'തേമഹറി രസായി...' ഞാന്‍ സിംഹളഭാഷയില്‍ അവരോട് പറഞ്ഞു

#രവീന്ദ്രന്‍ സി.വി
കൊളംബോ സിറ്റി, ലോട്ടസ് ടവറും കാണാം/ ഷട്ടര്‍സ്‌റ്റോക്ക്‌
കൊളംബോ സിറ്റി, ലോട്ടസ് ടവറും കാണാം/ ഷട്ടര്‍സ്‌റ്റോക്ക്‌

ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന്, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്കിഴക്കായി ഇറ്റുവീഴുന്ന മഞ്ഞുതുള്ളി പോലൊരു ദ്വീപുരാജ്യം; ചെറുതെങ്കിലും ശ്രീലങ്ക എന്നും ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു രാജ്യമാണ്. ചരിത്ര, സാംസ്‌കാരിക പാരമ്പര്യം കൊണ്ടും സംഘര്‍ഷങ്ങളും പ്രതിസന്ധികളും കൊണ്ടും ലങ്ക ലോക ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ഇതിഹാസത്തിലെ രാവണന്റെ രാജ്യം, അശോക ചക്രവര്‍ത്തിയുടെ കാലം മുതല്‍ ബുദ്ധമതം പ്രചരിക്കപ്പെട്ട രാജ്യം, പതിറ്റാണ്ടുകളായി തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷവിഭാഗത്തിനായി പ്രത്യേക ഭരണകൂടം സ്ഥാപിക്കാനായി വര്‍ഷങ്ങളായി സായുധപോരാട്ടം നടന്ന്‌ ഒടുവില്‍ പോരാടുന്നവരെയാകെ അമര്‍ച്ച ചെയ്ത രാജ്യം. കഴിഞ്ഞവര്‍ഷം ജൂലായ് മാസത്തില്‍ കൊടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊതുജനം രോഷം പൂണ്ട് കൊട്ടാരം വളഞ്ഞ് ഒടുവില്‍ പ്രസിഡന്റിന് വിദേശത്തേക്ക് പാലായനംചെയ്യേണ്ടിവന്ന രാജ്യം. ശ്രീലങ്കയുടെ വിശേഷണങ്ങള്‍ തീരുന്നില്ല... 

അര്‍ദ്ധരാത്രി ഒരുമണിക്ക് ഇന്‍ഡിഗോവിന്റെ ഫ്‌ലൈറ്റ് 6E 1171 ടേക്കോഫ് ചെയ്യാറാകുമ്പോള്‍ ചെന്നൈ പുരട്ചി തലൈവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സാമാന്യം നല്ല മഴയായിരുന്നു. മേലെ പാതിരാതാരങ്ങളും താഴെ മേഘച്ചീളുകളും ആകാശനൗകയ്ക്ക് വഴി കാട്ടികളായി. പുലര്‍ച്ചെ 2.30ന് കൊളംബൊ ഭണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ലഗേജുകള്‍ കൈപ്പറ്റി വരുമ്പോഴേക്കും ഗൈഡ് ശ്രീകുമാറും സംഘവുമതാ സ്വാഗത പ്ലക്കാര്‍ഡുമായി കാത്തുനില്‍ക്കുന്നു. ഞങ്ങളോരോരുത്തരെയും ശ്രീലങ്കന്‍ തനതു ശൈലിയില്‍ ഹാരമിട്ട് സ്വീകരിച്ചത് കൗതുകമുണര്‍ത്തി. ബസ്സില്‍ താമസസ്ഥലമായ ദംബുള്ളയിലെ 'പെല്‍വെഹേര വില്ലേജ് റിസോര്‍ട്ടി'ലെത്തുമ്പോഴേക്കും സമയം രാവിലെ 6 മണി കഴിഞ്ഞിരുന്നു. 

