അടിമകളെ കയറ്റി അയച്ചിരുന്ന തുറമുഖങ്ങള്‍, ആരവമുയരുന്ന സ്റ്റേഡിയങ്ങള്‍;ചരിത്രനഗരമാണ് ലിവര്‍പൂള്‍

മാഞ്ചെസ്റ്ററില്‍നിന്ന് ലിവര്‍പൂളിലേക്ക് ട്രെയിനിന്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് ചരിത്രത്തിന്റെ പാളങ്ങളിലൂടെയാണ്. 1830 സെപ്റ്റംബര്‍ 15-നാണ് ജോര്‍ജ് സ്റ്റീഫന്‍സണ്‍, ലിവര്‍പൂള്‍ ആന്‍ഡ് മാഞ്ചസ്റ്റര്‍ റെയില്‍വേ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തിലെ ആദ്യ യാത്രാതീവണ്ടി ഓടിച്ചത്. പൂര്‍ണമായും ആവിയന്ത്രംകൊണ്ട് ചലിക്കുന്ന തീവണ്ടിയായിരുന്നു അത്. ചരിത്രത്തില്‍ ആദ്യമായി കൃത്യമായ ടൈംടേബിളും സിഗ്നല്‍ സംവിധാനവും ഇരട്ടപ്പാതയും ഉപയോഗിച്ചു എന്നത് കൂടാതെ തപാല്‍ ഉരുപ്പടികളും കൊണ്ടുപോയ പ്രഥമ റെയില്‍വേ എന്ന ഖ്യാതിയും ഇതിനാണ്. ആ പാളങ്ങളിലൂടെ നിര്‍മാണസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ഖനികളില്‍നിന്ന് കടത്തി. ഉത്പന്നങ്ങള്‍ ലിവര്‍പൂള്‍ തുറമുഖത്തേക്ക് എത്തിച്ചു.
ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വ്യവസായവിപ്ലവം ആദ്യമായി കൂകിപ്പാഞ്ഞത് ഈ പാതകളിലൂടെയായിരുന്നു എന്ന് ചുരുക്കം. ലിവര്‍പൂളില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബ് തന്നെ. കൂട്ടത്തില്‍ എവര്‍ട്ടണ്‍ ക്ലബ്ബും. പിന്നെ പോപ്പ് സംഗീതത്തിന്റെ ലഹരി ലോകമെങ്ങും അലയടിപ്പിച്ച ബീറ്റില്‍സും. പക്ഷേ, അതൊക്കെ പുതിയ തലമുറയ്ക്ക് പരിചിതമായ, ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറുള്ള ഈ തുറമുഖ നഗരത്തിന്റെ സമീപകാല ചരിത്രം. മേഴ്സി നദി ഐറിഷ് കടലിനെ പുല്‍കുന്നതിന് സാക്ഷ്യം നില്‍ക്കുന്ന ലിവര്‍പൂള്‍, ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സംരക്ഷിത മന്ദിരങ്ങളും സ്മാരകങ്ങളും പാര്‍ക്കുകളും ഗാലറികളുമുള്ള നഗരമാണ്.
1845-49 കാലത്ത് അയര്‍ലന്‍ഡ് നേരിട്ട ഭീകരമായ ക്ഷാമത്തെ തുടര്‍ന്ന് ഐറിഷ് കടല്‍ കടന്ന് ലക്ഷങ്ങളാണ് ഇവിടേക്കൊഴുകിയത്. അക്കാലത്ത് ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഐറിഷ് വംശജരായിരുന്നുവത്രെ. അവരില്‍ ഗണ്യമായ ഒരു ഭാഗം ന്യൂ ലാന്‍ഡ് എന്ന്, അറിയപ്പെട്ടിരുന്ന അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കപ്പല്‍ കയറി. അങ്ങനെ ചിലര്‍ക്ക് പലായനത്തിന്റെ ലക്ഷ്യവും മറ്റുചിലര്‍ക്ക് ഇടത്താവളവുമായിരുന്നു ഈ നഗരം. പിന്നീട് കപ്പല്‍ പണിക്കും മറ്റും എത്തിയ ഏഷ്യക്കാരും കറുത്ത വര്‍ഗക്കാരും ഉള്‍പ്പെടെ ധാരാളം മറുനാട്ടുകാര്‍ ലിവര്‍പൂളിന്റെ ആതിഥ്യം സ്വീകരിച്ച് സ്ഥിരതാമസക്കാരായി.
