‘ഉമ്മയുടെയും ടീച്ചർമാരുടെയും നിലവിളികൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു’

ഷഹദിൻ ഉമ്മ സാജിദയ്ക്കൊപ്പം
ഷഹദിൻ ഉമ്മ സാജിദയ്ക്കൊപ്പം

ഇന്ന് അധ്യാപക ദിനം. പാങ്ങ് ഗവ. എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു ആഘോഷദിനം മാത്രമല്ല; വലിയൊരു നോവിന്റെയും കണ്ണീരിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ്. അക്ഷരങ്ങൾ പഠിപ്പിച്ച, എന്നും ചേർത്തുപിടിച്ച പ്രിയപ്പെട്ട അധ്യാപകർ...കഴിഞ്ഞവർഷം വരെ ഒരുമിച്ച് അധ്യാപകദിനം ആഘോഷിച്ച സഹപ്രവർത്തകർ ഇന്ന് അവർക്കൊപ്പമില്ല. കൂടെ, ആ ഗുരുക്കന്മാർക്കും കുഞ്ഞുമക്കൾക്കും അന്നം വിളമ്പിയിരുന്ന സ്നേഹനിധിയായ സാജിദയും.

കഴിഞ്ഞ ഏപ്രിലിൽ വാൽപ്പാറയിലെ കൊടുംവളവിൽ സംഭവിച്ച ബസ് അപകടം ഒരു ഗ്രാമത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയായിരുന്നു. ആ വലിയ ദുരന്തത്തിൽ പാങ്ങ് ഗവ.എൽ.പി. സ്‌കൂളിന് നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ട ആറ് അധ്യാപകരെയും സ്‌കൂളിലെ പാചകക്കാരിയായിരുന്ന സാജിദയെയുമാണ്. എന്നാൽ ആ മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പന്ത്രണ്ടുകാരനുണ്ട്; സാജിദയുടെ മകൻ ഷഹദിൻ. അരയ്ക്കുതാഴെ തളർന്നുപോയിട്ടും തോറ്റുകൊടുക്കാത്ത ആത്മവിശ്വാസവുമായി അവൻ ജീവിതം തിരിച്ചുപിടിക്കുകയാണ്.

അധ്യാപകദിനത്തിൽ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ഉമ്മയെയും ഓർക്കാതിരിക്കാനാവില്ല ഷഹദിന്. ആടിയും പാടിയും സന്തോഷത്തോടെ പോയ വിനോദയാത്രയിലെ പല കാര്യങ്ങളും അവന്റെ ഓർമയിൽ നിന്ന് മാഞ്ഞുപോയെങ്കിലും ഉമ്മയുടെയും അധ്യാപകരുടെയും നിലവിളികൾ ഇന്നും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.

മായില്ല, ആ മുഖങ്ങൾ
“നാലാം ക്ലാസുവരെ പാങ്ങ് ഗവ. എൽ.പി. സ്‌കൂളിലാണ് ഞാനും പഠിച്ചത്. ഉമ്മയും ഞാനും ഒന്നിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. അന്നും ഉമ്മയുടെ കൈപിടിച്ചാണ് ഞാൻ പോയത്. വെറുതെയൊരു ടൂർ... അന്ന് നടന്ന എല്ലാ കാര്യങ്ങളും ഇപ്പോൾ ഓർമയില്ലെങ്കിലും അപകടത്തിന്റെ ഭീകരത എന്റെ ഉള്ളിലുണ്ട്.

ഏപ്രിൽ 17-ാം തീയതിയായിരുന്നു ഞങ്ങൾ യാത്ര പോയത്. വാൽപ്പാറയിലെ ഒരു വളവ് കഴിഞ്ഞ് വരികയായിരുന്നു. പതിനാലാമത്തെ ഹെയർപിൻ വളവ് തിരിയുമ്പോൾ പൊടി കാരണം വണ്ടി ഡ്രിഫ്റ്റായി നേരെ പോയി. അപ്പോൾ ബ്രേക്ക് ആണെന്ന് കരുതി ഡ്രൈവർ ആക്സിലറേറ്റർ ചവിട്ടി. വണ്ടി നേരെ മുന്നോട്ടുപോയി മറിഞ്ഞു, അതാണുണ്ടായത്.

ഉമ്മ സാജിദയ്ക്കൊപ്പം

ഞാൻ അവിടെ വീണുകിടക്കുന്നിടത്തുനിന്നാണ് കണ്ണുതുറന്നത്. എന്റെ അടുത്തിരുന്നത് ഹിഷാം എന്ന കുട്ടിയായിരുന്നു. ഞാൻ ആദ്യം അവനെയാണ് തിരഞ്ഞത്. അവനെ ഞാൻ പിടിച്ചിട്ടുണ്ട്. ഒപ്പം അവിടെയുണ്ടായിരുന്ന കുറച്ച് പുല്ലിലും മുറുകെപിടിച്ചായിരുന്നു ഞാൻ കിടന്നത്. ഉച്ചത്തിലുള്ള എന്റെ നിലവിളി കേട്ടാണ് ആളുകൾ ഓടിവന്നത്. അവർ എല്ലാവരെയും എടുത്തുമാറ്റി. അപ്പോഴേക്കും ആംബുലൻസ് എത്തി. ഓരോരുത്തരെയായി ആംബുലൻസിലൽ കൊണ്ടുപോവുകയായിരുന്നു. അപ്പോഴും എനിക്ക് സംസാരിക്കാനും കണ്ണുതുറക്കാനുമൊക്കെ കഴിയുന്നുണ്ടായിരുന്നു. പക്ഷേ കാൽ മാത്രം അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതിനിടയിൽ എപ്പോഴോ ഒരു നോക്ക് ഉമ്മയെ കണ്ടതായി എന്റെ ഓർമ്മയിൽ തെളിയുന്നുണ്ടായിരുന്നു.

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ അഞ്ച് ദിവസം ഐ.സി.യുവിലായിരുന്നു ഞാൻ. തുടർന്ന് സർജറിക്കായി കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലേക്ക് മാറ്റി. മൂന്നാഴ്ചയോളം അവിടെ കിടന്നു. പിന്നീട് നാട്ടിലെ ഇ.എം.എസ് ഹോസ്പിറ്റലിലേക്കും അവിടെനിന്ന് വീട്ടിലേക്കും കൊണ്ടുവന്നു. പിന്നീടാണ് ഫിസിയോതെറാപ്പി സെന്ററിൽ ചികിത്സ തുടങ്ങിയത്.

ഉമ്മയെക്കുറിച്ച് ഓർക്കുമ്പോൾ എന്നും സങ്കടംതന്നെയാണ്. ആദ്യമൊക്കെ കുറേ കരഞ്ഞു. പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഉമ്മയെ ഇനി ഒരിക്കലും കാണാനാവില്ലാന്ന്... കോവിഡ് വന്ന സമയത്താണ് ഉപ്പ മരിച്ചത്. ഇപ്പോൾ ഉമ്മയും...” വേദനകളെ ഉള്ളിലൊതുക്കി, വാക്കുകൾ ഇടറാതെ ഷഹദിൻ പറഞ്ഞുനിർത്തി. 

തിരികെ ജീവിതത്തിലേക്ക്
പെരിന്തൽമണ്ണ കിംസ് അൽ ഷിഫയിലെ റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റിലാണ്(PMR) ഷഹദിൻ ഇപ്പോഴുള്ളത്. അവിടുത്തെ ഫിസിഷ്യനായ ഡോ. ഷാഹിൻ കെ. ഇ. ഷഹദിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് പ്രതീക്ഷയോടെ സംസാരിച്ചു. “ഷഹദിന് 12 വയസ്സാണ്. പാരാപ്ലീജിയ എന്ന അവസ്ഥയാണ് അവന്റേത്. അതായത് അരയ്ക്കുതാഴെ തളർന്നുപോയ അവസ്ഥ. സ്പൈനൽ കോഡിന് പരിക്കേൽക്കുകയും സ്പൈനൽ ഫ്രാക്ചേഴ്സ് ഉണ്ടാകുകയും ചെയ്തിരുന്നു. അത് ഫിക്സ് ചെയ്തെങ്കിലും ന്യൂറോളജിക്കലായി കാര്യമായ പുരോഗതിയുണ്ടായില്ല. ഇപ്പോൾ രണ്ടു കാലുകളും തളർന്ന അവസ്ഥയിലാണ്.

ഇങ്ങനെയുള്ള ആളുകളിൽ ന്യൂറോളജിയിൽ മാറ്റമില്ലാതാകുമ്പോൾ അവരെ പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നത്. വീൽചെയറിലേക്ക് മാറ്റി, അതിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് പരിശീലിപ്പിക്കും. നടക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ, കൈകൾ ഉപയോഗിച്ച് വീൽചെയറിലിരുന്ന് ദൈനംദിന കാര്യങ്ങളെല്ലാം സ്വയം ചെയ്യാൻ കഴിയുന്ന രീതിയിലാണ് പരിശീലനം നൽകുന്നത്. ടോയ്ലറ്റിലേക്ക് മാറിയിരിക്കാൻ, വസ്ത്രം ധരിക്കാൻ, പാന്റ് ഇടാൻ തുടങ്ങിയ കാര്യങ്ങളും പരിശീലിപ്പിക്കും. കിടന്നിടത്തുനിന്ന് ശരീരം ചെരിച്ചിടാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന് അതിനാവശ്യമായ ബലം കൈവരിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്. വീൽചെയറിൽ നിന്ന് കഴിയുന്നത്ര കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റുന്ന രീതിയിലാണ് അവനെ പരിശീലിപ്പിക്കുന്നത്. കാലിൽ ധരിക്കുന്ന ബെൽറ്റ് പോലുള്ള കാലിപ്പറുകൾ ഉപയോഗിച്ച് നിൽക്കാനും ബാലൻസ് ചെയ്യാനുമുള്ള പരിശീലനവും നൽകുന്നുണ്ട്.

