“ബസ്സിൽ കയറാന്‍ പോയപ്പോൾ കണ്ടക്ടര്‍ തടഞ്ഞു. ഞാന്‍ കയറിയ പടികൾ അയാള്‍ തുടച്ച് ചെരുപ്പഴിക്കാൻ പറഞ്ഞു. ആ ബസ്സിനകത്ത് ചെരുപ്പിടാന്‍ പാടില്ല”

പല യാത്രകളിലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത, പ്ലാനിങ്ങിന്റെ ഒരു ഘട്ടത്തില്‍ പോലും മനസ്സില്‍ കയറാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് ഞാന്‍ എത്തിപ്പെടാറുണ്ട്. വിയറ്റ്‌നാം യാത്രയില്‍ അങ്ങനെ എത്തിപ്പെട്ടൊരു സ്ഥലമാണ് 'സാപ്പ'. ചിലരെങ്കിലും വിയറ്റ്‌നാം യാത്രയില്‍ ഹില്‍ സ്റ്റേഷനായ സാപ്പ ഉള്‍പ്പെടുത്താറുണ്ടെങ്കിലും മധ്യ വിയറ്റ്‌നാമിലെ 'ഹോയ് ആനും' 'ഹുവേ'യും കാണാനായിരുന്നു എനിക്ക് കൂടുതല്‍ താല്പര്യം. എന്നാല്‍ പാപി ചെല്ലുന്നിടം പാതാളം എന്നു പറയുന്നപോലെ ഞാന്‍ വിയറ്റ്‌നാമില്‍ എത്തി രണ്ടാം ദിവസം മഴ തുടങ്ങി! മധ്യ വിയറ്റ്‌നാം മുഴുവന്‍ വെള്ളത്തിനടിയിലായി. അങ്ങനെ ഹോയ് ആന്‍, ഖുദാ ഹവാ! ഹോയ് ആനില്‍ പോകാന്‍ മാറ്റിവെച്ച മൂന്നു ദിവസം എന്തു ചെയ്യും എന്നാലോചിച്ചപ്പോള്‍ എന്നാല്‍ പിന്നെ സാപ്പക്ക് പോകാമെന്നു തീരുമാനിച്ചു. തലേന്ന് പരിചയപ്പെട്ട ഫിലിപ്പീനി സുഹൃത്ത് ഐസ്, സാപ്പയെക്കുറിച്ച് വാതോരാതെ സംസാരിച്ചതും ആ തീരുമാനത്തിന് പ്രചോദനമായി.
ഹാനോയ് പട്ടണത്തില്‍ നിന്ന് സാപ്പയിലേക്ക് ഏകദേശം ആറ് മണിക്കൂറാണ് യാത്ര. രാത്രിബസ്സുകള്‍ ധാരാളമുണ്ട്. G8 ബസ് തന്നെ ബുക്ക് ചെയ്യണം എന്ന് ഐസ് പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ രാത്രി പതിനൊന്നരയോടെ ബസ് വന്നു. സ്ലീപ്പര്‍ ബസ് ആണ്. ബാഗൊക്കെ കൊടുത്ത ശേഷം കയറാന്‍ പോയ എന്നെ ബസ്സിലെ കണ്ടക്ടര്‍ തടഞ്ഞു. ഞാന്‍ കയറിയ പടി അയാള്‍ തുണികൊണ്ട് തുടച്ചു. ശേഷം എന്നോട് ചെരുപ്പൂരാന്‍ പറഞ്ഞു. ഊരിയ ചെരുപ്പുകള്‍ അയാള്‍ ഭദ്രമായി ഒരു പ്ലാസ്റ്റിക് കവറിലാക്കി എനിക്ക് തിരികെ നല്‍കി. ബസ്സിനകത്തു ചെരുപ്പിടാന്‍ പാടില്ല എന്ന് നിര്‍ദേശവും നല്‍കി. ഇതെന്താ അമ്പലമോ എന്ന് മനസ്സില്‍ വിചാരിച്ച് ബസ്സിനകത്തു കയറിയ ഞാന്‍ ഞെട്ടിപ്പോയി. ബസിന്റെ നിലം മുഴുവന്‍ പരവതാനി വിരിച്ചിരിക്കുന്നു! അഴുക്കിന്റെയോ പൊടിയുടെയോ അടയാളങ്ങള്‍ ഒന്നുമേയില്ല. ചെരുപ്പിടേണ്ട എന്നു പറഞ്ഞതിന്റെ ഗുട്ടന്‍സ് എനിക്കപ്പോഴാണ് മനസിലായത്! എന്റെ ബെര്‍ത്ത് കണ്ടുപിടിച്ചു ഞാന്‍ മെല്ലെ ഇരുന്നു. ഷീറ്റും പുതപ്പുമൊക്കെ ഫാബ്രിക് സോഫ്റ്റ്‌നര്‍ വരെയിട്ട് നനച്ചു തേച്ചു വെച്ചിട്ടുണ്ട്. നല്ല മണം! 2500 രൂപയും വാങ്ങി മുഷുക്ക് മണമുള്ള ഷീറ്റും തലയിണയും തരുന്ന എല്ലാ സ്വകാര്യബസ് കമ്പനികളെയും ഞാന്‍ മനസ്സില്‍ സ്മരിച്ചു. കാലിന്റെ തൊട്ടുമുകളിലെ ഷെല്‍ഫില്‍ വെറ്റ് വൈപ്പുകള്‍, കുപ്പിവെള്ളം, ഹെഡ്‌ഫോണ്‍. പച്ചയും നീലയും ചുവപ്പും മഞ്ഞയും നിറങ്ങള്‍ മാറി മാറി സെറ്റ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റുകള്‍. ഞാന്‍ മെല്ലെ കിടന്നു. നടുവിന്റെ ഭാഗത്ത് എന്തോ ഒന്ന് തടഞ്ഞു. നോക്കിയപ്പോള്‍ ഒരു റിമോട്ട്. ഇരുട്ടില്‍ ഏതോ ഒരു സ്വിച്ച് ഞാന്‍ ഞെക്കി. പെട്ടെന്ന് ബെര്‍ത്ത് മുഴുവനൊന്ന് തരിച്ചു! ഞെട്ടി ഞാന്‍ ലൈറ്റ് ഇട്ടുനോക്കിയപ്പോഴാണ് മനസ്സിലായത്, ബെര്‍ത്തില്‍ മസ്സാജിങ് സൗകര്യവുമുണ്ടെന്ന്. ആറു തരം മസ്സാജുകള്‍കളുള്ള റിമോട്ട് ആണ് അത്! ആ ബസ് നിര്‍ദേശിച്ച ഐസിനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് ഞാന്‍ മെല്ലെ കണ്ണുകളടച്ചു.
ഏകദേശം രാവിലെ നാലു മണി ആയിക്കാണണം. ബസിലെ യാത്രക്കാരെല്ലാം നല്ല ഉറക്കമാണ്. എന്റെ അടിവയറ്റില്‍ നല്ല വേദന. ഈ വേദന എനിക്ക് പരിചിതമാണ്. പീരീഡ്സ് ആയി! ഉറപ്പ്! സാധാരണ 26 ദിവസത്തിലാണ് മൂപ്പത്തിയാരുടെ വിസിറ്റ്! ഇത്തവണ നാലു ദിവസം മുന്‍പ് എന്നെ വന്നങ്ങു കണ്ടേക്കാമെന്ന് കരുതി! സ്വാഭാവികം! അല്ലെങ്കിലും ശാരീരികധ്വാനം ഏറെ വേണ്ട യാത്രക്ക് തൊട്ടുമുന്‍പ് ആശാത്തി വരുന്നത് പതിവാണ്! സാപ്പയില്‍ ഇറങ്ങുന്ന നിമിഷം മുതല്‍ എല്ലാം ട്രെക്കിങ്ങും കുന്നുകയറലുമാണ്. ഞാന്‍ പുള്ളിക്കാരിയുടെ വരവ് പ്രതീക്ഷിക്കേണ്ടതായിരുന്നു. കൈയ്യില്‍ സാധാരണ സാനിറ്ററി നാപ്കിനുകള്‍ എപ്പോഴും കരുതാറുള്ള ഞാന്‍ ഭാരം കൂടുമെന്ന് കരുതി അധികപ്പറ്റെന്നു തോന്നിയ സാധനങ്ങളൊക്കെ മറ്റൊരു ബാഗിലാക്കി ഹനോയിയില്‍ വെച്ചിട്ടാണ് സാപ്പയിലേക്ക് വണ്ടി കയറിയത്. ആ ബാഗിലായിരുന്നു സാനിറ്ററി നാപ്കിന്‍! 