എന്റെ മുളകുപ്രേമത്തെപ്പറ്റി ഭർത്താവ് പറയും 'മുളകെല്ലാം കഴിച്ചു നിനക്കീയിടെയായി ദേഷ്യം കൂടുന്നുണ്ട്'

വര- ലിജീഷ് കാക്കൂർ
വര- ലിജീഷ് കാക്കൂർ

'കഞ്ഞിപ്പാത്രത്തില്‍ കിടന്ന ചോന്ന വറ്റല്‍മുളകിന്റെ കടും എരിവിനാല്‍ സ്‌നാനപ്പെട്ട എന്റെ നാവില്‍ നിന്നൊരു വാക്കടര്‍ന്നു... ' ഫ്രാന്‍സിസ് നൊറോണയുടെ 'കക്കുകളി' എന്ന കഥയിലെ ഒരു വരിയാണിത്. എനിക്കേറ്റവും ഇഷ്ടപെട്ട പച്ചക്കറിയാണ് മുളക്. അതിന്റെ പല രൂപഭാവ ഭേദങ്ങളും. പച്ചമുളകും, കാന്താരിയും, ഒടംകൊല്ലിയും, വറ്റല്‍മുളകും എല്ലാമെല്ലാം എനിക്ക് പ്രിയമാണ്. എന്നാലും മുളകില്‍ ഏറ്റവും ഇഷ്ടം ഒടംകൊല്ലിയും, കാന്താരിയും ആണ്. നമ്മള്‍ കഴിച്ചുതീര്‍ത്താലും, നമ്മെ വിട്ടു പോകാതെ പിന്തുടരുന്നവരാണവര്‍. സംശയം ഉണ്ടെങ്കില്‍  ഒടംകൊല്ലിയോ, കാന്താരിയോ കഴിച്ചുനോക്കൂ, കുറച്ചു കഴിഞ്ഞു ഒരു ഏമ്പക്കം വിടും, അപ്പോള്‍ നമ്മളുടെ വായില്‍ വീണ്ടും ഈ മുളകിന്റെ വാസന നിറയും.

ഏതു കറിയാണെങ്കിലും അതില്‍ കിടക്കുന്ന മുളക് ഞാന്‍ വെറുതെ വിടില്ല, അതിനെ എടുത്തു വളരെ മൃദുലമായി അതിന്റെ ദശ തിരുമ്മിയെടുത്തു കഴിക്കുമ്പോള്‍, എന്നേം കൂടെ കഴിച്ചുകൂടെ എന്ന് സങ്കടത്തോടെ എന്നോട് ചോദിക്കുന്ന മുളകുചര്‍മ്മങ്ങളെ ഞാന്‍ മെല്ലെ ഉപേക്ഷിക്കുകയാണ് പതിവ്. മുളകിനോടുള്ള എന്റെ പ്രേമം കാണുമ്പോള്‍ ഭര്‍ത്താവ് പറയാറുണ്ട്, ' ഈ മുളകെല്ലാം കഴിച്ചു നിനക്ക് ഈയിടെയായി ദേഷ്യം കുറച്ചു കൂടുന്നുണ്ട്'. പക്ഷേ എനിക്കെന്നാലും മുളകിനോട് ഒരിതാണ്. പരിപ്പുകറിയാണെങ്കിലും, സാമ്പാറാണെങ്കിലും, മോരാണെങ്കിലും അതില്‍ കടുവറുത്തിട്ട വറ്റല്‍മുളകും കീറിയിട്ട പച്ചമുളകും ഞാന്‍ കശക്കിയെടുത്തു കഴിക്കും, 'ഇങ്ങനങ്ങു സ്‌നേഹിച്ചു കൊല്ലല്ലേ പൊന്നേ' എന്നവ എന്റെ ദന്തഗോപുരങ്ങള്‍ക്കിടയില്‍ കിടന്നുകൊണ്ട് ഇക്കിളിപ്പെടും.

പക്ഷേ തേങ്ങയരച്ച മീന്‍കറിയും, പച്ചത്തേങ്ങ അരച്ച്‌ കൊഞ്ചും, ഞണ്ടും കറിവെക്കുമ്പോഴും, തീയലാക്കുമ്പോഴും അതിലെ ഒടംകൊല്ലിയും, കാന്താരിയും എന്റെ പാത്രത്തിലെ വിശിഷ്ടാതിഥികളാണ്. അവയെയും മെല്ലെ മെല്ലെ വിരല്‍ കൊണ്ട് തിരുമ്മിക്കഴിക്കുമ്പോള്‍ കിട്ടുന്ന ഒരിതുണ്ടല്ലോ, അതാണത്.

