ഈ മാങ്ങയ്ക്ക് വില 3 ലക്ഷം രൂപ വരെ; മാങ്ങയുടെ സുരക്ഷയ്ക്ക് കാവൽക്കാരും

മൂവാണ്ടൻ, സിന്ദൂർ, നാടൻമാങ്ങ, മൽഗോവ, ചന്ദ്രക്കാരൻ...ഇങ്ങനെ എത്രയെത്ര തരം മാങ്ങകളാണ്. എന്നാൽ, മാങ്ങകളുടെ കൂട്ടത്തിലൊരു രാജാവുണ്ട്, അതാണ് മിയാസാക്കി മാങ്ങ. അപൂർവമായ ഈ മാങ്ങയ്ക്ക് ലക്ഷങ്ങളാണ് വില. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമെന്ന പേരും മിയാസാക്കിക്ക് സ്വന്തം.
മധുരവും പ്രത്യേകതയുള്ള ആകൃതിയുമാണ് ഈ മാമ്പഴത്തെ രാജാവാക്കുന്നത്. തെക്കൻ ജപ്പാനിലെ മിയാസാക്കിയിൽനിന്നാണ് ഇവ കൂടുതലായും കൃഷി ചെയ്യുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം, ലോകത്തിലേക്കും രുചിയുള്ള പഴങ്ങൾ കിട്ടുന്നയിടം എന്നിവയൊക്കെയാണ് ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നത്.
സാധാരണയിൽനിന്നും വ്യത്യസ്തമായി ഡീപ് റൂബി അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള തൊലിയാണ് ഈ മാങ്ങയുടെ സവിശേഷത. തൊലി നീക്കുമ്പോൾ മൃദുവായ, നാരുകളില്ലാത്ത സ്വർണനിറത്തിലുള്ള മാങ്ങ. ഇതിന്റെ ആകൃതി കാരണം ദിനോസറിന്റെ മുട്ടകളോടും പലരും താരതമ്യപ്പെടുത്താറുണ്ട്.
ഇവ ഉത്പാദിപ്പിക്കാൻ നല്ല പരിചരണം, ക്ഷമ എന്നിവ ആവശ്യമുള്ളതിനാലാണ് ഈ മാങ്ങയ്ക്ക് ഇത്ര വില. അത് വളരുമ്പോഴുള്ള താപനില, സൂര്യപ്രകാശം, ഈർപ്പം എന്നിവയെല്ലാം വളരെ പ്രധാനമാണ്. മാങ്ങ വലുപ്പംവെച്ച് തുടങ്ങുമ്പോൾ തന്നെ ഒരു പ്രത്യേകതരം നെറ്റിൽ അത് സംരക്ഷിക്കും. മാങ്ങ പാകമാകുന്നതുവരെ അങ്ങനെ തുടരും. ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ മിയാസാക്കി മാങ്ങകളും മാർക്കറ്റിലേക്ക് പോകുന്നില്ല. ഏറ്റവും നല്ലത് മാത്രമാണ് മാർക്കറ്റിലെത്തുന്നത്.
മാമ്പഴത്തിന് 350 ഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരിക്കണം. എല്ലാഭാഗത്തും ഒരേനിറമായിരിക്കണം. പാടുകളോ പോറലുകളോ ഉണ്ടാവാൻ പാടില്ല. ഇങ്ങനെയുള്ള മാനദണ്ഡങ്ങൾ നോക്കിയാണ് ഓരോ മാങ്ങകളും വ്യാപാരികൾ വാങ്ങുന്നത്. ഒരിക്കൽ മൂന്നര ലക്ഷം രൂപയ്ക്കാണ് ഒരു മാങ്ങ വിറ്റുപോയത്. മിയാസാക്കി മാങ്ങയ്ക്ക് ലഭിച്ച റെക്കോഡ് തുകയും അതുതന്നെ. പൊതുവെ ഗുണമേൻമയുള്ള മാങ്ങയ്ക്ക് രണ്ടര ലക്ഷം രൂപവരെയാണ് ലഭിക്കുക.
ഇപ്പോൾ ഇന്ത്യയിലും മിയാസാക്കി മാങ്ങകൾ ചിലർ ഉത്പാദിപ്പിച്ചുനോക്കാറുണ്ട്. പക്ഷേ അവയിലേറെയും പരാജയമാവാറാണ് പതിവ്. ജപ്പാനുപുറമെ തായ്‌ലൻഡ്, വിയറ്റ്‌നാം, മ്യാൻമർ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഈ മാങ്ങ ഉത്പാദിപ്പിക്കുന്നു. ലക്ഷ്വറി സ്റ്റോറുകളിലും ലേലകേന്ദ്രങ്ങളിലുമാണ് ഈ മാങ്ങ വിൽക്കപ്പെടുന്നത്. വിലയേറിയതായതിനാൽ ചിലർ ഈ മാങ്ങയുടെ സുരക്ഷയ്ക്ക് കാവൽക്കാരെ പോലും വെക്കാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Miyazaki mangoes, known as 'Dinosaur Eggs', are among the world's most expensive fruits. Cultivated primarily in Japan, they require specific climate, sunlight, and careful netting protection.