ഇംതിയാസ് അലിയുടെ അമര്‍ സിങ് ചംകില എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. ഈയവസരത്തില്‍ സിനിമയിലേക്ക് വന്ന കാലത്ത് താന്‍ അനുഭവിച്ച ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഫിറ്റ്നസ് പരിശീലകര്‍ക്കും സ്‌റ്റൈലിസ്റ്റുകള്‍ക്കും ഭീമമായ തുക നല്‍കാനില്ലാത്ത കാലത്ത് സഹനടന്മാരും ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരുമെല്ലാം തന്നെ വളരെയധികം 'ജഡ്ജ്' ചെയ്തിരുന്നുവെന്നാണ് പരണീതി തുറന്നുപറഞ്ഞത്. ഇത് ഏറെ വേദനിപ്പിച്ചിരുന്നുവെന്നും. 'ഫിഗറിങ് ഔട്ട് വിത്ത് രാജ് ശമാനി' പോഡ്കാസ്റ്റ് ഷോയിലായിരുന്നു തുറന്നുപറച്ചില്‍.
സാധാരണകുടുംബത്തില്‍ നിന്ന് വരുന്ന പരിണീതി, കരിയറിന്റെ ആദ്യ നാളുകളില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. തന്റെ തിരഞ്ഞെടുപ്പുകളെ ആളുകള്‍ ജഡ്ജ് ചെയ്തുവെന്നും തെറ്റായ ഉപദേശങ്ങൾ നൽകിയെന്നും അവര്‍ പറയുന്നു. 'സമ്പന്നമായ ഒരു പശ്ചാത്തലത്തില്‍ നിന്നല്ല ഞാന്‍ വന്നത്. ഇടത്തരം കുടുംബമാണ് എന്റേത്. ബോളിവുഡ് ലോകം ശരിക്കും മനസ്സിലാകുമായിരുന്നില്ല.
മുംബൈയിലെ ആളുകള്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നറിയില്ല, എനിക്ക് ഹൈ ഫ്‌ളൈ സുഹൃത്തുക്കളില്ല, പരിശീലകനോ സ്‌റ്റൈലിസ്റ്റോ ഇല്ല. പക്ഷേ, നേരത്തേ തന്നെ മുംബൈയിലുണ്ടായിരുന്നവരും ഈ ലോകത്തെപ്പറ്റി അറിയുന്നവരുമായ ചിലര്‍ എന്നെ വിലയിരുത്തിക്കളഞ്ഞു.'-പരിണീതി പറഞ്ഞു.
'സ്‌റ്റൈലിസ്റ്റുകള്‍ക്കും പരിശീലകര്‍ക്കും കൊടുക്കേണ്ട തുക താങ്ങാനാവുന്നില്ലെങ്കില്‍ പിന്നെ സിനിമയില്‍ നില്‍ക്കേണ്ടതില്ലെന്ന ധ്വനിയോടെ സഹനടന്മാരില്‍ ഒരാള്‍ സംസാരിച്ചു. ബോംബെയില്‍ വളര്‍ന്നൊരു സഹനടനാണത്. 'പ്രതിമാസം 4 ലക്ഷം രൂപ നല്‍കാന്‍ എനിക്കാകില്ലെന്നും അത്രയേ പ്രതിഫലം കിട്ടുന്നുള്ളൂവെന്നും ഞാൻ പറഞ്ഞു. കരിയറിലെ മൂന്നാമത്തെ ചിത്രത്തിന്റെ സമയമായിരുന്നു അത്. ആദ്യ ചിത്രത്തിന് 5 ലക്ഷം രൂപയാണ് പ്രതിഫലം ലഭിച്ചത്. എല്ലാത്തിനുംകൂടി ഈ പണം തികയുമായിരുന്നില്ല. നിങ്ങള്‍ക്കതിന് സാധിക്കുന്നില്ലെങ്കില്‍ ഈ പ്രൊഫഷനില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പല തലങ്ങളിലും അത് തെറ്റാണെന്ന് എനിക്ക് തോന്നി.'-പരിണീതി പറഞ്ഞു.
അമര്‍ സിങ് ചംകില എന്ന ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി നടി ശരീരഭാരം 16 കിലോയോളം കൂട്ടിയിരുന്നു. സിനിമയോട് സമര്‍പ്പണമുള്ളതുകൊണ്ട് വിവാഹസമയത്ത് സുന്ദരിയായി ഇരിക്കണമെന്ന ചിന്തപോലും താന്‍ ഒഴിവാക്കിയെന്ന് പരിണീതി പറഞ്ഞു. വിവാഹ സമയത്തും അത്യാവശ്യം തടിയുണ്ടായിരുന്നു. വ്യായാമം ചെയ്തിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങള്‍ കൂടുതലായി ധരിക്കാന്‍ തുടങ്ങി. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാണ് ശ്രമിച്ചത്. പക്ഷേ, തടി കൂടിയത് മാനസികമായി ബാധിച്ചു, ഉറക്കത്തെയും- അവർ പറഞ്ഞു. വണ്ണംവെച്ചതിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ നടിക്കുനേരേ വ്യാപകമായ ആക്രമണമുണ്ടായിരുന്നു.
'സ്വയം ഇങ്ങനെ പരീക്ഷിക്കരുതെന്ന് ഒരു മുതിർന്ന നടന്‍ എന്നെ ഉപദേശിച്ചു. കരിയര്‍ ഇതോടുകൂടി നശിച്ചു പോകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നെ കാണാന്‍ വല്ലാതായി എന്ന് തോന്നിയതോടെ ഇവന്റുകള്‍ പോലും ചെയ്യാതായി. ഞാന്‍ ഗര്‍ഭിണിയാണ്, തടി കുറയ്ക്കാന്‍ സര്‍ജറി ചെയ്തു, മുഖത്ത് ബോട്ടോക്സ് ചെയ്തു എന്നൊക്കെ ആളുകള്‍ പറഞ്ഞ് നടക്കാന്‍ തുടങ്ങി. ഇതെല്ലാം കാണുമ്പോഴും ഞാന്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല'- പരിണീതി പറഞ്ഞു.
Content Highlights: parineeti chopra recalls people judged her as she couldn't afford ₹ 2 lakhs a month for a fitness
Published: 29 Apr 2024, 05:16 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented