അസ്ഥികൊണ്ട് അള്‍ത്താരവിളക്കും അലങ്കാരങ്ങളും; 40000ത്തിലധികം പേരുടെ അസ്ഥികള്‍

ചെക്ക് റിപ്പബ്ലിക്കിലെ സെഡ്‌ലെക്കിലെ സെമിത്തേരി ചര്‍ച്ച് ഓഫ് ഓള്‍ സെയിന്റ്‌സിന് താഴെ ഒരു ചെറിയ ഗോഥിക് ചാപ്പലുണ്ട്. അസ്ഥികളുടെ പള്ളി എന്നറിയപ്പെടുന്ന സെഡ്‌ലെക് ഓഷ്വറി. അസ്ഥികള്‍ കൊണ്ട് നിര്‍മിച്ച തൂക്കുവിളക്കുകള്‍, കമാനങ്ങള്‍, അലങ്കാരങ്ങള്‍. ഭീതികരമായ മരണത്തിന്റെ ഓര്‍മപ്പെടുത്തലായ ഈ ചാപ്പല്‍ ഇന്നും പ്രാര്‍ഥനയുള്ള ആരാധനാലയമാണ് എന്നതാണ് കൗതുകം. ഈ റോമന്‍ കത്തോലിക്കാ പള്ളിയില്‍ പതിവായി കുര്‍ബാനകള്‍ നടക്കുകയും, 'മരണം ഓര്‍ക്കുക' എന്ന 'മെമെന്റോ മോറി'യുടെ ആത്മീയസന്ദേശം നല്‍കുകയും ചെയ്യുന്നു.
1278-ലാണ് ഈ അസ്ഥികുടീരത്തിന്റെ തുടക്കം. സെഡ്‌ലെക് സിസ്റ്റേഴ്‌സ്യന്‍ സന്യാസിമഠത്തിലെ അധിപതി ഹെന്റി, ക്രിസ്തുവിന്റെ കുരിശുമരണം നടന്ന കാല്‍വരിയില്‍ നിന്ന് അല്‍പ്പം മണ്ണുമായി മടങ്ങിയെത്തി. ഈ 'വിശുദ്ധ മണ്ണ്' ആശ്രമത്തിലെ സെമിത്തേരിയില്‍ വിതറിയതോടെ, മധ്യ യൂറോപ്പില്‍ നിന്നുടനീളമുള്ള ആളുകളെ ആകര്‍ഷിച്ചുകൊണ്ട് സെഡ്‌ലെക് ഒരു ശ്മശാനസ്ഥലമായി മാറി. പതിനാലാം നൂറ്റാണ്ടിലെ ബ്ലാക്ക് ഡെത്ത് കാലത്തും പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഹുസൈറ്റ് യുദ്ധങ്ങള്‍ക്ക് ശേഷവും സെമിത്തേരി വികസിച്ചു. 1400കളില്‍ അതിന്റെ മധ്യഭാഗത്ത് ഒരു ഗോഥിക് പള്ളി നിര്‍മ്മിക്കപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കായി കമാനാകൃതിയിലുള്ള മുകളിലൊരു ചാപ്പലും, അസ്ഥികൂടങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു കുടീരമായി താഴെ മറ്റൊരു ചാപ്പലും ഇതിനുണ്ടായിരുന്നു.
40,000-മുതല്‍ 70,000-വരെ ആളുകളുടെ അസ്ഥികള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവരില്‍ പലരും ഉയര്‍ത്തെഴുന്നേല്‍പ്പിലും അന്ത്യവിധിയിലും വിശ്വസിച്ചിരുന്നവരായിരുന്നു. 1870-ല്‍, ഷ്വാര്‍സന്‍ബെര്‍ഗ് കുടുംബം നിയമിച്ച ഫ്രാണ്ടിസെക് റിന്റ് എന്ന മരപ്പണിക്കാരനാണ് അസ്ഥികളെ ഇന്ന് കാണുന്ന അസാധാരണമായ അലങ്കാരങ്ങളാക്കി മാറ്റിയത്. മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളും ഉപയോഗിച്ച ഭീമാകാരമായ ഒരു തൂക്കുവിളക്കാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മണിയുടെ ആകൃതിയിലുള്ള നാല് അസ്ഥികൂട സ്തൂപങ്ങള്‍, തലയോട്ടികള്‍ കൊണ്ടുള്ള മാലകള്‍, അസ്ഥികളാല്‍ നിര്‍മ്മിച്ച മാലാഖമാര്‍ എന്നിവയും ഇവിടെയുണ്ട്. അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ഷ്വാര്‍സന്‍ബെര്‍ഗ് കുടുംബചിഹ്നമാണ് ഇവിടുത്തെ ഒരു അപൂര്‍വ മതേതരമായ അലങ്കാരം.
വെളിച്ചവും വായുസഞ്ചാരവുമുള്ള മുകളിലത്തെ ചാപ്പല്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമുള്ള ഒരു ഇടമായി പ്രവര്‍ത്തിക്കുമ്പോള്‍, താഴത്തെ ചാപ്പലിന്റെ ഇരുണ്ട അന്തരീക്ഷം കാഴ്ചക്കാരില്‍ ഭയം നിറയ്ക്കുന്നു. ഇവിടെ അടക്കം ചെയ്യപ്പെട്ടവര്‍ ആരെന്ന് ആര്‍ക്കുമറിയില്ല. കലാപരവും ആത്മീയവുമായ പൈതൃകം പ്രതിവര്‍ഷം 2,00,000-ലധികം സന്ദര്‍ശകരെ സെഡ്‌ലെക് ചാപ്പലിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണിത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the chilling beauty of Sedlec Ossuary, the Bone Church in the Czech Republic. See incredible art made from over 40,000 human skeletons. A unique spiritual and artistic marvel.