രുചികളെല്ലാം അമ്മയ്ക്ക് അന്യമാവുകയും അമ്മയുമായി ഒളിച്ചുകളിക്കുകയും ചെയ്തുകൊണ്ടിരുന്നു

ചാത്തന്നൂര്‍ മമ്മി ഒരു നാല്‍പ്പത് വയസ്സ് മുതലാണ് ഡയബറ്റിക് ആയതും മരുന്നുകഴിക്കാന്‍ തുടങ്ങുന്നതും. ദിവസേന മരുന്ന് കഴിക്കുന്നത് കൊണ്ടാവാം പലപ്പോഴും പ്രായം ഏറിയപ്പോഴേക്കും മമ്മിയുടെ രുചിമുകുളങ്ങള്‍ പണിമുടക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ മിതചേച്ചി അടുക്കളയില്‍ ഉണ്ടായ ഒരു അനുഭവം എന്നോട് പറഞ്ഞു, ഈ കുറിപ്പ് അതിന്റെ ഒരു ഓര്‍മ്മയാണ്.
ഒരുപാട് പേര്‍ക്ക് ഭക്ഷണം രുചിയോടെ വെച്ചുവിളമ്പി കൊടുത്ത ആളാണ് അമ്മ. അത് മാത്രമല്ല ഭക്ഷണമുണ്ടാക്കുമ്പോള്‍ അമ്മ കാണിക്കുന്ന ശ്രദ്ധയും ഏകാഗ്രതയും സൂക്ഷ്മതയും ആരെയും അതിശയിപ്പിക്കുന്നതുമായിരുന്നു, മാത്രമല്ല അമ്മ രുചിയുടെ കാര്യത്തില്‍ നല്ല കണിശക്കാരിയുമാണ്. അല്‍പ്പം എരിവോ പുളിയോ ഉപ്പോ മധുരമോ ഏറിയോ കുറഞ്ഞോ ഇരുന്നാല്‍ അമ്മ കണ്ടുപിടിക്കുമായിരുന്നു. പക്ഷേ ഈയിടെയായി പ്രായത്തിന്റെ അസ്കിത അമ്മയെ വല്ലാതെ ബാധിച്ചിരിക്കുന്നു. എത്ര ഉപ്പിട്ടാലും ഉപ്പില്ലെന്നുപറയുക, മധുരം എത്ര കൂടിയാലും അറിയാതിരിക്കുക, ചില കറികള്‍ കയ്പ്പാണെന്നു പറയുക; ഇങ്ങനെ രുചികളെല്ലാം അമ്മയ്ക്ക് അന്യമാവുകയും അമ്മയുമായി ഒളിച്ചുകളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചെക്കപ്പിനായി ഡോക്ടറെ കാണാന്‍ പോയപ്പോള്‍ അമ്മ തന്നെ ഈ വിവരം അദ്ദേഹത്തോട് സൂചിപ്പിച്ചു.
'ഡോക്ടര്‍, രുചികളെല്ലാം ഞാന്‍ മറന്നുപോകുന്നു,' അമ്മയുടെ ശബ്ദത്തില്‍ ഡോക്ടറിനോട് നേരിയ പരിഭവം ഉണ്ടായിരുന്നു. 'കുറെ കാലമായി മരുന്നൊക്കെ കഴിക്കുന്നില്ലേ അമ്മാ, അതിന്റെയാണ്, പതുക്കെ ശരിയാകും.' 'രുചിയൊക്കെ എനിക്കോര്‍മ്മയുണ്ട് ഡോക്ടര്‍, പക്ഷേ ഒന്നും കിട്ടുന്നില്ല.' ഡോക്ടര്‍ക്കു അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലായെന്ന് തോന്നുന്നു. അദ്ദേഹം ചിരിച്ചു. 'പതുക്കെ ശരിയാകും.' അമ്മ പെട്ടെന്ന് ചോദിച്ചു, 'പതുക്കെ ശരിയായാല്‍ എങ്ങനെ ശരിയാകും? ഞാന്‍ ചിലപ്പോള്‍ പെട്ടെന്ന് പോകും.' ഡോക്ടര്‍ എന്നെ നോക്കി. 