'എന്നാലും ഒരു സാനിറ്ററി നാപ്കിന്‍ പാക്കറ്റിനു എത്ര ഭാരം ഉണ്ടാകാനാണ് കുശ്മാണ്ടമേ!' എന്നു ഞാന്‍ എന്നെ തന്നെ വഴക്ക് പറഞ്ഞു സമയം നോക്കി, നാലര. ഇനിയും രണ്ടു മണിക്കൂര്‍ ഉണ്ട് യാത്ര. എന്നാലും രാവിലെ ആറരയ്ക്ക് സാനിറ്ററി നാപ്കിന്‍ എവിടെ നിന്ന് കിട്ടാന്‍ ആണ്! തത്കാലം വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി ഞാന്‍ കണ്ണിറുക്കി അടച്ചു കിടന്നു.
ആറരയോടെ ബസ് സാപ്പയിലെത്തി. നല്ല തണുപ്പുണ്ട്. ഞാന്‍ എന്റെ ജാക്കറ്റ് വേഗമെടുത്തിട്ടു. ബസ് സ്റ്റാന്റില്‍ ആകെ തുറന്നിരിക്കുന്നത് ഒരു ചെറിയ കോഫി ഷോപ്പ് ആണ്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് നടത്തുന്നത്. ഞാന്‍ നേരെ അവിടെ ചെന്ന് ഭാര്യയോട് ചോദിച്ചു 'ഇവിടെ സാനിറ്ററി നാപ്കിന്‍ ഉണ്ടോ?'
'ഇല്ല' എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകണം അവര്‍ പറഞ്ഞു
'എന്റെ കൈയ്യില്‍ ഒന്നോ രണ്ടോ കാണും. അതു തരട്ടെ?' ഞാന്‍ നന്ദിപൂര്‍വ്വം തലയാട്ടി. അവര്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി രണ്ടെണ്ണം പാക്കറ്റോടെ കൊണ്ടുവന്നു.
കോഫി ഷോപ്പില്‍ ബാത്ത്‌റൂം ഇല്ല. ഹോട്ടലില്‍ പോകുകയേ നിവര്‍ത്തിയുള്ളു. ഇതിനിടയില്‍ ഞാന്‍ വിളിച്ച ടാക്‌സിക്കാരന്‍ വന്നു. അയാള്‍ നേരെ ഹോട്ടലില്‍ കൊണ്ടാക്കി. ഹോട്ടല്‍ അല്ല ഹോംസ്റ്റേ- മേസണ്‍ ഡി സാപ്പ. നല്ല വൃത്തിയുള്ള മനോഹരമായൊരു ഹോംസ്റ്റേ.
തത്കാലം കുളിക്കണം, കിട്ടിയ പാഡും വെച്ച് അല്‍പനേരം ഉറങ്ങണം. ശേഷം എഴുന്നേറ്റ് സ്ഥലങ്ങള്‍ കാണണം, സാധനങ്ങള്‍ വാങ്ങണം. ചെക്ക് ഇന്‍ സമയം ഉച്ചക്ക് 2 മണിയാണ്. സമയം കഷ്ടിച്ച് രാവിലെ 7 മണിയാകുന്നതേയുള്ളു. അവര്‍ ഫുള്‍ ചാര്‍ജ് വാങ്ങും, കട്ടായം! എന്നാലും ഒരു മുറി എനിക്ക് കിട്ടിയേ തീരു. വാതില്‍ തുറന്നത് ഒരു പെണ്‍കുട്ടിയാണ്- നുങ്! വിടര്‍ന്ന ചിരിയോടെ അവള്‍ പറഞ്ഞു- 'ഗുഡ് മോര്‍ണിംഗ്. നിങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയാണ്. നിങ്ങളുടെ കാറ്റഗറി മുറിയൊന്നും ഒഴിവില്ല. 12 മണിയെങ്കിലുമാകും.'
