വീട്ടില്‍നിന്ന് മാറി ഉറങ്ങുക എന്നത് മാത്രമല്ല സ്ലീപ്പ് ടൂറിസം, എന്തുകൊണ്ടിതിനിത്ര പ്രചാരം?

ഇന്ന് ലോക ടൂറിസം ദിനമാണ്. ഇന്ത്യയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു സവിശേഷ യാത്രാ ട്രെന്‍ഡാണ് സ്ലീപ്പ് ടൂറിസം. ഇത് നിങ്ങളുടെ പതിവ് യാത്രാ ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ യാത്രയുടെ പ്രധാനലക്ഷ്യം വിശ്രമവും സ്വയം പരിചരണവുമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉറക്കത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് മനസ്സിനും ശരീരത്തിനും ഉണര്‍വേകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നഗരത്തിലെ തിരക്കുകളില്‍ നിന്ന് അല്‍പനേരം മാറിനില്‍ക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്.
സ്ലീപ്പ് ടൂറിസം എന്നത് വീട്ടില്‍ നിന്നുമാറി മറ്റൊരിടത്ത് ഉറങ്ങുക എന്നത് മാത്രമല്ല. ഉറക്കമില്ലായ്മ, ജെറ്റ് ലാഗ്, ജീവിതശൈലി കാരണമുണ്ടാകുന്ന ഉറക്ക തകരാറുകള്‍ എന്നിവയെ ചെറുക്കുന്നതിന് വേണ്ടിയുള്ളതാണ്. സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലനത്തെ ഉറക്കവുമായി സംയോജിപ്പിക്കുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു രീതിയാണിത്.
ഇന്ത്യയില്‍ സ്ലീപ്പ് ടൂറിസത്തിന്റെ പ്രചാരം വര്‍ധിച്ചുവരുന്നുണ്ട്. അതിന് കാരണങ്ങളുമുണ്ട്. തിരക്കേറിയ ചുറ്റുപാടും, സ്‌ക്രീനിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും സമകാലിക ജീവിതശൈലിയില്‍ ഉറക്കത്തിന് പ്രാധാന്യം കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണങ്ങളാണെന്ന് ആരോഗ്യവിദഗ്ദര്‍ കണക്കാക്കുന്നു.ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉറക്കം തന്നെയാണ്.
ഇന്നത്തെ വിനോദസഞ്ചാരികള്‍ സ്ഥലങ്ങള്‍ കാണാന്‍ മാത്രമല്ല ആഗ്രഹിക്കുന്നത്, മറിച്ച് അവര്‍ക്ക് ഉന്മേഷം വീണ്ടെടുക്കാനുള്ള ശ്രമമായാണ് യാത്രകളെ കാണുന്നത്. വെല്‍നസ് ടൂറിസത്തിൽ ഇന്ന് ഉറക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവധിക്കാല യാത്രകള്‍ ഒരു പ്രധാന ഉപവിഭാഗമായി മാറുകയാണ്. ആളുകൾ മുമ്പത്തേക്കാളും ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഡിജിറ്റല്‍ ലോകത്തിന്റെ അതിപ്രസരത്തില്‍ നിന്ന് രക്ഷപ്പെടലെന്ന രീതിയിലാണ് ഈ യാത്രകളുടെ ആവശ്യകത വർധിക്കുന്നത്.
സ്ലീപ്പ് ടൂറിസത്തിനായി തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ മികച്ച 5 സ്ഥലങ്ങള്‍
1. ഋഷികേശ് (ഉത്തരാഖണ്ഡ്): ലോകത്തിന്റെ യോഗാ തലസ്ഥാനം എന്ന് വിളിപ്പേരുള്ള ഋഷികേശ് സ്ലീപ്പ് ടൂറിസ്റ്റുകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. പല റിസോര്‍ട്ടുകളും ഗൈഡഡ് മെഡിറ്റേഷന്‍, ആയുര്‍വേദിക് സ്ലീപ്പ് തെറാപ്പി, ഉറക്കത്തിനായി ശാന്തമായ നദീതീര സായാഹ്നങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
2. മണാലി (ഹിമാചല്‍ പ്രദേശ്): മഞ്ഞുമൂടിയ പര്‍വതങ്ങളാലും ശാന്തമായ വനങ്ങളാലും ചുറ്റപ്പെട്ട മണാലി ശുദ്ധവായുവിനും ഇക്കോ-റിസോര്‍ട്ടുകളിലെ സമാധാനപരമായ താമസസൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. അവിടുത്തെ ചില ഹെല്‍ത്ത് റിസോര്‍ട്ടുകളില്‍ ഹെര്‍ബല്‍ ബാത്ത്, സൗണ്ട് തെറാപ്പി തുടങ്ങിയ ഉറക്കം നല്‍കുന്ന ചികിത്സകളുണ്ട്.
3. കൂര്‍ഗ് (കര്‍ണാടക): ഇന്ത്യയുടെ സ്‌കോട്ട്‌ലന്‍ഡ് എന്ന് വിളിപ്പേരുള്ള കൂര്‍ഗിലെ മൂടല്‍മഞ്ഞ് നിറഞ്ഞ ഭൂപ്രകൃതിയും കാപ്പിത്തോട്ടങ്ങളും ഉറക്കത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നു. ഇവിടുത്തെ റിട്രീറ്റുകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം ഗൈഡഡ് സ്ലീപ്പിങ് സെഷനുകള്‍, പ്രകൃതിദത്ത സുഗന്ധങ്ങള്‍, നിശബ്ദമായ ധ്യാനകേന്ദ്രങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.
4. കേരളം: മൂന്നാറിലെയും ആലപ്പുഴയിലെയും കേരളത്തിന്റെ ആയുര്‍വേദ റിസോര്‍ട്ടുകള്‍ സ്ലീപ്പ് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ്. ഹെര്‍ബല്‍ ഓയിലുകള്‍, സൗണ്ട് ബാത്തുകള്‍,മികച്ച ഉറക്കത്തിനുള്ള ഉപദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യക്തിഗതമാക്കിയ ചികിത്സകള്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു.
5. സ്പിതി വാലി (ഹിമാചല്‍ പ്രദേശ്): വിദൂരവും പരമ്പരാഗതമായി ഒറ്റപ്പെട്ടതുമായ സ്ഥലമാണ് സ്പിതി വാലി. ശബ്ദമലിനീകരണമില്ലാത്തതും ഉയര്‍ന്ന പ്രദേശവുമായ ഇവിടം ഡിജിറ്റല്‍ ഡിറ്റോക്‌സിനും സ്ലീപ്പ് തെറാപ്പിക്കും അനുയോജ്യമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover the growing trend of sleep tourism in India. prioritize rest, combat sleep issues, and rejuvenate your mind and body with unique travel experiences.