ഹോട്ടല്‍ തുടങ്ങിയതോടെ സമുദായത്തില്‍നിന്നും കുടുംബത്തില്‍നിന്നും ഭുജംഗയ്യനെ ഊരുവിലക്കി!

നോവലില്‍ ഭുജംഗയ്യന്റെ ഹോട്ടല്‍ ഉണ്ടായിരുന്ന സ്ഥലം / ഫോട്ടോ: പി.ജയേഷ്‌
നോവലില്‍ ഭുജംഗയ്യന്റെ ഹോട്ടല്‍ ഉണ്ടായിരുന്ന സ്ഥലം / ഫോട്ടോ: പി.ജയേഷ്‌

ഇളംമഞ്ഞ് തൂവുന്ന ഡിസംബറിലെ പ്രഭാതത്തിലാണ് മൈസൂരില്‍നിന്ന് പുറപ്പെട്ടത്. പഴയ രാജപ്രൗഢിയുടെ അവശേഷിപ്പുകള്‍ പേറി സഞ്ചാരികളെ കാത്ത് മൈസൂര്‍ കൊട്ടാരത്തിന്റെ പുറത്ത് കാത്തുകിടക്കുന്ന ജഡ്കകള്‍. നഗരത്തില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഗ്രാമദൃശ്യങ്ങള്‍ പൊടുന്നനെ പ്രത്യക്ഷമാകും. മേല്‍ക്കൂര ഓടുപാകിയ ചെറുവീടുകള്‍, ദൂരേക്ക് നീളുന്ന ഒറ്റയടിപ്പാതകള്‍, പുലര്‍കാല മഞ്ഞില്‍ കരിമ്പ് കയറ്റിവരുന്ന ട്രാക്ടറുകള്‍, ചോളവും ബാര്‍ലിയും വിളയുന്ന പാടങ്ങള്‍. 

ഇതിലൂടെയായിരുന്നു പണ്ട്, മൈസൂരില്‍നിന്ന് മാദള്ളി വഴി കോട്ടയിലേക്ക് (ഹെഗ്ഗഡദേവനകോട്ട അഥവാ എച്ച്.ഡി. കോട്ട) ഒരേയോരു ബസ്സായ ലിംഗാജാബ മോട്ടോര്‍സ് ഓടിയിരുന്നത്. ഉഷ്ണകാലത്ത് മാദള്ളി ചുട്ടുപൊള്ളും. അന്നേദിവസം, മാദള്ളിക്കവലയില്‍ ബസ് എത്താന്‍ വൈകിയപ്പോള്‍ ആരോ ആത്മഗതമെന്നവണ്ണം പറഞ്ഞു. 
''അല്ല, എത്ര ഹോട്ടലുകളാ ഓരോരോ സ്ഥലങ്ങളില്‍ ആളുകള് തൊടങ്ങണത്!'
ഇങ്ങനിള്ളോടത്ത് എന്താ ഒരെണ്ണം ആരും തൊറക്കാത്തെ? ഇത്രയധികം ജനങ്ങള് വരണതല്ലേ? ഒരാള് ഒരു കാപ്പി വീതം കുടിച്ചാ മതി നല്ല കച്ചോടം കിട്ടാന്‍''
.

ലിംഗായിത മതക്കാരനായ ഭുജംഗയ്യന്‍ അത് കേള്‍ക്കുന്നുണ്ടായിരുന്നു. കൃഷിയും ശിവപൂജയുമായി കഴിഞ്ഞുകൂടിയ സാഹസികനായ അയാളുടെ മനസ്സില്‍ ഹോട്ടല്‍ എന്ന ആശയം ഉദിച്ചു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചു. രണ്ടാഴ്ചയ്ക്കകം മാദള്ളിക്കവലയില്‍, മാരിയമ്മന്റെ പുളിമരത്തിനരികെ ഭുജംഗയ്യന്റെ ഹോട്ടല്‍ 'ശ്രീകെണ്ടഗണ്ണേശ്വര പ്രസന്ന ഫലഹാരമന്ദിര''പ്രവര്‍ത്തനമാരംഭിച്ചു. സമുദായത്തിന് പുറത്തുകടന്ന അജ്ജപ്പന്‍ മാത്രമായിരുന്നു പിന്തുണ. 