ലിവര്‍പൂളിലെ ലയിം സ്ട്രീറ്റ് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയാല്‍, എതിര്‍വശത്ത്, പുരാതന ഗ്രീക്ക്- റോമന്‍ വാസ്തുരീതികളെ സമന്വയിപ്പിച്ച്, നിയോക്ലാസിക്കല്‍ ശൈലിയില്‍ തീര്‍ത്ത ബൃഹത്തായ സെയിന്റ് ജോര്‍ജ്സ് ഹാള്‍ കാണാം. ലയിം സ്ട്രീറ്റില്‍ തന്നെയാണ് 2500-ഓളം കാണികളെ ഉള്‍ക്കൊള്ളുന്ന ബ്രിട്ടനിലെ തന്നെ വലിയ തിയേറ്ററുകളില്‍ ഒന്നായ എംപയര്‍ തിയേറ്റര്‍. സെയിന്റ് ജോര്‍ജ്സ് ഹാളിന് പിറകിലാണ് ലിവര്‍പൂള്‍ വേള്‍ഡ് മ്യൂസിയം. ഈജിപ്ഷ്യന്‍, റോമന്‍, ഗ്രീക്ക്, ഇന്‍ക, ആംഗ്ലോ-സാക്സണ്‍ തുടങ്ങിയ പുരാതന സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളും പ്ലാനറ്റേറിയവും അക്വേറിയവും കണ്ടുതീര്‍ക്കണമെങ്കില്‍ ഒരുദിവസം മതിയാകില്ല. ബ്രിട്ടനിലെ ഏറെ പഴക്കമുള്ള ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ പഠിക്കുന്നുണ്ട്.
ലിവര്‍പൂള്‍ സര്‍വകലാശാലയ്ക്ക് സമീപമാണ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍. ചുറ്റുമിരിക്കുന്ന രണ്ടായിരത്തോളം വിശ്വാസികള്‍ക്ക് വ്യക്തമായി കാണാവുന്ന രീതിയില്‍, അള്‍ത്താര മധ്യത്തിലാക്കി, വൃത്താകൃതിയിലാണ് ഇതിന്റെ നിര്‍മിതി. മേഴ്സി നദി, കടലില്‍ ചേരുന്ന, നഗരത്തിന്റെ പഴമയും പുതുമയും സമ്മേളിക്കുന്ന ആല്‍ബര്‍ട്ട് ഡോക്കിലും (ALBERT DOCK, PIER HEAD) പിയര്‍ ഹെഡ്ഡിലുമൊക്കെ സഞ്ചാരികളുടെ തിരക്കാണ്. നദീതീരത്ത്, പ്രൗഢിയും ശില്പചാതുരിയും ഒത്തുചേരുന്ന, റോയല്‍ ലിവര്‍ ബില്‍ഡിങ്, പോര്‍ട്ട് ഓഫ് ലിവര്‍പൂള്‍ ബില്‍ഡിങ്, ക്യൂനാര്‍ഡ് ബില്‍ഡിങ് എന്നീ മൂന്ന് കൂറ്റന്‍ കെട്ടിടങ്ങള്‍ നഗരചക്രവാളത്തെ പ്രോജ്ജ്വലമാക്കുന്നു.
കപ്പലില്‍നിന്ന് ചരക്കുകള്‍ നേരിട്ട് കൂറ്റന്‍ സംഭരണശാലകളില്‍ ഇറക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത കപ്പല്‍ചാലുകളും അവയ്ക്ക് അതിരിട്ട് നിലകൊള്ളുന്ന മൂന്നും നാലും നിലകളുള്ള കൂറ്റന്‍ പാണ്ടികശാലകളുമൊക്കെ കാലത്തിനൊത്ത് രൂപവും ഭാവവും മാറി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നാല് നൂറ്റാണ്ടുകള്‍ ലോകം അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രമുഖ സമുദ്രവാതായനമായിരുന്നു ലിവര്‍പൂള്‍.
ആലപ്പുഴയില്‍നിന്ന് കയര്‍ ഉത്പന്നങ്ങള്‍ കയറ്റിയ ചരക്കുകപ്പലുകള്‍ അടുത്തകാലംവരെ ഈ തുറമുഖത്തണഞ്ഞിരുന്നുവത്രേ. ആല്‍ബേര്‍ട്ട് ഡോക്കിലെ മാരിടൈം മ്യൂസിയത്തിലേക്കാണ് ആദ്യം പോയത്. നാമമാത്രമായ തുകയോ ചില്ലറ കൗതുകവസ്തുക്കളോ നല്‍കി, ആഫ്രിക്കയില്‍നിന്ന് ലക്ഷക്കണക്കിന് കറുത്ത വര്‍ഗക്കാരെയാണ് ഈ തുറമുഖം വഴി അമേരിക്കയിലേക്ക് അടിമകളായി അറ്റ്ലാന്റിക്ക് കടത്തിയത്. കാറ്റും വെളിച്ചവും കടക്കാന്‍ ഭയക്കുന്ന ഇരുണ്ട അറകളില്‍ ദിവസങ്ങളോളം കൈകാലുകള്‍ ബന്ധിച്ച് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കാതെ മനുഷ്യരെ കടത്തി നിരവധി പേര്‍ സമ്പന്നരായി. മ്യൂസിയത്തിന് സമീപം തന്നെയാണ് പ്രസിദ്ധമായ റ്റെയിറ്റ് ഗാലറി.
