അമോണൈറ്റുകളെ കാണാന്‍ സമുദ്രജീവികള്‍ വാണ അരിയലൂരില്‍

ജലജീവികള്‍ നീന്തിത്തുടിച്ചിരുന്ന പറുദീസ- ആറരക്കോടി കൊല്ലങ്ങള്‍ക്കുമുന്‍പ് അങ്ങനെയായിരുന്നു തമിഴ്നാട്ടിലെ അരിയലൂരും സമീപജില്ലകളും. ഭീമന്‍ അമോണൈറ്റുകളും നക്ഷത്രമത്സ്യങ്ങളുമടക്കം അയ്യായിരത്തിലേറെ സമുദ്രജീവിവര്‍ഗങ്ങള്‍ വിഹരിച്ച ഇടം.
പ്രകൃതി, ഫോസിലുകളായി കാത്തുവെച്ച അവയുടെ ശേഷിപ്പുകള്‍ തേടി അരിയലൂരിലേക്ക് പുറപ്പെടുമ്പോള്‍ ഇന്റര്‍നെറ്റില്‍ കണ്ട ഒരുപിടി ഫോസില്‍ ചിത്രങ്ങളും അതില്‍നിന്ന് സങ്കല്പിച്ചെടുത്ത മറ്റൊരു ലോകവുമായിരുന്നു മനസ്സില്‍. കാണാന്‍ പോകുന്നത് ദിനോസറുകളുടെ സമകാലികരായി സമുദ്രത്തില്‍ ജീവിച്ചവരെയാണ്. അമോണൈറ്റുകള്‍, നക്ഷത്രമത്സ്യങ്ങള്‍, കക്കകള്‍, ചിപ്പികള്‍, മരങ്ങള്‍, ചെടികള്‍... നീളുന്ന ജൈവസമൃദ്ധി. മണ്‍മറഞ്ഞ പൂര്‍വികരുടെ അംശമുള്ള ശിലകളും മണ്ണും നേരിട്ടറിയാനും തൊട്ടുനോക്കാനുമുള്ള കൗതുകം അടക്കാനായില്ല.
നേരെ മ്യൂസിയത്തിലേക്ക്
മറൈന്‍ ഫോസിലുകള്‍ പ്രദര്‍ശനത്തിനുവെച്ച അരിയലൂര്‍ ഫോസില്‍ മ്യൂസിയത്തിലേക്കാണ് ആദ്യം എത്തിയത്. രാവിലെ ഒമ്പതുമണിയോടെ അരിയലൂരില്‍നിന്ന് ബസ് കയറി. പത്തുകിലോമീറ്റര്‍ സഞ്ചരിക്കണം. വരള്‍ച്ചയുള്ളയിടങ്ങളിലും വേരൂന്നി വെള്ളം വലിച്ചെടുക്കാന്‍ കരുത്തുള്ള ആര്യവേപ്പിനും മുരിങ്ങയ്ക്കും തമിഴ്നാട്ടില്‍ പഞ്ഞമില്ല.
ഹൈവേയോടുചേര്‍ന്ന് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമിയും കണ്ട് വാരണവാസി ഗ്രാമത്തിലെത്തി. ആര്‍.ടി.ഒ. ഓഫീസിന് സമീപമുള്ള സ്റ്റോപ്പില്‍ ഇറങ്ങി അല്പം പുറകോട്ടുനടന്നാല്‍ മ്യൂസിയമായി. ഗുണ്ടല്‍പേട്ടിലും വയനാട്ടിലുമൊക്കെ ധാരാളം കാണാറുള്ള സാന്റാമരിയച്ചെടികള്‍ വെളുത്ത പൂക്കളുമായി നിരത്തുവക്കിലുടനീളം കാടുപിടിച്ചു കിടക്കുന്നു. കൃഷിയിടങ്ങളിലെ കളയാണിത്. മഞ്ഞയും നീലയും പൂക്കളുള്ള, ചെറുതും വലുതുമായ വേറെയും ചെടികള്‍. മ്യൂസിയത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ജൈവപരിണാമത്തില്‍ അരിയലൂരിനുള്ള പ്രാധാന്യം അധികമറിയപ്പെടാത്തതാവാം കാരണം. വാരണവാസി ഗ്രാമത്തില്‍ മണലും പാറയും ചെറുതിട്ടകളും താഴ്ചകളുമായി പരന്നുകിടക്കുന്ന 120 ഏക്കര്‍ തരിശുഭൂമിയില്‍ രണ്ടുകോടി രൂപ ചെലവിട്ടാണ് മ്യൂസിയം പണിതിട്ടുള്ളത്.