ക്യാതനഹള്ളി മിഡില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററും ഗാന്ധിയനുമായ ഗോവിന്ദരാജുവില്‍നിന്ന് ഭുജംഗയ്യന്‍ മഹാത്മാഗാന്ധിയെക്കുറിച്ച് കേട്ടിരുന്നു. ഹരിജന്‍ കുട്ടികളെ വിദ്യാഭ്യാസത്തിന് വിളിച്ച മാസ്റ്ററെ മാദള്ളിക്കാര്‍ 'ബ്രാഹ്മണനല്ല, പാറേമ്മാനാണെന്നായിരുന്നു അധിക്ഷേപിച്ചത്. തനിനായിഡു പത്രത്തില്‍ അച്ചടിച്ചുവന്ന ബാപ്പുവിന്റെ ചിത്രം, ബസവേശ്വരന്റെ ഫോട്ടോയ്‌ക്കൊപ്പം തൂക്കാനും ഭുജംഗയ്യന്‍ മറന്നില്ല. പൂജയും കൃഷിയും അയിത്താചരണവുമായി കഴിഞ്ഞുകൂടേണ്ടയാള്‍ ഹോട്ടല്‍ തുടങ്ങിയതോടെ സ്വന്തം സമുദായത്തില്‍നിന്നും കുടുംബത്തില്‍നിന്നും ഊര്വിലക്ക് ഏല്‍ക്കേണ്ടിവന്നു. 

പുലര്‍കാലകാഴ്ച

ഭുജംഗയ്യനും അയാളുടെ ഹോട്ടലും മാദള്ളിയെന്ന ഗ്രാമവും മലയാളികള്‍ക്ക് പരിചയമായിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു. 1987-ലാണ് കന്നഡ എഴുത്തുകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ 'ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍' എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വായനക്കാരിലേക്ക് എത്തുന്നത്. മണ്ണിന്റെ ഉര്‍വരതയോട് ചേര്‍ന്നുനിന്ന ശ്രീകൃഷ്ണ സ്വന്തം ഗ്രാമമായ 'ആലനഹള്ളിയെ' 'മാദള്ളി'യായി അവതരിപ്പിക്കുകയായിരുന്നു. നിഗൂഢമായ രതി നിറയുന്ന ജീവിതരഥ്യകളും മിത്തുകളും പേറുന്ന ഗ്രാമത്തിന്റെ കഥ. ഇല വാടി വീണ് മണ്ണില്‍ അലിഞ്ഞുചേരുന്ന സുഗന്ധംപോലെ, ആലനഹള്ളിയെന്ന ഗ്രാമവും അവിടത്തെ ജീവിതാടരുകളും വരച്ചിടുകയായിരുന്നു ശ്രീകൃഷ്ണ തന്റെ നോവലില്‍.

കാലാന്തരത്തില്‍ ആലനഹള്ളി ഗ്രാമത്തിന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ചന്തകളും കല്‍ച്ചിറകളും അപ്രത്യക്ഷമായി. മൈസൂരുവില്‍നിന്നും പൊടിപറത്തി കോട്ടയിലേക്ക് പോയിരുന്നു ലിംഗാജാബ ബസ് സര്‍വീസ് മതിയാക്കി. കീഴ്ജാതിക്കാര്‍ ചായ കുടിക്കാനെത്തിയെന്നറിഞ്ഞ് സാമുദായിക ലഹളയ്‌ക്കൊടുവില്‍ അഗ്‌നിക്കിരയായ ഭുജംഗയ്യന്റെ ഹോട്ടലും ഇന്നില്ല. പകരം, നാഗരികതയുടെ അടയാളങ്ങള്‍ ആലനഹള്ളിയെ ആശ്ലേഷിച്ചിരിക്കുന്നു. കവലയില്‍ നിറയെ കടകമ്പോളങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. മാദള്ളിക്കാരുടെ ദൈവമായ ഗെദ്ദിയിലെ കൊണ്ടഗണ്ണസ്വാമി ക്ഷേത്രം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്.

