ഏഴുകോടി ചെലവിലെ സാഹസികത; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രി‍ഡ്ഡ്

ഗ്ളാസ് ബ്രിഡ്ജ്,facebook/ our visakhapattanam)
ഗ്ളാസ് ബ്രിഡ്ജ്,facebook/ our visakhapattanam)

കൈലാസഗിരിയുടെ മുകളിൽ നിർമ്മിച്ച അതുല്യമായ നിർമ്മിതി. അതിശയിപ്പിക്കുന്ന കാഴ്ചകളും മികച്ച അനുഭവവും വാഗ്ദാനം ചെയ്യുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് പാലം വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (VMRDA) മേൽനോട്ടത്തിൽ ഒരുങ്ങിക്കഴിഞ്ഞു. സാഹസികത നിറഞ്ഞ ഈ പാലത്തിന്റെ നിർമാണചെലവ് ഏഴുകോടി രൂപയാണ്. 55 മീറ്റർ നീളമുള്ള പാലം, 38 മീറ്റർ നീളമുള്ള കേരളത്തിലെ വാഗമൺ ഗ്ലാസ് പാലത്തിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് ബ്രിഡ്ജെന്ന ഖ്യാതി  വിശാഖപട്ടണത്തിന് സ്വന്തം.

റിപ്പോർട്ടുകൾ പ്രകാരം, 40 ടൺ സ്റ്റീലുകൊണ്ട് താങ്ങിനിർത്തുന്ന ടെമ്പർഡ് ലാമിനേറ്റഡ് ജർമ്മൻ ഗ്ലാസ് പാനലുകളുടെ മൂന്ന് പാളികൾ കൊണ്ടാണ് സുതാര്യമായ ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. സുരക്ഷയ്ക്കാണ് നിർമ്മാണത്തിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഗ്ലാസിന് 100-ലധികം ആളുകളെയും ഒരു ചതുരശ്ര മീറ്ററിൽ 500 കിലോഗ്രാം വരെ ഭാരവും താങ്ങാൻ കഴിയും. തിക്കും തിരക്കും ഒഴിവാക്കാനും സുരക്ഷയുറപ്പാക്കാനുമായി 40 പേരടങ്ങുന്ന സംഘങ്ങളായിട്ടായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 862 അടി (ഏകദേശം 262 മീറ്റർ) ഉയരമുള്ള ഈ പാലം ബംഗാൾ ഉൾക്കടലിന്റെയും വിശാഖപട്ടണത്തെ കുന്നിൻ പ്രദേശങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. 

മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെയും ചുഴലിക്കാറ്റിനെയും പ്രതിരോധിക്കാൻ ഈ നിർമ്മിതിക്ക് കഴിയും. ഹൂദ്ഹൂദ് പോലുള്ള കൊടുങ്കാറ്റുകൾ പതിവായ വിശാഖപട്ടണത്ത് ശക്തമായ സുരക്ഷാകവചങ്ങളോടെയാണ് പാലം ഒരുക്കിയിരിക്കുന്നത്. ചുറ്റിക കൊണ്ടുള്ള പ്രഹരം പോലും താങ്ങാൻ കഴിയുന്ന രീതിയില്‍ രൂപകൽപന ചെയ്തതാണ് ഇതിന്റെ ഗ്ലാസ്. 250-300 രൂപ നിരക്കിലായിരിക്കും പ്രവേശനം.

ഗ്ലാസ് ബ്രിഡ്ജിനുപുറമേ, കൈലാസഗിരിയുടെ മുകളിൽ 5.5 കോടി രൂപ ചെലവിട്ട് 55 അടി ഉയരമുള്ള ത്രിശൂലം നിർമ്മിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. അതേസമയം, 

സെപ്റ്റംബർ 25-നാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വിശാഖപട്ടണത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുമിതെന്നാണ് പ്രതീക്ഷ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Experience breathtaking views from India`s longest cantilever glass bridge in Visakhapatnam.