പിക്കാസോയുടെയും ഡാലിയുടെയും ആദ്യകാല രചനകള്‍ ഉള്‍പ്പെടെ അനേകം അമൂല്യ പെയിന്റിങ്ങുകളുടെ ശേഖരമാണ് ഈ ഗാലറി. ലിവര്‍പൂള്‍ മ്യൂസിയത്തിന്റെ രണ്ടാംനിലയിലാണ് ടൈറ്റാനിക് മ്യൂസിയം. നൂറ്റാണ്ടുകളായി നടന്ന ഈ കുടിയേറ്റത്തിന്റെ പ്രതീകാത്മകമായ ക്രോസിങ് എന്ന ശില്പവും ബീറ്റില്‍സ് സംഘത്തിന്റെ പ്രതിമയും അവരുടെ തുടക്കവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ബീറ്റില്‍സ് സ്റ്റോറി എന്ന പ്രദര്‍ശനവും മറ്റ് ആകര്‍ഷണങ്ങളാണ്. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫുട്ബോളിന്റെയും ബീറ്റില്‍സിന്റെയും പേരിലാണ് ഇന്ന് പലര്‍ക്കും ലിവര്‍പൂള്‍ പരിചിതം.
ലോകത്തെത്തന്നെ മികച്ച രണ്ട് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ (ലിവര്‍പൂള്‍, എവര്‍ട്ടണ്‍) ജന്മനഗരം. നഗരപ്രദക്ഷിണത്തിനിടയില്‍ കണ്ട ലിവര്‍പൂള്‍ ക്ലബ്ബിന്റെ അംഗീകൃത കടയില്‍ കയറി മൂന്നുതവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ മൊ സലയുടെ 11-ാം നമ്പര്‍ ജേഴ്സി വാങ്ങി. ആധുനിക പാശ്ചാത്യ സംഗീതത്തെ ഏറ്റവുമധികം സ്വാധീനിച്ച ബീറ്റില്‍സ് റോക്ക് ഗായകസംഘത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും ഈ മണ്ണിലാണ്.
ഇതിഹാസ സമന്മാരായ ഫാബുലസ് ഫോര്‍ എന്നറിയപ്പെടുന്ന ബീറ്റില്‍സ് അംഗങ്ങള്‍, ജോണ്‍ ലെനനും പോള്‍ മക്കാര്‍ട്നിയും ജോര്‍ജ് ഹാരിസണും റിങ്കോ സ്റ്റാറും ജനിച്ചത് ഇവിടെയാണ്. 1970-ല്‍ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും 1980-ല്‍ ഗ്രൂപ്പിലെ പ്രധാനിയായ ജോണ്‍ ലെനന്‍ ഒരു ആരാധകന്റെ വെടിയേറ്റ് മരണമടഞ്ഞെങ്കിലും ഇന്നും ബീറ്റില്‍സിന്റെ പ്രഭാവം നിലനില്‍ക്കുന്നു.
രാത്രി പത്തുമണിയായാലും മടങ്ങാന്‍ മടിക്കുന്ന വേനല്‍സൂര്യന്റെ നിലാവെളിച്ചത്തില്‍, വാഹനഗതാഗതം നിരോധിച്ചിട്ടുള്ള ഇടുങ്ങിയ മാത്യു സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ എങ്ങും ബീറ്റില്‍സ് സംഗീതം മാത്രം. അത് ഏറ്റുപാടുന്ന സന്ദര്‍ശകര്‍. തൊട്ടെതിര്‍വശത്തുള്ള കവെണ്‍ പബ്ബില്‍ പ്രവേശനഫീസ് ഇല്ല. അതിന് മുന്നില്‍ അലസനായി ചുമരില്‍ ചാരിനില്‍ക്കുന്ന ലെനന്റെ ഒരു പ്രതിമയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്ന ആരാധകര്‍. സമീപത്ത് ബീറ്റില്‍സ് മ്യൂസിയം. ജോണ്‍ ലെനന്‍ അനശ്വരമാക്കിയ, അമ്മൂമ്മമാര്‍ വയ്ക്കാറുള്ള വട്ടക്കണ്ണാടിയും വാങ്ങി, അര്‍ധരാത്രിയോടെ മാത്യു സ്ട്രീറ്റിനോട് വിടപറയുമ്പോള്‍ പ്രശസ്തമായ ബീറ്റില്‍സ് ഗാനം മനസ്സില്‍ നിറഞ്ഞുതുളുമ്പി, പോള്‍ മക്കാര്‍ട്ട്നിയുടെ ഗന്ധര്‍വശബ്ദത്തില്‍...''ഹേ ജൂഡ്, ഡോണ്ട് മെയ്ക്ക് ഇറ്റ് ബാഡ്. ടേക്ക് എ സാഡ് സോങ് ആന്‍ഡ് മെയ്ക്ക് ഇറ്റ് ബെറ്റര്‍''
Content Highlights: travel through liverpool