അഗുംബെയിലെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകാം

#സി.കെ.വിനീത്‌
അഗുംബെയിലെ കുഡ്‌ലു വെള്ളച്ചാട്ടം
അഗുംബെയിലെ കുഡ്‌ലു വെള്ളച്ചാട്ടം

രാവിലെ ചെറിയ തണുപ്പുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച കാലാവസ്ഥ ആയിരുന്നില്ല അഗുംബെയില്‍. സാധാരണയായി അവിടെ അനുഭവപ്പെടുന്ന തണുപ്പിനേക്കാള്‍ കുറവാണ് അതെന്ന് അവിടെയുള്ളര്‍ പറയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍, തലേന്ന് പോയ ഹോട്ടലിന് തൊട്ടടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടല്‍ ശബരിഗ്രാന്റിലേക്കാണ് പോയത്. അവിടെ നിന്നും ഇഡ്ഡലിയും സാമ്പാറും കഴിച്ചു. അഗുംബേയില്‍ എവിടെയൊക്കെ പോകണം  എന്നത് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു. കൂടുതലും വെളളച്ചാട്ടങ്ങളാണ്. കൊവിഡ് സാഹചര്യം, മഴക്കാലമല്ലാത്തതുകൊണ്ട് വെള്ളമുണ്ടാകുമോ തുടങ്ങിയ സംശങ്ങളൊക്കെ അരുണേട്ടന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഹോട്ടലിലെ റിസപ്ഷനില്‍ ഉണ്ടായിരുന്നയാളോട് ഇക്കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹം ഒരു വിസിറ്റിങ് കാര്‍ഡ് തന്നു. അതിന്റെ പുറക് വശത്തായി അംഗുബേയില്‍ കാണേണ് പത്ത് സ്ഥലങ്ങള്‍അടയാളപ്പെടുത്തിയിരുന്നു. ആ സ്ഥലങ്ങളെക്കുറിച്ചും അവിടേക്കുള്ള ദൂരത്തെക്കുറിച്ചുമൊക്ക പറഞ്ഞുതന്നു.

ആദ്യം കുഡ്‌ലുതീര്‍ത്ഥ എന്ന് പേരുള്ള വെള്ളച്ചാട്ടം കാണാന്‍ തീരുമാനിച്ചു. സീതാ വെള്ളച്ചാട്ടം എന്നും പേരുണ്ട്. ഉഡുപ്പിയിലേക്കുള്ള വഴിയിലൂടെ ഏകദേശം മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അവിടെയെത്താം. സോമേശ്വര കാട്ടിനുള്ളിലാണ് ഇത്. ഏതാണ്ട് പതിനഞ്ച് കിലോമീറ്ററോളം കാട്ടിനുള്ളിലൂടെ തന്നെയാണ് യാത്ര. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് പ്രവേശന സമയം.  വനം വകുപ്പിന്റെ ഓഫീസിനടുത്ത് വണ്ടി വച്ച് മൂന്ന് കിലോമീറ്ററോളം കാട്ടിനുള്ളിലൂടെ നടന്നാണ് പോയത്. പ്രവേശനഫീസായി 150 രൂപയും ക്യാമറ കൊണ്ടുപോകുന്നതിന് 300 രൂപയുമാണ് ഈടാക്കിയിരുന്നത്.

മഴക്കാലമല്ലാത്തതുകൊണ്ട് വലിയ വെള്ളം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു.പിന്നെ നടക്കുകയും വേണം. ക്യാമറ വണ്ടിയില്‍ തന്നെ വച്ചു. മൊബൈല്‍ മാത്രമെടുത്ത് നടന്നു.നടവഴിയുടെ തുടക്കത്തില്‍ സിമന്റ് പടികള്‍ ഉണ്ട്. ഇടക്ക് സീതാ നദി മുറിച്ചുകടക്കണം. വളരെ കുറച്ച് വെള്ളമാണ് ഉണ്ടായിരുന്നത്. ചെറിയൊരു പാലം കടന്ന് മറുകരയെത്തി. പിന്നെയും പടികള്‍ കയറണം. പക്ഷേ ഓരോ പടികള്‍ കയറുന്‌പോഴും വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തടുത്ത് വരും. കാടിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള ആ ശബ്ദത്തിന്റെ മാസ്മരികതയില്‍, ക്ഷീണം മറന്ന് പടികള്‍ ഓടിക്കയറാന്‍ നമ്മള്‍ തയ്യാറാവും. പ്രകൃതി അങ്ങനെയാണല്ലോ നമ്മെ വിളിച്ചുവരുത്തുന്നതും. അടുത്തെത്തി അടുത്തെത്തി എന്ന തോന്നലില്‍ ആ ശബ്ദം ആസ്വദിച്ച് പടികള്‍ കയറിയെത്തി.