പഴയ പാര്‍ലമെന്റിന് മുന്നില്‍

ഗ്രാമരുചി നുണഞ്ഞൊരു യാത്ര
നെല്‍വയലും ആമ്പല്‍ പൊയ്കയുമൊക്കെയുള്ള ഒരു ഗ്രാമമാണ് ഹിരിബന്തുണ്ണ. വളഞ്ഞുപുളഞ്ഞ ചെമ്മണ്‍പാതയിലൂടെ കിളികളോടു കിന്നാരം പറഞ്ഞാരു സവാരി. ഒരു കവലയിലതാ ഏതോ പഴയ സിനിമാ സെറ്റിലെന്ന പോലെ കാളവണ്ടികള്‍ നിരന്നുനില്‍ക്കുന്നു. ഇരട്ടക്കാളകളെ പൂട്ടിയ വണ്ടികളില്‍ നാല്‍വര്‍ സംഘങ്ങളായി ഞങ്ങള്‍ കയറി. വണ്ടിച്ചക്രങ്ങള്‍ ചരല്‍പാതയിലുടക്കി കരകരാരവമുണ്ടാക്കിക്കൊണ്ടിരുന്നു. ദ്വീപുരാജ്യത്തിന്റെ അറുതിയില്ലാത്ത പ്രശ്‌നങ്ങള്‍ പോലെ. 

ഇനിയല്പം കാല്‍ നടയാത്രയാണ് ആമ്പല്‍പൊയ്കയിലേക്ക്. കട്ടമരം (Catamaran) എന്നയിനത്തില്‍പ്പെട്ട ഇരട്ടഫൈബര്‍ തോണിയുമായി തോണിക്കാരന്‍ ഞങ്ങളെയും കാത്തിരിപ്പുണ്ട്. രണ്ട് തലകളും രണ്ടുവാല്‍ഭാഗങ്ങളുമുള്ള തോണിയാണ്. അതുകൊണ്ട് തുഴച്ചില്‍കാര്‍ രണ്ടുപേര്‍ വേണം. വെള്ളത്താമരകളും നീലയാമ്പലുകളും കുടനിവര്‍ത്തിയെതിരേറ്റ തടാകത്തില്‍ അങ്ങിങ്ങായി അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. അവയോടൊപ്പം ഞങ്ങളും വിവിധ ദേശങ്ങളില്‍ നിന്നു വന്ന സഞ്ചാരികളും! അങ്ങകലെ പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘപാളികള്‍ക്കു കീഴെ ശ്രീലങ്കയുടെ എന്നത്തെയും അഭിമാനമായ സിഗിരിയകോട്ടയും പിതുരംഗാല പറക്കെട്ടും കൂറ്റന്‍ ഐരാവതങ്ങളെപ്പോലെ കാണാം. കൗതുകത്തിന് കുറച്ച് വെള്ളത്താമരപ്പൂക്കള്‍ പറിച്ചെടുത്തു. താമരയില കൊണ്ട് മനോഹരമായ തൊപ്പി നിര്‍മ്മിച്ച് തോണിക്കാരന്‍ ഞങ്ങളുടെ തലയിലണിയിച്ചു തന്നു.

വള്ളം കരയണഞ്ഞപ്പോള്‍ ടക്ടക്കുകള്‍ (നമ്മുടെ ഓട്ടോ) കാത്തിരിപ്പുണ്ട്. അവ ഞങ്ങളെയുംകൊണ്ട് മണ്‍പാതയിലൂടെ നീങ്ങി. ഒടുവിലെത്തിയത് ഓലമേഞ്ഞ മണ്‍ഭിത്തിയുള്ള സുമന്നയെന്ന വീട്ടമ്മയുടെ വസതിയിലാണ്. ഇവിടെയാണ് ഞങ്ങളുടെ ഉച്ചയൂണ്. സുമന്നയും സഹോദരപുത്രി സജിനിയും അയല്‍ക്കാരിയായ കുമാരിയും ഞങ്ങളെ സ്വീകരിച്ചു. 'തേമഹറി രസായി' പഠിച്ചുവെച്ച സിംഹളയില്‍ ഞാന്‍ സുമന്നയോടു പറഞ്ഞു (താങ്കള്‍ ഉണ്ടാക്കിത്തന്ന ഭക്ഷണം നല്ല സ്വാദുള്ളതാണ്) ചിരിയില്‍ മിന്നലൊളിപ്പിച്ച് സുമന്ന നന്ദി പറഞ്ഞപ്പോള്‍ ഭക്ഷണത്തേക്കാള്‍ സ്വാദ് ആ വീട്ടമ്മയുടെ നന്ദിവാക്കിനുള്ളതായി  തോന്നി.