കല്ലടയമ്മച്ചിയാണ് ഈ രുചി എനിക്ക് പരിചയപ്പെടുത്തി തന്നത്. അന്നൊക്കെ എന്നും മീന്‍ കിട്ടും വീട്ടില്‍, കല്ലടയാറിന്റെ തീരത്തെ വീട്, കരിമീനില്ലെങ്കില്‍, മാലാ മീന്‍ അതുമില്ലെങ്കില്‍ മുള്ളി എന്ന് പറയുന്ന ഒരു തരം ചെറുമീന്‍ ഉണ്ട്. നല്ല നേര്‍ത്ത സുന്ദരിമീനാണത്. അത് മമ്മി നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുതരും, ബിസ്‌ക്കറ്റ് പോലെ കൊറിക്കാന്‍ സൂപ്പര്‍ ആയിരുന്നു ആ മീന്‍. അതിനെ തന്നെ അമ്മച്ചി പീര പറ്റിക്കും, അപാരരുചിയാണ് അതിന്. തേങ്ങാ തിരുമ്മിയതും, മാങ്ങായും, കൊച്ചുള്ളിയും, കാന്താരിയും, ഇഞ്ചിയുമിട്ടു കയ്യില്‍ കുറച്ചു വെളിച്ചെണ്ണയും, ഉപ്പും ചേര്‍ത്ത് അമ്മച്ചി ഇവയെല്ലാം ചട്ടിയിലിട്ട് മെല്ലെ  ഒന്ന് തിരുമ്മും, എന്നിട്ടു അടുപ്പില്‍ ചെറുതീയില്‍ അതിങ്ങനെ വെന്തുവെന്ത് വരുമ്പോള്‍ ചുറ്റും ഒരു മണം പരക്കും, കാന്താരിയും കൊച്ചുള്ളിയും കൂടെ നടത്തിയ ഗൂഢാലോചന നമ്മുടെ നാവില്‍ സ്വാദിങ്ങനെ കോരിയിട്ടുതരും. അതാണ് മുളകുമന്ത്രം.

 അല്‍പ്പം കാടുകയറി പോയി, ക്ഷമിക്കണം. ഇവിടെയെല്ലാം മുളകിന്റെ ഒരു മാന്ത്രികതന്ത്രം ഉണ്ട്. അതുകൊണ്ടാണ് 'ഗായ് ഏക് പാല്‍തൂ ജാന്‍വര്‍. ഗായ് ഹം കൊ ദൂത് ദേതി ഹേ. ദൂത് കാ രംഗ് സഫേദ്‌ ഹേ.' അങ്ങനങ്ങ് കാടുകയറിപ്പോയത്. ബൈ ദ വേ, മുളകിലേക്കു തിരിച്ചുവരാം. കപ്പയും മുളകും ഇരട്ട പെറ്റ കുഞ്ഞുങ്ങളാണല്ലോ, മമ്മി അത് എരിവ് കുറയ്ക്കാന്‍ വേണ്ടി അല്‍പ്പം വെള്ളവും വെളിച്ചെണ്ണയും ചേര്‍ത്ത് മുളക് പിഴിഞ്ഞ് തരുമായിരുന്നു, അതും കപ്പയും കട്ടന്‍കാപ്പിയുമാണ് കോമ്പോ. നല്ല വെണ്ണ പോലത്തെ കപ്പ മുളകുടച്ചതില്‍ കുറച്ചു തോണ്ടിയെടുത്ത് ഒരു കഷ്ണം വായിലേക്ക് വെയ്ക്കണം, മെല്ലെ മെല്ലെ അത് അന്തര്‍ഭാഗങ്ങളിലേക്കു ഗമിക്കും, അപ്പോള്‍ നല്ല ചൂട് കട്ടന്‍കാപ്പി ഒരിറക്ക് കുടിക്കണം, അപ്പോള്‍ നമ്മുടെ അന്തരാത്മാവ് തേങ്ങും, 'ഞാനെന്തു പിഴ ചെയ്തു' എന്ന് നമ്മുടെ നാവും ചോദിക്കും, എന്നിട്ടു നമ്മുടെ കണ്ണില്‍ കൂടെ ധാരധാരയായി കണ്ണീര്‍ക്കണങ്ങള്‍ ഇങ്ങനെ കൊഴിഞ്ഞുവീഴും. എന്നാലും അതൊരു അനുഭവമാണ്. പക്ഷേ ചങ്ങനാശ്ശേരിയില്‍ വെച്ച് വിമലാ ഹോസ്റ്റലില്‍ നിന്നും കഴിച്ച ഒരു കോമ്പോയില്‍ തൈരും മുളകും ചേര്‍ത്ത ഒരു വിഭവമായിരുന്നു, അതില്‍ എരിവ് അല്‍പ്പം കുറവാണ്, സഹിക്കാവുന്നതും, തൈരിന്റെ രുചിയില്‍ നമ്മള്‍ എരിവ് അറിയുകയുമില്ല.

ഇങ്ങനെയൊരു സാഹചര്യത്തില്‍ തീര്‍ച്ചയായും മുളകിന്റെ വ്യക്തിത്വം ഒരു ഉത്‌പ്രേരകത്തിന്റേതാണെന്നു മനസ്സിലാക്കാം, ഏതു കറിയുടെയും രുചി കൂട്ടും, എന്നാല്‍ അതിന്റെ സ്വഭാവത്തിന് ഒരു മാറ്റവും, നഷ്ടവുമുണ്ടാകുന്നില്ല, എന്നിട്ടും എന്റെ ചക്കരമുളകിനെ എല്ലാവരും ഭയക്കുന്നു.

Content Highlights: ruchiyorma food memories by dr.gigy j alex