ഞാന്‍ അവളോട് എന്റെ അവസ്ഥ പറഞ്ഞു. അതീവക്ഷീണിതയാണെന്നും കൂടിയ കാറ്റഗറി മുറിയാണെങ്കിലും സാരമില്ല, ഞാന്‍ എടുത്തോളാം എന്നും പറഞ്ഞു.
'ഞാന്‍ ഇവിടുത്തെ മാനേജര്‍ മാത്രമാണ്. നിങ്ങളെ സഹായിക്കണമെന്നുണ്ട്. പക്ഷെ ഓണര്‍ പറയുന്നപോലെ ചെയ്യാനെ നിര്‍വാഹമുള്ളൂ. ഞാന്‍ മാഡത്തിനോട് ഒന്നു സംസാരിക്കട്ടെ. നിങ്ങള്‍ ഒറ്റക്കാണെന്നും എക്‌സ്ട്രാ പേയ്മെന്റ് തരാന്‍ സന്നദ്ധ ആണെന്നും ഞാന്‍ പറയാം. മാഡം നല്ലവളാണ്. സമ്മതിക്കും.'
നുങ് മാഡത്തിനെ വിളിച്ചു എല്ലാം അവരുടെ ഭാഷയില്‍ വിശദമായി പറഞ്ഞു. ശേഷം ആശ്വാസത്തോടെ എന്നെ നോക്കി പറഞ്ഞു: 'നിങ്ങള്‍ക്ക് പ്രീമിയം റൂം എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാന്‍ മാഡം പറഞ്ഞു. നിങ്ങള്‍ക്ക് രണ്ടു ദിവസം അവിടെ തന്നെ താമസിക്കാം. ഒന്നും എക്‌സ്ട്രാ വാങ്ങണ്ടെന്നും മാഡം പറഞ്ഞു.'
ഞാന്‍ ബുക്ക് ചെയ്തത് 1800 രൂപയുടെ മുറിയാണ്. അവരുടെ പ്രീമിയം മുറിയുടെ വാടക 5000 ആണ്!
'അയ്യോ നിങ്ങള്‍ക്കതു നഷ്ടമല്ലേ! ഞാന്‍ രണ്ടുമണിക്ക് എന്റെ മുറിയിലേക്ക് മാറിക്കോളാം.'
'ഞാന്‍ മാഡത്തിനോട് ഇതെപ്പറ്റി ചോദിച്ചതാണ്. മാഡം പറഞ്ഞു, അതു വേണ്ടെന്ന്. ഈ മുറിയില്‍ റൂം ഹീറ്റര്‍ ഉണ്ട്. നിങ്ങളുടെ മുറിയില്‍ അതൊന്നുമില്ല.'
എനിക്കെന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നു. 'മാഡത്തിനോട് എനിക്കൊന്ന് സംസാരിക്കാമോ?'
ഞാന്‍ വിളിക്കാം. നുങ് വിളിച്ചു.
'ഹലോ. ഗുഡ് മോര്‍ണിംഗ്. നിങ്ങളുടെ കരുണ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.'
ചിരിച്ചു കൊണ്ടവര്‍ പറഞ്ഞു; 'ഇതൊക്കെ ആരും ചെയ്യുന്നതല്ലേ.'
'ഒരിക്കലുമല്ല! അരമണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യുന്നതിനുവരെ എക്‌സ്ട്രാ കാശ് വാങ്ങുന്നവരുണ്ട്!'