ലോട്ടസ് ടവറില്‍നിന്നുള്ള ദൃശ്യം

തലയുയര്‍ത്തി സിഗിരിയകോട്ട
സെന്‍ട്രല്‍ പ്രോവിന്‍സിലെ മതാലെ ജില്ലയില്‍ ദംബുള്ള നഗരത്തിനടുത്താണ് സമുദ്രനിരപ്പില്‍ നിന്നും 180 മീറ്റര്‍ ഉയരത്തിലുള്ള സിഗിരിയകോട്ട. അതിപുരതനമായ കൂറ്റന്‍ കരിങ്കല്‍കോട്ടയാണിത്. സിഗിരിയ സിംഹളരാജാവായിരുന്ന കശ്യപന്‍ ഒന്നാമന്‍ ശത്രുക്കളില്‍നിന്നു രക്ഷനേടാന്‍ പണിത കൊട്ടാരവും കോട്ടയുമാണത്രെ ഇത്. പാറക്കെട്ടിന് താഴെയുണ്ടായിരുന്ന കൃത്രിമ തടാകങ്ങളുടെയും ജലപൂന്തോട്ടങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ഇത് രാവണന്റെ കോട്ടയാണെന്നു ചിലര്‍ കരുതുന്നുണ്ടെങ്കിലും അതിനു യാതൊരു തെളിവുമില്ല. ഇതിനെ ബുദ്ധമതാശ്രമമായിട്ടും ചിലര്‍ കരുതുന്നുണ്ട്. എ.ഡി 477 മുതല്‍ 495 വരെ ശ്രീലങ്ക ഭരിച്ചിരുന്ന സിംഹള രാജാവായിരുന്ന കശ്യപന്‍ ഒന്നാമന്‍ പണിതതാണിതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. പ്രവേശനകവാടത്തിലുള്ള മ്യൂസിയത്തില്‍ സിഗിരിയയെക്കുറിച്ച് കൂടുതല്‍ അറിവുനല്‍കുന്നു. താഴ്‌വരയില്‍ തന്നെ നീലയാമ്പലും താമരയും നിറഞ്ഞു നില്‍ക്കുന്ന പൊയ്കകളാണ്.

കൃത്രിമമായുണ്ടാക്കിയ ജലപൂന്തോട്ടത്തില്‍ ജലം ഒഴുകിപ്പോവാനുള്ള ദ്വാരങ്ങളുണ്ട്. 1200 പടികയറണം സിഗിരിയ കോട്ടയിലെത്താന്‍! കരിങ്കല്‍പടവുകള്‍ താണ്ടി ലയണ്‍റോക്കിലെത്തി. സിംഹത്തിന്റെ കാലുകളുടെ ആകൃതിയിലുള്ള പ്രവേശനകവാടം കടന്നാല്‍ പിന്നെ മുകളിലെത്താന്‍ ഇരുമ്പുകൊണ്ടുള്ള പടികള്‍ നിര്‍മിച്ചിട്ടുണ്ട്. രാജാവിന്റെ കാലത്ത് വടം കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന ലിഫ്റ്റ് പോലുള്ള യന്ത്രം ഉണ്ടായിരുന്നുവത്രെ ! വടം നിര്‍ത്താനുള്ള ചാലുകള്‍ കരിങ്കല്‍ ഭിത്തിയിലുണ്ട്. സിഗിരിയ കോട്ടയുടെ മൂര്‍ദ്ധാവില്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. അല്പം താഴെയായി നിറയെ വെള്ളമുള്ള ഒരു വലിയ കുളവുമുണ്ട്. ഭൂഗുരുത്വബലം കൊണ്ട് വെള്ളം താഴെ കിടങ്ങുകളിലേക്കും ജല ഉദ്യാനങ്ങളിലേക്കും ഇറങ്ങി വരാനുള്ള ആന്തരിക തുരങ്ക സംവിധാനമുപയോഗിച്ചിട്ടുണ്ട്. ഓരോ ടാങ്കിന്റെയും അടിത്തട്ടില്‍ വെളളമിറങ്ങിപ്പോവാനുള്ള ദ്വാരം വ്യക്തമായി കാണുന്നുണ്ട്. സാങ്കേതികവിദ്യ വളരാത്ത കാലഘട്ടത്തിലും ഇത്തരം നിര്‍മിതി അദ്ഭുതകരം തന്നെയല്ലെ! 

