അമ്മയുണ്ടാക്കിയിരുന്ന മാന്ത്രികപാനീയം, കട്ടൻകാപ്പി തന്ന ചൂടും രുചിയും ഉണർവും

ചൂട് കട്ടന്‍ കാപ്പിയുമായി പ്രഭാതം തുടങ്ങിയാലുള്ള ഐശ്വര്യം ആ ദിവസം മുഴുവന്‍ ഉണ്ടാകും. കോളേജില്‍ പോകുന്നത് വരെയും അങ്ങനെ തന്നെയായിരുന്നു. അമ്മ ഉണ്ടാക്കിത്തരുന്ന കാപ്പിയുടെ ചൂടും രുചിയും ഉണര്‍വും ഒന്ന് വേറെ തന്നെ ആയിരുന്നു. എത്ര കൃത്യമായിട്ടാണ് കടുപ്പവും മധുരവും ചേര്‍ന്ന് അങ്ങനെ ചൂടോടെ ലയിക്കുന്നത്. പലപ്പോഴും സയന്‍സും, കണക്കുമെല്ലാം തലയില്‍ കയറിയത് ഈ പാനീയം ഉത്തേജിപ്പിച്ചത് കൊണ്ട് മാത്രമാണെന്നാണ് എന്റെ വിശ്വാസം. കട്ടന്‍കാപ്പി ഒരു മാന്ത്രിക പാനീയം തന്നെയായിരുന്നു. പക്ഷെ ഞാനുണ്ടാക്കുന്ന കട്ടന്‍കാപ്പി എനിക്കൊരിക്കലും ഇഷ്ടമല്ലായിരുന്നു.
കുറെ നാളുകള്‍ക്കു മുമ്പ് പ്രശസ്തനായ ഒരു സാഹിത്യകാരനെ കാണുവാനും അദ്ദേഹത്തോട് സംസാരിക്കുവാനും അവസരം കിട്ടി. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ അവിടെ പോയത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്ന സമയം രാവിലെ ആയതിനാല്‍ ആതിഥ്യമര്യാദ പാലിക്കുവാനായി അദ്ദേഹം നന്നായി സംസാരിക്കുമെന്നും വീട്ടിലുള്ളവരെ പരിചയപ്പെടുത്തുമെന്നും, ഒരുപക്ഷേ വീട്ടിലുള്ളവര്‍ ഒരു കപ്പ് കാപ്പി തരുമെന്നുമൊക്കെ ഞങ്ങള്‍ പ്രതീക്ഷിച്ചു.
അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയതിനുശേഷം അദ്ദേഹത്തെ വിളിച്ചു, വീട്ടിലേക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞുവന്നാല്‍ മതിയെന്ന് അദ്ദേഹം വളരെ മര്യാദയോട് കൂടി നമ്മളോട് പറഞ്ഞു. അതനുസരിച്ച് നമ്മള്‍ കൃത്യസമയത്ത് തന്നെ അവിടെയെത്തി. സമയം പത്ത് മണിയാകുന്നതേയുള്ളൂ. ഞങ്ങള്‍ ഏകദേശം ഒന്നരമണിക്കൂര്‍ അവിടെയിരുന്നു സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിതം, അനുഭവങ്ങള്‍, എഴുത്ത്, അങ്ങനെ ധാരാളം കാര്യങ്ങള്‍ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. ഒരുപാട് ഹൃദയം തുറന്ന് നല്ല രീതിയില്‍ സംസാരിച്ചു. ഒരു ഔപചാരികതയുടെ അടയാളം എന്നോണം അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്തി, അവര്‍ ഇങ്ങനെ പറഞ്ഞു, 'നിങ്ങള്‍ വന്നിട്ട് ഒരു കപ്പ് ചായ പോലും കുടിച്ചില്ല'. 'സാരമില്ല മാഡം' എന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെനിന്ന് ഇറങ്ങിയെങ്കിലും ഇത്രയും നന്നായി എഴുതുന്ന ഒരെഴുത്തുകാരന്‍, ഇത്രയും നന്നായി സാമൂഹിക സംസ്‌കാരിക കാര്യങ്ങളില്‍ ഇടപെടുന്ന ഒരു എഴുത്തുകാരന്‍ എത്ര അകന്നുനിന്നാണ് മനുഷ്യബന്ധങ്ങളെ കരുതുന്നത് എന്നോര്‍ത്തപ്പോള്‍ ഒരു അവിശ്വസനീയത തോന്നി.
ഇപ്പോഴും ആ എഴുത്തുകാരനെ എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും അയാളുടെ പുസ്തകങ്ങള്‍, കഥകള്‍ ഒക്കെ വായിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന തോന്നല്‍, എന്നാലും അയാള്‍ ഒരു കപ്പ് ചായ പോലും, ഒരു ഗ്ലാസ് വെള്ളം പോലും തന്നില്ലല്ലോ എന്ന സങ്കടമാണ്.
