പോൺസ്റ്റാർ മാർട്ടിനി മുതൽ ഇഡ്ഡലി വരെ...2025-ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ പാചകക്കുറിപ്പുകൾ

2025-ന്റെ അവസാനനാളുകളിലാണ് നാം. ഏറെ സംഭവവികാസങ്ങൾ നിറഞ്ഞ ഒരുവർഷ കൂടി കടന്നുപോവുകയാണ്. അതിനിടെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ പാചകക്കുറിപ്പുകൾ ഏതൊക്കെയെന്ന് നോക്കാം.
ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ ഇഡ്ഡലി തന്നെയാണ്. ആവിയിൽ വേവിച്ചെടുക്കുന്ന, പൂപോലുള്ള ഇഡ്ഡലി എങ്ങനെയാണുണ്ടാക്കുക എന്നതറിയാനാണ് ഏറെ പേരും ഗൂഗിൾ നോക്കിയത്. സാദാ ഇഡ്ഡലിക്കൊപ്പം ബീറ്റ്‌റൂട്ട്, കാരറ്റ്, ചീര തുടങ്ങിയവയുടെ നീരെടുത്ത് കളർഫുൾ ഇഡ്ഡലിയുമുണ്ടാക്കാലോ? തേങ്ങാചട്ണി, സാമ്പാർ, മുളകുചട്ണി, തക്കാളി ചട്ണി...ഇഡ്ഡലിക്കൊപ്പം കഴിക്കാൻ എന്തൊക്കെ കറികളാണുള്ളത്.
രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോൺസ്റ്റാർ മാർട്ടിനി എന്ന കോക്ടെയിലാണ്. ലണ്ടനിലെ എൽഎബി, ടൗൺഹൗസ് തുടങ്ങിയ ബാറുകളുടെ സ്ഥാപകനായിരുന്ന ഡഗ്ലസ് അൻക്രയാണ് ഈ രസകരമായ കോക്ടെയിലിനുപിന്നിൽ. 2002-ലാണ് പോൺസ്റ്റാർ മാർട്ടിനി അദ്ദേഹം ആദ്യമായി തയ്യാറാക്കുന്നത്. പാഷൻ ഫ്രൂട്ട് പ്യൂരി, വാനില വോഡ്ക, ചെറുനാരങ്ങ എന്നിവ ചേർത്താണ് ഇതുണ്ടാക്കുന്നത്. പ്രൊസെക്കോ എന്ന ഇറ്റാലിയൻ വൈറ്റ് വൈനിനൊപ്പമാണ് ഇത് സാധാരണയായി വിളമ്പുന്നത്. ഈ വൈനിനൊപ്പം കുടിക്കാനുള്ളതാണ് പോൺസ്റ്റാർ മാർട്ടിനി. വൈനും കോക്ടെയിലും മാറിമാറി കുടിക്കുക എന്നതാണ് ഉദ്ദേശ്യം.
യോർക്ക്ഷയർ പുഡിങ് എങ്ങനെ തയ്യാറാക്കുമെന്നും ആളുകൾ ഗൂഗിളിനോട് ചോദിച്ചു. ഒരു ബ്രിട്ടീഷ് വിഭവമാണിത്. മുട്ട, മാവ്, പാൽ എന്നിവ ചേർത്ത് അടുപ്പത്തുവെച്ചു തിളപ്പിച്ചെടുത്താണ് പുഡിങ് തയ്യാറാക്കുന്നത്.
ഇതിനൊപ്പം മൊഡക്, ഉഗാഡി പച്ചടി, തേക്വ, കൊഴുക്കട്ട, ഗോണ്ട് കതിറ, തിരുവാതിരൈ കളി, ബീറ്റ്‌റൂട്ട് കഞ്ഞി തുടങ്ങിയ ഇന്ത്യൻവിഭവങ്ങളുമുണ്ട് ലിസ്റ്റിൽ. കുഴച്ച അരിപ്പൊടി ഉരുട്ടി, അതിനുള്ളിൽ തേങ്ങയും ശർക്കരയും ഏലക്കായയും എള്ളും ചേർത്തുണ്ടാക്കുന്ന മധുരപലഹാരമാണ് മോദക്. ഗണേശചതുർത്ഥിയോടനുബന്ധിച്ചാണ് മോദക് വീടുകളിലുണ്ടാക്കുന്നത്. ബിഹാറിലും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലുമാണ് തേക്വ വീടുകളിലുണ്ടാക്കുന്നത്. ഗോതമ്പുമാവിൽ ശർക്കരയും നെയ്യും ഏലക്കായയും ചേർത്ത് നന്നായി കുഴച്ച് കൈകൊണ്ട് പരത്തി, എണ്ണയിലിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത്. കറുമുറെ കഴിക്കാനുള്ളത് തേക്വ. ശർക്കരയും പുളിയും ഉപ്പും ആര്യവേപ്പിന്റെ പുക്കളും കുരുമുളകും പച്ചമാങ്ങയും ചേർത്താണ് ഉഗാഡി പച്ചടിയുണ്ടാക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the most searched recipes by Indians on Google in 2025, from comforting Idli to exotic Pornstar Martini & Yorkshire Pudding