ശരിക്കും മനോഹരമായ കാഴ്ച തന്നെയാണ് കാത്തിരുന്നത്. വലിയതോതില്‍ വെള്ളം ഇല്ലെങ്കിലും വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യത്തിന് ഒട്ടും കുറവില്ല. 

300 അടി ഉയരത്തില്‍ നിന്നും നേര്‍രേഖയായിട്ടാണ് വെള്ളം വീഴുന്നത്. താഴെ വെള്ളത്തില്‍ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു. അരുണേട്ടനും കുളിക്കാനിറങ്ങി. ഞാന്‍ അവിടെയൊക്കെ ചുറ്റി നടന്നു. കുറച്ച് ഫോട്ടോസ് എടുത്തു.

അഗുംബെയിലെ ഫോര്‍ട്ട്‌

നിറയെ വെള്ളാരം കല്ലുകളും പാറക്കഷണങ്ങളുമൊക്ക ഉള്ള ഒരു സ്ഥലം. വെള്ളത്തിന്റെ സമ്പര്‍ക്കം മൂലം മിനുസപ്പെടുകയും രൂപം മാറുകയും ഒക്കെ
ചെയ്തിട്ടുണ്ട്. ചിലര്‍ ആ കല്ലുകള്‍ ഒന്നിനുമീതെ അടുക്കി വെച്ച് പല പല രൂപങ്ങള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ച് ദൂരം കൂടി മുകളിലേക്ക് പോയാല്‍ മംഗള്‍ തീര്‍ത്ഥ എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ടെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. അങ്ങോട്ട് പോകേണ്ടെന്ന് തീരുമാനിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. അപ്പോഴാണ് കാടിനെ ശ്രദ്ധിച്ചത്. ഉയരം കൂടിയ മരങ്ങള്‍. മുകളില്‍ പച്ചപ്പ് മാത്രം. മഴക്കാടുകളുടെ യഥാര്‍ത്ഥ ഭംഗി ആസ്വദിച്ച് പടികളിറങ്ങി. അംഗുബേ എത്താന്‍ ഏതാണ്ട് ആറു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. അവിടെയാണ് ഒനേക അബി വെള്ളച്ചാട്ടം. കാടിനുള്ളിലെ ഈ വെള്ളച്ചാട്ടം അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെനിന്നും 10 കിലോമീറ്ററോളം പോയാല്‍ ബര്‍ഖാന വെള്ളച്ചാട്ടത്തിലെത്തും. അവിടേക്ക് പോകാന്‍ തീരുമാനിച്ചു.

അംഗുബേ എത്താന്‍ ഏതാണ്ട് ആറു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. അവിടെയാണ് ഒനേക അബി വെള്ളച്ചാട്ടം

അവിടെയെത്തിയപ്പോഴും നിരാശയായിരുന്നു ഫലം. കാടിനുള്ളിലൂടെയുള്ള യാത്ര മനസ്സുനിറച്ചതുകൊണ്ട്, വെറുതെ സമയം കളഞ്ഞെന്ന തോന്നല്‍ ഉണ്ടായില്ലെന്ന് മാത്രം. നേരെ താമസസ്ഥലത്തേക്ക് പോയി. ബര്‍ഖാന വെള്ളച്ചാട്ടത്തിലേക്ക് ഒരു വഴി കൂടിയുണ്ടെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു. നേരെ വിട്ടു.  ഹോട്ടലില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഗൈഡിനെയും കൂട്ടി നടക്കാന്‍ തുടങ്ങി. 
വലിയ മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും മുളയും നിറഞ്ഞ വഴിയിലൂടെ വേണം നടക്കാന്‍. 

