രസഗോള v/s രൊസൊഗൊള്ള; രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ ഉരസല്‍

കൊല്‍ക്കത്തയിലെ രൊസൊഗൊള്ള / കടപ്പാട്-wikipedia
കൊല്‍ക്കത്തയിലെ രൊസൊഗൊള്ള / കടപ്പാട്-wikipedia

രു മധുരപലഹാരത്തിന്റെ പേരില്‍ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇന്നുമുണ്ട് ഉരസലുകള്‍. രസഗുളയാണ് കഥയിലെ വില്ലന്‍. ബംഗാളികള്‍ പറയുന്നു അവരുടെ രൊസൊഗൊള്ള ആണ് ആദ്യമുണ്ടായതെന്ന്. ഒഡിഷക്കാര്‍ പറയുന്നു അവരുടെ രസഗോളയാണ് ആദ്യമുണ്ടായതെന്ന്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ വാദപ്രതിവാദത്തിന് ഇനിയും അവസാനമായിട്ടില്ല.

ബംഗാളികളുടെ വാദം ഇങ്ങനെ പോകുന്നു- ബംഗാളിയായ നോബിന്‍ ചന്ദ്രദാസ് ആണ് ആദ്യമായി രസഗുള റെസിപ്പി പരീക്ഷിക്കുന്നത്. പാല്‍ ചെന്നയും റവയും ഉപയോഗിച്ചാണ് നോബിന്‍ രാസഗുള ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ മകന്‍ ബിസിനസ് കയ്യാളിയപ്പോള്‍ രസഗുള കൂടുതല്‍ കാലം കേടാകാതിരിക്കാനുള്ള പാക്കിങ് സംവിധാനം ആവിഷ്‌കരിച്ചു. ചന്ദ്രദാസിന്റെ കുടുംബമാണ് രസഗുളയെ ജനപ്രിയമാക്കിയത്.

ഒഡിഷക്കാര്‍ ഈ വാദത്തെ പൂര്‍ണമായും തളളുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ ഒഡിഷയില്‍ രസഗുള തയ്യാറാക്കപ്പെടുന്നുണ്ട് എന്നാണവരുടെ വാദം. പിണങ്ങിപ്പോയ ഭാര്യ ലക്ഷിദേവിയെ അനുനയിപ്പിക്കാന്‍ പുരി ജഗന്നാഥന്‍ ഉണ്ടാക്കിയതാണത്രേ രസഗുള. ക്ഷേത്രപുരോഹിതന്‍ ഈ പലഹാരം തയ്യാറാക്കാനുള്ള വിധി ഗ്രാമീണരെ പഠിപ്പിച്ചു എന്നാണ് ഒഡിഷക്കാര്‍ വിശ്വസിക്കുന്നത്. ഒഡിഷക്കാരുടെ റെസിപ്പിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുകയാണ് നോബിന്‍ ചന്ദ്രദാസ് ചെയ്തതെന്നാണ് ഇവരുടെ മറുവാദം. 

ഒഡിഷയിലെ രസഗോള/ കടപ്പാട്-wikipedia

പാലുല്പന്നങ്ങള്‍ വേര്‍തിരിക്കാന്‍ ഇന്ത്യക്കാര്‍ ആധികാരികമായി പഠിക്കുന്നത് പോര്‍ച്ചുഗീസുകാര്‍ വന്ന ശേഷമാണെന്നും അതുകൊണ്ട് ഒഡിഷക്കാര്‍ പറയും പോലെ മധ്യകാലഘട്ടത്തിലൊന്നും രസഗുള ഉണ്ടാകില്ലെന്നു ബംഗാളികളും വാദിക്കുന്നു. 

ആദ്യം ഉണ്ടായത് ഏതാണെന്ന് തീരുമാനമായില്ലെങ്കിലും ഈ രണ്ട് നാടുകളിലെയും രസഗുളയ്ക്ക് വെവ്വേറെ സ്വഭാവമാണ്. അങ്ങേയറ്റം മൃദുവും ജ്യൂസിയുമായ ഒഡിഷ രസഗോളയ്ക്ക് ചെറിയൊരു ചുവപ്പ് നിറമുണ്ട്. ചവയ്ക്കാതെ വിഴുങ്ങാന്‍ പറ്റുന്നത്ര മൃദുവാണിത്. എന്നാല്‍, ബംഗാളി രൊസൊഗൊള്ള തൂവെള്ളയാണ്. സ്‌പോഞ്ചുപോലെ വലിയുന്ന വൃത്താകാരിയായ രൊസൊഗൊള്ള ചവച്ചിറക്കണം. 

2017 നവംബറില്‍ ബംഗാളി രൊസൊഗൊള്ളയ്ക്ക് ജി.ഐ ടാഗ് ലഭിച്ചു. (ഒരു പ്രദേശത്ത് ഉത്ഭവിച്ച, പ്രശസ്തമായ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന അടയാളമാണ് ജി.ഐ ടാഗ്. ഇല്‍പ്പന്നത്തിന്റെ ബൗദ്ധിക അവകാശമാണിത്.) ടാഗ് നേടിയതിനെത്തുടര്‍ന്ന്‌ ബംഗാളിലാകെ സന്തോഷപ്രകടനങ്ങള്‍ നടന്നു. എല്ലാ വേഷവും നവംബര്‍ 14 രൊസൊഗൊള്ള ദിവസമായി ആഘോഷിക്കാന്‍ ബംഗാള്‍ തീരുമാനിച്ചു. ഒഡിഷ സര്‍ക്കാര്‍ വെറുതെയിരുന്നില്ല. അവരും ടാഗിന് അപേക്ഷിച്ചു. 2019-ല്‍ ഒഡിഷയിലെ രസഗോളയ്ക്കും ടാഗ് കിട്ടി.

Content Highlights: the conflict between bengal and odisha over rasgulla