1843-ല്‍ ബ്രിട്ടീഷുകാരാണ് അരിയലൂരിലെ പ്രത്യേകവസ്തുക്കളെ'വെളിച്ചത്തുകൊണ്ടുവന്നത്. താമസിയാതെ, ലോകമെമ്പാടുമുള്ള ഭൗമശാസ്ത്രജ്ഞര്‍ ഇവിടേക്കൊഴുകി. 5,000ത്തില്‍പരം സമുദ്രജീവികള്‍ കഴിഞ്ഞ കടലായിരുന്നു ഒരുകാലത്ത് അരിയലൂരെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എന്തുകൊണ്ടിവിടെ ഫോസിലുകള്‍ വന്നെന്നായി പിന്നീടുള്ള പഠനങ്ങള്‍. ഇവിടെ കണ്ട ചുണ്ണാമ്പുകല്ലുകളുടെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍നിന്ന് ഉദ്ഭവിച്ചതാണെന്നും മറൈന്‍ ട്രാന്‍സ്ഗ്രഷന്‍ എന്ന അപൂര്‍വ ഭൗമപ്രതിഭാസത്താല്‍ രൂപംകൊണ്ടതാണെന്നും പിന്നീട് ഗവേഷണങ്ങളില്‍ തെളിഞ്ഞു.
'സിമന്റ് സിറ്റി'
നാലുജില്ലകളിലായി വ്യാപിച്ചുകിടന്ന തമിഴ്‌നാട്ടിലെ ഈ ഫോസില്‍ ശേഖരത്തിന് നാഥനില്ലാത്ത കാലമുണ്ടായിരുന്നു. ഇവിടെയുള്ളതത്രയും ചരിത്രശേഷിപ്പുകളാണ്. പക്ഷേ, കാത്സ്യസമ്പുഷ്ടമായ ടണ്‍ കണക്കിന് ഫോസിലുകളുള്ള അരിയലൂരിനെ സിമന്റ് ഫാക്ടറികള്‍ ഇതിനകം വിഴുങ്ങിക്കഴിഞ്ഞു. 'സിമന്റ് സിറ്റി'യെന്ന വിളിപ്പേരുമുണ്ട് അരിയലൂര്‍ ജില്ലയ്ക്ക്.
സിമന്റ് നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃതവസ്തുക്കളായ ചുണ്ണാമ്പും കാത്സ്യവും ഫോസിലുകളില്‍ ധാരാളമുണ്ട്. ഫോസിലടങ്ങിയ 65,000 ടണ്‍ അസംസ്‌കൃത വസ്തുകളാണ് സിമന്റ് ഫാക്ടറികള്‍ ദിനംപ്രതി ശേഖരിക്കുന്നത്. അതിനാല്‍ 50-60 വര്‍ഷത്തിനുള്ളില്‍തന്നെ ഈ ഫോസിലുകളെല്ലാം നാമാവശേഷമാകുമെന്നാണ് ആശങ്ക. സ്വകാര്യവ്യക്തികള്‍ ഫോസിലുകള്‍ കുഴിച്ചെടുത്ത് വില്‍ക്കുന്നു. ഇവിടെ ലാഭമുള്ള ബിസിനസാണിത്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് സര്‍ക്കാര്‍ ഫോസില്‍ മ്യൂസിയത്തിന് രൂപംനല്‍കിയത്. പക്ഷേ, ഫോസില്‍ സംരക്ഷണത്തിന് കാര്യമായ ഇടപെടലുകളുണ്ടണ്ടാകുന്നില്ലെന്ന്് നാട്ടുകാര്‍ പറയുന്നു.