കാലമേറെക്കഴിഞ്ഞെങ്കിലും കൃഷിയെയും കാലിവളര്‍ത്തലിനെയും കൈവിടാന്‍ ഈ ഗ്രാമം ഒരുക്കമല്ല. കരിമ്പും എള്ളും റാഗിയും പുകയിലയും സമൃദ്ധമായി വിളയുന്ന പാടങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ ഗ്രാമീണര്‍ കാത്തുസൂക്ഷിക്കുന്നു. ഗ്രാമത്തില്‍ വരള്‍ച്ചയുണ്ടായാല്‍ ഹുലിംക്യതപ്പനെ ധ്യാനിച്ച് ഗെദ്ദിയിലെ കൊണ്ടഗണ്ണസ്വാമിക്ക് അവര്‍ പൂജ നേരും.

ഭുജംഗയ്യന്‍ ഒരു സാങ്കല്പിക കഥാപാത്രമായിരുന്നുവോ? എഴുത്തുകാരന്‍ സൃഷ്ടിച്ച മാജിക്കല്‍ റിയലിസമായിരുന്നില്ലേ മാദള്ളി? പതിമൂന്നുവര്‍ഷം മുന്‍പ്, ഡിസംബറില്‍ മാതൃഭൂമി യാത്രയ്ക്കുവേണ്ടി അന്തരിച്ച യുവ കഥാകൃത്ത് കെ.വി. അനൂപ് നടത്തിയ ആലനഹള്ളി യാത്രയില്‍ ഇതിനുള്ള ഉത്തരമുണ്ടായിരുന്നു. അന്ന് നോവലിലെ ഇതിഹാസനായകനായ ഭുജംഗയ്യന്റെ മക്കളായ ചന്ദ്രശേഖരപ്പയെയും ഗുരുബസപ്പയെയും യാത്രികന്‍ നേരിട്ട് കണ്ടിരുന്നു. യാത്ര മാഗസിന്റെ പഴയ ലക്കം മറിച്ചുനോക്കി. അതില്‍ ഗുരുബസപ്പ ലേഖകനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ശ്രീകൃഷ്ണയുടെ സഹോദരിമാര്‍ കമലമ്മയും കെംപമ്മയും

''ഒരിക്കല്‍ കണ്ടപ്പോള്‍ ശ്രീകൃഷ്ണ എന്നോട് പറഞ്ഞു. ഞാന്‍, നിന്റപ്പന്റെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍, പിതാവ് നായകനായ പുസ്തകം വായിച്ചിട്ടില്ല. വായിച്ചവരോട് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ പറയുന്നതുപോലെ കൃഷി, ഹോട്ടല്‍ നടത്തിപ്പ്, കിണര്‍ കുഴിക്കലൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, രണ്ടാമതൊരുത്തിയെ കല്യാണം കഴിച്ചതും വിഷചികിത്സകനായി മാറുന്നതുമൊന്നും ഭുജംഗയ്യന്‍ ചെയ്തിരുന്നില്ല''. 

നോവലില്‍, വീരശൈവസഭയുടെ എതിര്‍പ്പ് അവഗണിച്ച് ഭുജംഗയ്യന്‍ ചെട്ടിയാര്‍ സ്ത്രീയായ സുശീലയെ രണ്ടാംവിവാഹം കഴിക്കുന്നതോടെയാണ് മാദള്ളിയില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ആലനഹള്ളിക്കാര്‍ക്ക് ശ്രീകൃഷ്ണ എന്ന എഴുത്തുകാരന്‍ സുപരിചിതനാണെങ്കിലും ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ വായിച്ചിട്ടില്ല. പലരും സിനിമ കണ്ടിട്ടുണ്ടെന്ന് മാത്രം. നോവലിനെ ആസ്പദമാക്കി കന്നഡയില്‍ ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നോവലില്‍ പരാമര്‍ശിക്കുന്ന ഭുംജഗയ്യന്റെ ഹോട്ടല്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് ചെറിയൊരു വീട് ഉയര്‍ന്നിട്ടുണ്ട്. 