തടാകത്തിലൂടെ...

പിതുരംഗാല മലകയറ്റം
സിഗിരിയ കോട്ടയില്‍ നിന്നും നോക്കിയാല്‍ കാണാവുന്നത്രയകലത്തിലാണ് സാഹസികമലകയറ്റത്തിനു പേരുകേട്ട പിതുരംഗാല. ബി.സി. ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ ഇവിടെ ബുദ്ധമതാശ്രമം ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കരിങ്കല്‍ പാറ തുരന്ന് അതിനകത്തുണ്ടാക്കിയ ശയനാവസ്ഥയിലുള്ള ബുദ്ധവിഗ്രഹമുണ്ടിവിടെ. കരിങ്കല്‍പടികളും ചെങ്കുത്തായ വഴികളും താണ്ടി പാതിവഴിക്കെത്തിയപ്പോഴാണ് മനസ്സിലായത് മുകള്‍ത്തട്ടിലെത്താന്‍ കുറച്ചു കൂടി സാഹസികത വേണമെന്ന്. കൂറ്റന്‍ പാറക്കെട്ടുകളും വലിയ കള്ളിമുള്‍ച്ചെടികളും യാത്രയ്ക്ക് വിഘ്‌നം വരുത്തുന്നുണ്ട്. കയറാന്‍ പ്രയാസമുള്ളവരെ സഹായിക്കാന്‍ ഗൈഡായ നിഷാന്ത എന്ന ചെറുപ്പക്കാരന്‍ ഞങ്ങളോടൊപ്പം കയറി. പാറക്കെട്ടില്‍ അള്ളിപ്പിടിച്ചുകയറിയും ചിലയിടത്ത് നിരങ്ങിയും മറ്റുചിലയിടത്ത് അവയുടെ വിടവിലൂടെ നൂഴ്ന്നിറങ്ങിയും ഞങ്ങളൊരു വിധം മേല്‍ത്തട്ടിലെത്തി! ഒരു കൂറ്റന്‍ ആനപ്പുറത്ത് കയറിയ പ്രതീതി! കരിങ്കല്‍ പാറപ്പരപ്പില്‍ ചിലയിടങ്ങളില്‍ മാത്രം കൂര്‍ത്ത മുള്ളുകളുള്ള ഭീമന്‍ കള്ളിമുള്‍ച്ചെടികള്‍ കാണപ്പെട്ടു. പിതുരംഗാല പാറക്കെട്ടില്‍ നിന്നുമുള്ള താഴ്‌വാരങ്ങളുടെ ദൃശ്യങ്ങള്‍ ആരെയും ഭ്രമിപ്പിക്കുന്നതാണ്! ഇനി ലോട്ടസ് ടവറിലേക്കായിരുന്നു യാത്ര.

മാനംമുട്ടി നില്‍ക്കുന്ന ലോട്ടസ് ടവര്‍
കൊളംബൊ നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും താമരയാകൃതിയിലുള്ള മെറൂണ്‍ മകുടവും പച്ചനിറത്തിലുള്ള അടിഭാഗവുമുള്ള ലോട്ടസ്ടവര്‍ കാണാം. ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നും നടന്നാല്‍ ഇവിടെയെത്തുമെന്ന് കരുതിയത് വൃഥാവിലായി! നടന്നപ്പോഴാണറിഞ്ഞത് കുറെ സമയമെടുക്കുമെന്ന്. യൂബര്‍ ടാക്‌സി വിളിച്ചു പോവേണ്ടി വന്നു. ചുവട്ടില്‍നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കാര്‍മേഘപടലങ്ങളെ പിറകിലാക്കി ടവര്‍ മുന്നോട്ട് പായുന്നതായി തോന്നി! ട്രെയിനില്‍ നമ്മളിരുന്ന് മുന്നോട്ട് പോവുമ്പോള്‍ പുറമെയുള്ള കെട്ടിടങ്ങളും മരങ്ങളും പിന്നോട്ടോടുന്നതായി തോന്നാറില്ലെ? അതുപോലെ തന്നെ! മേഘങ്ങളാണ് മുന്നോട്ടുപോയത്. 350 മീറ്ററാണ് പ്രധാനമായും വാര്‍ത്താവിനിമയത്തിനു വേണ്ടി നിര്‍മിച്ച ലോട്ടസ്ടവറിന്റെ ഉയരം. അവിടുന്ന് മുകളിലേക്കുള്ള ആന്റീനയ്ക്ക് 356 മീറ്റര്‍ ഉയരമുണ്ട്. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 6,400 ശ്രീലങ്കന്‍ രൂപയാണ് ടവറിനു മീതെ കയറാന്‍ ചാര്‍ജ്, അതായത് 2000 ഇന്ത്യന്‍ രൂപ! നിരക്കല്പം കൂടുതലാണെങ്കിലും കയറാന്‍ തന്നെ തീരുമാനം. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു. ലിഫ്റ്റില്‍ അമ്പതു സെക്കന്റുകൊണ്ട് ടവറിന്റെ 29-ാം നിലയിലെത്തി.