മ്യൂസിയത്തിലേക്ക് കയറുമ്പോള്‍ത്തന്നെ ദിനോസര്‍ ഫോസിലിന്റെ മാതൃക കാണാം. പെരമ്പലൂരില്‍നിന്ന് ദിനോസര്‍മുട്ടയെന്നുകരുതുന്ന വസ്തുക്കള്‍ കണ്ടെടുത്തതിനാല്‍, അവ ഇന്നാട്ടില്‍ അധിവസിച്ചിരുന്നെന്ന അനുമാനത്തിലാണ് ഇവിടെ ദിനോസറിന് ഇത്രയേറെ പ്രാധാന്യം നല്‍കിയിട്ടുള്ളത്. മുട്ടകള്‍ ദിനോസറിന്റെതാണെന്നുറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.
കാംബ്രിയന്‍, ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിലുള്ള സ്റ്റിബ്നൈറ്റ്, ബെറില്‍, സ്ഫടികക്കല്ലുകള്‍, ഒലിവൈന്‍ തുടങ്ങി പലനിറത്തിലും ഗുണത്തിലുമുള്ള ശിലകള്‍ മ്യൂസിയത്തിലുണ്ട്. അവയ്ക്കുപുറമേ പലതരം അമോണൈറ്റുകള്‍, ചിപ്പികള്‍, മരം, ജുറാസിക് കാലത്തും ക്രിറ്റേഷ്യസ് കാലത്തും ജീവിച്ച കണവ പോലുള്ള ബെലംനോയ്ഡിന്റെ ബുള്ളറ്റുപോലുള്ള ഫോസില്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയുടെ ശേഖരവും ഇവിടെയുണ്ട്.
മ്യൂസിയം നടന്നുകാണുന്നതിനിടെ നാഗപട്ടണത്തെ സര്‍ ഐസക് ന്യൂട്ടന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ഒരുസംഘം ജിയോളജി വിദ്യാര്‍ഥികളും അധ്യാപകരും വന്നു. മലയാളിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍സി സിമന്റ് ഫാക്ടറികളുടെ ഫോസില്‍ കൊള്ളയെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. പഠനകാലത്ത് താന്‍ ഫീല്‍ഡില്‍ പോയിക്കണ്ട പല ഫോസില്‍ശേഖരങ്ങളും, ഇപ്പോള്‍ വിദ്യാര്‍ഥികളുമായി പോകുമ്പോള്‍ അവിടങ്ങളില്‍ കാണാനില്ലത്രേ! അരിയലൂരിനെക്കുറിച്ച് കുറെ കാര്യങ്ങളും അവര്‍ വിശദീകരിച്ചു.
'കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് കടല്‍, പുതുച്ചേരിമുതല്‍ തെക്ക് കാരയ്ക്കല്‍വരെയുള്ള കരയിലേക്ക് കയറുകയും ഏകദേശം എട്ടുകോടി വര്‍ഷങ്ങളോളം തല്‍സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നത്രേ. ഇന്ന് കാണുന്ന ഒരുലക്ഷം ഹെക്ടറോളം വരുന്ന കരപ്രദേശം അന്ന് സമുദ്രമായിരുന്നു.
പിന്നീട്, കടല്‍ പിന്‍വാങ്ങി. അരിയലൂര്‍ ജില്ലയുടെ യെല്ലകുറിച്ചി, കടുര്‍ ഗ്രാമങ്ങള്‍ക്കിടയിലെ ഇരുപത്തിയഞ്ച് കിലോമീറ്ററോളം വരുന്ന മേഖലയായിരുന്നു കടലിന്റെ ആഴമേറിയ ഭാഗെമന്ന് വിശ്വസിക്കപ്പെടുന്നത്.'
ലൈവ് ഫോസിലുകള്‍
മ്യൂസിയത്തില്‍നിന്ന് പെരമ്പലൂരിലെ കറമ്പിയം എന്ന ഗ്രാമത്തിലേക്കാണ് പുറപ്പെട്ടത്. ലൈവ് ഫോസിലുകള്‍ കാണുകയായിരുന്നു ലക്ഷ്യം. മ്യൂസിയത്തില്‍നിന്ന് ലഭിച്ച റൂട്ട് മാപ്പനുസരിച്ച് മേലേമതുറില്‍ ബസിറങ്ങി ഓട്ടോ പിടിച്ചു. ഓട്ടോഡ്രൈവര്‍, വെട്രി യാത്രയിലുടനീളം ആഗമനോദ്ദേശ്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. മാപ്പില്‍ സൂചിപ്പിച്ച പ്രകാരം അവസാനം ഒരു ക്ഷേത്രകവാടത്തിന് മുന്നിലെത്തി. ഇനിയങ്ങോട്ട് മാപ്പില്ല. സൈറ്റിലേക്കുള്ള വഴി ആര്‍ക്കും തിട്ടവുമില്ല. നാട്ടുകാരില്‍ അധികം പേര്‍ക്കൊന്നും ഇവിടെ ഫോസില്‍ കണ്ടെത്തിയ വിവരം അറിയുന്ന മട്ടില്ല. ഉടനെ വെട്രി ഇടപെട്ടു. പരിചയക്കാര്‍ പലരെയും ഫോണില്‍ വിളിച്ചു.
ആ സമയത്താണ് ജവാഹര്‍ലാല്‍ നെഹ്‌റുവെന്ന് പേരുള്ള അധ്യാപകന്‍ അരികിലേക്ക് വന്നത്. ആറുമാസം മുന്‍പാണ് ഇവിടെ ഫോസിലുകള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് കോവിലിന് സമീപത്തുകൂടി ഉള്‍ഗ്രാമത്തിലേക്കുള്ള വഴി കാണിച്ചുതന്നു. പത്തുകൊല്ലം മുന്‍പ് പച്ചപ്പ് നിറഞ്ഞുനിന്നിരുന്ന ആ സ്ഥലത്തെക്കുറിച്ചും പിന്നീട് കൃഷിയ്ക്കായി വെട്ടിനിരത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
പട്ടുനൂല്‍പ്പുഴുക്കൃഷിക്കും ചോളക്കൃഷിക്കുമൊരുക്കിയ പാടങ്ങള്‍, കോവില്‍, കൂട്ടം കൂട്ടമായി ആടുകളെ തീറ്റാനിറങ്ങിയ തമിഴ് സ്ത്രീകള്‍... കാഴ്ചകള്‍ കണ്ടുനടന്നു. പകുതിവഴിയെത്തിയപ്പോഴേക്കും 'വാധ്യാര്‍' ഏര്‍പ്പാടാക്കിയ മറ്റൊരാള്‍ കാത്തുനിന്നിരുന്നു. നാട്ടുകാരനായ പളനിസ്വാമി. ഇനിയുള്ള വഴി അദ്ദേഹം കാണിച്ചുതരുമെന്ന് പറഞ്ഞ് സ്‌നേഹത്തോടെ നെഹ്‌റു വാധ്യാര്‍ യാത്രപറഞ്ഞു.
കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് ആടുകള്‍ മേയുന്നു. മഞ്ഞനിറത്തില്‍ പൂത്തും കായ്ച്ചും നില്‍ക്കുന്ന കള്ളിച്ചെടികള്‍ ധാരാളമുണ്ടായിരുന്നു. ദൂരെ കമ്പിവേലി കെട്ടി വേര്‍തിരിച്ച ഭാഗത്താണ് ഫോസിലുകള്‍ സംരക്ഷിച്ചിരിക്കുന്നത്. ചെറുചിപ്പികളുടെയും കുഞ്ഞന്‍ അമോണൈറ്റുകളുടെയും ഫോസിലുകള്‍ പാറയില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ട് ഉള്ളിലേക്ക് കയറി. പാറകളില്‍ കൊത്തുപണിപോലെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശേഷിപ്പുകള്‍. നീണ്ടുപരന്ന് കിടക്കുന്ന പാറകളില്‍ ഫോസിലിന്റെ അംശമില്ലാത്തവ ഒന്നുപോലുമില്ലായിരുന്നു. ദൂരെനിന്ന് പളനിസ്വാമിയുടെ വിളികേട്ട് അങ്ങോട്ടുചെന്നു. നോക്കിയപ്പോള്‍, രണ്ട് ഭീമന്‍ അമോണൈറ്റുകള്‍ ചുരുണ്ട് ചുഴിതീര്‍ത്തപോലെ കിടക്കുന്നു.
