ചാറ്റല്‍മഴ നനഞ്ഞ് മസായിമാരയെന്ന വാഗ്ദത്ത ഭൂമിയിലേക്ക്

കടും ചുവപ്പു നിറത്തില്‍ ആകാശം, ദൂരെ അസ്തമയ സൂര്യന്റെ പാശ്ചാത്തലത്തില്‍ നടന്നു നീങ്ങുന്ന ജിറാഫുകളും ആനകളും. മോഹിപ്പിക്കുന്ന ആഫ്രിക്കന്‍ വന്യത. ചുറ്റും എണ്ണമറ്റ വൈല്‍ഡ് ബീസ്റ്റുകളും സീബ്രകളും. ഇരുണ്ട ഭൂഖണ്ഡത്തിലെ വന്യ ജീവി സമ്പത്തിന്റെ ഏറിയ പങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്, മാസായി മാറയില്‍.പൗരാണിക ഗോത്ര വര്‍ഗ്ഗമായ 'മാസായി' കളുടെ പേരിലറിയപ്പെടുന്ന പാര്‍ക്ക് ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണ്. പതിനഞ്ചും , ഇരുപതും പേര്‍ക്കിരിക്കാവുന്ന നിരവധി ചെറിയ ഫ്‌ലൈറ്റുകള്‍ ഓരോ മണിക്കൂറിലും കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്നും മാസായി മാരയില്‍ എത്തിച്ചേരുന്നു.
വാഗ്ദത്ത ഭൂവിലേക്ക്.
മാസായിമാരയില്‍ ഇപ്പോള്‍ വരണ്ട കാലാവസ്ഥയാണ്. എങ്കിലും ചിലപ്പോഴൊക്കെ മഴ ലഭിക്കും. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പീഡ ഭൂമി പുല്ലുകളാല്‍ നിറഞ്ഞിരിക്കുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാര സംഭവ ബഹുലമായിരിക്കും. വാഗ്ദത്ത ഭൂവിലേക്കു കാതങ്ങള്‍ താണ്ടി വൈല്‍ഡ് ബീസ്റ്റുകളും വരയന്‍ കുതിരകളും എത്തി കൊണ്ടേയിരുന്നു. അവയുടെ വരവും കാത്തു നില്‍ക്കുന്ന ഹിംസ മൃഗങ്ങള്‍ക്കു ഇത് സമൃദ്ധിയുടെ കാലമാണ്. ഒരല്പം വൈകിയിരുന്നു മരായില്‍ എത്തിച്ചേരാന്‍. ഇടി മിന്നലും ചാറ്റല്‍ മഴയും ഞങ്ങളെ വരവേറ്റു. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. വശം തുറന്ന ലാന്‍ഡ് ക്രൂയിസറില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ രോമകുപ്പായം മതിയാകാതെ വന്നു. വളഞ്ഞൊഴുകി കൊണ്ടിരിക്കുന്ന മാര നദിയില്‍ നക്രങ്ങളും, നീര്‍കുതിരകളും പുളച്ചു കൊണ്ടിരിക്കുന്നു. നദിയുടെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ കയറിയും ഇറങ്ങിയും യാത്ര തുടര്‍ന്നു. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയിലെ ചെന്നായ്ക്കളെ അനുസ്മരിപ്പിക്കും വിധം കഴുത പുലികള്‍ അവയുടെ മാളങ്ങളില്‍ നിന്നും പുറത്തിറങ്ങി തുടങ്ങി. പരന്നു കിടക്കുന്ന പുല്‍ത്തകിടിയില്‍ സീബ്ര, വൈല്‍ഡ് ബീസ്റ്റ്, ടോപ്പി, ജിറാഫ്, തുടങ്ങിയവ യഥേഷ്ടം വിഹരിക്കുന്നു. അനുവദിക്കപ്പെട്ട സഫാരി രണ്ടു മണിക്കൂര്‍ മാത്രമാണ്. തിരിച്ചു വരുമ്പോള്‍ സഫാരി വാഹനങ്ങളെല്ലാം ഒരിടത്തു കേന്ദ്രീകരിച്ചിരിക്കുന്നു. കരയിലെ ഏറ്റവും വേഗം കൂടിയ ജീവിയായ ചീറ്റപ്പുലി ഒരു മണ്‍തിട്ടയില്‍ ഇരുന്നു കൊണ്ട് ചുറ്റും വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