ഷഹദിൻ ഞങ്ങളുടെ അടുത്തെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇവിടെ എത്തിയപ്പോൾ മൂത്രം പോകാൻ യൂറിനറി കത്തീറ്റർ ഉപയോഗിക്കുന്നുണ്ടായിരുന്നു. സ്പൈനൽ കോഡ് ഇഞ്ചുറി ഉള്ളതിനാൽ സ്വന്തമായി മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. അത് സ്വയം മാനേജ് ചെയ്യാനുള്ള ടെക്നിക്കുകളും ഞങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

ചെറിയ കുട്ടിയായതിനാൽ അവന്റെ പഠനം മുടങ്ങാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇപ്പോൾ സ്‌കൂളിൽ പോകുന്നില്ലെങ്കിലും ഇവിടെയിരുന്ന് പഠിക്കാറുണ്ട്. പുസ്തകങ്ങൾ വായിച്ച് പഠിക്കും. ഹോം വർക്കുകളും ചെയ്യും. അവന്റെ ഒരു മാഷും എപ്പോഴും അവനുമായി ബന്ധപ്പെടാറുണ്ട്.”

സമീൽ പൂവ്വഞ്ചേരി(മാനേജർ, PMR), ഡോ. ഷാഹിൻ കെ. ഇ, എന്നിവർക്കൊപ്പം

കരുതലായി കുടുംബവും അധ്യാപകരും
അപകടത്തിനുശേഷം ആശുപത്രിയിലും ചികിത്സാകേന്ദ്രത്തിലുമായി ഷഹദിന് തുണയായി അമ്മാവന്മാരായ നാസറും കബീറും അമ്മായി സുലൈഖയുമുണ്ട്. അവരുടെ സ്നേഹവും പിന്തുണയുമാണ് ഷഹദിന്റെ ഏറ്റവും വലിയ കരുത്ത്.
“വീടിനടുത്തുള്ള ഫിസിയോതെറാപ്പി സെന്ററിലായിരുന്നപ്പോൾ കൂട്ടുകാരൊക്കെ ഇടയ്ക്ക് കാണാൻ വരുമായിരുന്നു. ദൂരെയായതുകൊണ്ട് ഇപ്പോൾ അതിന് കഴിയുന്നില്ല. ഗഫൂർ സാർ എന്നെ കാണാൻ വന്നിരുന്നു. ഞാൻ ഇവിടെ ആയതുകൊണ്ടാണ് സാറിനും വരാൻ പറ്റാത്തത്. പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും അധ്യാപകർ സഹായിക്കുന്നുണ്ട്.” ക്ലാസ് മുറിയിൽ നിന്ന് അകലെയാണെങ്കിലും പഠനത്തിനും ജീവിതത്തിനുമൊപ്പം നിൽക്കുന്ന അധ്യാപകരുടെ സ്‌നേഹം അവനെ ഇപ്പോഴും ചേർത്തുപിടിക്കുകയാണ്...

വേദനകളെക്കുറിച്ച് പറയുമ്പോഴും ഷഹദിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ അവന് പറയാനുള്ളത് സ്വപ്നങ്ങളാണ്.
“എനിക്ക് നടക്കണം, സ്‌കൂളിൽ പോകണം, മദ്രസയിൽ പോകണം... ഇപ്പോൾ ഞാൻ സ്വന്തമായിട്ട് ഇരിക്കും. കുറേനേരം കൈകുത്തി നിൽക്കും. വീൽചെയറിലൊക്കെ സ്വന്തമായിട്ട് ഇരിക്കാൻ കഴിയുന്നുണ്ട്. വീൽചെയർ വണ്ടി കൊണ്ടുപോകാനും കഴിയും. നല്ല മാറ്റങ്ങൾ എനിക്ക് ഒരുപാട് സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ട്. ഇത്തവണ ഓണത്തിന് മാവേലിയായത് ഞാനായിരുന്നു. വീൽചെയറിലിരുന്നാണെങ്കിലും ഒരുപാട് കളി തമാശകളൊക്കെയായി നല്ല രസമായിരുന്നു. നല്ലൊരു ഓണമാണ് എല്ലാവരും എനിക്ക് സമ്മാനിച്ചത്.”

ഉമ്മയുടെ സ്നേഹവും ഗുരുക്കന്മാരുടെ കരുതലും ഇനി ഓർമകളിൽ മാത്രമാണെങ്കിലും, അവർ പകന്നുനൽകിയ ആത്മവിശ്വാസവുമായി ഷഹദിൻ മുന്നോട്ടുപോവുകയാണ്. ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ശ്രമിക്കുന്ന ഡോക്ടർമാരോടും, അറിവും സ്നേഹവും പകർന്നുനൽകിയ അധ്യാപകരോടും, തനിക്കൊപ്പം നിൽക്കുന്ന എല്ലാവരോടും ഷഹദിന് പറയാനുള്ളത് നന്ദി മാത്രം. അവന് ഇനിയും നടക്കണം. സ്‌കൂളിലേക്ക് തിരിച്ചുപോകണം. അതിനുമപ്പുറം, ജീവിതത്തിലേക്ക് തന്നെ തിരിച്ചുനടക്കണം…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: valparai-bus-accident-survivor-shahdin-story