മാസങ്ങള്‍ക്കുമുന്‍പ് ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലെല്ലാം ഖനനംചെയ്ത് ഒട്ടേറെ അമോണൈറ്റുകളും ദിനോസറിന്റെ കാല്‍പ്പാടുകളെന്ന് സംശയമുള്ള ഫോസിലുകളുമെല്ലാം കളക്ടറേറ്റിലേക്ക് മാറ്റിയിരുന്നു. ശേഷിക്കുന്നവയെ ലൈവായി നിലനിര്‍ത്തിയതാണ്. കുറെ പേര്‍ വന്ന് ഫോസിലുകള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയെന്ന് പളനിസ്വാമി പറഞ്ഞു. ഇതിനിടെ, അവിടെ ചുറ്റിപ്പറ്റിനിന്ന രണ്ട് പട്ടികള്‍ ചേര്‍ന്ന് ഒരു കാട്ടുമുയലിനെ കീഴ്പ്പെടുത്തി. അവിടമാകെ ബഹളമായി. പളനിസ്വാമി പട്ടികള്‍ക്കുപുറകെ ഓടിച്ചെന്ന് മുയലിനെ പിടിച്ചു. ചത്തിട്ടുണ്ട്. മാംസമാക്കാന്‍ കക്ഷിയതിനെ വീട്ടിലേക്കെടുത്തു.
ബഹളം കഴിഞ്ഞ് കമ്പിവേലിക്ക് പുറത്തുകൂടി വെറുതേ നടന്നു. ചുറ്റിലും നിറയെ ഫോസിലുകളാണ്. കണ്ടെത്തപ്പെടാത്ത ഫോസിലുകള്‍ ഇനിയുമേറെ ഇവിടെയുണ്ടാകുമെന്ന് തീര്‍ച്ച. മീറ്ററുകള്‍ മാറി ഒരു മരഫോസിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രായം തിട്ടപ്പെടുത്തിയിട്ടില്ല. സ്‌നേഹത്തോടെ സ്വീകരിച്ച പളനിസ്വാമിക്കും വെട്രിക്കും കൂടെ, ചിരിച്ചുകൊണ്ട് യാത്രയാക്കിയ നാട്ടുകാര്‍ക്കും നന്ദി പറഞ്ഞിറങ്ങി.
നാഗശിലകള്‍' ആയിരുന്ന അമോണൈറ്റുകള്‍
ഇരുപതുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ജുറാസിക് യുഗത്തില്‍ സമുദ്രത്തില്‍ ജീവിച്ചിരുന്നവരാണ് അമോണൈറ്റുകള്‍. കണവയും നീരാളിയും നോട്ടിലസും ഉള്‍പ്പെടുന്ന സെഫലോപോഡ കുടുംബത്തില്‍ പെട്ട പുറംതോടുള്ള ജീവികള്‍. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ (6.6 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ്) അവസാനത്തോടെ അമോണൈറ്റുകളില്‍ നല്ലൊരു ഭാഗവും ചത്തൊടുങ്ങി. ചുരുണ്ടുകിടന്ന പാമ്പുകള്‍ ഫോസിലായി അവശേഷിച്ചതെന്നാണ് അമോണൈറ്റുകളെ കണ്ടപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ആദ്യം തോന്നിയത്. അന്നവര്‍ അതിനെ നാഗശിലകള്‍ (സ്നേക് സ്റ്റോണുകള്‍) എന്ന് വിളിച്ചു. കക്കവര്‍ഗത്തില്‍പ്പെട്ടവയാണെന്ന് പിന്നീട് മനസ്സിലായി. പെണ്ണിന് ആണിനേക്കാള്‍ നാലുമടങ്ങ് അധികം വലുപ്പമുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം കാണുന്ന ഫോസിലുകളിലൊന്നാണിത്. ഹിമാലയത്തിലെ ഉരുളന്‍ കല്ലുകളില്‍നിന്നും കച്ചില്‍നിന്നും ഇവയുടെ ഫോസില്‍ കിട്ടിയിട്ടുണ്ട്.
200 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമിയില്‍ വന്നിടിച്ച ഛിന്നഗ്രഹമോ കാലാവസ്ഥാ വ്യതിയാനമോ ആണ് ദിനോസറുകള്‍ക്കൊപ്പം അമോണൈറ്റുകളുടെയും വംശനാശത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. 20,000-ത്തിലേറെ തരം അമോണൈറ്റുകള്‍ ഭൂമുഖത്തുണ്ടായിരുന്നത്രെ! ആഴംകുറഞ്ഞ കടലുകളില്‍ അവ ജീവിച്ചു. മില്ലിമീറ്റര്‍ മുതല്‍ മീറ്ററുകള്‍വരെ വ്യാസമുള്ള പതിനായിരത്തോളംതരം അമോണൈറ്റുകളുടെ ഫോസില്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്.