ആലനഹള്ളി കവലയില്‍നിന്ന് വലത്തേക്ക് നീളുന്ന ഇടവഴിയിലൂടെ പോയാല്‍ എഴുത്തുകാരന്റെ തറവാട്ട് വീട്ടിലേക്കെത്താം. റാഗി വിളഞ്ഞുനിന്ന പാടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന പാത. റോഡിനിരുപുറവും മേയുന്ന കാലികള്‍. ഇടയ്ക്കിടെ ചെഞ്ചുവപ്പാര്‍ന്ന ഇഷ്ടികച്ചൂളയില്‍ വേവുന്ന പുകയിലപ്പുരകള്‍. ഈ ഇടവഴികളിലെവിടെയോ നിന്നാകാം ചുരമാന്തിയ വേട്ടമൃഗത്തെപ്പോലെ നാരായണന്‍ സുശീലയെ കീഴ്പ്പെടുത്തിയത്. അയ്‌നോര്‍ കീര്‍ത്തനങ്ങള്‍ പാടി ഗെദ്ദിയിലേക്ക് നടന്നുപോയിരുന്നത് ഈ വഴിയെയാകാം. ഗ്രാമ്യജീവിതത്തിന്റെ ഉള്‍ത്തടങ്ങളെയും കാടിന്റെ നിഗൂഢതയെയും എത്ര ആഴത്തിലായിരുന്നു എഴുത്തുകാരന്‍ വരച്ചിട്ടത്. രണ്ട് ഗ്രാമങ്ങള്‍ക്കിടയിലെ സംഘര്‍ഷം, അതിന് ഇടയിലുള്ള ഒരു കാട്; ശ്രീകൃഷ്ണയുടെ 'കാട്' എന്ന നോവലിന്റെ പ്രമേയംപോലും ഇങ്ങനെയാണ്.

കാലിവളര്‍ത്തലാണ് ഗ്രാമീണരുടെ പ്രധാനവരുമാനം

മാദള്ളിയില്‍ എഴുത്തുകാരന്റെ തറവാട് വീട് ഇന്നുമുണ്ട്. തൊട്ടടുത്ത വീടുകളിലായാണ് ശ്രീകൃഷ്ണയുടെ സഹോദരിമാരായ കെംപമ്മയും കമലമ്മയും താമസിക്കുന്നത്. പ്രായാധിക്യം അവഗണിച്ചുകൊണ്ട് ഇരുവരുമെത്തി. കുഞ്ഞുനാളില്‍ ശ്രീകൃഷ്ണ നന്നായി വായിച്ചിരുന്നുവത്രെ. പിന്നീട് മൈസൂരില്‍ അധ്യാപകനായിരിക്കെ നാട്ടില്‍വന്നപ്പോള്‍ ഈ തറവാട്ട് വീട്ടില്‍വെച്ചാണ് ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ എഴുതിയതെന്ന് ഇരുവരും ഓര്‍ത്തെടുത്തു. കന്നഡ സാഹിത്യത്തില്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും കെംപമ്മയും കമലമ്മയും നോവല്‍ വായിച്ചിരുന്നില്ല. കുട്ടനാടന്‍ മണ്ണിന്റെ മണമുള്ള എഴുത്തുകളായിരുന്നുവല്ലോ തകഴിയുടെത്... അതുപോലെ നിഷ്‌കളങ്കമായ മനുഷ്യരുടെയും മണ്ണിന്റെയും കഥകളായിരുന്നു ശ്രീകൃഷ്ണയും എഴുതിയത്. കന്നഡ സാഹിത്യത്തില്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ സമകാലീനന്‍. അനന്തമൂര്‍ത്തിയിലെ എഴുത്തുകാരന്‍ അധ്യാപകനും വി.സിയുമായി അക്കാദമിക് മേഖലയിലേക്ക് തിരിഞ്ഞു. എന്നാല്‍, ശ്രീകൃഷ്ണ നഗരജീവിതം മടുത്തതോടെ അധ്യാപനം ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. ഒടുക്കം താന്‍ പിറന്നുവീണ മണ്ണിലേക്ക് ഒടുങ്ങി. 

