്നത്.
ശില്പങ്ങളും മറ്റും കണ്ടുകഴിഞ്ഞാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ആസ്വദിക്കാം. ആദ്യഷോ 6.30 മുതല്‍ 7.20 വരെയാണ്. അത് തെലുങ്കിലാണ്. ഇംഗ്ലീഷിലുള്ള രണ്ടാമത്തെ ഷോ ഏഴരയ്ക്കും.
കോട്ടയില്‍നിന്ന് മടങ്ങുമ്പോള്‍ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. നേര്‍ത്ത ഇരുട്ടില്‍ കോട്ടയ്ക്ക് മറ്റൊരു രൂപവും ഭാവവും വന്നതു
പോലെ. അവിടവിടെയായി വീണുകിടക്കുന്ന അംഗഭംഗം ബാധിച്ച ശില്പങ്ങള്‍ കണ്ടപ്പോള്‍ ഫോട്ടോഗ്രാഫര്‍ പറഞ്ഞു, 'കബന്ധങ്ങള്‍ ചിതറിക്കിടക്കുന്നതുപോലെ...' ശരിയാണ്...തിരിച്ചുപോരുമ്പോള്‍ റോഡില്‍ ആളുകളും വാഹനങ്ങളും നിറഞ്ഞിരുന്നു. കോട്ടയ്‌ക്കൊപ്പംതന്നെ വാറങ്കലിനും രാത്രിയില്‍ മറ്റൊരു ഭാവമാണ്.
Content Highlights: WARANGAL FORT A JOURNEY THROUGH KAKATIYA DYNASTY