നിശാ സല്ലാപം
രാത്രി ഭക്ഷണത്തിനു തയാറെടുപ്പുകള്‍ പുഴയോരത്തുള്ള ഉദ്യാനത്തില്‍ തകൃതിയായി നടക്കുന്നു. വറുത്തെടുത്ത മത്സ്യത്തിന്റെയും, ചുട്ടെടുത്ത പല തരത്തിലുള്ള മാംസത്തിന്റെയും ഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നു. താമസിയാതെ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പി തുടങ്ങി. കൊമ്പ് വിളികളും ആരോഹണാവരോഹണത്തിലുള്ള ആര്‍പ്പ് വിളികളും കൊണ്ട് അത്താഴ സദസ്സ് നര്‍ത്തകര്‍ ഉത്സവ സമാനമാക്കി തീര്‍ത്തു. തീ കായുന്നതിനിടയില്‍ ദാനിയേല്‍ വന്നു. മസായികളുടെ പരമ്പരഗതമായ വേഷവിധാനം. കറുപ്പും, കടും ചുകപ്പും നിറത്തിലുള്ള പാവാട കണക്കെയുള്ള ഉടുപ്പും, ദേഹത്തിനു കുറുകെ ചുറ്റിയ ഉത്തരീയവുമാണ് വേഷം.അരയില്‍ ചുറ്റിയ പട്ടയില്‍ രണ്ടടിയോളം വലുപ്പമുള്ള കത്തി കാണാം.പഴയ ടയര്‍ കീറി മുറിച്ചു ഉണ്ടാക്കിയ കറുത്ത നിറത്തിലുള്ള ചെരുപ്പുകള്‍. ഡാനിയേല്‍ പരിചയ സമ്പന്നനായ ഗൈഡാണ്. ജൈവ വ്യവസ്ഥയെക്കുറിച്ചും ജീവികളെക്കുറിച്ചും നല്ല അവഗാഹം. അതിഥികള്‍ അവരുടെ ടെന്റുകളിലേക്കു നീങ്ങി തുടങ്ങിഅതി രാവിലേ പുറപ്പെടേണ്ടതുണ്ട്.
മഞ്ഞു കണങ്ങള്‍ തീര്‍ത്ത മരീചിക
സൂര്യോദയത്തിനു മുന്നേ പാര്‍ക്കിലേക്ക് പുറപ്പെട്ടു. രക്ത വര്‍ണത്തില്‍ ആകാശം. അതിനു കീഴെ ചെറുതും വലുതുമായ ജന്തുക്കള്‍ ഓരോന്നായി ചലിച്ചു തുടങ്ങി. രാത്രിഞ്ചരന്മാരായ മാംസ ഭുക്കുകളില്‍ നിന്നും ഒരു ദിനം കൂടി അതിജീവിച്ചവ. കൂടെയുണ്ടായ പലതും ഇതിനകം ഇരയാക്കപ്പെട്ടിട്ടുണ്ടാവും. ഇരയാക്കപ്പെടണം. അത് കാടിന്റെ നിയമമാണ്, പ്രകൃതി നിയമമാണ്, മറ്റൊരു തരത്തില്‍ വിശേഷിപ്പിച്ചാല്‍ ത്യാഗം, മനുഷ്യ വംശത്തിന്റെ നിലനില്പിനാവശ്യമായ പ്രകൃതി സന്തുലനത്തിനു വേണ്ടിയുള്ള ത്യാഗം.
പുല്‌മേടുകള്‍ മഞ്ഞു കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. വിദൂരതയില്‍ അത് തടാകങ്ങളെന്നോണം തോന്നിപ്പിച്ചു. അടുക്കുന്തോറും അകലത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മരീചികയായി അത് മാറി.
പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും നല്ല കാഴ്ചകള്‍ ലഭിക്കുക . അത്തരത്തില്‍ ലഭിച്ച ഒന്നായിരുന്നു മരത്തിനു മുകളില്‍ വിശ്രമിക്കുന്ന പുള്ളി പുലി .സമീപത്തായി തലേന്നു വേട്ടയാടി പിടിച്ച മാനിന്റെ ജഡം കൊമ്പില്‍ തൂങ്ങി നില്പുണ്ടായിരുന്നു. ആകാശത്തു വട്ടമിട്ടു പറക്കുന്ന കഴുകന്മാരുടെ ചലനത്തെ പിന്തുടര്‍ന്നെത്തുന്ന ഈ മൃഗങ്ങള്‍ ഇരയാക്കപ്പെട്ട മൃഗത്തിന്റെ സാന്നിധ്യം എളുപ്പം മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വേട്ടയാടിയ മൃഗത്തെ പുള്ളിപ്പുലികള്‍ സാധാരണ ഗതിയില്‍ നിലത്തു നിന്നും ഭക്ഷിക്കാറില്ല.
മാറായിലെ രാജകുമാരന്മാര്‍
ഓമനത്തം തുളുമ്പുന്ന മുഖവുമായി സിംഹക്കുഞ്ഞുങ്ങള്‍ കുറ്റിക്കാടുകള്‍ വകഞ്ഞു മാറ്റി പുറത്തേക്കിറങ്ങി. ദൂരെ മേഞ്ഞു നടക്കുന്ന മാന്‍ കൂട്ടങ്ങളുടെ നേര്‍ക്ക് സഹജ വാസനയാല്‍ ശബ്ദമിട്ടു കുതിച്ചു. പിന്നെ യാഥാര്‍ഥ്യ ബോധ്യത്തോടെ മുതിര്‍ന്ന സിംഹങ്ങളുടെ അടുത്തേക്ക് തിരികെ മടങ്ങി. പെട്ടെന്ന് ഉയര്‍ന്നു നിന്ന പുല്‍ക്കാടുകളിലൂടെ താഴെ ചരുവിലേക്കു വൈല്‍ഡ് ബീസ്റ്റ് ജീവനും കൊണ്ടോടുന്നതുകണ്ടു. അപ്പോഴേക്കും വ്യാഘ്രം അതിന്റെ ദ്രംഷ്ട്രങ്ങള്‍ കുതി കാലില്‍ ആഴ്ത്തിയിറക്കിക്കഴിഞ്ഞിരുന്നു. എല്ലുകള്‍ ചതഞ്ഞമരുന്ന ശബ്ദം..നിലവിളി. കഴുതപ്പുലി പിടുത്തം വിട്ടു ചുറ്റും ധൃതിയില്‍ വീക്ഷിച്ചു. എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയില്ലാത്ത ഇരയുടെ പൃഷ്ഠ ഭാഗത്തു നിന്നും കശാപ്പുകാരന്‍ മുറിച്ചെടുക്കുന്നത് പോലെ ഒരു തുണ്ട് മാംസം അത് പറിച്ചെടുത്തു.
മരണത്തെ പ്രണയിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമോ ദാനിയേല്‍ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഇര മൃഗത്തിന്റെ കണ്ണുകളില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നു.
എവിടെ നിന്നെല്ലാമോ കഴുകന്മാരും മറാബു സ്റ്റോര്‍ക്കുകളും പറന്നിറങ്ങി കൊണ്ടിരുന്നു.അടുത്തത് അവയുടെ അവസരമാണ്.
വെയില്‍ കനത്തു വരികയാണ്.... പുഴക്കു സമാന്തരമായ വഴിയില്‍ കൂടെ മടക്കം. വെറുതെ തിരികെ നോക്കി. കുറുനരികള്‍ ജഡത്തിന്‍ മേല്‍ അവകാശം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ലഭിച്ച എല്ലിന്‍ കഷണങ്ങളുമായി കഴുകന്‍മാര്‍ പുഴയോരത്തെ ഉയര്‍ന്ന വൃക്ഷങ്ങളിലേക്ക് ചിറകിട്ടടിച്ചു . ഇനി വിശ്രമമാണ്. കാഴ്ചകള്‍ക്ക് താത്കാലിക വിരാമം.
Content Highlights: Travelogue through masai mara kenya