'ഞാനും ഒരു സ്ത്രീയല്ലേ! നിങ്ങള്‍ ഒറ്റയ്ക്കാണ്, ഇങ്ങനെ ഒരു അവസ്ഥയിലാണ്. ഈ അവസരം മുതലെടുത്തു ഞാന്‍ കാശ് കൂടുതല്‍ വാങ്ങിയാല്‍ എനിക്ക് എന്നോട് തന്നെ പൊറുക്കാന്‍ സാധിക്കില്ല.'
'ഒരുപാടു നന്ദിയുണ്ട്.'
'ഈ സാഹചര്യത്തില്‍ എനിക്ക് ലഭിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന പരിഗണന മാത്രമേ ഞാന്‍ നിങ്ങള്‍ക്ക് തന്നിട്ടുള്ളൂ. നിങ്ങള്‍ നന്നായി വിശ്രമിക്കൂ.'
എന്നെയും കൂട്ടി നുങ് മുറിയിലേക്ക് നീങ്ങി. അതിവിശാലമായ മുറി. വൃത്തിയുള്ള വെളുത്ത വാഷ്‌റൂം! ഞാന്‍ വിശാലമായ ഒരു കുളി പാസ്സ് ആക്കി. കിടക്കയില്‍ വന്നു കിടന്നു. പെട്ടെന്ന് മുറിയുടെ വാതിലില്‍ ഒരു കൊട്ട്. നുങ് ആണ്. കൈയ്യില്‍ ഒരു വലിയ ബൗള്‍ നിറയെ ആവി പറക്കുന്ന ബീഫ് സൂപ്പ്!
'ഇത് ഞാന്‍ ഓര്‍ഡര്‍ ചെയ്തില്ല നുങ്.'
'മാഡം പറഞ്ഞു, ഇതിവിടെ കൊണ്ടു വന്ന് തരണമെന്ന്.' എനിക്കെന്തു പറയണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ ഇങ്ങനെ തരിച്ചു നിന്നു! നന്ദിയും സ്‌നേഹവും നിറഞ്ഞു കവിഞ്ഞ് എന്റെ ഹൃദയം വിങ്ങി!
'നിങ്ങളുടെ മാഡത്തിനെ എനിക്കൊന്നു കാണാന്‍ സാധിക്കുമോ?'
'മാഡം വെള്ളിയാഴ്ച വൈകിട്ട് വരും.'
വെള്ളിയാഴ്ച രാവിലെയാണ് എന്റെ ബസ്. കാണാന്‍ സാധിക്കില്ല. തീര്‍ച്ചയാണ്. ഞാന്‍ ഭക്ഷണം വാങ്ങി രണ്ടു നിമിഷം ഒന്നും ചെയ്യാതെ ഇരുന്നു. എന്നോട് ഇത്രമേല്‍ കരുണ കാണിച്ച ആ വ്യക്തിയുടെ രൂപം ഒരു പക്ഷെ കാണാതെ ഇരിക്കുന്നതാവും ഏറെ ഭംഗി എന്നെനിക്കു തോന്നി. ഇതൊരു പക്ഷെ നിസ്സാരമായി പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ആ സാഹചര്യത്തില്‍ അറിയാതൊരു നാട്ടില്‍ എനിക്ക് വേണ്ടത് വിശ്രമിക്കാന്‍ ഒരു മുറിയും ചൂടു ഭക്ഷണവുമായിരുന്നു. ടൂറിസം നല്ല മത്സരമുള്ളൊരു മേഖല ആണ്. മണിക്കൂറിനും മിനിറ്റിനും എന്തിന് തരുന്ന ടവ്വലുകളുടെ എണ്ണം നോക്കിവരെ കാശു വാങ്ങുന്ന ഹോട്ടലുകളുണ്ട്. അവരുടെ ഇടയില്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സ്ത്രീയും അവരുടെ ശബ്ദവും മനസ്സില്‍ എന്നുമുണ്ടാകും- ഏതു സാഹചര്യത്തിലും മനുഷ്യനോട് കരുണകാട്ടാനുള്ള ഒരു ഓര്‍മപ്പെടുത്തലായി!
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Sa Pa, Vietnam! An unexpected trip revealed breathtaking landscapes, a luxurious bus ride, and unparalleled hospitality from a homestay owner