'അങ്ങനൊന്നും പെട്ടെന്ന് പോകാന്‍ പറ്റില്ല അമ്മാ, നമുക്ക് രുചികളെയൊക്കെ തേടിപ്പിടിച്ച് കണ്ടെത്തിയിട്ട് പോയാല്‍ മതി.' ഡോക്ടര്‍ തമാശ പറഞ്ഞു. ഞാന്‍ പതുക്കെ അമ്മയെയും കൂട്ടി പുറത്തിറങ്ങി. അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തിയപ്പോള്‍ അമ്മയ്ക്ക് ഒരാഗ്രഹം, ഉച്ചയ്ക്ക് ഊണിനോടൊപ്പം ബീറ്റ്റൂട്ട് പച്ചടി വേണം. 'അതിനെന്തു പ്രയാസം അമ്മാ, ഇപ്പോള്‍ ശരിയാക്കാം.' പച്ചടിയൊക്കെ ഉണ്ടാക്കി, ചൂടാറിയപ്പോള്‍ കടുകും താളിച്ചൊഴിച്ചു കുളിക്കാനായി പോയി, തിരികെ വന്നപ്പോള്‍ അമ്മ അടുക്കളയില്‍ നില്ക്കുന്നു. 'എന്താ അമ്മാ?,' അമ്മയുടെ മുഖത്ത് ഒരു ദേഷ്യം, 'ഇല്ല ഒന്നുമില്ല, ഇവിടെ എന്താ ഒരു വല്ലാത്ത ഗന്ധം?' അമ്മയുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു. അടുക്കളയില്‍ നല്ല ഒരു മണം തങ്ങിനില്ക്കുന്നുണ്ട്. കടുക് താളിച്ച മണം. കടുക് താളിക്കുന്ന മണം അമ്മയ്ക്ക് എന്നും ഇഷ്ടമായിരുന്നു. ചൂട് എണ്ണയില്‍ കിടന്നു കടുകുമണി കുഞ്ഞുങ്ങള്‍ നൃത്തം ചവിട്ടുന്നുവെന്നും ചിലര്‍ സ്റ്റെപ് തെറ്റിച്ചു പുറത്തുചാടുന്നുവെന്നും അമ്മ പണ്ട് പറയുമായിരുന്നു. ഓരോ കറികള്‍ ഉണ്ടാക്കി കഴിയുമ്പോഴും അമ്മ കടുക് പൊട്ടിച്ചിട്ടു ഒരു മൂളിപ്പാട്ടൊക്കെ പാടി പാത്രം വൃത്തിയാക്കുന്നതും അടുക്കളയൊതുക്കുന്നതും നല്ല ചന്തമായിരുന്നു നോക്കിനില്ക്കാന്.
അമ്മ പറയുമായിരുന്നു കടുക് താളിക്കുന്ന മണമാണ് യഥാര്‍ത്ഥ ഐക്യത്തിന്റെ മണം എന്ന്. കടുകിന്റെയും കൊച്ചുള്ളിയുടെയും വറ്റല്‍മുളകിന്റെയും കറിവേപ്പിലയുടെയും ശുദ്ധവെളിച്ചെണ്ണയുടെയും മണമങ്ങനെ ചേരുമ്പോഴാണ് ഐക്യം മണക്കുന്നതെന്ന്. ഇപ്പോള്‍ ഇതെന്തു പറ്റി. മനസ്സിലൂടെ ഒരു വെള്ളിടി മിന്നി, അമ്മയ്ക്കു രുചിയും മണവും ഒക്കെ നഷ്ടപ്പെടുകയാണല്ലോ. ഈശ്വരാ, എത്ര കറികളും പലഹാരങ്ങളും ഉണ്ടാക്കി തന്നിരിക്കുന്നു അമ്മ. എത്ര പേരെ ഊട്ടിയിരിക്കുന്നു. പാവം വല്ലാതെ വിഷമിക്കുന്നുണ്ട്. ഇന്ദ്രിയങ്ങളെല്ലാം അമ്മയ്ക്ക് അന്യമാകുന്നത് ഞാനൊരു ഭീതിയോടെ നോക്കിക്കൊണ്ടിരുന്നു.
Content Highlights: ruchiyorma memories about her mother's cooking and tastes