നടന്നെത്തുന്നത് വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്താണ്. താഴേക്ക് എത്തിപ്പെടാന്‍ പറ്റില്ലെന്ന് ഗൈഡ് പറഞ്ഞു. മുകളില്‍ നിന്നും വെള്ളച്ചാട്ടം കണ്ടു എന്ന് മാത്രം.
ബര്‍ഘ എന്നാല്‍ കൂരമാന്‍. ഇവയെ ഈ പ്രദേശത്ത് ധാരാളം കാണാനാകും എന്നതുകൊണ്ടാണ് ബര്‍ഘാന എന്ന പേര് വന്നത്. ആഗസ്ത് മുതല്‍ ഡിസംബറിന് തൊട്ടുമുന്‍പ് വരെയുള്ള സമയങ്ങളില്‍ മഴക്കാടുകളിലേക്കുള്ള യാത്ര മനോഹരമായ അനുഭവമായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കി. ഗൈഡിനോട് യാത്ര പറഞ്ഞ് ജോഗി ഗുണ്ടെ വെള്ളച്ചാട്ടം കാണാന്‍ തിരിച്ചു. 
റോഡിനു വശത്തായാണ് ജോഗി ഗുണ്ടെ വെള്ളച്ചാട്ടം. തുംഗഭദ്രാ നദിയുടെ പോഷക നദിയായ മാലാപാരിയിലാണ് ഇത്. 

ഒരു ഗുഹക്കുള്ളില്‍ നിന്നാരംഭിച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയാണ് വെള്ളം താഴത്തേക്ക് പതിക്കുന്നത്. ഞങ്ങള്‍ വെള്ളത്തിലിറങ്ങുകയും
പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ നടക്കുകയും ഒക്കെ ചെയ്തു.

അപ്പോഴേക്കും വൈകുന്നേരമായിരുന്നു. അംഗുബേയിലെ സൂര്യാസ്തമയം മനോഹരമാണ്. ചുരം പോലെയുള്ള റോഡ് കയമ്പോള്‍ പതിനാലാമത്തെ വളവിലാണ് സണ്‍സെറ്റ് പോയന്റ്. അഞ്ചരമണിയോടെ
അവിടെയത്തി. പക്ഷേ അന്നത്തെ കാലാവസ്ഥ അത്ര മെച്ചമായിരുന്നില്ല. സൂര്യന്‍ ഞങ്ങളില്‍ നിന്ന് മറഞ്ഞിരുന്നു. 2020-ലെ അവസാന സൂര്യാസ്തമയം അവിസ്മരണീയമാക്കാനുള്ള ആഗ്രഹം 
സഫലമായില്ല.  നല്ല തിരക്കുണ്ടായിരുന്നു അവിടെ.  ഇടയ്ക്ക് കുറച്ച് ചെറുപ്പക്കാര്‍ വന്ന് പരിചയപ്പെട്ടു. മലയാളികളാണ്. യാത്രയെക്കുറിച്ചും വണ്ടിയെക്കുറിച്ചുമൊക്കെ സംസാരിച്ചു.
രാത്രി പുതുവത്സരാഘോഷത്തിന് അവര്‍ ക്ഷണിച്ചു. അഗുംബേയിലെ ഹോംസ്റ്റേയിലാണ് അവര്‍ താമസിച്ചിരുന്നത്. ഞങ്ങള്‍ ചുരമിറങ്ങി ഹോട്ടലില്‍ പോയി 
കുളിച്ച് തയ്യാറായി. പുതുവത്സരാഘോഷത്തിന് വേണ്ടുന്നതെല്ലാം അവര്‍ ഒരുക്കിയിരുന്നു.

വര്‍ത്തമാനവും പാട്ടും ഭക്ഷണവും ഒക്കെയായി നല്ലൊരു ആഘോഷം. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പുലര്‍ച്ചെ എത്താമെന്നും ഒരുമിച്ച് പോകാമെന്നും തീരുമാനിച്ച് പിരിഞ്ഞു.
തിരിച്ച് ഹോട്ടലിലെത്തി 2020-നോട് വിടചൊല്ലി. പുതുവര്‍ഷം മനോഹരമായ കാഴ്ചകളുടേയും അനുഭവങ്ങളുടേയും ആകുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാന്‍ കിടന്നു. 

Content Highlights: travel through water falls in Agumbe Karnataka