അത്യാദ്ഭുതം, വൃത്താകൃതിയിലുള്ള കോറിഡോറിലൂടെ കറങ്ങിനടന്നാല്‍ 10 കി.മീ ചുറ്റളവില്‍ കൊളംബോ മുഴുവന്‍ കാണാം. ഇന്ത്യന്‍ മഹാസമുദ്രമെന്ന നീലപ്പരപ്പ്, കൊളംബോ തുറമുഖം, കപ്പലുകള്‍ കാഴ്ച അങ്ങനെ നീളുന്നു. രാവിലെ ട്രെയിനിറങ്ങിയ ഫോര്‍ട്ട് സ്റ്റേഷന്‍ അതാ താഴെ. ഇല ഭക്ഷിക്കാന്‍ വരുന്ന പുഴുക്കള്‍ കൂട്ടത്തോടെ ഇലത്തലപ്പിലിരിക്കുന്നതുപോലെ ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ കാണാം. അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലതാ പഴയ പാര്‍ലമെന്റ് സമുച്ചയം; ഇവിടെയാണ് കഴിഞ്ഞവര്‍ഷം പ്രസിഡന്റ് ഗോദബായരജപക്‌സെക്ക് എതിരെ ജനങ്ങള്‍ ഒന്നാകെ പ്രക്ഷോഭം നയിച്ചത്. 

ദാമ്പുള്ള ക്ഷേത്രം / ഷട്ടര്‍‌സ്റ്റോക്ക്‌


ദംബുള്ളയിലെ ഗുഹാക്ഷേത്രം
ലോകപൈതൃകപ്പട്ടികയിലിടം നേടിയ ദംബുള്ള ഗുഹാക്ഷേത്രം അഥവാ സുവര്‍ണക്ഷേത്രത്തിലേക്ക് സിഗിരിയയില്‍ നിന്ന് 24 കി.മീ ദൂരമുണ്ട്. ശ്രീലങ്കയിലെ ഏറ്റവും വലുതും മികച്ചതുമായ ഗുഹാക്ഷേത്രമാണിത്. അനുരാധപുരയിലെ രാജാവായിരുന്ന ബളഗംബാഹുവാണ് പാറയ്ക്കകത്തുള്ള ഗുഹയെ ക്ഷേത്രരൂപത്തിലാക്കിയതെന്ന്  കരുതപ്പെടുന്നു. ക്ഷേത്രകവാടത്തില്‍ വളരെ ദൂരത്തുനിന്നു കാണാവുന്ന സുവര്‍ണനിറത്തിലുള്ള വലിയ ബുദ്ധപ്രതിമയുണ്ട്. അടിവാരത്തുനിന്ന് 150 മീറ്റര്‍ ഉയരത്തിലാണ് കേവ്‌ടെമ്പിള്‍. വ്യത്യസ്ത പോസുകളിലുള്ള 153 ബുദ്ധപ്രതിമകളാണ് ഗുഹാക്ഷേത്രത്തിലെ അഞ്ചു അറകളിലായിട്ടുള്ളത്. കരിങ്കല്‍ പാറ തുരന്നുണ്ടാക്കിയ ചുമരിലും മേല്‍ക്കൂരയിലും വര്‍ണചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. താഴ്‌വരയില്‍നിന്നും കുളിര്‍ക്കാറ്റില്‍ ക്ഷേത്രമുറ്റത്തെ വൃക്ഷങ്ങളില്‍ തളിരിലകള്‍ ഇളകിയാടി. 'ബുദ്ധം ശരണം ഗച്ഛാമി'...ശാന്തിമന്ത്രം അന്തരീക്ഷത്തില്‍ അലയടിക്കുന്നതുപോലെ.