മറ്റൊരു കാപ്പിക്കഥ പറയാമേ. ഒരിക്കലൊരു വണ്ടിപ്പെരിയാര്‍ യാത്ര കഴിഞ്ഞ് കുട്ടിക്കാനം വഴി വരുന്ന സമയം, പെട്ടെന്നാണ് അനിയന്മാരുടെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രവര്‍ത്തനക്ഷമമായത്, 'അല്ലാ നമ്മുടെ ഫിലനച്ചന്‍ ഇവിടല്ലേ താമസിക്കുന്നത്, നമുക്കൊന്ന് കയറി ക്ഷേമമന്വേഷിച്ചാലോ?' ജീവിതം മുഴുവന്‍ യാത്ര ചെയ്തു മടുത്ത അപ്പന്‍ പിന്നെയും ചോദിച്ചു, 'വേണോടാ മക്കളെ?', 'ആ വേണമപ്പാ' എന്നും പറഞ്ഞു വണ്ടി നിര്‍ത്തിച്ചു, ഡ്രൈവറുള്‍പ്പെടെ പത്തു പതിനാലു പേര് ഒറ്റയടിക്ക് കേറി വരുന്നത് കണ്ട് അച്ചനൊന്നു ചകിതനായോ എന്നൊരു സംശയം തോന്നി, സമനില വീണ്ടെടുത്ത അച്ചന്‍, 'ങ്ഹാ ഇതാരാ എല്ലാരുമുണ്ടല്ലോ' എന്നൊക്കെ പറഞ്ഞ് എല്ലാവരെയും വീട്ടിനുള്ളിലേക്ക് ആനയിച്ചു, വീട്ടില്‍ കയറാതെ മുറ്റത്തുനില്‍ക്കുന്ന പൂച്ചെടികള്‍ രണ്ടുമൂന്നെണ്ണം ചൂണ്ടിക്കൊണ്ടു പോകാമെന്നു കരുതിയ എന്നെ അമ്മ പിടിച്ച് അകത്തുകയറ്റി.
അച്ചന്‍ പെട്ടന്ന് ആതിഥ്യമര്യാദപൂര്‍വ്വം ഇങ്ങനെ മൊഴിഞ്ഞു, 'ഇവിടെ സ്ത്രീകളാരുമില്ല, നിങ്ങളാരെങ്കിലും അടുക്കളയില്‍ കയറി ഇത്തിരി കാപ്പിയിട്ടാല്‍ ഈ മഴയത്തു നിങ്ങള്ക്ക് കുടിക്കാമായിരുന്നു'. അത് കേട്ടപാടെ കാപ്പിയോ അതെന്താ എന്ന മട്ടില്‍ ഞാനും എന്റെ പ്രിയ അനിയത്തിമാരും, ഞങ്ങടെ അമ്മേം പരസ്പരം നോക്കി. അമ്മ കാപ്പിയിടുമെന്നു കരുതി ഞാനിരുന്നു. 'പോയി കാപ്പി ഇട്' എന്ന് അമ്മ എന്നെ ശാസിച്ചു. 'ഞാനിപ്പം ശരിയാക്കാം' എന്നും പറഞ്ഞു അടുക്കളയിലേക്കു നടന്നു. അധികം വെട്ടമില്ലാത്ത അടുക്കളയില്‍, അലമാരിയില്‍ വലിയ ഒരു ഡബ്ബയില്‍ കാപ്പിപ്പൊടി ഇരിക്കുന്നത് കണ്ടു ഞാന്‍ അന്തിച്ചുപോയി, ഒറ്റയ്ക്ക് താമസിക്കുന്ന ഈ അച്ചന്‍ ഇരുപത്തിനാലു മണിക്കൂറും കാപ്പി മാത്രമാണോ കുടിക്കുന്നത് എന്ന്സംശയിച്ചു. അത്രയ്ക്കുണ്ടെന്നേ ഒരാള്‍ പൊക്കത്തില്‍ ഒരു കാപ്പിപൊടി ഡബ്ബ.
പത്തു പതിനാലു പേരുണ്ടല്ലോ എന്ന് കരുതി ഞാന്‍ ഒരു ചരുവം വെള്ളം തിളപ്പിക്കാന്‍ വെച്ച്, തിള വന്ന വെള്ളത്തില്‍ കൊറേ കാപ്പിപൊടീം തട്ടിയിട്ടു, എന്നെ സഹായിക്കാതെ ദൂരെ മാറി നിന്ന അമ്മ അന്നേരം അടുത്തു വന്നു പറഞ്ഞു, 'ഇത്രേം വേണ്ടാരുന്നു, ഇതിപ്പം പത്തമ്പതു പേര്‍ക്ക് കുടിക്കാനുള്ളത് ഉണ്ടല്ലോ', 'എന്നെക്കൊണ്ട് ഇത്രേ പറ്റൂ' എന്ന് ഞാനും പറഞ്ഞു. അവസാനം ഇട്ട കാപ്പീടെ പകുതി മാത്രം ചിലവായി, ബാക്കി മുഴുവന്‍ ആ സിങ്കിലെടുത്തു കമഴ്ത്തി ഞാന്‍ നൈസായി തലയൂരി.
എന്നാലും ഞാന്‍ ആലോചിക്കാറുണ്ട് ആ കാപ്പി ഡബ്ബ മുഴുവന്‍ ആ പാവം അച്ചന്‍ ഒറ്റയ്ക്ക് എത്ര നാള് എടുക്കും കുടിച്ചുതീര്‍ക്കാന്‍, അതോ ഇത് പോലെ ആര് വന്നാലും നിങ്ങള്‍ കയറി കാപ്പി ഇട്ടു കുടിച്ചോളൂ എന്ന് പറഞ്ഞ് വരുന്നവരെല്ലാം കാപ്പിയിട്ട് കളയുകയാണോ ചെയ്ക.
Content Highlights: ruchiyorma a coffee memory by dr.jiji j alex