ചൂടുകഞ്ഞിയും ഉപ്പുരുചിയും ചേര്‍ന്നു പാടുന്ന സ്വര്‍ഗീയ യുഗ്മഗാനം

പാല്‍ക്കഞ്ഞി കുടിക്കുന്നതിനെ പറ്റി കഥയിലൊക്കെ വായിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ കഞ്ഞി അത്ര ഗ്ലാമര്‍ ഇല്ലാത്ത ഒരു താരമായിരുന്നു, എങ്കിലും കഞ്ഞിയോട് വല്യ വെറുപ്പൊന്നും ഇല്ലായിരുന്നു കേട്ടോ. പക്ഷേ കഞ്ഞിയുടെ പല പല കോമ്പിനേഷന്‍സ് മമ്മി എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. നല്ല ഫ്രഷ് തേങ്ങാ തിരുമ്മിയ പീര ഇട്ട് കഞ്ഞി കുടിക്കണം. എന്ത് രുചിയാണെന്നറിയാമോ, ചൂട് കഞ്ഞി, അതിന്റെ ഉപ്പുരുചിയും, തേങ്ങാപ്പീരയും ചേര്‍ന്ന് പാടുന്ന യുഗ്മ ഗാനം സ്വര്‍ഗ്ഗീയമാണ്. മറ്റൊരു കോംബോ ചൂട് കഞ്ഞിയിലേക്കു മോര് കാച്ചിയത് ഒഴിച്ച് കോരി കുടിക്കണം. ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് കടുക് വറുത്ത മോരും കഞ്ഞിയും കൈ കോര്‍ത്ത് ഒരു കപ്പിള്‍ ഡാന്‍സ്. ഇനി മറ്റൊരു കോംബോ ഉണ്ട്; അത് ഒരു പക്ഷേ അധികം പേര്‍ക്ക് അറിയാന്‍ സാധ്യതയില്ല. നാട്ടുമാങ്ങ മുഴുവനെ അച്ചാറിട്ടത്തില്‍ നിന്നും ഒരു മാങ്ങയും അല്‍പ്പം ചാറും കഞ്ഞിയിലേക്കു ചേര്‍ത്ത് ആ മാങ്ങാ പിഴിഞ്ഞ് ആ ചാറും കൂട്ടി കഞ്ഞി കുടിക്കണം. നമ്മള്‍ കഞ്ഞി കുടിച്ചു കൊണ്ടേയിരിക്കും. അത്ര സ്വാദാണെന്നേ. അതിലും പ്രിയമായ ഒരു രുചിയുമില്ല.
എം.ടി യുടെ മുത്തശ്ശിമാരുടെ രാത്രി എന്ന പുസ്തകം ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും വാങ്ങി വായിച്ചു, അതില്‍ ഒരു അധ്യായം തന്നെ കഞ്ഞിയെ പറ്റിയാണ്. അത് വായിച്ചപ്പോഴും അതിയായ കൊതി തോന്നി കഞ്ഞിയും പുഴുക്കും കഴിക്കാന്‍. ഇനി പറയുവാന്‍ പോകുന്നത് ചാത്തന്നൂര്‍ മമ്മി പറഞ്ഞു തന്ന, ഉണ്ടാക്കി തന്ന, ഒരു നോമ്പുകാല കഞ്ഞിക്കഥയാണ്.
എല്ലാ ദുഖവെള്ളിയിലെയും കഞ്ഞി പള്ളിയില്‍ നിന്നായതു കൊണ്ട് വീട്ടിലെ കഞ്ഞിക്കു ഞാനത്ര മഹത്വം കൊടുത്തിരുന്നില്ല. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ദുഃഖവെള്ളി, എല്ലാവരും പള്ളിയില്‍ പോകുവാനായി ഒരുങ്ങുന്നു, അപ്പോഴാണ് അടുക്കളയില്‍ എന്തോ ഒരു ചടപടാലിറ്റി കേള്‍ക്കുന്നത്. മമ്മി (ഭര്‍ത്താവിന്റെ അമ്മ) കുക്കര്‍ അടുപ്പില്‍ വെച്ച് അരിയിടുന്നു, വൈകിട്ടത്തെ കഞ്ഞിക്കാണ് എന്ന് മാത്രം മമ്മി പറഞ്ഞു, അത് അന്നേരം നോക്കിയാല്‍ പോരെ എന്ന് ഞാന്‍ മനസ്സിലും പറഞ്ഞു. എന്തായാലും എല്ലാവരും പള്ളിയില്‍ പോയി, കുരിശുകുമ്പിട്ടു, ചൊറുക്കാ വെള്ളം കുടിച്ചു, മത്സരിച്ചിടിച്ചു ക്യൂ നിന്ന്,ചമ്മന്തിയും, പയറും, അച്ചാറും, പപ്പടവുമൊക്കെ ആര്‍ഭാടമായി കൂട്ടി കഞ്ഞിയൊക്കെ കുടിച്ചു വീട്ടില്‍ വന്നു, സുഖമായി കിടന്നുറങ്ങി.
അല്പം സന്ധ്യയായിട്ടാണ് എഴുന്നേറ്റത്. അപ്പോഴാണ് മമ്മി അടുക്കളയില്‍ കാര്യമായി എന്തോ പെരുമാറുന്ന ശബ്ദം കേള്‍ക്കുന്നത്, ചെന്ന് നോക്കിയപ്പോള്‍ നല്ല ചൂട് പാല്‍ക്കഞ്ഞി, കുക്കറില്‍ അത്യാവശ്യം നന്നായി വെന്ത കഞ്ഞിയിലേക്കു ഒന്നാം പാലും, രണ്ടാം പാലും ഒഴിച്ച് ചെറുതീയില്‍ വെച്ച് നന്നായി ഇളക്കി, ചൂടായതിനു ശേഷം വാങ്ങി വെയ്ക്കും,പിള്ളേര്‍ സെറ്റിന് ചെറുചൂട് കഞ്ഞിയില്‍ അല്‍പ്പം നെയ്യും ചേര്‍ത്ത് കൊടുക്കും, മറ്റുള്ളവര്‍ക്ക് പാല്‍ക്കഞ്ഞിയും, അച്ചാറും, ചമ്മന്തിയും. സ്വര്‍ഗ്ഗിയമാണ് ആ രുചി, അത്രയ്ക്ക് സ്വാദായിരുന്നു മമ്മി ഉണ്ടാക്കി തന്ന ആ പാല്‍ക്കഞ്ഞി. ദുഖവെള്ളിയുടെ കഞ്ഞി അത്ര രുചിയാണെങ്കില്‍ മറ്റു വിഭവങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
Content Highlights: ruchiyorma childhood food memories by dr.jiji j alex