ആലനഹള്ളി അങ്ങാടിയെത്തും മുന്‍പ് വിശാലമായി പരന്നുകിടക്കുന്ന തെങ്ങിന്‍ തോട്ടങ്ങള്‍ക്കിടയില്‍ ചെറിയൊരു ഫാം ഹൗസ് ജീര്‍ണിച്ച് നില്‍ക്കുന്നു. അതിനോട് ചേര്‍ന്നാണ് മണ്ണിന്റെ കഥ എഴുതിയ എഴുത്തുകാരന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. 

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ കവര്‍

സായാഹ്നം. ആലനഹള്ളിയോട് വിടപറയേണ്ടിയിരിക്കുന്നു. കോട്ട വഴി ഹാന്‍ഡ്‌പോസ്റ്റിലെത്തിയാല്‍ മൈസൂരില്‍നിന്ന് മാനന്തവാടിയിലേക്കുള്ള അവസാന ബസ്സ് കിട്ടും. നാല് പതിറ്റാണ്ടിന് മുന്‍പ് എഴുത്തുകാരന്‍ സൃഷ്ടിച്ച മാദള്ളിയുടെ മുഖച്ഛായ പാടേ മാറിയിട്ടുണ്ട്. പക്ഷേ, അയിത്തമോ? കഴിഞ്ഞവര്‍ഷം ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായി. എല്ലാ മനുഷ്യരും തുല്യരെന്ന് ഉദ്‌ഘോഷിച്ച ബസവണ്ണയുടെ ക്ഷേത്രത്തില്‍ ഒരു ചെട്ടിയാര്‍ പ്രവേശിച്ചതാണത്രെ കാരണം. കീഴ്ജാതിക്കാരന്‍ ക്ഷേത്രത്തില്‍ കയറിയെന്ന കാരണത്താല്‍ ലിംഗായിത സമുദായവും ചെട്ടിയാര്‍ സമുദായവും ഏറ്റുമുട്ടി. ആലനഹള്ളിയില്‍വെച്ച് പരിചയപ്പെട്ട വിജയ് പറഞ്ഞു, ''നിങ്ങള്‍ വായിച്ച നോവലിലെ പ്രകൃതി മാത്രമേ മാറിയിട്ടുള്ളൂ, ജാതി സംഘര്‍ഷം ഇന്നും തുടരുകയാണ്''. പിന്നാക്ക ജാതിയിലുള്ള ഒരുമനുഷ്യന്‍ പ്രവേശിച്ചുവെന്ന കാരണത്താല്‍ ക്ഷേത്രം, ഒരുവര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്! മടക്കത്തിനിടെ കുലത്തെപ്പറ്റി ബസവണ്ണ രചിച്ച പദങ്ങളായിരുന്നു 
മനസ്സില്‍.
കൊലചെയ്‌വാനോ
കൊല്ലന്‍!
പുലസുകള്‍* തിന്‍മോന്‍ പുലയന്‍
കുലമേതവരുടെ 
കുലമേതാവോ!
ജീവാത്മാക്കള്‍ സകലതിനുമൊരുപോല്‍
ക്ഷേമമതൊന്നെ 
കാംക്ഷിച്ചീടിന
കുടലസംഗമദേവനിലഭയം
തേടുവതാ, രവര്‍കുലജാതര്‍'
(*പുലസുകള്‍: വൃത്തികെട്ട പദാര്‍ഥങ്ങള്‍)



 

Content Highlights: Sreekrishna Alanahalli's kannada novel 'Bhujangayyante Dasavatharangal' is the haunting, heartrendin