ജുറാസിക് കാലഘട്ടത്തിന്റെ അവസാനത്തിലാണ് വലുപ്പമേറിയവ ധാരാളമുണ്ടായിരുന്നത്. ജര്‍മനിയിലെ വെസ്റ്റ് ഫാലിയയില്‍ 1895-ലാണ് ഏറ്റവും വലിയ അമോണൈറ്റ് കണ്ടെടുത്തത്. 1.8 മീറ്റര്‍ വ്യാസമുള്ള അപൂര്‍ണമായൊരു ഫോസിലാണിത്. പൂര്‍ണമെങ്കില്‍ രണ്ടരമുതല്‍ മൂന്നര മീറ്റര്‍വരെ വ്യാസവും 1,455 കിലോഗ്രാം ഭാരവുമുണ്ടായേനെയെന്ന് കണക്കുകൂട്ടുന്നു. മണ്‍സ്റ്ററിലെ വെസ്റ്റ് ഫാലിയന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ ചെന്നാല്‍ ഇത് കാണാനാകും.
മറ്റ് ഫോസിലുകള്‍
സാത്തനൂരിലെ നാഷണല്‍ ഫോസില്‍ വുഡ് പാര്‍ക്കില്‍ ഒരു ഭീമന്‍ കോണിഫര്‍ മരഫോസിലുണ്ട്. 18 മീറ്റര്‍ നീളമുള്ളത്. 1940-കളില്‍ ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ ഡയറക്ടര്‍ ജനറലായിരുന്ന എം.എസ്. കൃഷ്ണന്‍ കണ്ടെത്തിയ, 120 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വൃക്ഷത്തില്‍ ഭൗമ-സമുദ്ര ഫോസിലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുകാണാം.
'ഉട്ടത്തൂര്‍ പൊട്ടറ്റോ' എന്നറിയപ്പെടുന്ന ഫോസ്ഫാറ്റിക് നൊഡ്യൂള്‍സാണ് മറ്റൊരു കൗതുകം. ഉരുളക്കിഴങ്ങ് അടുക്കിവെച്ചപോലുള്ള ഇവ ഉട്ടത്തൂരില്‍ ധാരാളമുണ്ട്. സെന്തുറായില്‍ കണ്ടെടുത്തത് ആറരക്കോടി വര്‍ഷം പഴക്കമുള്ള എട്ട് ദിനോസര്‍ മുട്ടകളാണെന്ന് കരുതുന്നെങ്കിലും പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. 36 ലക്ഷം മുതല്‍ 2.3 കോടിവരെ കൊല്ലങ്ങള്‍ക്കുമുന്‍പ് ജീവിച്ച മെഗാലോഡന്‍ എന്ന സ്രാവിന്റെ വമ്പന്‍ പല്ലുകള്‍, ഗാസ്ട്രോപോഡുകള്‍, ടിലോഫിലം എന്ന ചെടിഫോസില്‍, അക്വിനോള്‍ഡ്‌സ്, ഗ്രൈഫിയ, റിഞ്ചോനെല്ല തുടങ്ങിയവയും തമിഴ്‌നാട്ടിലെ ഫോസില്‍ പാടങ്ങളില്‍ ധാരാളമുണ്ട്.
നാഗപട്ടണം, വേതാരണ്യം തുടങ്ങിയ മേഖലയിലെ കടല്‍ത്തീരങ്ങളും വേളാങ്കണ്ണിപോലുള്ള സ്ഥലങ്ങളും തുടര്‍ച്ചയായി സന്ദര്‍ശിച്ചുകഴിഞ്ഞാല്‍ കടല്‍ പതിയെ തിരിച്ചുകയറിവരുന്നത് കാണാനാവുമെന്ന് ആന്‍സി ടീച്ചര്‍ പറഞ്ഞു. ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്ത് അരിയലൂര്‍ ഇനിയും കടലെടുക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും.
Content Highlights: travel to ariyalur fossil museum sea urchin fossil, ammonite fossil