ടൂത്ത് റെലിക് ക്ഷേത്രം

കാന്‍ഡിയിലെ ടൂത്ത് റെലിക് ക്ഷേത്രം
കാന്‍ഡി നഗരത്തില്‍ കൊട്ടാരത്തോട് ചേര്‍ന്നാണ് സിംഹള ഭാഷയില്‍ 'ദലാദമലിഗാവ' എന്നു വിളിക്കപ്പെടുന്ന ടൂത്ത് റെലിക് ടെമ്പിള്‍ സ്ഥിതിചെയ്യുന്നത്. ഇതും ലോക പൈതൃക പട്ടികയിലുള്‍പ്പെട്ടതാണ്. ശ്രീബുദ്ധന്റെ നിര്‍വാണത്തിനുശേഷം രാജകുമാരിയായിരുന്ന ഹേമാലിയും ഭര്‍ത്താവും കൂടെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടമായ പല്ല് തലമുടിയിലൊളിപ്പിച്ചു ശ്രീലങ്കയിലെത്തിക്കുകയായിരുന്നുവത്രെ! പിന്നീടത് അനുരാധപുരയിലെ രാജാവായിരുന്ന സിരിമേഘവര്‍ണ്ണനുനല്‍കി. കാന്‍ഡിയിലെ ക്ഷേത്രം പണിതത് രാജാവായിരുന്ന വിമലധര്‍മസൂര്യയാണെന്നു കരുതപ്പെടുന്നു. ദിവസവും മൂന്നുനേരം പൂജകള്‍ നടക്കുന്ന ഇവിടെ നല്ല തിരക്കുണ്ട്. വിഗ്രഹത്തിനുമുന്നില്‍ അര്‍പ്പിക്കാനുള്ള താമരപ്പൂക്കളും ആമ്പല്‍പൂക്കളും താലത്തിലേന്തി വിശ്വസികള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ ഗൈഡ് ശ്രീകുമാര്‍ ഒരു ബുദ്ധമതവിശ്വാസിയായതുകൊണ്ട് അദ്ദേഹവും നീലയാമ്പല്‍പൂക്കള്‍ താലത്തില്‍ കരുതിയിരുന്നു. തടാകതീരത്തെ ക്ഷേത്രസമുച്ചയവും തൊട്ടടുത്ത കൊട്ടാരവും എല്ലാം ചേര്‍ന്ന് കാന്റിനഗരത്തിനെ കൂടുതല്‍ സുന്ദരമാക്കുന്നു. തൊട്ടടുത്തുള്ള വ്യൂ പോയിന്റില്‍ നിന്നുമുള്ള സായാഹ്നക്കാഴ്ച അവാച്യമാണ്!  

കാഴ്ചകളൊടുങ്ങുന്നില്ല ഈ കൊച്ചു ദ്വീപുരാജ്യത്തില്‍. അതുപോലെ തന്നെ ഇവിടുത്തെ പ്രശ്‌നങ്ങളും. ലോക രാജ്യങ്ങളോടൊപ്പം ഇന്ത്യയും ശ്രീലങ്കയെ സഹായിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായിരുന്ന ക്ഷാമം കുറഞ്ഞുതുടങ്ങി. പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗയിലും പ്രധാനമന്ത്രി ദിനേശ്ഗുണവര്‍ധനെയിലും വിശ്വസമര്‍പ്പിച്ച് ജനങ്ങള്‍ മുന്നോട്ടുപോവുന്നു. ശ്രീലങ്ക ഉയിര്‍ത്തെഴുന്നേല്‍ക്കും. ഒടുവില്‍ യാത്രപറയുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു
 

Content Highlights: srilanka travelogue